ADVERTISEMENT

എൻജിനീയറിങ് പഠനകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും ജേക്സ് ബിജോയ് നാട്ടിൽനിന്ന് ചെന്നൈയ്ക്കുള്ള ട്രെയിൻ പിടിക്കുമായിരുന്നു. തിങ്കളാഴ്ച രാവിലെ തിരികെ കോളജിലേക്ക്. സംഗീതത്തിന്റെ പുതിയ പാഠങ്ങൾ അറിയാനായിരുന്നു ആ യാത്രകൾ. കഷ്ടപ്പെട്ടുള്ള ആ യാത്രകൾ വെറുതേയായില്ല. മലയാളത്തിൽ തുടങ്ങിയ ജേക്ക്സിന്റെ യാത്ര തെലുങ്കിലെ സൂപ്പർതാര ചിത്രങ്ങളും കടന്ന് ഇപ്പോൾ ഹിന്ദിയിലെത്തി നിൽക്കുകയാണ്. 

സ്കൂളിലെ പാട്ടുകാരൻ

ഈരാറ്റുപേട്ട അരുവിത്തുറയിലെ വീട്ടിൽ അമ്മ വഴിയാണ് എന്നിലേക്കു പാട്ട് എത്തിയത്. നാട്ടിലെ 3 ഗുരുക്കന്മാരിൽ നിന്ന് പ്രാഥമിക പഠനം കഴിഞ്ഞ് എൻജിനീയറിങ് കോളജിലെത്തിയപ്പോഴേക്കും മനസ്സു നിറയെ സംഗീതമായി. ഒഴിവു സമയങ്ങളിൽ വെറുതേ ട്യൂണുകളുണ്ടാക്കുന്നതായിരുന്നു ഹോബി. അതിനിടയിൽ 2004ൽ എസ്എസ് മ്യൂസിക്കിന്റെ ‘വോയ്സ് ഹണ്ട്’ എന്നൊരു പരിപാടിയിൽ   ആയിരക്കണക്കിനു പാട്ടുകാരിൽനിന്നു തിരഞ്ഞെടുത്ത 12 പേരിൽ ഒരാളായി. കൈയിൽ കുറെ ട്യൂണുകളുണ്ടെന്ന് പറഞ്ഞപ്പോൾ അവിടെ വച്ച് പരിചയപ്പെട്ട അർജുൻ ശശിയാണ് ചെന്നൈയിൽ പോയി സന്തോഷ് നാരായണനെ പരിചയപ്പെടാൻ പറയുന്നത്. അങ്ങനെയാണ് മലയാളി എന്ന ആൽബത്തിലെ പാട്ടുകളുണ്ടാവുന്നത്. ‘മിന്നലഴകേ’ എന്ന പാട്ട് ഞാൻ പാടാനിരുന്നതാണ്. പക്ഷേ, പിന്നീടത് പാടിയത് വിനീത് ശ്രീനിവാസനാണ്. മനോരമ മ്യൂസിക്കിലെ ശിവറാം ശ്രീകണ്ഠത്താണ് ഈ ആൽബം ഇറക്കാൻ സഹായിക്കുന്നത്. ആ ആൽബമാണ് എന്റെ ഐഡന്റിയായി മാറിയത്. അതിനു ശേഷം രണ്ടു മൂന്നു സിനിമകളിൽ അൽഫോൻസ് ചേട്ടനെ അസിസ്റ്റ് ചെയ്തു. പിന്നീട് പഠനത്തിനായി യുഎസിലേക്കു ചേക്കേറി. മ്യൂസിക് ടെക്നോളജി പഠിച്ച് ഒരു ഗെയ്മിങ് കമ്പനിയിൽ ജോലി കിട്ടി.

തിരികെ സിനിമ

യുഎസിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് 2013ൽ ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലാണ് തിരികെ എത്തിയത്. നല്ല അഭിപ്രായം ലഭിച്ചെങ്കിലും 2018 വരെ അവസരങ്ങളൊന്നും കൂടുതലായി വന്നില്ല. 2018ൽ ‘ധ്രുവങ്ങൾ പതിനാറ്’ എന്ന പടമാണ് എനിക്കൊരു ബ്രേക്ക് തന്നത്. മലയാളത്തിൽ ക്വീൻ എന്ന ചിത്രവും എത്തി. 2018 മുതൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. ജോഷി സാറിന്റെ കൂടെ ഇരിങ്ങാലക്കുട പിണ്ടിപ്പെരുനാള് കൂടാൻ പോയതും ആ ബാൻഡ് മേളം റിക്കോർഡ് ചെയ്തതുമൊക്കെ വലിയ അനുഭവമായിരുന്നു. ആ വർക്ക് കണ്ടാണ് സച്ചിയേട്ടൻ എന്നെ അയ്യപ്പനും കോശിയിലേക്കും വിളിക്കുന്നത്.

