‘അമ്മ റെഡിയാണോ’? കാട്രിൻ മൊഴികളുമായി സുജാതയും ശ്വേതയും

Mail This Article
ശ്വേത: ‘അമ്മ റെഡിയാണോ..?..’
സുജാത: ‘ഞാൻ റെഡി..’
ശ്വേത: ‘എന്നാ ഞാൻ ചോദിക്കാൻ പോവാ...!’
സുജാത: ‘എന്തു വേണമെങ്കിലും ചോദിച്ചോ...’
50 വർഷത്തെ അമ്മയുടെ പാട്ടു ജീവിതത്തിൽ ഏറ്റവും സന്തോഷവും സങ്കടവും തോന്നിയിട്ടുള്ള നിമിഷങ്ങൾ ഏതെല്ലാമാണ്..?
നല്ല പാട്ട് എപ്പോൾ പാടിയാലും അത് ഏറെ സന്തോഷമാണ്. എല്ലാവർക്കും അത് അങ്ങനെ തന്നെയല്ലേ..? ചില സ്റ്റേജ് പ്രോഗ്രാമുകളിൽ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ഭംഗിയായി പാടാൻ കഴിയുന്നതാണ് മറ്റൊരു വലിയ സന്തോഷം. യുഎസിൽ ഒരിക്കൽ എ.ആർ.റഹ്മാന്റെ ഒരു ഷോയിൽ വച്ച് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യം, ഹരിഹരൻ അങ്ങനെ പലരുമുണ്ട്. എനിക്കന്നു കടുത്ത മഞ്ഞപ്പിത്തമാണ്. അർധ ബോധാവസ്ഥയെന്നു പറയാം. എന്നിട്ടും ഷോയിൽ ഗാനങ്ങൾ നന്നായി പാടാൻ പറ്റി. പ്രോഗ്രാം കഴിഞ്ഞ ശേഷം എസ്പിബി അടുത്ത് വന്ന് പുറത്തു തട്ടി അഭിനന്ദിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ ഏറെ സന്തോഷമാണ്.

‘മൊഴി’ എന്ന സിനിമയിലെ ‘കാട്രിൻ മൊഴിയേ..’ എന്ന പാട്ടാണു മറ്റൊരു സന്തോഷം. എപ്പോൾ ആ പാട്ടു പാടിയാലും മനസ്സു നിറയും. പക്ഷേ, അത് സിനിമയിൽ വന്നപ്പോൾ ടൈറ്റിൽ സോങ് മാത്രമായി പോയതിന്റെ സങ്കടമുണ്ട്. പരദേശി എന്ന സിനിമയിലെ ‘തട്ടം പിടിച്ച് വലിക്കല്ലേ മൈലാഞ്ചി ചെടിയേ..’ എന്ന് ഗാനം ദേശീയ പുരസ്കാരത്തിന്റെ അവസാന റൗണ്ടിലെത്തിയെങ്കിലും പ്രഖ്യാപനത്തിനു മണിക്കൂറുകൾക്കു മുൻപു ചിലർ ഇടപെട്ടതോടെ അതിനെ തഴഞ്ഞെന്ന് ഈയിടെ സിബി മലയിൽ വെളിപ്പെടുത്തിയതു കേട്ടപ്പോഴും ഏറെ സങ്കടം വന്നു. അന്ന് ആ പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ എന്റെ സംഗീത ജീവിതത്തിനും അതൊരു അനുഗ്രഹമായേനെ.
എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലുള്ള ‘ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..’ എന്നൊരു പാട്ടുണ്ട്. ഇപ്പോൾ പാടിയാലും എനിക്ക് വിഷമം വരും. പ്രണയിച്ചാൽ ഒരുമിക്കണം എന്നതാണ് എന്റെ ഒരു നിർബന്ധം. വേർപിരിയുമ്പോൾ ഉള്ള ഗാനങ്ങൾ എപ്പോഴും സങ്കടമാണ്.
ചില സംഗീത സംവിധായകർക്കൊപ്പം ചേരുമ്പോൾ അമ്മയുടെ ശബ്ദം കൂടുതൽ മധുരമുള്ളതായി മാറുന്നത് എങ്ങനെ?
