തോൽക്കില്ല ജീവിതമേ...; കണ്ണീർവഴികളിൽ നൃത്തം കൊണ്ട് സന്തോഷം തീർക്കുന്ന രണ്ട് അമ്മമാർ

Mail This Article
‘എന്റെ കണ്മുന്നിൽ വേദനിക്കുന്ന എന്റെ പൊന്നുമക്കളുടെ ദുഃഖം എത്രയോ വലുതാണ്. അതനുഭവിക്കണമെങ്കിൽ ഞാനും അവരെ പോലെ ജീവിക്കണം. മഹാഭാരതത്തിലെ ഗാന്ധാരി ചെയ്തതു പോലെ. ഒരു വ്യത്യാസം; ഗാന്ധാരി ഭർത്താവിന്റെ ദുഃഖമാണ് ഒപ്പിയെടുക്കുന്നതെങ്കിൽ എനിക്കു മക്കളുടെ ദുഃഖമാണ് സ്വീകരിക്കേണ്ടത്’, ബി.ബാലാമണിയമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.
‘ടീച്ചറുടെ ബുദ്ധിക്കുറവുള്ള കുട്ടിയെ മറ്റു കുട്ടികളുടെ കൂടെ ഇരുത്തിയാൽ അത് അവരെ ബാധിക്കും. അതുകൊണ്ടു ടീച്ചർ വേഗം കുട്ടിയുമായി ക്ലാസിനു പുറത്തു പോകണം. സഹപ്രവർത്തകർ ‘കരുതലിന്റെ’ വാക്കുകൾ കൊണ്ടു മുറിവേൽപിച്ചപ്പോൾ ഞാൻ അതു ചിരിച്ചുകൊണ്ട് നേരിട്ടു’, സിജി ശിവൻ സന്തോഷത്തോടെ പറഞ്ഞു.
78 വയസ്സുകാരിയായ ബാലാമണിയമ്മയും 43 വയസ്സുകാരിയായ സിജി ശിവനും ആനന്ദത്തോടെ നേരിടുന്നത് അത്ര ആനന്ദകരമല്ലാത്ത ജീവിത സാഹചര്യങ്ങളെയാണ്. അവർ പങ്കുവയ്ക്കുന്നതാകട്ടെ അതിജീവനത്തിന്റെ സന്തോഷവഴികളും. ആലപ്പുഴ മാരാരിക്കുളം ഇടയ്ക്കണ്ണാട്ട് വീട്ടിൽ ബി.ബാലാമണിയമ്മയും മണ്ണഞ്ചേരി ശ്രീനന്ദനം വീട്ടിൽ സിജി ശിവനും ബന്ധുക്കളാണ്; രക്തം കൊണ്ടും നൃത്തം കൊണ്ടും വെല്ലുവിളികൾ കൊണ്ടും. മക്കളുടെ പരിമിതികളിൽ തളരാതെ ഇരുവരും നൃത്തം പഠിച്ചും പഠിപ്പിച്ചും പുസ്തകങ്ങൾ രചിച്ചും ജീവിതം ആസ്വദിക്കുകയാണ്.
ജീവിതത്തിന്റെ കണക്കുകൂട്ടൽ
ബാലാമണിക്കു മക്കൾ മൂന്ന്. പരേതനായ കൃഷ്ണക്കുറുപ്പാണ് ഭർത്താവ്. അമ്മാവന്റെ മകനായിരുന്നു അദ്ദേഹം. പഴയ ആചാരം അനുസരിച്ച് ബന്ധുവുമായി നടത്തിയ വിവാഹം ബാധിച്ചതു മക്കളെയാണ്. വിവാഹ ജാതകം കുട്ടികളുടെ ജനിതക ജാതകത്തെ ബാധിച്ചു. മൂത്തമകൻ പരേതനായ ബിജു കൃഷ്ണനും മകൾ ബീജ കൃഷ്ണനും സെറിബ്രൽ പാൾസി പിടിപെട്ടു. ‘അഞ്ച് വയസ്സു വരെ മോൻ ആരോഗ്യവാൻ ആയിരുന്നു. എന്നാൽ തലച്ചോറിലെ സെറിബല്ലത്തിൽ നടപ്പുനിയന്ത്രിക്കുന്ന ഞരമ്പുകളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞുവന്നു. സ്പൈനൽ കോഡിൽ ബലക്കുറവും. മകന്റെ ജീവിതം വഴിമാറിയത് അങ്ങനെയാണ്. ഒപ്പം എന്റെയും’, ബാലാമണിയമ്മ ഓർത്തു. മകൾക്ക് എട്ടു വയസ്സുള്ളപ്പോഴാണ് സെറിബ്രൽ പാൾസി പിടിപെടുന്നത്. എന്നാൽ കണക്ക് അധ്യാപികയായിരുന്ന ബാലാമണി ജീവിതത്തിന്റെ കണക്കുകൂട്ടലുകളിൽ പകച്ചുനിൽക്കാൻ തയാറായില്ല.
