ഓർമയില്ലേ ‘ബ്രിട്ടൻ ഗോട്ട് ടാലന്റി’ലെ ആ 10 വയസ്സുകാരിയെ? സൗപർണിക ഇനി ലോകവേദികളിലെ ‘യങ് വോയ്സ്’

Mail This Article
ഏറ്റവും വലിയ സംഗീതവേദികളിലൊന്നായ ‘ബ്രിട്ടൻ ഗോട്ട് ടാലന്റി’ൽ ഒരിക്കൽ അഭിമാനമായി മാറിയ മലയാളി പെൺകുട്ടി സൗപർണിക നായരെ ആരും മറന്നുകാണില്ല. അസാമാന്യ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികർത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ചാണ് സൗപർണിക എന്ന അന്നത്തെ പത്തു വയസ്സുകാരി വാർത്തകളിൽ നിറഞ്ഞത്. സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വാല്യംസ് എന്നീ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു തികഞ്ഞ ആത്മവിശ്വാസത്തോടെയും ഊർജത്തോടെയുമായിരുന്നു സൗപർണികയുടെ മറുപടി. ‘സൗ’ എന്ന ഓമനപ്പേരിട്ട് സംഗീതാസ്വാദകർ വിളിക്കുന്ന സൗപർണികയുടെ, ലോകവേദിയിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ അഭിമാനത്തോടെയാണ് ഇന്ത്യയിലെ സംഗീത ആസ്വാദകർ കണ്ടതും.
ഇപ്പോഴിതാ, കുട്ടികളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്വയറുകളിൽ ഒന്നായ ‘യങ് വോയ്സസി’ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുകയാണ് സൗപർണികയ്ക്ക്. ബ്രിട്ടനിലെ നാലായിരത്തിയഞ്ഞൂറോളം ലോക്കൽ സ്കൂളുകളിൽ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂൾ കുട്ടികൾ വിവിധ ദിവസങ്ങളിലായി ബ്രിട്ടനിലെ ഏറ്റവും വലിയ വേദികളിൽ ക്വയറിൽ പങ്കെടുക്കും. പതിനായിരക്കണക്കിനു കാഴ്ചക്കാരും കുഞ്ഞുഗായകരും പങ്കെടുക്കുന്ന പരിപാടിയിൽ മകൾക്ക് സെലിബ്രിറ്റി ഗസ്റ്റ് ആർട്ടിസ്റ്റായി അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സൗപർണികയുടെ പിതാവ് ഡോ.ബിനു നായർ മനോരമ ഓൺലൈനോടു പ്രതികരിച്ചു.

