ADVERTISEMENT

ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും ആദ്യമായി ഒരുമിച്ച് സംഗീത ആൽബം ആരാധകർ ഏറ്റെടുക്കുകയാണ്.  ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മാതേ...’ എന്ന ഗാനം പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ ഈണം പകർന്ന ഗാനത്തിന് എസ്.രമേശൻ നായർ ആണ് വരികൾ കുറിച്ചത്.  മകളൊടൊപ്പമുള്ള ഗാനം പ്രകൃതി മാതാവിനുള്ള ഒരു പ്രാർഥന ആയിരിക്കട്ടെ എന്ന് കരുതിയാണ് ഇത്തരമൊരു ഗാനം ചെയ്തതെന്ന് സുജാത മോഹൻ പറയുന്നു. സംഗീതസംവിധായകൻ വിദ്യാസാഗറിനോട് പാട്ടിനെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം ഒരു മടിയും കൂടാതെ ഏറ്റവും മികവുറ്റ സംഗീതം തന്നെ ഒരുക്കി എന്നും അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല എന്നും സുജാത മോഹനും ശ്വേതയും ഒരേസ്വരത്തിൽ പറഞ്ഞു. അമ്മയുടെ സംഗീതയാത്രയുടെ അൻപതാം വർഷത്തിൽ തന്നെ "മാതേ" എന്നൊരു പ്രകൃതിസ്‌തുതി ഗീതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്വേത പറയുന്നു. വിഡിയോ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് മനോരമ ഓൺലൈനിനോട് പാട്ടനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേതയും. 

സുജാതയുടെ വാക്കുകളിലേക്ക്...

മകളോടൊപ്പമുള്ള ആദ്യഗാനം, പ്രകൃതി എന്ന അമ്മയോടുള്ള പ്രാർഥന

ഞാനും ശ്വേതയും ഒരുമിച്ച് സ്റ്റേജിൽ ഒക്കെ പാടിയിട്ടുണ്ട് പക്ഷേ ഒരുമിച്ചൊരു സിംഗിൾ ഇതുവരെ ചെയ്തിട്ടില്ല. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു പാട്ട് ചെയ്യുമ്പോൾ അത് എന്തെങ്കിലും വ്യത്യസ്തതയുള്ളത് ആയിരിക്കണം എന്നായിരുന്നു മനസ്സിൽ. ഞങ്ങൾ അമ്മയും മകളും ചെയ്യുന്ന ഒരു പാട്ടിൽ പ്രകൃതി അമ്മയായും നമ്മളെല്ലാം മക്കളെയും ഒരു കൺസെപ്റ്റ് ചെയ്താലോ എന്ന് ഇങ്ങനെ മനസ്സിൽ വന്നു. അപ്പോഴാണ് "മാതേ" എന്നൊരു വാക്ക് എന്റെ മനസ്സിൽ വന്നത്. അതേക്കുറിച്ച് വിദ്യാജിയോടു പോയി പറഞ്ഞിട്ട് മൂന്നുനാലു വർഷമായി. രമേശൻ നായർ സർ മരിച്ചിട്ട് തന്നെ നാലുവർഷം ആയല്ലോ, അതിനു മുന്നേ ചെയ്ത പാട്ടാണ്. ശ്വേതയാണ് വിദ്യാജിയെ പോയി കണ്ടു കാര്യം പറഞ്ഞത്. ഞാൻ പറഞ്ഞു അദ്ദേഹത്തോട് ചോദിച്ചു നോക്കൂ, അദ്ദേഹം നമ്മുടെ ഒരു യൂട്യൂബ് ചാനലിന് വേണ്ടി ചെയ്യുമെന്നോ എന്ന് അറിയില്ലായിരുന്നു. അദ്ദേഹം സമ്മതം പറഞ്ഞപ്പോൾ തന്നെ എനിക്ക് ധൈര്യമായി. "മാതേ" എന്നത് ഒരു സംസ്‌കൃത വാക്കാണ്, സംസ്കൃതവും മലയാളവും ഒരുമിച്ച് വരികൾ എഴുതാൻ ആരുണ്ട് എന്ന് ഓർത്തപ്പോൾ രമേശൻ നായർ സാറിനെയാണ് ഓർമ വന്നത്. അദ്ദേഹത്തെ വിളിച്ച് ചോദിച്ചപ്പോൾ അദ്ദേഹവും സന്തോഷത്തോടെ സമ്മതിച്ചു. അദ്ദേഹവും ഭാര്യയും ഒരുമിച്ചാണ് വന്നത്. ശ്വേത ഞങ്ങളുടെ ആവശ്യം എന്താണെന്ന് അവരോടു പറഞ്ഞു. പ്രകൃതിക്ക് ഒരു നന്ദി ചൊല്ലുന്ന പാട്ടാണ് വേണ്ടത്. ഇത് പറഞ്ഞു കഴിഞ്ഞതും വിദ്യാജി ഹാർമോണിയത്തിൽ കൈവച്ചതേ ഓർമയുള്ളൂ, പാട്ട് ഇങ്ങനെ അനസ്യൂതം ഒഴുകുന്നത് കണ്ട് അന്തംവിട്ടു നിന്നു എന്നാണ് ശ്വേത പറഞ്ഞത്. ഒരുദിവസം കൊണ്ട് കമ്പോസിങ് കഴിഞ്ഞു, വരികളും എഴുതി. പാട്ട് കംപോസ് ചെയ്തു കഴിഞ്ഞപ്പോൾ കോവിഡ് വന്നു, സ്റ്റുഡിയോയിൽ പോയി പാടാൻ പറ്റാത്ത അവസ്ഥയായി. പിന്നെ സ്റ്റുഡിയോ എല്ലാം തുറന്നപ്പോൾ ഇൻസ്ട്രുമെന്റ് റെക്കോർഡ് ചെയ്തു അപ്പോഴേക്കും കോവിഡിന്റെ രണ്ടാം തരംഗമായി. സ്പോൺസറെ ഒന്നും കിട്ടിയിരുന്നില്ല. അപ്പോൾ ഞങ്ങൾ തന്നെ ചെയ്യാം എന്ന് കരുതി. കോവിഡ് മാറിയപ്പോൾ ഞങ്ങൾ പാടി, വിഡിയോ ആയി പൂർത്തിയാക്കാൻ ഇത്രയും കാലം എടുത്തു. വിദ്യാജിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, ഞങ്ങളുടെ ഒരു ചെറിയ ചാനലിനു വേണ്ടി അദ്ദേഹം സംഗീതം ചെയ്തു തരിക എന്ന് പറഞ്ഞാൽ എത്ര വലിയ കാര്യമാണ് അത്. അതുപോലെ തന്നെ രമേശൻ നായർ സാറിനോടും തീരാത്ത കടപ്പാടുണ്ട്, ഈ പാട്ട് പുറത്തിറങ്ങി കാണാൻ അദ്ദേഹത്തിന് കഴിയാതെ പോയതിൽ ദുഃഖം തോന്നുന്നു. 

