‘പാടാൻ വിളിച്ച ഗാനം സിനിമയിലില്ല, പകരം ലഭിച്ചത് ഹിറ്റ്’; ഒന്നാം ക്ലാസ് മുതലുള്ള ‘സംഗീത്’ യാത്ര

Mail This Article
‘നൊമ്പരം കളയും നാളം നീ, സ്നേഹമണി നാദം നീ’ ഈ രണ്ട് വരികൾ മതി മലയാളികൾക്ക് സംഗീത് എന്ന അനുഗ്രഹീത ഗായകനെ ഓർത്തെടുക്കാൻ. നയന്റീസ് കിഡ്സിന്റെ മ്യൂസിക്ക് റിയാലിറ്റി ഷോ ഓർമകളിലെ ആദ്യ പേരുകാരനാണ് സംഗീത്. ഒരു മ്യൂസിക്ക് റിയാലിറ്റി ഷോയിൽ ജേതാവായി നിറഞ്ഞ് നിൽക്കുമ്പോഴാണ് ‘ഛോട്ടാ മുബൈ’യിലൂടെ സംഗീത് മലയാള സിനിമയിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കുന്നത്. ‘ഛോട്ടാ മുംബൈ’ റീ റിലീസിന് ഒരുങ്ങുമ്പോൾ സംഗീത് ത്രില്ലിലാണ്. പിന്നണി ഗാനരംഗത്ത് 18 വർഷങ്ങൾ പൂർത്തിയാക്കിയ സംഗീതിന്റെ പാട്ട് വിശേഷങ്ങള്‍ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
ആവേശത്തിലാക്കിയ ക്ഷണം
ഒന്നാം ക്ലാസ് മുതൽ ഗാനമേളകളിൽ പാടി വന്ന ഒരാളാണ് ഞാൻ. സിനിമയിൽ പാടുന്നതിനു മുമ്പ് ആൽബങ്ങളിലൊക്കെ പാടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ഛോട്ടാ മുംബൈ’യ്ക്ക് വേണ്ടി പാടാൻ സ്റ്റുഡിയോയിൽ വരുമ്പോൾ എനിക്ക് പരിഭ്രമം ഉണ്ടായിരുന്നില്ല. സിനിമയിൽ പാടുക എന്നത് വേറെ തന്നെ അനുഭവമാണ്. അതും മോഹൻലാൽ സിനിമയ്ക്കു വേണ്ടി പാടുന്നു എന്നതായിരുന്നു എന്നെ കൂടുതൽ ആവേശത്തിലാക്കിയത്. റിയാലിറ്റി ഷോയിലെ വിജയത്തിനു ശേഷമാണ് എന്നെ തേടി ഈ അവസരം എത്തുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ എല്ലാവരും ഇത് സർപ്രൈസാക്കി വച്ചിരിക്കുകയായിരുന്നു. അന്ന് ചാനലിന്റെ ചുമതലയുണ്ടായിരുന്ന സംവിധായകൻ ശ്യാമപ്രസാദാണ് എന്നെ ഈ സന്തോഷവാർത്ത അറിയിക്കുന്നത്.
എറണാകുളത്ത് ലാൽ മീഡിയയിലായിരുന്നു റെക്കോർഡിങ്. ജീൻപോൾ ലാൽ ഇപ്പോൾ എന്റെ അടുത്ത സുഹൃത്താണ്. അവനോട് ഞാൻ പറയാറുണ്ട് നിന്റെ സ്ഥാപനത്തിലാണ് ഞാൻ ആദ്യമായി സിനിമയ്ക്കു വേണ്ടി പാട്ട് റെക്കോർഡ് ചെയ്തതെന്ന്. ‘പൂനിലാമഴ നനയും പാതിര കുയിലുകളേ’ എന്ന പാട്ടാണ് ഞാൻ ആദ്യം പാടുന്നത്. സംഗീത സംവിധായകൻ രാഹുൽരാജ് അഭിമുഖത്തിൽ പറഞ്ഞ പോലെ ആ ഗാനം ചിത്രീകരിക്കാൻ സാധ്യത വിരളമായതുകൊണ്ടാകാം എനിക്ക് അദ്ദേഹം ‘തല’ സോങ്ങിലെ മെലഡി ഭാഗം പാടാൻ അവസരം നൽകിയത്. അത് അദ്ദേഹത്തിന്റെ മഹത്വം. ഇപ്പോഴും ‘നൊമ്പരം കളയും നാളം നീ, സ്നേഹമണി നാദം നീ’ എന്ന വരികൾ ആളുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങൾ സജീവമായതോടെ റീലുകളിലും പാട്ട് ട്രെൻഡിങായി. ഒരു ഗായകൻ എന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണത്.
