‘ഡ്രഗ്സ് ഉപയോഗിക്കുന്നത് ചിലർ, ചീത്തപ്പേര് കേൾക്കുന്നത് എല്ലാവരും; നടക്കുന്നത് വമ്പൻ സ്രാവുകളെ രക്ഷിക്കാനുള്ള ശ്രമം’

Mail This Article
മയക്കുമരുന്ന് ഉപയോഗിച്ചാണ് റാപ്പർമാർ വേദിയിൽ പവർ പാക്ക്ഡ് പെർഫോമൻസ് നടത്തുന്നതെന്ന തെറ്റിദ്ധാരണ ഉണ്ടെന്ന് റാപ്പർ തിരുമാലി. എല്ലാവരും ഡ്രഗ്സ് ഉപയോഗിക്കുന്നില്ല. എന്നാൽ, അങ്ങനെയൊരു ചീത്തപ്പേരുണ്ട്. കുറച്ച് ആർടിസ്റ്റുകളെ ലേബൽ ചെയ്ത്, ഇവരാണ് പ്രശ്നക്കാർ എന്നു പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് നടക്കുന്നതെന്ന് മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ റാപ്പർ തിരുമാലിയും മ്യൂസിക് പ്രൊഡ്യൂസർ ജെയ് സ്റ്റെല്ലാറും വ്യക്തമാക്കി.
കൺ തുറപ്പിച്ച ‘പരിഷ്കാരി’
തിരുമാലി: ‘പച്ച പരിഷ്കാരി’ ഇറങ്ങിയപ്പോൾ ഞങ്ങൾക്കു മനസ്സിലായി ആ പാട്ട് ഏറ്റവും കൂടുതൽ ആകർഷിച്ചത് കുട്ടികളെയാണെന്ന്. അതൊരു പുതിയ സംഭവമായിരുന്നു. ഞാനും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു കാര്യം. അതിനുശേഷം എഴുതിയ പാട്ടുകളിൽ ചില വരികളൊക്കെ മാറ്റി എഴുതി. ഇനി എന്നെ കേൾക്കാൻ പോകുന്നത് വളരെ ചെറിയ കുട്ടികൾ ആണെന്നു മനസ്സിലായി. അതുകൊണ്ട് വരികളിൽ കൂടുതൽ ശ്രദ്ധ വേണമെന്നു തിരിച്ചറിഞ്ഞു. ചില ചീത്ത വാക്കുകൾ പരാമർശിക്കേണ്ടിടത്തൊക്കെ മാറ്റം വരുത്തി. കാരണം കുട്ടികളെ മോശം രീതിയിൽ എന്റെ പാട്ടുകൾ സ്വാധീനിക്കരുതെന്നു തോന്നി.
ജെയ് സ്റ്റെല്ലാർ: യഥാർഥത്തിൽ ഹിപ്ഹോപ് ഴോണർ അൺഫിൽട്രേഡ് ആണ്. എല്ലാ പാട്ടുകളും അങ്ങനെ ആകണമെന്നില്ല. ഞങ്ങൾ അങ്ങനെ ചെയ്ത പാട്ടുകളുണ്ട്. ഏറ്റവും പോപ്പുലർ ആയിട്ടുള്ള കാര്യങ്ങൾ പെട്ടെന്ന് ആളുകളിൽ സ്വാധീനം ചെലുത്തും. അതുകൊണ്ടു തന്നെ പോപ്പുലർ ആയി നിൽക്കുന്ന എല്ലാവർക്കും വലിയ സമൂഹിക ഉത്തരവാദിത്തം കൂടിയുണ്ട്.
