എഴുതിയത് ബെൻസിന്റെ ജീവിതം, പ്രതിഫലിച്ചത് മോഹൻലാലിന്റേതും; കഥ ‘തുടരു’ന്ന പാട്ടുകൾ: ബി.കെ ഹരിനാരായണൻ അഭിമുഖം

Mail This Article
ഇനി ഭേദിക്കാൻ റെക്കോർഡുകളില്ലാത്തെ വിധം കരുത്തോടെ ‘തുടരും’ പ്രദർശനവിജയം നേടുമ്പോൾ ചിത്രത്തിലെ പാട്ടുകളും മലയാളികളുടെ നിത്യവർത്തമാനത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമാവുകയാണ്. പൂരമായാലും വിവാഹമായാലും ഫോട്ടോഷൂട്ട് ആയാലും മലയാളികളുടെ നാവിൻത്തുമ്പിൽ വരുന്ന വരികൾ ‘തുടരും’ സിനിമയിലെ സൂപ്പർഹിറ്റ് ഗാനങ്ങളുടേതാണ്. പല മാനങ്ങളിൽ, പല ഇടങ്ങളിൽ ഈ പാട്ടുകൾ ആഘോഷിക്കപ്പെടുമ്പോൾ സംഗീതസംവിധായകൻ ജേക്സ് ബിജോയിക്കൊപ്പം സന്തോഷിക്കുന്ന ഒരാൾ കൂടിയുണ്ട്. ഈ സൂപ്പർഹിറ്റ് വരികളുടെ എഴുത്തുകാരൻ, ബി.കെ.ഹരിനാരായണൻ. കൺമണിപ്പൂവും ചെമ്പഴുക്കയും എന്തൊരു ചേലും പിറന്ന വഴികളിലൂടെ മനോരമ ഓൺലൈനൊപ്പം തിരികെ നടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ.
ആ ആശയം പറഞ്ഞത് രഞ്ജിത്തേട്ടൻ
‘തുടരും’ സിനിമയ്ക്കു വേണ്ടി ഞാൻ ആദ്യമെഴുതിയ പാട്ട് ‘കൺമണിപ്പൂവെ’ എന്നു തുടങ്ങുന്ന പാട്ടാണ്. എന്നെ അതിനായി വിളിക്കുന്നത് ജേക്സ് ബിജോയ് ആണ്. അദ്ദേഹം ഈണം അയച്ചു തന്നു. ഒരു റഫറൻസ് പറഞ്ഞിരുന്നു. സംവിധായകൻ തരുൺ മൂർത്തിയും വിളിച്ചു സംസാരിച്ചു. ആ സമയത്ത് ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. അയച്ചു തന്ന ഈണത്തിന് അനുസരിച്ച് മൂന്നോ നാലോ പല്ലവി ഞാൻ എഴുതി. അതെന്റെ ഒരു ശീലമാണ്. ഒന്നിലധികം ഓപ്ഷൻസ് കൊടുക്കുക എന്നത്. ജേക്സ് ബിജോയ് അതെനിക്ക് ഒരു ഗായകനെക്കൊണ്ടു പാടി അയച്ചു തന്നു. എന്നിട്ടു ചോദിച്ചു, നമുക്കൊരു ദിവസം നേരിട്ട് ഇരിക്കാമോ എന്ന്. അങ്ങനെയാകുമ്പോൾ വിഷ്വലും കാണാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അവിടെ പോയി വിഷ്വൽസ് കണ്ടപ്പോൾ നേരത്തെ എഴുതിയത് പോരെന്നു തോന്നി വരികളിൽ ചില മാറ്റങ്ങൾ വരുത്തി. ആദ്യ വരിയിൽ പിന്നെയും തിരുത്തലുകൾ വന്നു. അതിനുശേഷമാണ് ‘കൺമണിപ്പൂവെ കണ്ണാടിപ്പൂവെ’ എന്ന വരി ഉറപ്പിക്കുന്നത്. അവിടെ ഇരുന്നാണ് ഞാൻ അനുപല്ലവി എഴുതുന്നത്. അനുപല്ലവിയുടെ അവസാനത്തിലാണ് ‘എന്തൊരു ചേലാണ്, നെഞ്ചില് നേരാണ്’ എന്ന വരികൾ വരുന്നത്.
അതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജേക്സ് വീണ്ടും വിളിച്ചു. നിർമാതാവ് രഞ്ജിത്തേട്ടൻ ഒരു ആശയം മുൻപോട്ടു വച്ചെന്നു പറഞ്ഞു. അതായത് ‘എന്തൊരു ചേലാണ്, നെഞ്ചില് നേരാണ്’ എന്ന വരികൾ പാട്ടിന്റെ തുടക്കത്തിലും ഉപയോഗിച്ചാലോ എന്ന്. പാട്ടിൽ നല്ല ധാരണ ഉള്ള വ്യക്തിയാണ് രഞ്ജിത്തേട്ടൻ. തുടക്കത്തിലേക്ക് മാറ്റിയപ്പോൾ ആ വരികൾക്കൊപ്പം വേറെ രണ്ടു വരി കൂടി വേണ്ടി വന്നു. അങ്ങനെയാണ് ‘എന്റെ കിനാവാണ് എന്തിനും നീയാണ്’ എന്ന വരികൾ കൂടി കൂട്ടിച്ചേർത്തത്. ‘കൺമണിപ്പൂവെ’ പാട്ട് ഏകദേശം സെറ്റ് ആയിരിക്കുന്ന സമയത്താണ് തരുൺ മറ്റൊരു ആശയം പങ്കുവച്ചത്. ആ പാട്ടിന്റെ തുടക്കത്തിൽ കുട്ടികളുടെ ശബ്ദത്തിൽ ഒരു കോറസ് എന്ന ആശയം. ജേക്സ് അതിന്റെ ഈണം അയച്ചു തന്നു. അങ്ങനെ ചെമ്പഴുക്ക എന്നു തുടങ്ങുന്ന വരികൾ എഴുതി. പാട്ടെന്നു പറയുന്നത് സംഘകലയാണ്. അതിൽ സംഗീതസംവിധായകന്റെയും പാട്ടെഴുതുന്നവരുടെയും സംവിധായകന്റെയുമൊക്കെ സംഭാവനകളുണ്ടാകും. ‘എന്തൊരു ചേലാണ്’ എന്ന വരി ആദ്യം വയ്ക്കാമെന്നു പറഞ്ഞത് രഞ്ജിത്തേട്ടന്റെ ബ്രില്യന്റ് ആശയമായിരുന്നു.
എം.ജി സാറിന്റെ ശബ്ദം വന്നപ്പോൾ
‘കൺമണിപ്പൂവെ’ എന്ന ഗാനം ഇത്രയും ഭംഗി ആയതിന്റെ ഒരു കാരണം എം.ജി.ശ്രീകുമാർ എന്ന ഗായകന്റെ ശ്ബദം കൊണ്ടു കൂടിയാണ്. അദ്ദേഹത്തിന്റെ ശബ്ദം വന്നപ്പോൾ പാട്ടിന് വല്ലാത്തൊരു ചേലുണ്ടായി. പാട്ടിൽ സ്വരങ്ങളുടെ ഭാഗമൊക്കെ അദ്ദേഹം അസാധ്യമാക്കി. എം.ജി സാറിന്റെ ശബ്ദത്തിലുള്ള കുസൃതിയും കുറുമ്പുമെല്ലാം മലയാളികൾക്ക് ഇഷ്ടമാണ്. ആ ശബ്ദത്തിന്റെ ബ്രില്ല്യൻസും ഈ പാട്ടിലുണ്ട്. ഈ സിനിമയിൽ തന്നെ വൈക്കം വിജയലക്ഷ്മി പാടിയ പാട്ടിനും വരികളെഴുതിയിരുന്നു. പശ്ചാത്തലസംഗീതത്തിന്റെ ഭാഗമായി വരുന്ന പാട്ടാണ്. സിനിമയിലെ ഒരു നിർണായക സീനിലാണ് ഈ പാട്ട് വരുന്നത്. കൂടാതെ ‘നെഞ്ചേ നീറുന്നിതാ’ എന്ന പാട്ടിനും വരികളെഴുതി. അങ്ങനെ രണ്ടു ചെറിയ പാട്ടുകൾ കൂടി ഈ സിനിമയ്ക്കായി എഴുതിയിട്ടുണ്ട്.
കോറസിലെ വരികളും ബിംബങ്ങളും
ചെമ്പഴുക്കാത്തൊണ്ടെടുത്ത് അമ്പലം കൂട്ടുന്നതാര്
ചെമ്പരത്തിക്കമ്പുകൊണ്ട് അമ്പ് കുലയ്ക്കണതാര്
അങ്ങുതൊട്ടേ ഇങ്ങു തൊട്ടേ അക്കുത്തിക്കുത്തോടുമാനാ
തൂവെളിച്ചം ചാറിവീണ് മാമല ഞാനൊന്നു കണ്ടേ
ചെന്തമിഴിൻ തേൻ കുടഞ്ഞേ പൂങ്കുയിൽ പാടുന്ന കേട്ടേ
രണ്ടു രീതിയിൽ ഈ വരികളെ വിശദീകരിക്കാം. ഞങ്ങളുടെ നാട്ടിൽ കുട്ടികൾ കളിക്കുന്ന ഒരു കളിയുണ്ട്. ചെമ്പഴുക്ക എന്നാൽ പഴുത്ത അടയ്ക്ക. അതിന്റെ തൊണ്ട് കൊണ്ട് കൂന കൂട്ടി അമ്പലം പോലെയുണ്ടാക്കി കളിക്കുന്ന ഒരു കളിയുണ്ട്. അതുപോലെ ചെമ്പരത്തി കമ്പ് വച്ച് അമ്പും വില്ലുണ്ടാക്കി ഈർക്കിലി കൊണ്ട് വില്ലു കുലയ്ക്കുന്ന കളിയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും തൊട്ടു കളിക്കുന്നതാണ് ‘അക്കുത്തിക്കുത്താനാ’. അങ്ങനെ കുട്ടികളുടെ കളികളെക്കുറിച്ചാണ് എഴുതിയത്. അതിന് മറ്റൊരു നിർവചനം കൂടി കൊടുക്കാം. ചെമ്പഴുക്ക കൊണ്ട് അമ്പലം ഉണ്ടാക്കുമ്പോൾ അതിനൊരു കുങ്കുമനിറം ആയിരിക്കും. ഇതു തന്നെയാണ് പഴനിമല കാണുമ്പോഴും തോന്നുന്നത്. ബെൻസ് ഒരു മുരുക ഭക്തനാണല്ലോ. അങ്ങനെ വരുമ്പോൾ അമ്പു കുലയ്ക്കുന്നത് മുരുകൻ ആണ്. താരകാസുരനെ വധിച്ച മുരുകൻ! ബെൻസിന്റെ ആരാധനാമൂർത്തി. ഒരു ഒറ്റയാനായാണ് ബെൻസിനെ സിനിമയിൽ പലപ്പോഴും നിർവചിക്കുന്നത്. അയാൾ ഇപ്പോൾ കുട്ടികൾക്കൊപ്പം അങ്ങു തൊട്ടേ ഇങ്ങു തൊട്ടേ എന്നു പറഞ്ഞ് തമാശ കളിച്ചു നടക്കുകയാണ്. അങ്ങനെ കളിക്കുമ്പോൾ അയാളിലുണ്ടാകുന്ന പ്രകാശം... എന്നിട്ടാണ് അയാൾ ആ മാമല കാണുന്നത്. കനവിന്റെ മാമല ആയിരിക്കാം. വെളിച്ചം വീണ് സന്തോഷത്തിന്റെ കുടുംബം കാണുന്ന ബെൻസ്. ‘ചെന്തമിഴിൻ തേൻ കുടഞ്ഞേ പൂങ്കുയിൽ പാടുന്ന കേട്ടേ’ എന്നത് ശോഭന മാഡത്തിന്റെ കഥാപാത്രത്തെ സൂചിപ്പിക്കുന്നതാണ്. അവർക്കൊരു തമിഴ് പശ്ചാത്തലം ആണല്ലോ. ഇങ്ങനെയാണ് ആ വരികളെ ഒരുക്കിയത്.
‘കഥ തുടരും’ പാട്ട് പിറന്നത്
‘കഥ തുടരും’ പാട്ടിനായി എന്നെ വിളിക്കുന്നത് രഞ്ജിത്തേട്ടനാണ് (നിർമാതാവ്). ടൈറ്റിലിൽ വരുന്ന പാട്ടാണെന്നു പറഞ്ഞിരുന്നു. ജേക്സ് ബിജോയിയുടെ ഈണത്തിന് അനുസരിച്ച് ഞാൻ വരികൾ എഴുതി. അത് എല്ലാവർക്കും ഇഷ്ടമായി. തുടക്കത്തിലെ വരികളിൽ വീണ്ടും ചർച്ചയുണ്ടായി. ‘മിഴിയോരം’ എന്ന വാക്കിൽ തുടങ്ങിയാലോ എന്ന ആശയം വന്നു. ആ വാക്കിൽ ഒരു ഹിറ്റ് പാട്ടുണ്ടല്ലോ. ബെൻസിന്റെ കഥ എന്ന മട്ടിലാണ് ഞാൻ ആ വരികൾ എഴുതിയത്. പക്ഷേ, സംവിധായകന്റെയും നിർമാതാവിന്റെയും മനസ്സിൽ മറ്റൊരു വ്യാഖ്യാനം അതിന് ഉണ്ടായിരുന്നിരിക്കാം. അതിപ്പോൾ മോഹൻലാലിനെ കുറിച്ചു പറയുന്ന പാട്ടായി. എഴുതുമ്പോൾ പക്ഷേ, ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. സിനിമയ്ക്കു മാനം വരുമ്പോഴാണല്ലോ പാട്ടിന്റെ വരികൾ വളരുന്നത്. അത് സിനിമയുടെയും അതിന്റെ ക്രിയേറ്റേഴ്സിന്റെയും ബ്രില്ല്യൻസ് ആണ്. ചില വരികൾ മയിൽപ്പീലി വളരുന്നതുപോലെ വളരുകയാണല്ലോ. ഇപ്പോൾ ലാൽ സാറിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് പലരും ആ വരികൾ ഉപയോഗിക്കുന്നത്.
വരികൾ ആഘോഷിക്കപ്പെടുമ്പോൾ
ലാൽ സർ തന്നെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പേജിൽ തുടരും ടൈറ്റിൽ സോങ്ങിലെ വരികൾ കുറിച്ചു.
ഒരു കാലം തിരികെ വരും
ചെറുതൂവൽ ചിരി പകരും
തലോടും താനേ കഥ തുടരും...
ലാൽ സർ അദ്ദേഹത്തിന്റെ ജീവിതവുമായി കണക്ട് ചെയ്ത് അതു പങ്കുവച്ചപ്പോൾ വലിയ സന്തോഷം തോന്നി. തൃശൂർ പൂരം വന്ന സമയത്ത് ‘എന്തൊരു ചേലാണ്’ എന്ന വരി ധാരാളം ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ഉപയോഗിച്ചു കണ്ടു. ലാൽ സാറിന്റെ ജന്മദിനത്തിൽ ഒരുപാടു പേർ ‘തുടരും’ സിനിമയിലെ പാട്ടിലെ വരികൾ കുറിച്ചാണ് ആശംസകൾ നേർന്നത്. ‘എന്തൊരു ചേലാണ്, നെഞ്ചില് ലാലാണ്’ എന്ന രീതിയിൽ ആ വരികൾ ഉപയോഗിച്ചു കണ്ടു. എഴുതിയ വരികൾ ഇതുപോലെ ആഘോഷിക്കുന്നതു കാണുമ്പോൾ തീർച്ചയായും വലിയ സന്തോഷം. പ്രത്യേകിച്ചും ലാൽ സാറിനെപ്പോലെ ഒരാൾ അദ്ദേഹത്തിന്റെ ചിത്രം വച്ച് ആ വരി ഇടുമ്പോൾ വലിയ വലിയ സന്തോഷം. പറയാതിരിക്കാൻ വയ്യ!
നൂറു ശതമാനം നൽകിയാണ് ഓരോ പാട്ടും എഴുതുന്നത്. വി.സി.ബാലകൃഷ്ണ പണിക്കരുടെ ഒരു ശ്ലോകത്തിൽ ഉള്ള പോലെ ‘അവകളിലൊരുനാളൊന്നു കേൾവിപ്പെടുന്നു’ എന്നു പറയുന്ന പോലെ ചിലത് കേളിപ്പെടും. എന്നാലും എല്ലാത്തിനോടും നമുക്കൊരേ മമതയാണ്. കേളിപ്പെടുമ്പോൾ അതിന്റെ പേരിൽ അറിയപ്പെടുമ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ വലിയ സന്തോഷവും മുൻപോട്ടു പോകാൻ ഉള്ള ഊർജ്ജവുമാണ്. ഒരു സിനിമ ശ്രദ്ധിക്കപ്പെടുക, അതിലെ പാട്ടുകൾ ആഘോഷിക്കപ്പെടുക എന്നതെല്ലാം സന്തോഷം നൽകുന്ന കാര്യങ്ങളാണ്. മുൻപോട്ടു പോക്കിന് ഊർജ്ജമാകുന്ന കാര്യമാണ്.