‘ഒഴിവാക്കിയ ഗാനം സൂപ്പർഹിറ്റ്, സംഗീതം മോശമെന്നെഴുതിയ ലേഖനങ്ങൾ, ‘ഛോട്ടാ മുംബൈ’ നൽകിയ സന്തോഷങ്ങൾ; രാഹുൽ രാജ് പറയുന്നു

Mail This Article
റീ റിലീസുകളുടെ കാലത്തും ബോക്സ് ഓഫിസിലെ മിന്നും താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ റീ റിലീസ് ചെയ്യപ്പെട്ട ‘സ്ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ എന്നീ ചിത്രങ്ങൾക്ക് രണ്ടാം വരവിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’ വീണ്ടും തിയറ്റുകളിലേക്ക് എത്തുകയാണ്. 18 വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ പാട്ടുകളും അന്നും ഇന്നും സൂപ്പർഹിറ്റാണ്. പുതുമുഖ സംഗീത സംവിധായകനാണെന്നു തോന്നിപ്പിക്കാത്ത തരത്തിലാണ് രാഹുൽ രാജ് ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാന രംഗത്തേക്കുള്ള സ്വപ്നതുല്യമായ ആ അരങ്ങേറ്റത്തിന്റെ ഓർമകൾ രാഹുൽ രാജ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
സൗഹൃദം കൈവെള്ളയിൽ കൊണ്ടു തന്ന സിനിമ
‘ഛോട്ടാ മുംബൈ’ എന്നത് എനിക്ക് സൗഹൃദം കൈവെള്ളയിൽ കൊണ്ടു തന്ന സിനിമയാണ്. ‘വലിയ പെരുന്നാൾ’ സിനിമയുടെ സംവിധായകൻ ഡിമൽ ഡെന്നിസ് എന്റെ സുഹൃത്താണ്. 2007 എന്നു പറയുന്നത് ഞങ്ങളുടെയൊക്കെ പരീക്ഷണ കാലമാണ്. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടിയുള്ള തീവ്ര ശ്രമങ്ങൾ നടത്തുന്ന സമയം. ഞങ്ങൾ പരസ്പരം സഹായിച്ചു മുന്നോട്ടു പോകുന്ന കാലഘട്ടം. ഡിമൽ പരസ്യചിത്രങ്ങൾ പിച്ച് ചെയ്യാൻ വേണ്ടി ശ്രമങ്ങൾ നടത്തുമ്പോൾ ഞാൻ അതിനുവേണ്ടി ജിംഗിൾസൊക്കെ ചെയ്തു നൽകും. അതിൽ ചിലത് സ്വീകരിക്കപ്പെടും ചിലത് തിരസ്ക്കരിക്കപ്പെടും. എന്തായാലും ഡിമലിനു എന്റെ സംഗീതത്തിൽ വലിയ വിശ്വാസം ഉണ്ടായിരുന്നു. പലപ്പോഴും ഞാൻ കംപോസ് ചെയ്ത മ്യൂസിക്കും പാട്ടുകളുമൊക്കെ സിഡിയിൽ റൈറ്റ് ചെയ്തു കൊണ്ടുപോകുന്നത് കാണാം.
ഒരുദിവസം ആരെയോ കാണാനുണ്ടെന്നു പറഞ്ഞ് എന്നെ ഫോർട്ട്കൊച്ചിയിലേക്കു വിളിച്ചു കൊണ്ടുപോയി. അവിടെവച്ചാണ് ഞാൻ ആദ്യമായി അൻവർ റഷീദിനെ കാണുന്നത്. ഡിമൽ റൈറ്റ് ചെയ്തു കൊണ്ടുപോയ സിഡികളൊക്കെ അദ്ദേഹം കേട്ടിട്ടുണ്ട്. അടുത്ത പ്രോജക്ടിൽ രാഹുലിനൊപ്പം വർക്ക് ചെയ്യാൻ ഓക്കെയാണെന്നു അദ്ദേഹം പറഞ്ഞു. സിനിമയാണ്, ഇപ്പോൾ വാക്കു തരാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും സിനിമയ്ക്കു വേണ്ടി ഒരു തീം മ്യൂസിക്ക് ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അത് മോഹൻലാൽ, നിർമാതാവ് മണിയൻപിള്ള രാജു ഉൾപ്പെടെ സിനിമയിലെ പ്രധാന വ്യക്തികൾക്കു ഇഷ്ടമായാൽ എനിക്ക് അവസരം ലഭിക്കുമെന്ന് പറഞ്ഞു. അദ്ദേഹം പശ്ചാത്തലത്തെക്കുറിച്ചും എന്താണ് വേണ്ടതെന്നുമൊക്കെ എനിക്ക് കൃത്യമായി വിശദീകരിച്ചു തന്നിരുന്നു.