mathaye-2

മനോഹര ഗാനരംഗങ്ങൾക്കു പിന്നിൽ അവർ 

ആമോഷ് എന്ന ഛായാഗ്രാഹകനാണ് വിഡിയോയുടെ പിന്നിൽ. കൺസെപ്റ്റും ബജറ്റും പറഞ്ഞപ്പോൾ അദ്ദേഹം ശ്രീജിത്ത് എന്ന കൊറിയോഗ്രഫറെ പരിചയപ്പെടുത്തി തന്നു. റൈഫിൾ ക്ലബ്ബിൽ ശ്വേത പാടിയ പാട്ട് കൊറിയോഗ്രഫി ചെയ്തത് ശ്രീജിത്താണ്. അവരാണ് ഇത്രയും മനോഹരമായി ഈ വിഡിയോ ചെയ്യാൻ കാരണമായത്. അതിരപ്പിള്ളിയിൽ വച്ചായിരുന്നു ഷൂട്ട്. വെള്ളച്ചാട്ടത്തിനടുത്ത് പോയി ഷൂട്ട് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് നേരിട്ടിരുന്നു. എല്ലാ ചാനൽ പരിപാടിക്കും സ്റ്റൈൽ ചെയ്യുന്ന എന്റെ സ്വന്തം സ്റ്റൈലിസ്റ്റ് ആയ ശബരി, മേക്കപ്പ് ചെയ്യുന്ന സിജൻ, ശശാങ്ക് തുടങ്ങിയവർ എന്നെ ഒരുപാട് സഹായിച്ചു. ശ്വേതയുടെ ഡ്രസ്സ് എല്ലാം ചെന്നൈയിൽ നിന്നാണ് ഒരുക്കിയത്. അതിനുവേണ്ടി ശ്രീജിത്ത് ഏറെ സഹായിച്ചു. കാടും മരവും ഇലകളും കാട്ടുമൃഗങ്ങളും ഒക്കെ ആയി തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് തെരഞ്ഞെടുത്തത്. ശബരിയാണ് എന്നെ വെള്ളച്ചാട്ടത്തിനടുത്ത് എത്താൻ സഹായിച്ചത്. രണ്ടാമത്തെ വസ്ത്രം ധരിച്ചുള്ള ഷൂട്ടിങ് പിറ്റേ ദിവസം ആണ് ചെയ്തത്. ലോക്കേഷനിലേക്കുള്ളച് കുറച്ചു സാഹസിക യാത്ര ആയിരുന്നു. എല്ലാ സഹായത്തിനും ഒപ്പം നിന്ന ശ്രീജിത്തിനോടും മറ്റുള്ളവരോടും അകമഴിഞ്ഞ് നന്ദി പറയുന്നു. 