ഓഡിയോ മാത്രമുള്ള ‘പൂനിലാ മഴ നനയും’ എന്ന ഗാനവും ഇത്രയേറെ ആഘോഷിക്കപ്പെടുന്നു എന്നതൊരു അദ്ഭുതമാണ്. ആ ഗാനം ചിത്രീകരിക്കപ്പെട്ടിരുന്നെങ്കിൽ വലിയൊരു ബ്രേക്കാകുമോ എന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. അന്ന് ഇരുപതോ ഇരുപത്തിയൊന്നൊ വയസ്സ് മാത്രമാണുള്ളത്. അന്ന് അങ്ങനെ ചിന്തിക്കാനുള്ള പക്വതയൊന്നുമില്ല. ‘നൊമ്പരം കളയും നാളം നീ, സ്നേഹമണി നാദം നീ’ പാട്ട് തിയറ്ററിൽ കാണുമ്പോൾ വലിയ സന്തോഷമായിരുന്നു. കാരണം മോഹൻലാൽ ആ സീനിൽ വരുന്നുണ്ടല്ലോ.
പാടുന്നത് പോലെ ആനന്ദം ചിട്ടപ്പെടുത്തുന്നതിലും
വിഷ്ണു വിജയ‌്‌യുടെ സംഗീതത്തിൽ ‘ആലപ്പുഴ ജിംഖാന’യിലാണ് അടുത്ത് പാടിയത്. സ്റ്റേജ് ഷോകളിൽ സജീവമാണ്. പാടുന്നത് പോലെ തന്നെ എനിക്ക് ഏറെ ആനന്ദം നൽകുന്ന കാര്യമാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നതും. ഞാൻ വരികളെഴുതി സംഗീതം നൽകിയ ‘കട്ടുറുമ്പി’നു മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. കൂടുതൽ ഒറിജനൽസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. യക്സൺ ഗാരി പെരേര-നേഹ.എസ്.നായർ കൂട്ടുകെട്ടിലാണ് ഞാൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത്.
അനുഭവങ്ങളുടെയും സൗഹൃദങ്ങളുടെയും റിയാലിറ്റി ഷോ
അമേരിക്കൻ ഐഡിലിന്റെ മാതൃകയിലും നിലവാരത്തിലുമാണ് അന്ന് റിയാലിറ്റി ഷോ വിഭാവനം ചെയ്തത്. അത് നല്ലൊരു വേദിയായിരുന്നു. ദീപക് ദേവ്, അൽഫോൺസ്, ബാലഭാസ്ക്കർ തുടങ്ങിയ പ്രതിഭാധനരായ വ്യക്തികളായിരുന്നല്ലോ വിധികർത്താക്കൾ. സാധാരണ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉള്ള പോലെ ഓർക്കസ്ട്ര ഇല്ലായിരുന്നു അവിടെ. സ്റ്റീഫൻ ദേവസ്യയുടെ കീബോർഡ് മാത്രമായിരുന്നു ഞങ്ങൾ പാടുമ്പോൾ പിന്നണി തീർത്തിരുന്നത്. അങ്ങനെ പാടുന്നതൊരു വ്യത്യസ്ത അനുഭവമായിരുന്നു.
പിന്നെ ഞങ്ങൾക്കിടയിൽ മത്സരമില്ലായിരുന്നു. എല്ലാവരും തമ്മിൽ നല്ല സൗഹൃദമായിരുന്നു. ഞാൻ അന്ന് വട്ടിയൂർക്കാവിലാണ് താമസം. അവിടെ അടുത്ത് തന്നെയാണ് ജോബ് കുര്യന്റെയും വീട്. റിയാലിറ്റി ഷോ വേദിയിലേക്ക് ഞങ്ങൾ ഒരുമിച്ചാണ് പോയിരുന്നത്. ജോബ് എന്നെ വന്ന് പിക്ക് ചെയ്യുമായിരുന്നു. ജോബ്, അജയ്, ശരത്, നിധീഷ്, മൃദുല എന്നിവരുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. മൃദുലയ്ക്കൊപ്പം അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ പാടിയിരുന്നു. അന്നേ ജോബിന്റെ സ്വപ്നം സ്വന്തം സംഗീതത്തിൽ സ്വതന്ത്രമായി കൂടുതൽ പാട്ടുകൾ ചെയ്യണമെന്നായിരുന്നു.
