താളത്തികവിൽ! 70ന്റെ നിറവിലും തെളിയുന്ന രസഭാവങ്ങൾ; നർത്തകി മഞ്ജു ഭാർഗവി അഭിമുഖം

Mail This Article
മുഖത്ത് രൗദ്രഭാവം വിട്ടുമാറുന്നില്ല... നടനത്തിൽ വിട്ടുവീഴ്ചകളില്ലാത്ത നർത്തകിക്ക് ചേർന്ന മുഖം. ചടുലതാളത്തിൽ നട്ടുവാങ്കമടിക്കുമ്പോൾ കുച്ചിപ്പുഡിയുടെ താളത്തിനും ജതിക്കുമെല്ലാം എഴുപതിന്റെ ഒരു പുതുമുഖം. തന്റെ ഏഴാം വയസ്സു മുതൽ കുച്ചിപ്പുഡി അഭ്യസിച്ചുതുടങ്ങിയ അതിനുവേണ്ടി ജീവിതം തന്നെ മാറ്റിവച്ച കലാകാരി, ശങ്കരാഭരണം സിനിമയിലെ നർത്തകി മഞ്ജു ഭാർഗവി എഴുപതിന്റെ നിറവിലെത്തിയിട്ടും മുഖത്ത് രസഭാവങ്ങൾ മിന്നിമായുന്നു. കൊല്ലത്തു നടത്തിയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ മഞ്ജു ഭാർഗവി മലയാള മനോരമയ്ക്കു നൽകിയ അഭിമുഖം.
∙ കുടവും തരംഗവും
കുച്ചിപ്പുഡി കണ്ടവരൊക്കയും നോക്കിയിരുന്നിട്ടുള്ളത് തലയിലെ കുടമായിരിക്കും. താഴെ വീഴുമോ എന്ന് നോക്കിയിരുന്ന ആ കുടങ്ങൾ കുച്ചിപ്പുഡിയിൽ അവിഭാജ്യ ഘടകമല്ല. തട്ടം/താംബാളം/തരംഗം എന്നിങ്ങനെ അറിയപ്പെടുന്ന കുച്ചിപ്പുഡി പാത്രമാണ് ഒഴിവാക്കാനാകാത്തത്. കുടം കലയുടെ ആകർഷണത്തിനായി ആരോ പിന്നീട് കൊണ്ടുവന്നതാണ്. അത് വെറും ജിംനാസ്റ്റിക് ആണ്.
∙ ശിൽപശാലയിലൂടെ നൃത്താഭ്യാസം
മൂന്നോ നാലോ ദിവസത്തെ ശിൽപശാലയല്ല ഒരിക്കലും നൃത്തത്തിനും ഏതൊരു കലയ്ക്കും അടിസ്ഥാനം. എന്റെ നൃത്തപഠനകാലത്ത് ആഴ്ചയിൽ എല്ലാദിവസവും അവധിസമയങ്ങളിലും നൃത്തം അഭ്യസിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് കുട്ടികൾക്ക് പഠനവും സിലബസും പരീക്ഷകളും കാരണം ഒന്നിനും സമയമില്ല. ആർക്കും പ്രാക്ടീസ് ചെയ്യാൻ നേരമില്ല.
∙ മാസങ്ങൾക്കുള്ളിൽ നൃത്തപഠനം
ഇന്ന് കാലത്തിന്റെ വേഗത്തിനൊപ്പം കലയ്ക്കും വേഗം വേണമെന്നാണ് എല്ലാവരും വാശിപിടിക്കുന്നത്. ഓരോ സ്ഥലത്തും നൃത്തവിദ്യാലയങ്ങൾ കൂടിക്കൂടി വരികയാണ്. വാരാന്ത്യ, അവധിക്കാല ക്ലാസുകളും കുറവല്ല. നൃത്തം അങ്ങനെ ദിവസങ്ങൾകൊണ്ട് പഠിക്കരുത്. വർഷങ്ങളെടുത്ത് തഴക്കം വരേണ്ടത് അനിവര്യമാണ്.
∙ അരങ്ങേറ്റം എപ്പോൾ
അരങ്ങേറ്റം അല്ല പ്രധാനം. ഞാൻ എന്റെ ബെംഗളൂരുവിലെ ‘നാട്യവേദ’ നൃത്തവിദ്യാലയത്തിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഒരിക്കൽ മാത്രമാണ് അരങ്ങേറ്റം നടത്തിയിട്ടുള്ളത്. എത്ര കാലം കൊണ്ടു പഠിക്കുന്നു എന്നതിനല്ല, എന്തുപഠിക്കുന്നു എന്നതിനാണ് പ്രാധാന്യം. ഇന്നെല്ലാവരും അടവുകൾ പഠിക്കുന്നതിനേക്കാൾ തിരക്കുകൂട്ടുന്നത് അരങ്ങേറ്റം നടത്താനാണ്.
∙ കലോത്സവങ്ങൾ കച്ചവടമോ
ഇന്ന് സ്കൂൾ, യൂണിവേഴ്സിറ്റി കലോത്സവങ്ങൾ കച്ചവടത്തിനുള്ള വേദിയായിരിക്കുകയാണ്. പണ്ടൊക്കെ ഞാനും വിധികർത്താവായിട്ടുണ്ട്. കഴിവിനും മികവിനുമായിരുന്നു അന്ന് വില നൽകിയിരുന്നത്. ഇന്ന് പണംവാരിയെറിയുന്നവർക്കാണ് വിജയം. വിധികർത്താക്കളുടെ നിലവാരത്തിനും കുറവുവന്നിട്ടുണ്ട്. നൃത്തം പഠിച്ച ഏതൊരാളും ഇന്ന് വിധികർത്താവായി മാറുകയാണ്.