മണ്ണിന്റെ പാട്ടുകൾ

സച്ചിയേട്ടനുമായി ആ സിനിമയിൽ സഹകരിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ്. അതിനുവേണ്ടിയുള്ള പഠനങ്ങൾ എന്നിലെ സംഗീതജ്ഞനെയും മുന്നോട്ടുനയിച്ചു. ആ റിക്കോർഡിങ്ങിൽ വച്ചാണ് നഞ്ചിയമ്മയെ അവിചാരിതമായാണ് കണ്ടുമുട്ടുന്നത്. അട്ടപ്പാടിയിലെ സിങ്ങേഴ്സിന്റെ ഒരു ഗ്രൂപ്പിനെ സച്ചിയേട്ടൻ എറണാകുളത്തേക്ക് വിടുന്നു. അവിടെവച്ച് നഞ്ചിയമ്മ ‘ദൈവമകളെ’ എന്ന പാട്ടുപാടി. സ്റ്റു‍ഡിയോ ഒരു നിമിഷം നിശ്ചലമായി. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. സച്ചിയേട്ടനെ ആ പാട്ടുകേൾപ്പിച്ചപ്പോൾ അങ്ങനെ തന്നെ ആ പാട്ട് ഉപയോഗിക്കാമെന്നു പറഞ്ഞു. 

സേതുരാമയ്യരും നിയോൺ റൈഡും

സിബിഐ ഫൈവിലേക്ക് കെ.മധു സർ വിളിക്കുമ്പോൾ ചെന്നൈയിൽ ഒരു കോഫി ഷോപ്പിൽ നിൽക്കുകയായിരുന്നു. അദ്ദേഹം കാര്യം പറഞ്ഞപ്പോൾ ഞാൻ ആകെ തരിച്ചു പോയി. കുട്ടിക്കാലത്ത് ഏറെ ത്രസിപ്പിച്ച സ്കോറാണ് സിബിഐ സീരിസിന്റേത്. ആദ്യം ഞാൻ ശ്യാം സാറിനെ കണ്ട് അനുവാദം വാങ്ങി. സിബിഐ സീരിസിന്റെ ഐഡന്റിറ്റി കളയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുകൊടുത്താണ് ആ വർക്ക് ചെയ്തത്. അവസാനം പുറത്തിറങ്ങിയത് ഓഫിസർ ഓൺ ഡ്യൂട്ടി എന്ന ചിത്രമാണ്. അതിലെ നിയോൺ റൈ‍ഡ് അടക്കമുള്ള പാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും  നല്ല അഭിപ്രായം നേടി തന്നു.  . നാനിയുടെ സരിപ്പോത സനിവാരം പടത്തിന്റെ മ്യൂസിക് ഡയറക്ടർ എന്ന ലേബലിലാണ് ഞാൻ തെലുങ്ക് പ്രേക്ഷകരുടെ മുന്നിൽ അറിയപ്പെടുന്നത്. ഹിന്ദിയിൽ ദേവ, തമിഴിൽ പോർതൊഴിൽ, ധ്രുവങ്ങൾ പതിനാറ് എന്നീ ചിത്രങ്ങൾ ബ്രേക്ക് തന്നപ്പോൾ തെലുങ്കിൽ ടാക്സി വാലാ, ഒക്കെ ഒക്കെ ജീവിതം,സരിപ്പോത സനിവാരം എന്നീ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. തുടരും, അയാം ഗെയിം, വിലായത്ത് ബുദ്ധ, തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. സുഹൃത്തുക്കളും കുടുംബവുമാണ് എന്റെ ബലം. ഭാര്യ അന്നയും മക്കൾ നോറയും റോസും എല്ലാ കാര്യത്തിനും ഒപ്പമുണ്ട്. സിനിമയിലും ജീവിതത്തിലും എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് അവരുടെ പൂർണ പിന്തുണ കൊണ്ടാണ്. 

English Summary:

Musical journey of Jakes Bejoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com