അർഹതപ്പെട്ട പാട്ടുകൾ എന്നിലേക്ക് തന്നെ വരും
സിനിമയിൽ പാട്ടുകൾ കുറഞ്ഞതായിട്ടോ അതൊരു നിരാശയായിട്ടോ എനിക്ക് തോന്നിയിട്ടില്ല. അന്ന് കൂടുതലും സ്റ്റേജ് ഷോകളിൽ പാടണം, അടിച്ച് പൊളിക്കണം എന്നതായിരുന്നു മനസ്സിൽ. ആ സമയത്ത് ലൈവ് പാടുന്നതിലാണ് കൂടുതൽ ഹരം കണ്ടെത്തിയിരുന്നത്. മലയാളത്തിലുള്ള ഒട്ടുമിക്ക സംഗീത സംവിധായകരെയും പരിചയമുണ്ട്. പക്ഷേ ആ സൗഹൃദം ഉപയോഗിച്ച് അവസരങ്ങൾ സൃഷ്ടിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എനിക്ക് അർഹതപ്പെട്ട പാട്ടാണെങ്കിൽ എന്നിലേക്ക് വരുമെന്നാണ് എന്റെ വിശ്വാസം. ‘ആലപ്പുഴ ജിംഖാന’യുടെ സംഗീത സംവിധായകൻ വിഷ്ണു വിജയ‌്‌യും ഞാനും സ്കൂളിലും കോളജിലും സഹപാഠികളായിരുന്നു. ‘ജിംഖാന’യിലെ പാട്ടുകൾ ചെയ്യുമ്പോൾ ‘മച്ചാനെ ഇങ്ങനെ ഒരു പരിപാടിയുണ്ട്, നീ ഒന്ന് പാടി നോക്ക്’ എന്നു പറഞ്ഞാണ് വിളിച്ചത്. അത് വളരെ ജൈവികമായിട്ട് ഉണ്ടാകുന്ന ഒന്നാണ്. ഞാൻ അവന്റെ ക്ലാസ്മേറ്റായതുകൊണ്ടല്ല മറിച്ച് ആ പാട്ടിന് എന്റെ ശബ്ദം അനുയോജ്യമാകുമെന്ന് അവനു തോന്നിയതു കൊണ്ടാണ് എന്നെ വിളിച്ചത്.
ചില സംഗീത സംവിധായകർ കാണുമ്പോൾ നമുക്ക് ഒരുമിച്ച് ഒരു പാട്ട് ചെയ്യണമെന്നു പറയും. പിന്നീട് ചിലപ്പോൾ അവർ അത് വിട്ട് പോകും. മ്യൂസിക് എന്ന് പറയുന്നത് വളരെ ധ്യാനാത്മകമായ ഒരു കാര്യമാണ്. അങ്ങനെയൊരു പ്രക്രിയയിലൂടെ കടന്നു പോകുന്ന സംഗീതജ്ഞരുടെ കംഫർട്ടിന് അലോസരമുണ്ടാക്കുന്നത് ശരിയല്ല എന്നാണ് എന്റെ വ്യക്തിപരമായ തീരുമാനം. പ്രതിഭധനരായ അത്രത്തോളം ഗായകരും ഉണ്ട് ഇന്ന് മലയാള സിനിമയിൽ. മലയാളത്തിൽ ഇപ്പോൾ പാട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. ഹോളിവുഡ് സ്റ്റെയിലിൽ പശ്ചാത്തല സംഗീതത്തിനു കൂടുതൽ പ്രധാന്യം നൽകുന്ന രീതിയിലേക്ക് മലയാള സിനിമയും മാറുന്നുണ്ട്. ‘ഛോട്ടാ മുംബൈ’ കൂടുതൽ സാങ്കേതിക തികവോടെ പ്രദർശനത്തിനു എത്തുമ്പോൾ ആദ്യദിനം തന്നെ തിയറ്ററിൽ കാണാൻ ആഗ്രഹിക്കുന്നു.