∙ ആടയാഭരണങ്ങൾ അധികമോ
കല ഫാഷനല്ല. ഇന്ന് തനതായ രീതിക്കു പുറമേ ഒട്ടേറെ പരീക്ഷണങ്ങളാണ് വേഷത്തിലും ചമയത്തിലും ആഭരണത്തിലുമെല്ലാം കൊണ്ടുവരുന്നത്. പുതുമകൾ അനിവാര്യമാണ് പക്ഷേ കലാരൂപത്തെ വികൃതമാക്കിയാകാരുത്. പലപ്പോഴും മത്സരങ്ങളിൽ നൃത്തത്തിനു പ്രാധാന്യം കുറഞ്ഞ് വിലകൂടിയ ഭംഗിയേറിയ ചമയങ്ങൾക്ക് വിലനൽകുന്നു. അത് തെറ്റായ രീതിയാണ്. കഴിവും കലയുമാണ് പ്രധാനം.
∙ നൃത്തം തിയറിയോ പ്രാക്ടിക്കലോ
നൃത്തത്തിനു കൃത്യമായ പഠനം അനിവാര്യമാണ്. രാഗം, താളം, ജതി, അടവുകൾ, മുദ്രകൾ, അഭിനയം, ചുവടുകൾ എല്ലാം വിശദമായി അറിഞ്ഞിരിക്കണം. ഭരതനാട്യത്തിനു പലയിടത്തും പ്രഫഷനൽ കോഴ്സുകളുണ്ട്. എന്നാൽ കുച്ചിപ്പുടിക്കില്ലായിരുന്നു. അങ്ങനെ കരിക്കുലം വേണമെന്ന ആഗ്രഹത്തിലുറച്ചാണ് കർണാടക സർക്കാർ ആരംഭിച്ച കുച്ചിപ്പുഡി സിലബസ് കമ്മിറ്റിയുടെ ആദ്യ ചെയർപഴ്സനായത്. പിന്നീട് സർക്കാരിനു പലരുടെയും സമ്മർദത്താൽ കമ്മിറ്റിയിൽ പല മാറ്റങ്ങളും വരുത്തി. ഇപ്പോൾ പ്രാരംഭലക്ഷ്യം പോലും കമ്മിറ്റി നിറവേറ്റുന്നില്ലെന്നത് വേദനാജനകമാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ സിലബസിൽ ഒരു മാറ്റവുമില്ല, മാറ്റം വരുത്താൻ കഴിവുള്ളവരാരുമില്ല.
∙ പുതുപരീക്ഷണങ്ങൾ അനിവാര്യമോ
ഭരതനാട്യം എന്നത് യഥാർഥത്തിൽ പുരാണാഖ്യായിയായ നൃത്തനാടകമല്ല. പക്ഷേ പല പ്രശസ്തരും ഇന്നങ്ങനെയാണ് അവതരിപ്പിക്കുന്നത്. പുരാണേതിഹാസങ്ങളെല്ലാം ഭരതനാട്യനാടകമാകുന്നു. എന്നാൽ കുച്ചിപ്പുടിക്ക് അതാകം. കുച്ചിപ്പുഡിയുടെ ചരിത്രം പറയുന്നത് തന്നെ അത് നൃത്തനാടകത്തിൽ നിന്നാണെന്നാണ്. പണ്ട് ദേവദാസിമാരായിരുന്നു കുച്ചിപ്പുഡി അവതരിപ്പിച്ചിരുന്നത്. ആർത്തവകാലത്ത് അവർത്ത് നൃത്തം ചെയ്യാനാകാത്തപ്പോൾ പുരുഷന്മാർ സ്ത്രീവേഷം കെട്ടി നൃത്തം അവതരിപ്പിക്കുമായിരുന്നു. അങ്ങനെ ആദ്യാകാലത്ത് അവതരിപ്പിച്ച കുച്ചിപ്പുഡി നൃത്തനാടകമായിരുന്നു (ബാലെ) ‘ഭാമാകലാപം’. രണ്ടോ മൂന്നോ ദിവസങ്ങളിൽ രാപകൽ തുടർച്ചയായി അവ അരങ്ങേറി. ഇന്ന് എല്ലാവരും ദേവദാസിമാരാണ്. പക്ഷേ കലയിൽ ജീവിതം സമർപ്പിച്ചവരല്ലെന്നു മാത്രം.
∙ സ്വപ്നമായിരുന്ന റിസർച് സെന്റർ
കുച്ചിപ്പുഡിയുടെ വളർച്ചയ്ക്കും വികാസത്തിനുമായി റിസർച് സെന്റർ ആരംഭിക്കണമെന്ന് മുൻപ് ആഗ്രഹിച്ചിരുന്നു. പക്ഷേ എന്ത് വികസനം തുടങ്ങിയാലും അത് രാഷ്ട്രീയമായി മാറുകയാണ്. രാഷ്ട്രീയത്തിലേക്ക് എത്താൻ ഞാനാഗ്രഹിക്കുന്നില്ല.
∙ നൃത്താഭിനയമോ സക്രീനോ
25–ാം വയസ്സിലാണ് ഞാൻ ശങ്കരാഭരണം സിനിമയിൽ നർത്തകിയായി വേഷമിടുന്നത്. പിന്നീട് പല ഭാഷകളിൽ സിനിമകളും ചില സീരിയലുകളും ചെയ്തു. ഇപ്പോഴും തെലുങ്കിൽ അഭിനയിക്കുന്നുണ്ട്. പക്ഷേ അക്ഷനും കട്ടിനും ഇടയ്ക്കുള്ള അഭിനയത്തേക്കാൾ നാട്യാഭിനയമാണ് പ്രിയം.