ധ്യാനകേന്ദ്രത്തിൽ കേട്ട വരികൾ വഴിത്തിരിവായി, ഇന്ന് വിലപിടിപ്പുള്ള ബ്രാൻഡ് ആയി സിയോൺ ക്ലാസിക്സ്; പുതുമയുടെ 25 വർഷങ്ങൾ

Mail This Article
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കിയ സിയോൺ ക്ലാസിക്സ് സംഗീതരംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ്. കെ.എസ്.ചിത്ര, എസ്.പി.വെങ്കിടേഷ്, ശ്യാം, എം.ജയചന്ദ്രൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺസൺ മാഷ്, സുജാത മോഹൻ, ശ്രേയ ഘോഷാൽ എന്നിങ്ങനെ നിരവധി പ്രമുഖരെ ക്രിസ്തീയ ഭക്തിഗാന രംഗത്ത് എത്തിച്ചതിൽ സിയോൺ ക്ലാസിക്സിനു വലിയ പങ്കുണ്ട്. 12 ഭാഷകളിലായി 1800ലേറെ ഭക്തിഗാനങ്ങൾ പുറത്തിറക്കിയിട്ടുള്ള സിയോൺ ക്ലാസിക്സിന് 182 രാജ്യങ്ങളിൽ പബ്ലിഷിങ് ലൈസൻസ് ഉണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ യുട്യൂബിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് സിയോൺ ക്ലാസിക്സിനു സ്വന്തമാക്കാനായത്.

രണ്ട് പതിറ്റാണ്ടിലേറെയായി സിയോൺ ക്‌ളാസിക്സിനെ നയിക്കുന്നത് ജിനോ കുന്നുംപുറത്ത് ആണ്. പള്ളിയിലെ ഗായകസംഘത്തിൽ പാടി പരിചയമുള്ള ജിനോ, താബോർ ധ്യാനകേന്ദ്രത്തിൽ വച്ചു കേട്ട ‘കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ കാരുണ്യരൂപാ വരുമോ?’ എന്ന ഗാനത്തിലൂടെ സ്വന്തമായി മ്യൂസിക് പ്രൊഡക്‌ഷൻ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. സിയോൺ ക്ലാസിക്സ് 25 വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ പിന്നിട്ട വഴികളിലെ ഓർമകൾ ജിനോ കുന്നുംപുറത്ത് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

ക്രിസ്തീയ ഭക്തിഗാന രംഗത്തെ 25 വർഷങ്ങൾ
ഞാൻ ക്രിസ്തീയ ഭക്തിഗാന രംഗത്ത് വന്നിട്ട് 25 വർഷം പൂർത്തിയാവുകയാണ്. മ്യൂസിക് പ്രൊഡക്‌ഷൻ ആണ് ഞങ്ങൾ പ്രധാനമായും ചെയ്യുന്നത്. സിയോൺ ക്ലാസിക്സ് എന്ന ഞങ്ങളുടെ കമ്പനി 2000 ൽ ആണ് ആരംഭിക്കുന്നത്. 12 ഭാഷകളിലായി 1800ലേറെ പാട്ടുകൾ ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പ്രമുഖരായ ഒട്ടുമിക്ക ഗായകരും ഞങ്ങൾക്ക് വേണ്ടി പാടിയിട്ടുമുണ്ട്.

ശ്രേയ ഘോഷാൽ ഒരേയൊരു ക്രിസ്ത്യൻ ഡിവോഷനൽ മാത്രമേ പാടിയിട്ടുള്ളൂ, അത് സിയോണിനു വേണ്ടിയാണ്. ശ്രേയ ജയദീപ് എന്ന കുട്ടി ഗായികയുടെ ഏറ്റവും വൈറലായ ‘മേലേമാനത്തെ ഈശോയേ’ എന്ന ഗാനം ഞങ്ങൾ പുറത്തിറക്കിയതാണ്. എം.ജയചന്ദ്രൻ സംഗീതം നൽകിയ ആദ്യത്തെ ക്രിസ്ത്യൻ ഭക്തിഗാനം എന്ന പ്രത്യേകതയും ആ പാട്ടിനുണ്ട്. ആ പാട്ട് കേട്ടാണ് നാദിർഷ, ശ്രേയക്ക് സിനിമയിൽ പാടാൻ അവസരം നൽകിയത്.

സിയോണിലെത്തിയ സംഗീതപ്രതിഭകൾ
എസ്.പി.വെങ്കിടേഷ് വളരെക്കാലത്തിനു ശേഷം ഒരു ക്രിസ്ത്യൻ ഭക്തിഗാനം ചെയ്തത് ഞങ്ങൾക്കു വേണ്ടിയാണ്. കെ.എസ്.ചിത്ര ആ ഗാനം ആലപിച്ചു. ജോൺസൺ മാഷ് 15 വർഷത്തിനു ശേഷം തിരിച്ചു വന്നത് ഞങ്ങളുടെ ‘പരിശുദ്ധൻ’ എന്ന ആൽബത്തിലൂടെയാണ്. അതുപോലെ തന്നെ ശ്യാം 13 വർഷത്തെ ഇടവേളയ്ക്കു ശേഷം പാട്ടിലേക്കു തിരിച്ചെത്തുന്നത് അധിപൻ എന്ന ആൽബത്തിലൂടെയായിരുന്നു.