അതിന്റെ പ്രധാന കാരണം അവരുടെ സംഗീതം തന്നെയാണ്. എന്റെ ശബ്ദത്തിന് ഏറ്റവും യോജിക്കുന്ന പാട്ടുകൾ ലഭിക്കുന്നതും കാരണമാണ്. പ്രത്യേകിച്ച് വിദ്യാസാഗർ, എ.ആർ.റഹ്മാൻ, ഔസേപ്പച്ചൻ, എം.ജയചന്ദ്രൻ എന്നിവർക്ക് എന്റെ ശബ്ദം എങ്ങനെ പ്ലേസ് ചെയ്യണമെന്നു കൃത്യമായി അറിയാം. ഞാനും വിദ്യാസാഗറും ഒരുമിച്ച് കരിയർ ആരംഭിച്ചവരാണ്. ‘ദൂരക്കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക’ റിക്കോർഡ് ചെയ്യുമ്പോൾ വിദ്യാസാഗർ അന്ന് ആ സ്റ്റുഡിയോയിലുണ്ട്. എന്റെ ശബ്ദം എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് വ്യക്തമായ ധാരണ അനുഭവപരിചയം കൊണ്ടു തന്നെ വിദ്യാജിക്കുണ്ട്.
ഒരു ഗായിക എന്ന നിലയിലും മകൾ എന്ന നിലയിലും അമ്മ എന്നെ വിലയിരുത്തിയാൽ..
ഒരു ഗായിക എന്ന നിലയിലെ ശ്വേതയോട് എനിക്കു പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ഒരു പാട്ടിനു വേണ്ടി, സംഗീതത്തിനു വേണ്ടി കാണിക്കുന്ന സമർപ്പണവും ആത്മാർഥതയും ആണ് അതിന് കാരണം. ഞാൻ വിചാരിച്ചതിലും വളരെ ഉയരങ്ങളിൽ ശ്വേത എന്ന ഗായികയ്ക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. ശ്വേത പാടിയതിൽ ‘കാവ്യത്തലൈവൻ എന്ന സിനിമയിലെ ‘യാരുമല്ല തനി അരങ്ങിൽ..’ എന്ന പാട്ടാണ് ഏറ്റവും ഇഷ്ടം. മലയാളത്തിൽ ഏറ്റവും പ്രിയം ‘ഒരേ കടൽ’ സിനിമയിലെ ‘യമുന വെറുതേ രാപ്പാടുന്നു..’ എന്ന പാട്ട്.
ഇനി മകൾ എന്ന നിലയിൽ, പാട്ടിന്റെ തിരക്കുകളുമായി ഞാൻ നടന്ന സമയത്ത് എനിക്ക് കുട്ടി ശ്വേതയ്ക്കൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ കുറ്റബോധം ഇപ്പോഴും ഉണ്ട്. പക്ഷേ, എന്നോട് ഒരു പരാതിയും ഇതുവരെ നീ പറഞ്ഞിട്ടില്ല. എന്റെ പാട്ടു ജീവിതത്തിന്റെ 50–ാം വർഷത്തിൽ ശ്വേത നിർമാതാവായി, കൂടെ അഭിനയിച്ച് ‘മാതേയ്..’ എന്നൊരു ആൽബം പുറത്തിറക്കാൻ സാധിച്ചതും ഏറെ അഭിമാനകരമാണ്. നമ്മൾ രണ്ടുപേർക്കുമൊപ്പം നെടുംതൂണ് പോലെ മോഹനും അശ്വിനും ഉള്ളതാണു ഏറ്റവും വലിയ സന്തോഷം.
ഏതു പാട്ടു പാടുമ്പോഴാണ് അമ്മയ്ക്ക് എന്റെ മുഖം ഓർമ വന്നിരുന്നത്..?