പ്രതികരണങ്ങൾ മനസ്സ് നിറയ്ക്കുന്നു 

മകളോടൊപ്പം ആദ്യമായി ചെയ്ത സിംഗിൾ! അത് മോശമാകാൻ പാടില്ലല്ലോ. ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന ഒരു വർക്ക് എല്ലാവരും ഒരുപാട് പ്രതീക്ഷിക്കും. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ഇത് പാടികഴിഞ്ഞപ്പോൾ തന്നെ പാട്ട് നന്നാകും എന്ന് ഉറപ്പുണ്ടായിരുന്നു. വിഷ്വൽ ചെയ്തു കഴിഞ്ഞപ്പോൾ പാട്ടിനോടൊപ്പം ചേരുന്നുണ്ട് എന്ന് മനസ്സിലായി. ക്യാമറാമാനും കൊറിയോഗ്രഫറും ചേർന്ന് ചർച്ച ചെയ്താണ് വിഡിയോക് കൺസെപ്റ്റ് തയ്യാറാക്കിയത്. വിഡിയോ ചെയ്യാൻ വിദ്യാജിക്കു കുറെ ആശയങ്ങൾ ഉണ്ടായിരുന്നു. പക്ഷേ കൂടുതൽ ഒന്നും ചെയ്യാൻ സ്പോൺസറെ കിട്ടിയില്ല. അതുകൊണ്ട് അതൊന്നും ചെയ്യാൻ പറ്റിയില്ല. വിദ്യാജിക്ക് വിഡിയോ കണ്ടിട്ട് ഒരുപാട് ഇഷ്ടമായി. നല്ലൊരു വർക്ക് ചെയ്തതിന്റെ സംതൃപ്തി ഉണ്ട്. ഇത് ചെയ്തു പൂർത്തിയാക്കാൻ ഒപ്പം നിന്ന എല്ലാവരോടും ഒരുപാട് നന്ദി പറയുന്നു.

mathey-song

ശ്വേത മോഹന്റെ പ്രതികരണത്തിലേക്ക്...

എല്ലാവർക്കും പാടാനായി ഒരു സ്തുതിഗാനം 

ഞാനും അമ്മയും ആദ്യമായി ഒരുമിച്ച് ഒരു വർക്ക് ചെയ്യുമ്പോൾ അത് ഫൺ ആയി ചെയ്യണോ അതോ എന്തെങ്കിലും അർഥവത്തായി ചെയ്യണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഞങ്ങൾ രണ്ടുപേരും ആദ്യമായി ഒരുമിച്ച് ചെയ്യുമ്പോൾ അത് പ്രകൃതിക്ക് ഒരു നന്ദി പറയുന്നതുപോലെ തന്നെ ആകാം എന്ന് ഒടുവിൽ തീരുമാനിച്ചു. ഭൂമിയെ ഒരു പരമോന്നത മാതാവ് ആയിട്ടും നാമെല്ലാം ആ അമ്മയുടെ മക്കളായിട്ടും വരുന്ന ഒരു തീം ആണ് കണ്ടെത്തിയത്. എത്ര മക്കൾ ഉണ്ടെങ്കിലും ആ മക്കൾക്കെല്ലാം ഒരേപോലെ എല്ലാം നൽകാൻ പ്രാപ്തയായ ഒരു അമ്മയാണ് ഭൂമി. അമ്മയാണ് "മാതേ" എന്ന വാക്ക് പറഞ്ഞത്. ആ കൺസെപ്റ്റ് ഒരു പാട്ടായി ചെയ്യുമ്പോൾ ഏത് മതക്കാർക്കും ഏതൊരു പരിപാടിയിലും പാടാൻ കഴിയുന്നതായിരിക്കണം എന്നു തോന്നി. വിദ്യാജിയുടെ എന്തരോ മഹാനുഭാവലു ആണ് ആദ്യം മനസ്സിൽ വന്നത്. വിദ്യാജിക്കേ ഇത് ചെയ്യാൻ പറ്റൂ, അദ്ദേഹത്തോട് തന്നെ ചോദിക്കാം എന്ന് കരുതി. ഞങ്ങൾ കൺസെപ്റ്റ് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പാട്ട് ചെയ്തു തരാൻ കാണിച്ച ആ വലിയ മനസ്സിനു നന്ദി. അതപോലെ വരികൾ കുറിച്ച രമേശൻ നായർ സാറിനോടും നന്ദി പറയുന്നു. കഴിഞ്ഞ വർഷം വയനാട് ദുരന്തമുണ്ടായപ്പോഴാണ് പാട്ട് എത്രയും വേഗം പൂർത്തിയാക്കി ആളുകളിലേക്ക് എത്തിക്കണമെന്നും ഞാനും അമ്മയും തീരുമാനിച്ചത്. പ്രകൃതി മാതാവിനോട് നമ്മെ കാത്തുകൊള്ളണമേ എന്നപേക്ഷിക്കുന്ന പ്രാർഥനാഗീതമാണ് ഇത്. 