നാട്ടിലെ ജോലിയിൽ നിന്നു ദീർഘകാല അവധിയെടുത്ത് പുണെയിൽ ഭർത്താവിന്റെ അടുക്കൽ പോയി. ‘എട്ടു വയസ്സുവരെ മോൾ ക്ലാസിൽ ഒന്നാം സ്ഥാനത്തായിരുന്നു. അസുഖത്തെ തുടർന്നു പിന്നീട് അവൾക്കു പഠിക്കാൻ സാധിച്ചില്ല. മകൻ സ്കൂളിൽ പോയിട്ടും ഇല്ല.’ ബാലാമണി പറഞ്ഞു. അമ്മയുടെ ശിക്ഷണത്തിൽ മകൾ എഴുതാനും വായിക്കാനും പഠിച്ചു. മകനു രോഗാവസ്ഥ കഠിനമായിരുന്നതിനാൽ അതും സാധിച്ചില്ല. ഇതിനിടെ വീട്ടുകാരുടെ നിർബന്ധത്താൽ ബാലാമണി മൂന്നാമതും ഗർഭിണിയായി. കുഞ്ഞിന് അസുഖം വരുമോയെന്ന ചിന്തയും മനസ്സിൽ ഗർഭം ധരിച്ചു. എന്നാൽ വീടിനു താങ്ങും തണലുമായി നിൽക്കാൻ ഭാഗ്യം തുണച്ചത് ഇളയ മകൻ ശ്യാം കുറുപ്പിനെയാണ്.
നടന്നു തീർത്തവഴികൾ
ദീർഘകാല അവധിക്കു ശേഷം ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ ബിജുവിനെയും ബീജയെയും കൂട്ടി ബാലാമണി തിരികെ നാട്ടിലേക്കു പോന്നു. ജോലി സംബന്ധമായി ഭർത്താവ് തിരുച്ചിറപ്പള്ളിയിലേക്കു പോയപ്പോൾ ഇളയ മകനെയും അദ്ദേഹം ഒപ്പം കൂട്ടി. നാട്ടിൽ വരുമ്പോൾ ബിജുവിന് 23 വയസ്സും ബീജയ്ക്കു 20 വയസ്സുമാണ്. മകൾക്കു ചെറിയ രീതിയിൽ നടക്കാം. മകന് അതും സാധിക്കില്ല. രാവിലെ അമ്മ ജോലിക്കു പോകുമ്പോൾ മകൾ കുടുംബനാഥയാകും. ശരീരവും മനസ്സും തളർന്ന മൂത്തസഹോദരനെ പലപ്പോഴും സഹായിച്ചത് ശരീരം തളർന്ന സഹോദരിയാണ്. സ്കൂളിലെ ഇടവേളകളിൽ മക്കളെ അന്വേഷിച്ച് അമ്മ ഓടിയെത്തും; കരുതലിന്റെ ഊണ് വിളമ്പാൻ.
മക്കൾക്ക് അസുഖം വന്നതോടെ ഭർത്താവ് ഉത്തരേന്ത്യയിലെ ഒരു പ്രശസ്ത സന്യാസിയുടെ പാത പിന്തുടരാൻ ആരംഭിച്ചു. അതോടെ മാംസാഹാരം പാടേ ഒഴിവാക്കി. ഒപ്പം മരുന്നുകളും. ‘ഭർത്താവ് അറിയാതെ പലപ്പോഴും ഒളിച്ചും പാത്തും എന്റെ മക്കൾക്ക് ഞാൻ മുട്ടയും മീനും നൽകിയിട്ടുണ്ട്. പനി വരുമ്പോൾ പോലും ആശുപത്രിയിൽ കൊണ്ടുപോകില്ല. ഭർത്താവിന്റെ സമ്മതം കൂടാതെ ഞാൻ അന്ന് മക്കളെ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്’; ഇതു പറയുമ്പോൾ മാത്രമാണ് ആ അമ്മയുടെ ശബ്ദം ഇടറിയത്. ‘ഞാൻ ആദ്യം വിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞെങ്കിലും പിന്നീട് അതെല്ലാം മതിയാക്കി. വിദ്യാഭ്യാസം കൂടിയതു കൊണ്ടാണ് അവൾ വിശ്വാസം ത്യജിച്ചതെന്നു പലരും ആക്ഷേപിച്ചു’.
