ADVERTISEMENT

തിയറ്ററുകളിൽ തേരോട്ടം തുടരുന്ന ‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കൊണ്ടാട്ടം’ പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മോഹൻലാലും ശോഭനയും ആറാടുന്ന പാട്ടിലെ പെൺസ്വരം ഗായിക രാജലക്ഷ്മിയാണ്. എം.ജി.ശ്രീകുമാറിനൊപ്പമാണ് ഗായിക ‘കൊണ്ടാട്ടം’ ആലപിച്ചിരിക്കുന്നത്. താൻ ഏറെ സ്നേഹിക്കുന്ന ചിപ്പിയും രഞ്ജിത്തും നിർമിച്ച ‘തുടരും’ തന്റെ സ്വന്തം സിനിമയാണെന്നു പറയുകയാണ് രാജലക്ഷ്മി. സിനിമയുടെ വിശേഷങ്ങൾ ഇരുവരും പങ്കുവച്ചിരുന്നെങ്കിലും ‘കൊണ്ടാട്ടം’ പാട്ട് വളരെ സർപ്രൈസ് ആയാണ് തന്നിലേക്ക് എത്തിയതെന്ന് ഗായിക പറയുന്നു. മണിക്കൂറുകൾ കൊണ്ട് ഹിറ്റടിച്ച ‘കൊണ്ടാട്ടം’ പാട്ടിന്റെ വിശേഷങ്ങൾ പങ്കിട്ട് രാജലക്ഷ്മി മനോരമ ഓൺലൈനിനൊപ്പം. 

ചിപ്പി ചേച്ചിയുടെ സർപ്രൈസ് 

തുടരും സിനിമ ആദ്യ ദിവസം തന്നെ കണ്ടു. ചിപ്പി ചേച്ചിയും രഞ്ജിത്തേട്ടനും നിർമിച്ച ചിത്രമായതുകൊണ്ടു തന്നെ ഈ സിനിമ എനിക്ക് വളരെ സ്പെഷലാണ്. ഞാനും ചിപ്പി ചേച്ചിയുടെ കുടുംബവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. കുറെ വർഷങ്ങളായുള്ള ബന്ധമാണ് അത്. ചേച്ചിയുടെ വീട്ടിൽ എപ്പോഴും പോവുകയും ഞങ്ങൾ ഫോണിൽ ബന്ധപ്പെടുകയും ചെയ്യാറുണ്ട്. എന്റെ ചേച്ചി തന്നെയാണ് ചിപ്പി ചേച്ചി. സിനിമയുടെ തുടക്കം മുതലുള്ള കാര്യങ്ങളും അപ്ഡേഷൻസും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം സർപ്രൈസ് ആയിട്ടാണ് ജേക്സ് ബിജോയ്‌യുടെ സ്റ്റുഡിയോയിൽ നിന്നും എന്നെ വിളിച്ച് തുടരും സിനിമയിൽ ഒരു പ്രമോ സോങ് ഉണ്ട്, പാടാൻ വരണമെന്ന് പറഞ്ഞത്. ഞാൻ ചിപ്പി ചേച്ചിയെ ഉടനെ വിളിച്ചു, അപ്പോൾ ചേച്ചി പറഞ്ഞു "അതെ ഞാൻ രാജിക്ക് സർപ്രൈസ് ആയിട്ട് വച്ചിരുന്നതാണ് അത്" എന്നു പറഞ്ഞു. ഒരു പ്രമോ സോങ് ആണ്. സിനിമയിൽ വേറെ ഫീമെയിൽ പോർഷൻ ഒന്നുമില്ല. രഞ്ജിത്തേട്ടൻ പറഞ്ഞു ഇത് രാജി തന്നെ പാടണം എന്ന്, അങ്ങനെയാണ് ഞാൻ ഈ പാട്ടുപാടാൻ പോയത്. ആ പാട്ട് ശരിക്കും എനിക്കൊരു സർപ്രൈസ് തന്നെയായിരുന്നു.  