നന്ദി പറയാൻ വാക്കുകളില്ല 

ഒരു പാട്ട് ചെയ്ത് വിഡിയോ പുറത്തിറക്കുന്നത് ഒട്ടും എളുപ്പമല്ല. ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ആയതുകൊണ്ട് ആദ്യാവസാനം ഞങ്ങൾ തന്നെ പണിയെടുക്കേണ്ടിവന്നു. വളരെ ടൈറ്റ് ആയ ഒരു ബജറ്റിൽ ആണ് ഇത് ചെയ്തത്. അതിരപ്പിള്ളിയിൽ ഷൂട്ടിങ്ങിനു പോയപ്പോൾ എനിക്കു കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. അമ്മയെ അവിടെ കൊണ്ടുപോയി ഷൂട്ട് ചെയ്യുന്നതിൽ കുറച്ച് ബുദ്ധിമുട്ട് തോന്നി. പക്ഷേ അമ്മയ്ക്ക് ആയിരുന്നു ഏറ്റവും എനർജി എന്ന് തോന്നുന്നു. അമ്മയുടെ സ്റ്റൈലിസ്റ്റ് ശബരി ഒക്കെ സഹായിച്ചതുകൊണ്ടാണ് ഞങ്ങൾക്ക് ഇതെല്ലാം സാധ്യമായത്. വിദ്യാജിയും രമേശൻ നായർ സാറുമൊക്കെ ഒരു സിനിമ ഗാനത്തിന് കൊടുക്കുന്ന അത്രയും പ്രാധാന്യമാണ് ഈ പാട്ടിനും കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മിക്സിങ് എൻജിനീയർ ആയ സായി ശ്രവണം എന്ന എൻജിനീയർ ആണ് പാട്ട് മിക്സ് ചെയ്തത്. എന്റെ ഒരു സുഹൃത്തായ വിജയ് മൂലൻ ഞങ്ങളെ സാമ്പത്തികമായി സഹായിച്ചു. അദ്ദേഹത്തിനു നന്ദിപറയാതെ വയ്യ. എന്റെ സ്വന്തം ടീം, എന്റെ മാനേജർ അവരൊന്നും ഇല്ലെങ്കിൽ ഇതൊന്നും സാധ്യമാകില്ല. അമ്മയുടെ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുകളും ഒക്കെ ഞങ്ങളെ ഒരുപാട് സഹായിച്ചു. ഇവരെല്ലാം നന്നായി സഹായിച്ചതുകൊണ്ടാണ് ഞങ്ങൾക്ക് ഈ പാട്ട് നന്നായി ചെയ്യാൻ കഴിഞ്ഞത്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇപ്പോൾ പാട്ടിനു കിട്ടുന്ന പ്രതികരണങ്ങൾ ആണ് ഞങ്ങൾക്ക് ഈ ഉദ്യമത്തിന് കിട്ടുന്ന പ്രതിഫലം.

അമ്മ 50 പൂർത്തിയാക്കുമ്പോൾ 

അമ്മ പാടിത്തുടങ്ങിയിട്ട് 50 വർഷമായി. ഇത്രയും കാലം ഈ പാട്ടിനു പിന്നിൽ സഞ്ചരിച്ചിട്ട് അമ്മയുടെ അമ്പതാം വർഷത്തിൽ ഈ പാട്ട് പുറത്തിറക്കാൻ കഴിഞ്ഞത് ഒരു നിമിത്തം പോലെ ആയി. ഇപ്പോഴാണ് അത് റിലീസ് ചെയ്യാൻ സമയമായത്. അത് അമ്മയുടെ സംഗീതയാത്രയ്ക്ക് ഒരു ആദരം പോലെ ആയി മാറി. ഞാനും അമ്മയും ഒരുമിച്ച് പാടുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന സ്റ്റേജ് ഷോകളൊക്കെ കണ്ടിട്ട് പലരും അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. ഈ പാട്ട് കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി, ഇനിയും ഒരുപാട് പാട്ടുകൾ ഞങ്ങൾ ഒരുമിച്ച് ചെയ്യണം എന്നാണ് എല്ലാവരും പറയുന്നത്. അതുതന്നെയാണ് ഞങ്ങളുടെ ആഗ്രഹവും. 

English Summary:

Sujatha Mohan and Shweta Mohan talk about Maathey song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com