എസ്.പി.വെങ്കിടേഷ്, ശ്യാം, എം.ജയചന്ദ്രൻ, കെ.എസ്.ചിത്ര, ജാനകി, സുജാത തുടങ്ങി പ്രഗൽഭരായിട്ടുള്ള ഒട്ടേറെ സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എഴുത്തുകാരായ ഒ.എൻ.വി.കുറുപ്പ്, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, കൈതപ്രം തുടങ്ങി നിരവധി പേരെ ക്രിസ്തീയ ഭക്തി ഗാനരംഗത്ത് അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ പന്ത്രണ്ടോളം പാട്ടുകൾ ചെയ്യാനും കഴിഞ്ഞു.

തുടക്കം ആ പാട്ടിൽ നിന്ന്
സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിലും അഭിനയത്തിലും മറ്റു കലാപരിപാടികളിലും സജീവമായിരുന്നു ഞാൻ. പള്ളിയിലെ ഗായകസംഘത്തിൽ മുൻനിര ഗായകനായും പ്രവർത്തിച്ചു. അപ്പൻ ജോസ് മാത്യു എന്റെ കലാവാസനയ്ക്ക് എന്നും കൂട്ടു നിന്നിട്ടുണ്ട്. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹൃദയാഘാതത്തെത്തുടർന്ന് അപ്പൻ മരിക്കുന്നത്. അതിനു ശേഷം 3 സഹോദരിമാരും അമ്മയും അമ്മയും ഞാനും മാത്രമായി വീട്ടിൽ.

ഉപജീവനത്തിനുവേണ്ടി പല ജോലികളും ചെയ്തു. ചില വീടുകളിൽ ജോലിക്കു നിന്നു. അക്കൂട്ടത്തിൽ കോൺഗ്രസ് നേതാവായിരുന്ന പി.ടി.തോമസിന്റെ വീട്ടിലും നിന്നിട്ടുണ്ട്. പി.ടി.തോമസും പി.ജെ.ജോസഫും ഒരുപാട് സഹായിച്ചു. കുറച്ചുനാൾ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒടുവിൽ ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിനു പോയി. ധ്യാനത്തിന്റെ അവസാന ദിവസം കേട്ട ഒരു പാട്ടിൽ നിന്നാണു തുടക്കം. ‘കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ കാരുണ്യരൂപാ വരുമോ?’ എന്ന വരികൾ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ആ ഗാനം കേട്ടു ഞാൻ പൊട്ടിക്കരഞ്ഞു. ഇതുപോലെയുള്ള ഗാനങ്ങൾ എത്രപേരെ സ്വാധീനിക്കുന്നുണ്ടാകും എന്ന തിരിച്ചറിവാണ് മ്യൂസിക് പ്രൊഡക്‌ഷൻ എന്ന വഴിയിലേക്ക് എത്തിച്ചത്.

ഡോൾബി അറ്റ്മോസിൽ ഭക്തിഗാനം
ഞങ്ങളുടെ പ്രൊഡക്‌ഷൻ കമ്പനി 25 വർഷം പൂർത്തിയാകുമ്പോൾ എനിക്ക് പിന്തുണ നൽകി ഇവിടെ വരെ എത്തിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. കസെറ്റ് യുഗത്തിൽ നിന്ന് സിഡി വന്നു, അവിടെ നിന്ന് ഇപ്പോൾ ഡിജിറ്റൽ യുഗത്തിലേക്കും എത്തി. ഓരോ കാലഘട്ടത്തിലും കരുത്തോടെ മുന്നോട്ടു പോകാൻ സാധിച്ചു. ഇപ്പോഴും ആഴ്ചയിൽ പല ഭാഷകളിലായി രണ്ടു പാട്ടുകൾ റിലീസ് ചെയ്യുന്നുണ്ട്. ഈ വർഷത്തിൽ ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഇതുവരെ ആരും ചെയ്യാത്ത ഒരു പുതുമയാണ് കൊണ്ടുവരുന്നത്. ഡോൾബി അറ്റ്മോസിൽ ഒരു പാട്ട് റിലീസ് ആകാൻ പോവുകയാണ്. ഇന്നുവരെ ഒരു ഭക്തിഗാനം ഡോൾബി അറ്റ്മോസിൽ പുറത്തിറക്കിയിട്ടില്ല. ഒരുപാട് വർഷങ്ങൾക്കു ശേഷം ഗായിക മിന്മിനി പാടുന്ന ഗാനമാണ് അത്.

ക്രിസ്തീയ ഭക്തിഗാന രംഗത്ത് നിരവധി പരീക്ഷണങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. ഏകദേശം ഇരുന്നൂറ്റിയമ്പതോളം പാട്ടുകാരെയും നൂറ്റിയറുപതോളം സംവിധായകരെയും മുന്നൂറോളം പാട്ടെഴുത്തുകാരെയും ഈ 25 വർഷം കൊണ്ട് ഞങ്ങൾ അവതരിപ്പിച്ചു. ഇത്രയുമൊക്കെ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇനിയും കൂടുതൽ പുതിയ ആല്‍ബങ്ങൾ പുറത്തിറക്കണമെന്നാണ് ആഗ്രഹം. അതെല്ലാം സാധിക്കട്ടെയെന്നു പ്രാർഥിക്കുന്നു.