അങ്ങനെ ‘ഛോട്ടാ ഛോട്ടാ മുംബൈ’ എന്ന തീം ചെയ്ത് അദ്ദേഹത്തെ കേൾപ്പിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രതികരണമൊന്നുമുണ്ടായില്ല. പെട്ടെന്നൊരു ദിവസം അദ്ദേഹം വിളിച്ചിട്ടു പറഞ്ഞു ഞാൻ ‘ഇൻ’ ആണെന്ന്. മാത്രവുമല്ല ഒരു സിനിമ വാരികയിൽ സിനിമയെക്കുറിച്ച് അച്ചടിച്ചു വന്നിട്ടുള്ള ലേഖനത്തിൽ ഞാനാണ് സംഗീതം സംവിധായകൻ എന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഞാൻ ഇടപ്പള്ളിയിലേക്ക് ഓടി. അവിടെ സോഡ സർബത്ത് വിൽക്കുന്ന കടയിൽ നിന്ന് വാരിക വാങ്ങി വായിച്ചു. ഡിമലിനും പിന്നീട് അൻവർ റഷീദിനും എന്റെ മ്യൂസിക്കിൽ ഉണ്ടായിരുന്ന വിശ്വാസമാണ് ‘ഛോട്ടാ മുംബൈ’ പോലെയൊരു വലിയ ചിത്രം എനിക്ക് സമ്മാനിക്കുന്നത്.
‘ചെട്ടിക്കുളങ്ങര’ പുനരാവിഷ്കരിച്ചതിനു പിന്നിൽ
മോഹൻലാലിന്റെ ഇൻട്രോ സീനിലാണ് ‘ചെട്ടിക്കുളങ്ങര’ എന്ന പാട്ടു വരുന്നത്. ഒരു വിന്റേജ് ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിക്കുന്നത്. ഞാൻ പഠിച്ചത് കുസാറ്റിലാണ്. അവിടെ ഒരു പരിപാടിക്കു പിള്ളേര് ബെൽബോട്ടം പാന്റ്സൊക്കെയിട്ട് ഈ പാട്ടുവച്ച് ഡാൻസ് ചെയ്യുന്നത് ഓർമയിലുണ്ട്. എന്തുകൊണ്ട് ആ പാട്ടു തന്നെ ഈ സന്ദർഭത്തിൽ ഉപയോഗിച്ചുകൂടാ എന്ന ചിന്ത വന്നു. ഈ പാട്ടിന്റെ നല്ല ക്വാളിറ്റിയിലുള്ള റിക്കോർഡ്സൊന്നും ഇല്ല. അവസാനം സംവിധായകൻ സമീർ താഹിറിന്റെ പരിചയത്തിൽ പഴയ ഗ്രാമഫോൺ റിക്കോർഡുകളുടെയൊക്കെ ശേഖരമുള്ള ഒരാളെ കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ വിനയൽ റിക്കോർഡിൽ ഉണ്ടായിരുന്ന പാട്ട് ഓഡിയോ കാസറ്റിലേക്ക് റിക്കോർഡ് ചെയ്തു കേട്ടാണ് ആ പാട്ട് പുനരാവിഷ്ക്കരിക്കുന്നത്. അന്ന് കോപ്പി റൈറ്റ് ഇല്ലാതെ ഒന്നര മിനിറ്റ് എന്തോ നമുക്ക് ഉപയോഗിക്കാൻ പറ്റും. സിനിമയിൽ അതുകൊണ്ട് തന്നെ വളരെ കുറച്ചു ഭാഗമേ ഉൾപ്പെടുത്തിയിട്ടുള്ളു.