‘എന്റെ വീട് അപ്പുന്റെയും’ എന്ന സിനിമയിലെ ‘വാവാവോ വാവേ..’ എന്ന പാട്ട് എനിക്ക് ഏറെ ഇഷ്ടമാണ്. അത് പാടുമ്പോൾ ശ്വേതയെ ഓർമ വരാറുണ്ട്. പക്ഷേ, ‘അന്തിപ്പൊൻവെട്ടം മെല്ലെ കടലിൽ താഴുമ്പോൾ’ എന്ന ആ ഗാനമാണ് കുറച്ചുകൂടി നിന്റെ കുട്ടിക്കാലത്തോട് ചേർന്നു നിൽക്കുന്നത്; കാരണം നീ ഈ ഗാനത്തെ ‘കെച്ചപ്പ് പാട്ട്’ എന്നാണ് വിളിച്ചിരുന്നത്. അതിന്റെ കാരണം രസകരമാണ്. ‘അന്തിപ്പൊൻവെട്ടം കടലിൽ മെല്ലെത്താഴുമ്പോൾ മാനത്തെ മുല്ലത്തറയിലെ മാണിക്ക്യച്ചെപ്പ്, വിണ്ണിൻ മാണിക്ക്യച്ചെപ്പ്...’ എന്നാണല്ലോ വരികൾ. ഇതിലെ ‘മാണിക്യച്ചെപ്പ്’ എന്നുള്ള വാക്കിലെ ‘കെച്ചപ്പ്’ എന്ന ആ ഭാഗം എടുത്താണ് ഈ പാട്ടിനു പേരിട്ടത്. ഇടയ്ക്കിടെ ‘കെച്ചപ്പ് പാട്ട്’ പാടിത്തരാൻ ആവശ്യപ്പെട്ട് എന്റെ പിന്നാലെ നീ ചിണുങ്ങി നടക്കുമായിരുന്നു.
ഞാൻ അമ്മയുടെ ഉള്ളിലായിരിക്കുമ്പോൾ അമ്മ എനിക്ക് എന്തു പാട്ടുകളാണു പാടിത്തന്നത്..?
ഗർഭിണിയായിരുന്ന കാലത്ത് 9 മാസവും ഞാൻ ബെഡ് റെസ്റ്റിൽ ആയിരുന്നു. അതു കൊണ്ടു തന്നെ ഒരുപാട് ശ്വാസം പിടിച്ചുള്ള പാട്ടുകൾ ഒന്നും പാടാൻ സാധിക്കുമായിരുന്നില്ല. പക്ഷേ ഹിന്ദുസ്ഥാനി സംഗീതം ഞാൻ ആ സമയത്തു പഠിച്ചു. ശ്വേത ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളതും അതാണ്. ഹിന്ദുസ്ഥാനി സംഗീതത്തോട് എപ്പോഴും ശ്വേത കാണിക്കുന്ന താൽപര്യത്തിന് പിന്നിലും ഇതേ കാരണമാകാം.
അമ്മ എന്താണ് എനിക്ക് ഒരു സഹോദരനെയോ സഹോദരിയോ കൂടി തരാതിരുന്നത്?
ഞാൻ 9 മാസം കട്ടിലിൽ ഒരേ കിടപ്പ് കിടന്നു കിട്ടിയതാണ് നിന്നെ. ഗർഭിണിയായ സമയത്ത് എനിക്ക് ധാരാളം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനാൽ പിന്നീട് ഒരു കുട്ടി എന്ന കാര്യം ചിന്തിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. അതിനു സാധിക്കുമായിരുന്നെങ്കിൽ ഒരു ആൺകുട്ടി കൂടി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
പാട്ടുകൾക്കിടയിൽ ഇപ്പോൾ അകലം കൂടിയപ്പോൾ അമ്മയ്ക്ക് സങ്കടമുണ്ടോ..?
ഒരിക്കലുമില്ല.. മുൻപു ഞാൻ ശ്വേതയെ എന്റെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിട്ടാണു പാട്ടുകൾ പാടാനായി പോയിരുന്നത്. ഇപ്പോൾ ശ്വേത പോകുമ്പോൾ മകളെ എന്നെ ഏൽപ്പിച്ചിട്ടു പോകും. ചെറുമകളെ നോക്കി വളർത്തേണ്ടത് മുത്തശ്ശിയുടെ സന്തോഷവും അവകാശവുമല്ലേ.. അതിന്റെ പേരിൽ നഷ്ടബോധം തോന്നേണ്ട ഒരു കാര്യവുമില്ല.