∙ ചെറുതല്ല, ഈ വേദി
ലോകത്തിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ക്വയറുകളിൽ ഒന്നാണ് യങ് വോയ്സസ്. 25 വർഷം മുൻപായിരുന്നു ഈ ക്വയറിന്റെ തുടക്കം. ബ്രിട്ടനിലെ നാലായിരത്തിയഞ്ഞൂറോളം ലോക്കൽ സ്കൂളുകളിൽ നിന്നുള്ള രണ്ടര ലക്ഷം പ്രൈമറി സ്കൂൾ കുട്ടികൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്ന ഷോകളിൽ പങ്കെടുക്കും. ഷെഫീൾഡ് അരീനയിൽ ആണ് തുടക്കം. അതുകഴിഞ്ഞ് ബർമിങ്ഹാമിൽ. മാഞ്ചസ്റ്റർ, ലണ്ടൻ O2 തുടങ്ങി നിരവധി അരീനകളിലായി ഏഴ് ആഴ്ചകളിലായിട്ടാണ് ഏകദേശം മുപ്പത്തിയഞ്ചോളം ഷോകൾ നടക്കുക. ഓരോ ദിവസവും ആറായിരം മുതൽ പതിനായിരം വരെ സ്കൂൾ കുട്ടികൾ ഒരുമിച്ച് പങ്കെടുക്കും.
∙ അഭിമാനം വാനോളം
കുട്ടികൾ കുറേനാളായി പാട്ടുകൾ പ്രാക്ടീസ് ചെയ്‌തുകൊണ്ടിരിക്കുകയാണ്. അത് കാണാനും കേൾക്കാനും നിരവധി ആളുകളാണ് എത്തുന്നത്. കുട്ടികളിലെ സംഗീതം പ്രോത്സാഹിപ്പിക്കുക, വലിയ വേദികളിൽ കുട്ടികൾക്കു പെർഫോം ചെയ്യാനുള്ള അവസരമൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ വർഷവും അവർക്കു സ്‌പെഷൽ ഗസ്റ്റ് ആർട്ടിസ്റ്റുകൾ ഉണ്ടാകും. ഈ വർഷത്തെ സ്‌പെഷൽ സെലിബ്രിറ്റി ആർട്ടിസ്റ്റ് ആയിട്ടാണ് സൗപർണിക പങ്കെടുക്കുന്നത്. പ്രശസ്ത റാപ്പറായ എം സി ഗ്രാമറും ബിബിസി ഷോയായ ‘സ്ട്രിറ്റ്ലി കം ഡാൻസിങ്ങി’ലെ ലീഡ് സിംഗർ ടോമി ബ്ലേസുമാണ് മറ്റു രണ്ട് സെലിബ്രിറ്റി ആർട്ടിസ്റ്റുകൾ. ഷോയിൽ എല്ലാ ദിവസവും സൗപർണിക പാടുന്നുണ്ട്.
പ്രധാനമായും രണ്ടു പാട്ടുകളും പിന്നെ ഒരു ഫിനാലെ സോങ്ങുമാണ് സൗപർണിക പാടുക. യുകെയിലെ ഏറ്റവും വലിയ അരീനകളിൽ സെലിബ്രിറ്റി ആർട്ടിസ്റ്റായി പാടാനാകുന്നു എന്നതാണ് സവിശേഷത. ഇതൊരു വലിയൊരു അവസരമാണ്. ലണ്ടൻ O2 പോലെയുള്ള ലോകപ്രശസ്തമായ വേദിയിൽ എട്ടുദിവസത്തോളം സൗപർണിക പാടുന്നുണ്ട്. വെംബ്ലിയിൽ മൂന്ന് ഷോയിൽ പാടുന്നു. ഇത്രത്തോളം കുട്ടികളുടെയും പതിനായിരക്കണക്കിന് കാണികളുടെയും മുന്നിൽ നിന്ന് മകൾക്കു പാടാൻ കഴിയുന്നത് വലിയൊരു അംഗീകാരമായി ഞങ്ങൾ കണക്കാക്കുന്നു.

∙ യുട്യൂബിലും താരം
യുകെയിൽ സ്ഥിരതാമസമാക്കിയ ഡോ.ബിനു നായരുടെയും രഞ്ജിതയുടെയും മകളാണ് സൗപർണിക. കൊല്ലം സ്വദേശികളാണ് ഇവർ. ബ്രിട്ടൻ ഗോട്ട് ടാലന്റിലെ സൗപർണികയുടെ അസാമാന്യ പ്രകടനം കണ്ട് സൈമൺ കോവെൽ ഉൾപ്പെടെ എല്ലാ വിധികർത്താക്കളും വേദിയിലും സദസ്സിലുമുള്ള ആയിരക്കണക്കിന് ആസ്വാദകരും എഴുന്നേറ്റു നിന്നു കരഘോഷത്തോടെ കുട്ടിത്താരത്തെ അഭിനന്ദിച്ചിരുന്നു.
ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ ഈ കൊച്ചു മിടുക്കിക്ക് അവസരവും ലഭിച്ചു. യുകെയിൽ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക മികവ് തെളിയിച്ചു കഴിഞ്ഞു. സൗപർണിക നായർ എന്ന യുട്യൂബ് ചാനലിലും പാട്ടുമായി സജീവമാണ് ഈ ഗായിക. ഇപ്പോൾ ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നിൽ സെലിബ്രിറ്റി ഗസ്റ്റ് ആകാൻ മകൾക്കു കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൗപർണികയുടെ കുടുംബം.