2007 ൽ ഇന്നത്തെ പോലെ സാമൂഹ്യമാധ്യമങ്ങളോ, ദൃശ്യമാധ്യമങ്ങളോ അത്ര സജീവം അല്ലല്ലോ. അതുകൊണ്ടു തന്നെ പാട്ട് റീമിക്സ് ചെയ്തതുമായി ബന്ധപ്പെട്ട വിമർശനങ്ങളോ വിവാദങ്ങളോ ഒന്നും അങ്ങനെ അറിയുന്നുണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ നമുക്ക് ഒരാളുടെ പ്രൊഫൈൽ കണ്ടുപിടിക്കാനും നേരിട്ടു വിളിക്കാനും കഴിയും. അങ്ങനെ ഒരു വിഷയം വന്നാൽ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു പോലും അന്നറിയില്ല. എന്തായാലും പിന്നീട് ഞാൻ ശ്രീകുമാരൻ തമ്പി സാറിനെ നേരിട്ട് കാണുകയും അത് സംസാരിച്ചു തീർക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിട്ടുണ്ട്. സംഗീത സംവിധായകരുടെ യൂണിയനൊക്കെ ഉണ്ടാക്കിയ സമയത്ത് ഞാൻ അർജുനൻ മാഷിന്റെ വീട്ടിൽ പോയി അദ്ദേഹത്തെയും കണ്ടിട്ടുണ്ട്. ആ പാട്ടിന്റെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട് അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ന്യായമാണ്. കാരണം അവരാണ് ആ പാട്ടിന്റെ യഥാർഥ ശിൽപ്പികൾ.
പാരഡിയിൽ നിന്നു പിറന്ന ‘വാസ്കോഡ ഗാമ’
മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് ‘വാസ്കോ’ എന്നാണ്. അതിൽ നിന്നാണു പാട്ട് തുടങ്ങുന്നത്. കാർണിവൽ സോങ്ങായിട്ടു തന്നെയാണ് ‘വാസ്കോഡ ഗാമ’ പാട്ട് ചിട്ടപ്പെടുത്തുന്നത്. അതിന്റെ തുടക്കം ഞാൻ ചെറിയ ക്ലാസിൽ കേട്ടിട്ടുള്ള ഒരു പാരഡി പാട്ടിൽ നിന്നാണ്.
‘വാസ്കോഡ ഗാമ വെൻറ്റു ദ ഡ്രാമാ
വിത്ത് ഔട്ട് പൈജാമാ
ഡാൻസിങ് വിത്ത് മദാമ്മ
ഈറ്റിങ് ബനാന’
ഇത് മനസ്സിൽവച്ചാണ് ഞാൻ കംപോസിങ് തുടങ്ങിയത്. ആദ്യത്തെ വരി അങ്ങനെ പിടിച്ചു. ബാക്കി വരികളൊക്കെ വയലാർ ശരത്ചന്ദ്രവർമ കൊച്ചിയുടെ പശ്ചാത്തലത്തിൽ അടിപൊളിയായി എഴുതി ചേർത്തു. ഈ പാട്ട് ഒരു കാർണിവൽ പാട്ടായി പരിമിതപ്പെട്ടു പോയില്ല എന്നതാണ് അതിന്റെ പ്ലസ്. അതൊരു സെലിബ്രേഷൻ സോങ്ങായാതുകൊണ്ടു തന്നെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമായി.
‘തല’ സോങ്! ഫാസ്റ്റ് നമ്പറിനിടയിലെ മെലഡി
മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് ‘വാസ്കോ’ എന്നാണെങ്കിലും അയാളുടെ വിളിപ്പേര് ‘തല’ എന്നാണ്. ഗ്യാങ് ലീഡർ, തലവൻ എന്ന അർഥത്തിലാണ് ‘തല’യെന്ന് വിളിക്കുന്നത്. ‘തല’ യിൽ പാട്ട് തുടങ്ങണമെന്നു അൻവർ പറഞ്ഞു. അങ്ങനെ വെറുതെ ‘തലാ’ എന്ന് മൂളി കേൾപ്പിച്ചിട്ട് ഇങ്ങനെ മതിയോ എന്ന് ചോദിച്ചപ്പോൾ, ഇത് മതി പെർഫക്റ്റ് ഓക്കെ എന്നു പറഞ്ഞു. പക്ഷേ അതോടൊപ്പം അൻവർ ഒരു കാര്യം കൂടി പറഞ്ഞു. ഈ പാട്ടിൽ ഇമോഷണലായ രംഗങ്ങളുണ്ട്. ‘വാസ്കോ’ അയാളുടെ മരിച്ചുപോയ അമ്മയെ ഓർക്കണം. അയാളും സഹോദരിമാരും തമ്മിലുള്ള ആത്മബന്ധം പ്രേക്ഷകർക്ക് ഫീൽ ചെയ്യണം. അങ്ങനെ ഒരു ഭാഗം കൂടി ഈ പാട്ടിൽ വേണം എന്നു പറഞ്ഞു. അത് കുറച്ച് കടുപ്പമായിരുന്നു. ഫാസ്റ്റായി പോയി കൊണ്ടിരിക്കുന്ന ഒരു പാട്ടിന്റെ ഇടയ്ക്കു മെലഡി വന്നാൽ മൊത്തം പാട്ടിന്റെ മൂഡിനെ അത് ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. അങ്ങനെയാണ് തല സോങ്ങിൽ ‘നൊമ്പരം കളയും നാദം നീ’ കടന്നുവരുന്നത്. പക്ഷേ അത് പാട്ടുമായി നന്നായി ഇഴുകി ചേർന്നു. ഒരുപാട് പേർക്ക് ഇഷ്ടമുള്ള മെലഡിയാണ് അത് ഇപ്പോഴും.