മാതൃനൊമ്പരം
2007ൽ 36ാം വയസ്സിൽ മകൻ മാതാപിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞു. അതുവരെ കരയാതിരുന്ന ബാലാമണിയമ്മ അന്നു കണ്ണീർ പൊഴിച്ചു. മകന്റെ ഓർമകളും മകനോടുള്ള സ്നേഹവും ഭ്രാന്തുപിടിപ്പിക്കുമെന്നു മനസ്സിലായതോടെ നെടുവീർപ്പുകൾ അക്ഷരങ്ങളിലേക്ക് പകർത്താൻ തീരുമാനിച്ചു. 2013ൽ ‘മാതൃനൊമ്പരം’ എന്ന പുത്രസ്മരണ അവർ പ്രസിദ്ധീകരിച്ചു. 2015ൽ ഭർത്താവ് കൃഷ്ണക്കുറുപ്പ് അന്തരിച്ചു. മകൾക്ക് ഇപ്പോൾ 52 വയസ്സുണ്ട്. നടക്കാൻ സാധിക്കില്ല. 78കാരിയായ ബാലാമണി ഇപ്പോഴും മകളെ പൊന്നുപോലെ നോക്കുന്നു. സഹായത്തിനായി ഇളയമകൻ ശ്യാമും ഭാര്യ ഡോ. സ്നേഹ എസ്.നായരും ഒപ്പമുണ്ട്. ഇൻഡിവുഡ് ഫിലിം ഡിസ്ട്രിബ്യുഷന്റെ ഡയറക്ടറും സിഇഒയും ആയ ശ്യാം ബീജയെ ദുബായിൽ കൊണ്ടുപോയിട്ടുണ്ട്. ചെറുപ്പം മുതൽ മകൾ കുത്തിക്കുറിച്ച വരികൾ ഒരുമാറ്റവും വരുത്താതെ ബാലാമണി പുസ്തകമാക്കി. ‘ഹൃദയത്തിന്റെ തേങ്ങലുകൾ’ എന്ന പേരിൽ 2013ൽ പ്രസിദ്ധീകരിച്ചു. ‘
തോൽക്കില്ല ജീവിതമേ...
‘എട്ട് തവണ ഗർഭാവസ്ഥയിൽ തന്നെ മക്കൾ മരിച്ചു. വിഷാദത്തിന്റെ കുരുന്നു കാൽച്ചുവടുകൾ മനസ്സിൽ പിച്ചവച്ചു തുടങ്ങിയകാലം. ഞാനും ഭർത്താവ് ജി.ജയറാമും ഒരു ആനക്കുട്ടിയെ വാങ്ങാൻ തീരുമാനിച്ചു. കുട്ടിച്ചങ്കരൻ എന്ന് പേരിടാനാണ് ആലോചിച്ചത്.’ ഹിന്ദി അധ്യാപികയായ സിജി ശിവൻ ഓർമകളിൽ മുഴുകി. ‘അങ്ങനെയിരിക്കെ 2011ൽ ഞാൻ വീണ്ടും ഗർഭിണിയായി. ഏഴാം മാസത്തിൽ അവൻ ലോകത്തിലേക്കു വന്നു. ഞാൻ പക്ഷേ അവനെ കണ്ടതു 30 ദിവസത്തിനു ശേഷമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവൻ ഒരു മാസം കഴിച്ചു കൂട്ടിയത്. പിന്നാലെ ഡോക്ടർമാർ മറ്റൊരു സത്യവും കൂടി ഞങ്ങളെ അറിയിച്ചു. മകനു പിയർ റോബിൻ സിൻഡ്രോമാണ്. അവൻ ഒരിക്കലും നടക്കില്ല. തലച്ചോർ വികസിക്കില്ല. മൂകനും ബധിരനുമായിരിക്കും. ഇടുപ്പെല്ലിന് തകരാറുമുണ്ട്. പരിമിതികളുടെ കുറിപ്പടി അവർ ഞങ്ങളുടെ മുന്നിൽ നിവർത്തി. അന്ന് ആ ആശുപത്രി വരാന്തയിൽ ഒരുകാര്യം ഞാൻ തീരുമാനിച്ചു. പിയർ റോബിന്റെ മുന്നിൽ സിജി ശിവൻ മുട്ടുമടക്കില്ല.’ ആനക്കുട്ടിക്കു നൽകാൻ തീരുമാനിച്ച പേരുതന്നെ സിജി മകൻ ജെ. ശ്രീരാമിനു വിളിപ്പേരായി നൽകി! 14 വയസ്സുള്ള കുട്ടിച്ചങ്കരനെ സിജി പോകുന്ന ഇടത്തെല്ലാം കൊണ്ടുപോകും. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഏകമകനെ തളച്ചിടാൻ ആ അമ്മ മനസ്സിനു സാധിക്കില്ല. കേരളത്തിനു പുറത്തും കുട്ടിച്ചങ്കരൻ യാത്ര ചെയ്തിട്ടുണ്ട്. ചൈനയാണ് അടുത്ത ലക്ഷ്യം. ‘ഇതിനിടെ പ്രസവകാലത്തിലെ ചികിത്സകൾ കാരണം ഗർഭാശയത്തിൽ കാൻസർ പിറന്നു. തുടർന്നു ഗർഭാശയം നീക്കി. പതിയെ ജീവിതത്തിലേക്കു തിരികെ എത്തി’, സിജി ചെറുപുഞ്ചിരിയോടെ പറഞ്ഞു.
