‘അന്ന് ജേക്സ് ബിജോയ് പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല, തിരിച്ചറിഞ്ഞത് തിയറ്ററിൽവച്ച്’; ‘തുടരും’ ഗായകൻ അഭിമുഖം

Mail This Article
പ്രേക്ഷകന്റെ കണ്ണുനനയിക്കാൻ മാത്രം ശക്തമായിരുന്നു ‘തുടരും’ സിനിമയിലെ ‘കഥ തുടരും’ എന്ന ടൈറ്റിൽ സോങ്. പാട്ടിലെ വരികളിലേതു പോലെ മായാതെ നെഞ്ചോടു ചേർക്കുന്ന ഓർമകളിലേക്കുള്ള യാത്രയായിരുന്നു ‘ആ ഗാനം. വളരെ വൈകാരികമായാണ് പ്രേക്ഷകർ ഗാനത്തെ സ്വീകരിച്ചതും. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അതിവൈകാരിക നിമിഷങ്ങളിലേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടികൊണ്ടുപോയത് ഗോകുൽ ഗോപകുമാർ എന്ന പുതുമുഖ ഗായകനാണ്. ‘തുടരും’ സിനിമയിലെ പാട്ടുവിശേഷങ്ങളുമായി ഗോകുൽ ഗോപകുമാർ മനോരമ ഓൺലൈനിൽ.
ആദ്യ കോൾ എടുത്തില്ല
’തുടരും’ സിനിമയിൽ പാടാന്‍ ആദ്യം വിളിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞില്ല. തിരിച്ചുവിളിച്ചപ്പോൾ അവരും എടുത്തില്ല. വീണ്ടും ആർട്ടിസ്റ്റ് കോർഡിനേറ്റർ വിളിച്ച് പാട്ടു പാടാൻ വരാൻ പറഞ്ഞു. പക്ഷേ ബാൻഡിന്റെ കാര്യങ്ങളുമായി തിരക്കിലായതിനാൽ അപ്പോഴും പോവാൻ സാധിച്ചില്ല. ആ അവസരം നഷ്ടമായി എന്നാണ് വിചാരിച്ചത്. എന്നാൽ ഒരു മാസത്തിനു ശേഷം വീണ്ടും വിളി വന്നു. അങ്ങനെയാണ് ‘കഥ തുടരും’ എന്ന ഗാനം പാടാൻ അവസരം ലഭിക്കുന്നത്.
വിളിച്ചത് ട്രാക്ക് പാടാൻ
ആദ്യം ട്രാക്ക് പാടാനാണ് വിളിച്ചത്. എല്ലാവർക്കും ട്രാക്ക് കേട്ട് ഇഷ്ടപ്പെടുകയും പിന്നീട് മുഴുവൻ പാട്ടും പാടിക്കുകയായിരുന്നു. അതാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഹരിഹരനെ കൊണ്ട് പാടിക്കാനായിരുന്നു ജേക്സ് ബിജോയ് തീരുമാനിച്ചിരുന്നത്. അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ആദ്യം പുറത്തിറങ്ങിയ ലിറിക്കൻ വിഡിയോ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് പാടുന്നതാണ്. ഹരിഹരനുമായുള്ള ഡ്യൂവറ്റ് ആണെന്ന് മനസ്സിലാകുന്നത് പാട്ടു പുറത്തിറങ്ങുന്നതിനു ഒരു ദിവസം മുൻപാണ്.
സിനിമ അറിയാതെ പാടി
പാടാൻ വിളിച്ച സമയത്ത് ഏത് സിനിമയാണെന്നോ എത്ര വലിയ സിനിമയാണെന്നോ അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോഴാണ് ‘തുടരും’ എന്ന സിനിമയാണെന്നു മനസ്സിലാകുന്നത്. മോഹൻലാൽ നായകനാണെന്നും തമിഴ് പശ്ചാത്തലമുള്ള സിനിമയിൽ നായികയായി ശോഭനയാണ് എത്തുന്നതെന്നും മനസ്സിലായെങ്കിലും കൂടുതലൊന്നും അറിയില്ലായിരുന്നു. പാട്ടിനെ ഒരു പടി മുകളിലേക്ക് എടുത്തുവയ്ക്കുന്നത് അതിലെ രംഗങ്ങളാണ്. അതിനെ കുറിച്ചൊന്നും എനിക്ക് നേരത്തെ അറിവുണ്ടായിരുന്നില്ല. പാട്ടിലെ വരികള്‍ മോഹൻലാലിന്റെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അത് മനസ്സിലായത് തിയറ്ററില്‍ വച്ച് കണ്ടപ്പോഴാണ്. പാട്ടു കാണുമ്പോൾ ആളുകൾ സന്തോഷം കൊണ്ടു ചിരിക്കുന്നത് കണ്ടു. ഉള്ളിൽ എന്തോ വിഷമം ഉള്ളതു പോലെയും തോന്നി.
അന്ന് തിരഞ്ഞെടുത്തത് മറ്റൊരാളെ
ഒരു റിയാലിറ്റി ഷോയുടെ വേദിയിൽവച്ച് എന്റെ ശബ്ദം മെലഡി ഗാനങ്ങൾ പാടാൻ പറ്റിയതാണെന്ന് ജേക്സ് ബിജോയ് പറഞ്ഞിരുന്നു. അന്ന് പക്ഷേ ഷോയുടെ ഭാഗമായി സിനിമയിൽ പാട്ടുപാടാൻ തിരഞ്ഞെടുത്തത് മറ്റൊരാളെയാണ്. പക്ഷേ ഇങ്ങനെയൊരു അവസരം വന്നപ്പോൾ എന്നെ വിളിച്ചു. ഈ പാട്ടിലൂടെ തുടങ്ങാൻ കഴിയുന്നത് എന്റെ ഭാഗ്യമാണെന്ന് ജേക്സ് ബിജോയ് പറഞ്ഞിരുന്നു. പക്ഷേ അതിന്റെ അർഥം മനസ്സിലാകുന്നത് ഇപ്പോഴാണ്.
ആദ്യ സിനിമ പാട്ട് ഇതല്ല
പ്രിയ വാരിയരും സര്‍ജാനോ ഖാലിദും പ്രധാനവേഷത്തിലെത്തിയ ‘ഫോർ ഇയേഴ്സ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പാടുന്നത്. ചിത്രത്തിലെ ‘എൻ കനവില്‍’, എന്ന ഗാനവും ‘അകലേ ഹൃദയം’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ അത് പാടിയത് ഞാൻ ആണെന്നു ആരും തിരിച്ചറിഞ്ഞില്ല. ഈ പാട്ടിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങുന്നത്. ‘ഗോകുൽ ഗോപകുമാർ ലൈവ്’ എന്ന ഒരു ബാൻഡ് ഉണ്ട്. നല്ല കുറച്ച് കലാകാരന്മാരുമായി ചേർന്ന് ബാൻഡ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ആഗ്രഹമുണ്ട്