സിനിമയിൽ നിന്നു ഒഴിവാക്കിയ ഗാനം എഫ്എമ്മിലൂടെ സൂപ്പർഹിറ്റ്
ചിത്രീകരിക്കാൻ പറ്റുമോ എന്ന് ഉറപ്പില്ല എന്ന് മുൻകൂർ ജാമ്യം എടുത്തിട്ടാണ് അൻവർ റഷീദ് മനോഹരമായൊരു മെലഡി ചെയ്യാൻ ആവശ്യപ്പെടുന്നത്. പ്രണയഗാനമായിരുന്നു അത്. ആ സമയത്താണ് ‘സൂപ്പർ സ്റ്റാർ’ എന്ന റിയാലിറ്റി ഷോയിൽ സംഗീത് വിജയിയാകുന്നത്. അയാളുടെ ശബ്ദം ഈ പാട്ടിന് അനുയോജ്യമാകും എന്ന് തോന്നി. അങ്ങനെയാണ് സംഗീതിനെകൊണ്ട് പാടിക്കുന്നത്. ചിത്രീകരിക്കുമോ എന്ന് ഉറപ്പില്ലാത്തതു കൊണ്ടാണ് ‘തല’ സോങിലെ ‘നൊമ്പരം കളയും നാദം നീ’ എന്ന ഭാഗം സംഗീതിനെകൊണ്ട് പാടിച്ചത്. എന്തെങ്കിലും കാരണവശാൽ ഈ പാട്ട് ഒഴിവാക്കപ്പെട്ടാൽ ആദ്യ സിനിമയിൽ തന്നെ ആ പയ്യനൊരു നെഗറ്റീവ് അനുഭവം ഉണ്ടാവണ്ട എന്നോർത്തു. ഒരേ സമയം മെലഡിയും ഫാസ്റ്റ് നമ്പറും വഴങ്ങുന്ന ശങ്കർ മഹാദേവനെ കൊണ്ടു തന്നെ ആ ഭാഗം പാടിക്കാമായിരുന്നു. ആദ്യമായി സിനിമയിൽ പാടുന്ന ഒരു പയ്യൻ തിയറ്ററിൽ സിനിമ കാണുമ്പോൾ അവന്റെ ശബ്ദമില്ലെന്നു അറിഞ്ഞാൽ സങ്കടമാകില്ലേ എന്നോർത്തു.
പ്രതീക്ഷച്ചതു പോലെ തന്നെ സംഭവിച്ചു. സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് അവസാന നിമിഷം ‘പൂനിലാ മഴനനയും പാതിര കുയിലുകളേ’ ഒഴിവാക്കപ്പെട്ടു. ആ ഗാനം പിന്നീട് എഫ്.എം. സ്റ്റേഷനുകളിലൂടെ സൂപ്പർഹിറ്റായി മാറി. മലയാളികളുടെ പ്രിയ ഗാനമായി. സിനിമയിൽ ചിത്രീകരിക്കാതെ പോയ ഗാനം ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് മനസ്സിൽ ചിത്രീകരിച്ചു. അത് സിനിമയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ സംഗീതിന്റെ കരിയർ മാറി മറയുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ ആ പാട്ട് വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ആ പാട്ടിലൂടെ കാലം സംഗീതിനെ ഇപ്പോഴും അടയാളപ്പെടുത്തുന്നുണ്ട്.