ചുവടുകളുടെ ആനന്ദം
സിജി ശിവന്റെ പേരമ്മയാണ് ബാലാമണി. മക്കളുടെ കഷ്ടപ്പാടുകൾ ഇരുവരെയും വീണ്ടും ബന്ധുക്കളാക്കി. എന്നാൽ അവിടെയും തീരുന്നില്ല ഇവർ തമ്മിലുള്ള ബന്ധം. എട്ടാം വയസ്സു മുതൽ ബാലാമണി നൃത്തം പഠിച്ചിട്ടുണ്ട്. പന്ത്രണ്ടാം വയസ്സു മുതൽ നൃത്തം പഠിപ്പിക്കാനും ആരംഭിച്ചു. ‘വിവാഹത്തിനു ശേഷം വേദികളിൽ ഡാൻസ് കളിച്ചിട്ടില്ല. പക്ഷേ പഠിപ്പിക്കുന്നതു തുടർന്നു.’ ബാലാമണി പറഞ്ഞു. ‘ഒൻപതാം ക്ലാസ് വരെ നൃത്തമായിരുന്നു എന്റെയും ലോകം. എന്നാൽ പിന്നീടു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നൃത്തത്തിനോടു വിടച്ചൊല്ലി’, സിജി കൂട്ടിച്ചേർത്തു.
‘മകനു രോഗം വന്നതിനെ തുടർന്നു ഞാൻ പേരമ്മയോടു കൂടുതൽ അടുക്കാൻ തുടങ്ങി. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചപ്പോഴെല്ലാം ആദ്യം ഓടിയെത്തിയത് പേരമ്മയുടെ അടുത്തേക്കാണ്. ജീവിതസാഹചര്യങ്ങൾ കൊണ്ട് പേരമ്മ എന്നേ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. എന്നാൽ അന്നും ഇന്നും ഞാൻ പേരമ്മയെ ചിരിച്ചു മാത്രമേ കണ്ടിട്ടുള്ളു. പേരമ്മയുമായി സമയം ചെലവഴിക്കുമ്പോൾ അവർ പണ്ട് ഡാൻസ് കളിക്കാൻ പോയ കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. തുടർന്നാണ്, 3 വർഷം മുൻപു ഞങ്ങൾ വീണ്ടും നൃത്തത്തിന്റെ ലോകത്തിലേക്കു മടങ്ങിവന്നത്. 70 കഴിഞ്ഞ പേരമ്മ ഡാൻസ് കളിക്കുന്നത് ചിത്രീകരിച്ച് കുട്ടിച്ചങ്കരൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലിട്ടു. ഇപ്പോഴും അതു തുടരുന്നു. ചില വിഡിയോകൾ വൈറലായി. പേരമ്മയുടെ നിർബന്ധത്തെ തുടർന്നു ഞാൻ വീണ്ടും നൃത്തം പഠിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം അരങ്ങേറ്റമായിരുന്നു. എങ്ങും പോകാത്ത പേരമ്മ എന്റെ അരങ്ങേറ്റം കാണാൻ വന്നിരുന്നു. ഇപ്പോൾ സ്കൂളിലും ഞാൻ നൃത്തം പഠിപ്പിക്കുന്നുണ്ട്,’ സിജി തന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ വസന്തനൃത്തമെന്ന ബാലെയിലെ ‘തിങ്കളും തളിരൊളിയും’ എന്ന ഗാനം സ്വയം ആലപിച്ചുകൊണ്ട് മകളുടെ മുന്നിൽ ബാലാമണി മുദ്രകൾ കൊണ്ട് വസന്തോൽസവം സൃഷ്ടിക്കാൻ ആരംഭിച്ചിരുന്നു.