ഇത് എന്റെ കുടുംബത്തിന്റെ സിനിമ 

സിനിമയിൽ ഈ പാട്ട് ഉണ്ടാവില്ല എന്ന് ചിപ്പി ചേച്ചി പറഞ്ഞിരുന്നു. കാരണം, അത് അത്തരം ഇമോഷൻസ് ഉള്ള സിനിമയാണല്ലോ? അതിൽ ഈ പാട്ട് ഉൾപ്പെടുത്താൻ ചിലപ്പോൾ സാധിക്കില്ലെന്നു പറഞ്ഞിരുന്നു. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാവുക എന്നത് തന്നെ എനിക്ക് വലിയ സന്തോഷമാണ്. എന്റെ കുടുംബത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു സിനിമ, നമ്മുടെ സിനിമ എന്നൊരു ഫീൽ എപ്പോഴും ഉണ്ടായിരുന്നു. സിനിമ ഇറങ്ങിയപ്പോൾ ചേച്ചി എന്നോട് പറഞ്ഞു ഈ പാട്ടും കൂടി സിനിമയിൽ വേണമായിരുന്നു എന്ന്, അതുപോലെതന്നെ പാട്ടിന് കിട്ടുന്ന കമന്റുകളിലും ഈ പാട്ടും കൂടി സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നൊക്കെ കണ്ടു. 

ശോഭനയ്ക്കു വേണ്ടി പാടാൻ സാധിച്ചു

ശോഭന മാഡത്തിനു വേണ്ടി ആണല്ലോ എന്റെ ശബ്ദം ഉപയോഗിച്ചത് എന്നോർത്ത് എനിക്കു വലിയ ആകാംക്ഷയും സന്തോഷവും തോന്നി.  എപ്പോഴും നമ്മൾ ചിത്ര ചേച്ചിയുടെ ഒക്കെ ശബ്ദമാണ് ശോഭന മാഡത്തിന്റേതായി കേട്ടിട്ടുള്ളത്. മാഡത്തിനു ‌വേണ്ടി പാടാൻ സാധിച്ചത് വലിയ സന്തോഷം തന്നെയാണ്. 

എം.ജി.ശ്രീകുമാർ എന്ന മഹാഗായകനൊപ്പം ആദ്യമായി 

ശ്രീക്കുട്ടൻ ചേട്ടനുമൊത്ത് (എം.ജി.ശ്രീകുമാർ) പാടാൻ സാധിച്ചതു വലിയ ഭാഗ്യമാണ്. ആദ്യമായിട്ടാണ് ചേട്ടനോടൊപ്പം ഒരു യുഗ്മഗാനം പാടുന്നത് ശ്രീക്കുട്ടൻ ചേട്ടനും മോഹൻലാൽ സാറും ഒക്കെ നമ്മെ എപ്പോഴും അതിശയിപ്പിക്കുന്ന ലജൻഡസ് ആണല്ലോ. എത്രയോ വർഷങ്ങളായി സിനിമ ഗാനരംഗത്ത് നിറഞ്ഞുനിൽക്കുന്ന ആളാണ് ശ്രീക്കുട്ടൻ ചേട്ടൻ. പ്രോഗ്രാമുകളിലൊക്കെ അദ്ദേഹത്തോടൊപ്പം പാടിയിട്ടുണ്ടെങ്കിലും സിനിമയിൽ ആദ്യമായിട്ടാണ് ഒരുമിച്ചു പാടുന്നത്. അത് എനിക്ക് വലിയ സന്തോഷമായിരുന്നു. പിന്നെ വലിയൊരു ഹിറ്റിന്റെ ഭാഗമായി എന്നതിലും സന്തോഷം. പാട്ട് ഇറങ്ങിയപ്പോൾ തന്നെ ദശലക്ഷക്കണക്കിന് ആളുകൾ പാട്ട് കണ്ടു ഒരുപാട് അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. ഈ സിനിമയുടെ വർക്ക് വളരെ സിസ്റ്റമാറ്റിക്കും പ്ലാൻഡും ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ സിനിമ ഹിറ്റ് ആവും എന്നുകരുതി തന്നെയാണ് ഈ സിനിമയും ഈ പാട്ടും ചെയ്തിരിക്കുന്നത്. രഞ്ജിത്തേട്ടന് ഇൻഡസ്ട്രിയിൽ എത്രയോ വർഷത്തെ പരിചയം ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാവുന്ന ആളാണ് അദ്ദേഹം. സിനിമയിൽ പാട്ട് ഉൾപ്പെടുത്തിയില്ലെങ്കിലും ആ പാട്ടിനു വേണ്ട ഹൈപ്പ് കൊടുത്ത് എപ്പോൾ റിലീസ് ചെയ്യണം എന്നുള്ളതൊക്കെ വളരെ പ്ലാൻ ചെയ്ത് ചെയ്തതാണ്. വളരെ എക്സ്പർട്ട് ആയ, പ്ലാനിങ് ഉള്ള ഒരു സിനിമ നിർമാതാവിനെയാണ് നമുക്ക് ഇതിൽ കാണാൻ കഴിയുന്നത്. ഞാൻ ഇടയ്ക്കിടയ്ക്ക് ചിപ്പി ചേച്ചിയോട് ചോദിക്കും ചേച്ചി എപ്പോഴാ പാട്ട് റിലീസ് ആവുക, ചേച്ചി പറയും "അയ്യോ രാജി എനിക്ക് അറിഞ്ഞുകൂടാ, രഞ്ജിത്തേട്ടൻ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്". ഞങ്ങൾ തമ്മിൽ എപ്പോഴും ഇങ്ങനെ സംസാരിക്കുമായിരുന്നു. തരുണിന്റെയും രഞ്ജിത്തേട്ടന്റെയും ടീമിന്റെ പരിശ്രമവും പ്ലാനിങ്ങും ഒക്കെ സിനിമയിലും ഈ പാട്ടിലും കാണുന്നുണ്ട്.