സംഗീതം മോശമാണെന്ന വിമർശനം
ഇന്നത്തെ പോലെ പാട്ടിനെക്കുറിച്ച് നേരിട്ടുള്ള പ്രതികരണങ്ങൾ അറിയാനുള്ള മാർഗങ്ങൾ വളരെ കുറവാണ്. അന്ന് ഓർക്കുട്ടിലൊക്കെ സ്ക്രാപ്പിൽ ആരെങ്കിലും എന്തെങ്കിലും എഴുതിയിടും. ഒറ്റപ്പെട്ട മ്യൂസിക്ക് റിവ്യൂകൾ ഓൺലൈനിൽ വരും. ഫോറങ്ങളിലും ‘സ്നേഹ സല്ലാപം’ പോലെയുള്ള ബ്ലോഗിലും ആരെങ്കിലുമൊക്കെ എഴുതും. ഇന്ത്യാ ഗ്ലിറ്റിസിലൊക്കെ കുറിപ്പുകൾ വരും. രാഹുൽ രാജെന്നൊരു പുതിയ സംഗീത സംവിധായകൻ വന്നു, പാട്ടുകൾ തരക്കേടില്ല എന്നൊരു ലേഖനവും സംഗീതം വളരെ മോശമാണെന്നെഴുതിയ മറ്റൊരു ലേഖനവുമൊക്കെ അന്ന് വായിച്ചിട്ടുണ്ട്. ‘ഛോട്ടാ മുബൈ’ ഇറങ്ങിയിട്ട് ഇപ്പോൾ 18 വർഷമാകുന്നു. പാട്ടുകൾ ആഘോഷിച്ചു തുടങ്ങിയിട്ട് പത്ത് കൊല്ലത്തിനൊക്കെ മുകളിൽ ആയിട്ടുണ്ട്. തെലുങ്കിലൊക്കെ മ്യൂസിക് ചെയ്യാൻ പോകുമ്പോൾ ആദ്യ സിനിമ ‘ഛോട്ടാ മുബൈ’യാണെന്നു പറയുമ്പോൾ കിട്ടുന്ന ബഹുമാനം വളരെ വലുതാണ്.
നല്ല പാട്ടുകൾ എത്ര കാലം കഴിഞ്ഞായാലും ആഘോഷിക്കപ്പെടും
എന്നേക്കാൾ കഴിവുള്ള ഒരുപാട് ആളുകൾ എത്തിപ്പെടാൻ ശ്രമിച്ചിട്ടും അതിനു കഴിയാതെ പോകുന്ന ഒരു മേഖലയാണിത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. പിന്നെ കരിയറിൽ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കൊക്കെ വീഴ്ചകളും വേണം. എന്നാലേ കൂടുതൽ ഊർജ്ജത്തോട് വീണ്ടും ഇടിച്ചു കേറാൻ നമുക്ക് പ്രചോദനം ലഭിക്കു. ഒരുപോലെയുള്ള പാട്ടുകൾ ചെയ്ത് ഒരേ റൂട്ടിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രണ്ടും മൂന്നും വർഷങ്ങൾക്കിടയിൽ എന്നെ സ്വയം നവീകരിക്കാൻ ശ്രമിക്കാറുണ്ട്. നമ്മൾ നല്ലൊരു പാട്ടോ, മ്യൂസിക്കോ ആത്മാർഥമായി ചെയ്താൽ അതിനൊരു മെറിറ്റ് ഉണ്ടെങ്കിൽ എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും അത് അംഗീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമുക്ക് മുന്നിൽ എത്രയോ ഉദാഹരണങ്ങളുണ്ട്.
വീണ്ടും തിയറ്ററിൽ എത്തുമ്പോൾ
വീണ്ടും ഛോട്ടാ മുംബൈ തിയറ്ററിലെത്തുന്നതിന്റെ ആവേശമുണ്ട്. 18 വർഷങ്ങൾക്കു മുമ്പ് ‘ഛോട്ടാ മുംബൈ’യുടെ ആദ്യ ഷോ എറണാകുളം കവിത തിയറ്ററിൽ കണ്ടിറങ്ങിയതിന്റെ ഓർമകൾ ഇപ്പോഴും ഉണ്ട്. ഇപ്പോൾ എന്റെ കൂടെ പ്രവർത്തിക്കുന്ന പലരും തിയറ്ററിൽ ‘ഛോട്ടാ മുംബൈ’ കാണാത്തവരാണ്. അവരും തിയറ്റർ റീ റിലീസിന്റെ ആവേശത്തിലാണ്.