ഡ്രഗ്സ് ഉപയോഗിച്ച് പാട്ടുണ്ടാക്കാൻ കഴിയില്ല
തിരുമാലി: പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും സ്വരമുണ്ട് റാപ്പ് സോങ്സിന്. അതുപോലെ മയക്കുമരുന്നും ഈ ഴോണറിൽ ചില പാശ്ചാത്യ രാജ്യങ്ങളിൽ പ്രമോട്ട് ചെയ്തു കണ്ടിട്ടുണ്ട്. പക്ഷേ, അടിസ്ഥാനപരമായി റാപ് എന്നാൽ നമ്മുടെ നാട്ടിലെ ഓട്ടൻതുള്ളൽ ഒക്കെ പോലെ താളബദ്ധമായ കലാരൂപമാണ്. അതിന്റെ ആത്മാവ് തന്നെ കേൾക്കുന്നവരെ രസിപ്പിക്കുക എന്നതാണ്. വാക്കുകൾ കൊണ്ട് വാൾപ്പയറ്റ് നടത്തുക എന്നൊക്കെ പറയില്ലേ... പക്ഷേ, പലർക്കും മയക്കുമരുന്ന് അടിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്ന് തെറ്റിദ്ധാരണ ഉണ്ട്. എല്ലാവരും ഡ്രഗ്സ് ഉപയോഗിക്കുന്നില്ല. എന്നാൽ ഞങ്ങൾക്ക് അങ്ങനെ ചീത്തപ്പേരുണ്ട്. അതാത് സ്റ്റേജിൽ കയറി പെർഫോം ചെയ്യാൻ ഡ്രഗ്സ് ഉപയോഗിക്കുന്നുണ്ട് എന്ന്. വമ്പൻ സ്രാവുകളെ രക്ഷിക്കാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് ഈ ആരോപണങ്ങൾ.

ജെയ് സ്റ്റെല്ലാർ: എല്ലാ മേഖലയിലും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഡ്രഗ്സ് ഉപയോഗിച്ചതുകൊണ്ട് പാട്ട് ഉണ്ടാക്കാൻ കഴിയില്ല. പെർഫോം ചെയ്യാനും കഴിയില്ല. മാനസിക ആരോഗ്യം ഇല്ലാത്തവർ മദ്യപിച്ചാലും ഡ്രഗ്സ് ഉപയോഗിച്ചാലും പ്രശ്നക്കാരാണ്. കുറച്ച്് ആർടിസ്റ്റുകളെ ലേബൽ ചെയ്ത്, ഇവരാണ് പ്രശ്നക്കാർ എന്നു പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് നടക്കുന്നത്.
ഡ്രഗ്സ് കൂൾ അല്ല
ജെയ് സ്റ്റെല്ലാർ: സമൂഹത്തിൽ മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സംഗീതത്തിലൂടെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പല ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നതിന് തെളിവാണ് ഇതിന്റെ ഉപയോഗം സമൂഹത്തിൽ വർധിക്കുന്നത്. അല്ലെങ്കിൽ, ഇത് കുറയേണ്ടതല്ലേ?
തിരുമാലി: ചെറിയ പ്രായത്തിലുള്ള കുട്ടികൾ മുതൽ യുവാക്കൾ വരെ ഞങ്ങളുടെ പാട്ടുകൾ കേൾക്കുന്നുണ്ട്. അവരിലേക്ക് ഈ സന്ദേശം എത്തിക്കാൻ സംഗീതത്തിലൂടെ കഴിയുമെന്നു കരുതുന്നു.
ജെയ് സ്റ്റെല്ലാർ: ഒരു ക്ലാസ് എടുക്കുന്നതിനേക്കാൾ ഇംപാക്ട് അത്തരമൊരു മ്യൂസിക് ട്രാക്കിനു കഴിയും. കൂൾ ആകാനാണ് പലരും ഡ്രഗ്സ് ഉപയോഗിക്കുന്നത്. സിഗരറ്റ് ആയാലും കഞ്ചാവ് ആയാലും മറ്റ് എന്തായാലും കൂൾ ആണെന്നാണ് പലരുടെയും ധാരണ. അത് കൂൾ അല്ലെന്ന് പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം.