ADVERTISEMENT

കാലത്തിന്റെ ചോര വീണ അടരുകളെ വീണ്ടും ഓർമപ്പെടുത്താൻ ഒരു സിനിമ ശ്രമിക്കുമ്പോൾ അതിന്റെ കനലുകൾ കെടാതെ സൂക്ഷിക്കുന്ന ചില പാട്ടുകൾ ഉണ്ട്. അത്തരത്തിൽ ഒരു പാട്ടാണ് ടൊവീനോയെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ‘നരിവേട്ട’യിലെ ‘ആടു പൊന്മയിലെ’ എന്ന ഗാനം. ഒരു സംസ്കാരത്തെ തന്നെ അടയാളപ്പെടുത്തുന്ന ഗാനത്തെ വിസ്മൃതിയിലേക്ക് തള്ളിവിടാതെ പുനർജീവൻ നൽകിയിരിക്കുന്നത് അതുൽ നറുകരയും ജേക്സ് ബിജോയും ചേർന്നാണ്. ആ പാട്ടിലേക്കുള്ള യാത്രയെക്കുറിച്ച് കൂട്ടിച്ചേർക്കലുകളെ കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് അതുൽ നറുകര.  

പാട്ട് ചോദിച്ചുള്ള വിളികൾ പെട്ടെന്നായിരിക്കും 

ജേക്സ് ബിജോയ് സാറാണ് പാട്ട് പാടാൻ വിളിക്കാറുള്ളത്. ഒരു വലിയ ബന്ധമുള്ളത് അദ്ദേഹത്തോട് തന്നെയാണ്. ‘അയ്യപ്പനും കോശിയും’ സിനിമയിലെ ‘കലക്കാത്ത’ എന്ന പാട്ട് ഹിറ്റായതിനു ശേഷം അദ്ദേഹത്തിനും ഫോക്‌ലോർ ഗാനങ്ങൾ കൂടുതൽ കിട്ടാൻ തുടങ്ങി. ഈ മേഖലയിലുള്ള സാറിനു അറിയാവുന്ന ഒരാൾ എന്ന രീതിയിൽ എന്നെയാണ് ആദ്യം ബന്ധപ്പെടാറുള്ളത്. പെട്ടെന്നായിരിക്കും പാട്ട് ഉണ്ടോ എന്ന് ചോദിച്ച് വിളിക്കുക. അപ്പോൾ ഇല്ല എന്ന് പറയുന്നതിനെക്കാൾ പാട്ട് കണ്ടെത്തുക എന്നതാണ് പ്രധാനം. അത് ആര് നന്നായി ചെയ്യുന്നോ അവർക്ക് മാത്രമേ സിനിമയിൽ പാടാൻ കഴിയൂ. പാടുന്നതിനെക്കാൾ ബുദ്ധിമുട്ട് ശരിക്കും പാട്ട് കണ്ടെത്താനാണ്. പല പശ്ചാത്തലങ്ങളിൽ പല സ്ഥലങ്ങളിൽ കിടക്കുന്ന ഗാനങ്ങളാണ് കണ്ടെത്തേണ്ടത്. അവിടേക്ക് ഇറങ്ങി ചെന്ന് പാട്ടിന്റെ സ്വത്വം മനസ്സിലാക്കണം.

പാട്ടുകൾ തേടി വയനാട്ടിലേക്ക്

ജേക്സ് ബിജോയ് സാറും ഞാനും കൂടി വയനാട്ടിൽ പോയി ലൈവായി പാട്ടുകൾ കേട്ടിരുന്നു. ഉണർവ്, പടയണി എന്നീ ഗായക സംഘങ്ങളുടെ സഹായവും ലഭിച്ചിരുന്നു. അവർ പറഞ്ഞു തന്നതാണ് ഈ ഗാനം. പുതിയ കാലത്ത് ഇത്തരത്തിലുള്ള ഗാനങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്. വേട്ടയാടൽ നിരോധിക്കപ്പെട്ടതിന് ശേഷം ഈ പാട്ടിന്റെ ഉപയോഗം കുറഞ്ഞു. അറിയുന്ന കുറച്ചു പേർ പകർന്നുതന്നതാണ് ഈ ഗാനം. ആദ്യത്തെ നാല് വരികൾ വയനാട് പുലയ കമ്യൂണിറ്റിയുടേതാണ്. അതിനെ ചിട്ടപ്പെടുത്തിയെടുക്കുകയായിരുന്നു. തനത് രീതിയിൽ ചിട്ടപ്പെടുത്താൻ‌ സഹായിക്കുന്ന ട്യൂണുകളെ കുറിച്ചും അവർ പറഞ്ഞു തന്നിരുന്നു. അവർക്ക് തന്നെയാണ് പാട്ടിന്റെ ക്രെഡിറ്റ്സ് കൊടുത്തിരിക്കുന്നത്. പാട്ടിന്റെ ആദ്യ ഭാഗത്തുള്ള ‘ഏ കാടേ കാടേ’ എന്ന വരികൾ എഴുതിയത് ബി.കെ.ഹരിനാരായണനാണ്. പിന്നീടുള്ള വരികൾ എഴുതിയിരിക്കുന്നത് ഞാൻ തന്നെയാണ്. ഫോക് ഴോണറിൽ വർക്ക് ചെയ്യുന്ന കൊണ്ടും ഇതിനു മുൻപ് പാട്ടെഴുതി ശീലമുള്ളത് കൊണ്ടും വരികൾ എഴുതുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. 

‘നരിനോക്കി’നെ കുറിച്ച് പറയുന്നത് അനുരാജേട്ടൻ

സിനിമയുടെ സംവിധായകനായ അനുരാജേട്ടൻ നല്ല സുഹൃത്താണ്. ചേട്ടൻ വിളിക്കുന്ന സമയത്ത് പാട്ടിന്റെ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞ് തന്നിരുന്നു. ‘നരിനോക്ക്’ എന്ന് പറയുന്ന ഒരു ആചാരം ഉണ്ട്. അത് പശ്ചാത്തലത്തിൽ നടന്നു കൊണ്ടിരിക്കുമ്പോഴാണ് പാട്ട് വരുന്നത്. ആദ്യം ഒരു അമ്മ പാടുകയും പിന്നീട് പതുക്കെ പാട്ട് ശക്തമാവുകയും വേണം. വേട്ടയാടലിന്റെ ഭാഗമായി ആദ്യം സന്തോഷവും പിന്നെ ചടുലവുമായിരിക്കണം. അതുകൊണ്ട് പാട്ടിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. 

ആത്മാവ് നഷ്ടപ്പെടുത്താത്ത പുനരാവിഷ്ക്കാരം

ഫോക്‌ലോർ പഠനങ്ങളിൽ പറയുന്നത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ അത് ഡെഡ് ഫോക്കായി മാറും എന്നാണ്. ആരും അറിയാതെ ഇല്ലാതാവുന്നതിനെക്കാൾ നല്ലത് ആത്മാവ് നഷ്ടപ്പെടുത്താതെ പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തി അവതരിപ്പിക്കുന്നതാണ്. എന്നാലെ നിലനിന്നുപോകൂ. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നത് ഇങ്ങനെ ഒരു പാട്ട് ഉണ്ട് എന്ന് തിരിച്ചറിയുമ്പോഴാണല്ലോ. അപ്പോൾ മാറ്റങ്ങൾ ഒരിക്കലും മോശമല്ല. അത് നല്ലതിനു വേണ്ടി തന്നെയാണ് എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ ഈ പാട്ട് ചെണ്ടയും തുടിയും ഒക്കെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. 

പാട്ട് ഇഷ്ടപ്പെടുന്നവർ അതിലെ രാഷ്ട്രീയം മനസ്സിലാക്കണം

പണ്ടുമുതലെ ആളുകൾ പാട്ടിലൂടെ രാഷ്ട്രീയം പറഞ്ഞിരുന്നു. റാപ്പുകൾ വന്നു തുടങ്ങിയ സമയത്ത് അതിന്റെ വരികൾ നോക്കിയിട്ടല്ല ആളുകൾ അത് ആസ്വദിച്ചിരുന്നത്. തുടർച്ചയായി രാഷ്ട്രീയം പറയുന്ന പാട്ടുകൾ ഇറങ്ങുമ്പോൾ എന്താണെന്നും ആരാണെന്നുമൊക്കെ ആളുകൾ ചിന്തിക്കും. അതിന്റെ തുടർച്ചയായി അവരെക്കുറിച്ച് അന്വേഷിക്കുക കൂടി ചെയ്യുമ്പോൾ വലിയ വിപ്ലവം സൃഷ്ടിക്കാൻ കഴിയും. ഇത്തരം പാട്ടുകളൊക്കെ ആസ്വദിക്കുന്ന മനുഷ്യർ അതിലെ രാഷ്ട്രീയം അന്വേഷിക്കുകയാണെങ്കിൽ വേറൊരു തലത്തിൽ എത്തും. അങ്ങനെയാവണമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Athul Narukara taking about the Narivetta song.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com