പാട്ട് തരുന്ന സന്തോഷങ്ങൾ 

ഈ പാട്ട് ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും സ്റ്റോറിയിലും സ്റ്റാറ്റസിലും എന്നെ മെൻഷൻ ചെയ്ത് ഷെയർ ചെയ്യുന്നുണ്ട്. അതൊക്കെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. ഒരുപാട് പേർക്ക് അതിശയം ഉണ്ട് ഇത് ഞാൻ ആണോ പാടിയത് എന്ന്. അതുപോലെതന്നെ ഒന്ന് രണ്ട് കമന്റുകൾ എനിക്ക് കണ്ടതിൽ താല്പര്യം തോന്നിയത് ശോഭന മാഡം പാടുമ്പോൾ അത് ചിത്ര ചേച്ചി ആയിരിക്കും എന്നാണ് പ്രതീക്ഷിച്ചത്.  സാധാരണ ഇത്തരം പാട്ടുകൾക്ക് ഒരു ബേസ് ഉള്ള ഫോക്ക് ടോൺ ആണ് വേണ്ടത്. കുറച്ചു പേർ എന്നോട് പറഞ്ഞു ശോഭന ചേച്ചിക്ക് ചിത്ര ചേച്ചി ആയിരിക്കും എന്നാണ് കരുതിയത്, പെട്ടെന്ന് പാടിയത് ആരാണെന്ന് നോക്കിയപ്പോഴാണ് രാജലക്ഷ്മി അതൊരു വലിയ സർപ്രൈസ് ആയിരുന്നു എന്ന്. സാധാരണ ശോഭന മാഡത്തിനു വേറെ ആരെങ്കിലും ആണല്ലോ ശബ്ദം കൊടുക്കുന്നത് ഇത്തവണ മാഡം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്, തമിഴും മലയാളവും കലർന്ന ശബ്ദത്തിലാണ് ഡബ്ബിങ്, അതുപോലെതന്നെ എന്റെ പാട്ടിനും തമിഴും മലയാളവും കലർന്നാണ് വന്നിരിക്കുന്നത്. 

ജേക്സിനൊപ്പം ആദ്യമായി 

പാട്ടിന്റെ റെക്കോർഡിങ് വളരെ രസമായിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗീതസംവിധായകനാണ് ജേക്സ് ബിജോയ്.  അദ്ദേഹത്തോടൊപ്പം ഇതുവരെയും വർക്ക് ചെയ്താൽ കഴിഞ്ഞിട്ടില്ല. ചില പാട്ടുകൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. പക്ഷേ ഒന്നും ഫൈനൽ ആയിട്ടില്ല.  ആദ്യമായി ജേക്സിന്റെ പാട്ടുപാടുകയും അത് ഇത്രയും ഹിറ്റ് ആവുകയും ചെയ്തതിൽ ഒരുപാട് സന്തോഷം. ഈ പാട്ടിനു വേണ്ടി എന്നെ സജസ്റ്റ് ചെയ്തത് രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയും തന്നെയാണ്. എന്റെ സന്തോഷവും സ്നേഹവും നന്ദിയും എല്ലാം രഞ്ജിത്തേട്ടനും കുടുംബത്തിനോട് ആണ്.

English Summary:

Rajalakshmy opens up about the song kondaattam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com