തഗ് ലൈഫ് റിലീസ് ചെയ്ത ദിവസം ഞാൻ കോടതിയിൽ; വെളിപ്പെടുത്തി ചിന്മയി

Mail This Article
ചുവന്ന ബോർഡർ ലൈറ്റുകളും തീജ്വാലകളുമായി പ്രകാശിതമായ ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് വേദി കണ്ടത് ഒരു ഗായികയുടെ ഉയിർപ്പാണ്. അവരുടെ അലസമായി കിടന്ന ഉടുപ്പിന്റെ കൈകൾ ഒരു പക്ഷിയുടെ ചിറകെന്ന പോലെ കാറ്റത്തു പറന്നു കളിച്ചു. അടിച്ചമർത്തപ്പെട്ട വർഷങ്ങൾക്കു നേരെയുള്ള മധുര പ്രതികാരമായി ചിന്മയി ശ്രീപദ എന്ന ഫീനിക്സ് പക്ഷി പാടി “ഇനും വരും എൻതൻ കഥയെ”. 25 വർഷങ്ങൾക്കു മുൻപു തമിഴ് സിനിമാ സംഗീത രംഗത്തേക്കു ചിന്മയിക്കു വഴി തെളിച്ച എ.ആർ.റഹ്മാനും മണിരത്നവും അഭിമാനത്തോടെ അവരെ നോക്കിയിരുന്നു.
ഓഡിയോ ലോഞ്ച് യുട്യൂബിൽ റിലീസ് ആയി മണിക്കൂറുകൾക്കകം ചിന്മയിക്കായി അഭിനന്ദന പ്രവാഹങ്ങൾ എത്തിത്തുടങ്ങി. ‘മുത്തു മഴൈ’ എന്ന പാട്ടിന്റെ ദീ പാടിയ തമിഴ് ഒറിജിനൽ ട്രാക്കിനു പകരം ഓഡിയോ ലോഞ്ചിനു ചിന്മയി പാടിയ ട്രാക്ക് ആവശ്യപ്പെട്ട് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്നുകൾ തുടങ്ങി. “ഇത്ര കാലം എവിടെയായിരുന്നു” എന്ന ചോദ്യത്തിന് ചിന്മയിയുടെ മറുപടികൾ ഇതാണ്...
ഒരു കഥ സൊല്ലട്ടുമാ
സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് രാധ രവിക്കെതിരെയും ഗാനരചയിതാവ് വൈരമുത്തുവിനെതിരെയും 2018ൽ ശബ്‌ദിച്ചതാണ് എന്റെ ജീവിതം സങ്കീർണമാക്കിയത്. എനിക്കുണ്ടായ മോശം അനുഭവങ്ങളാണ് തുറന്നു പറഞ്ഞത്. തുടർന്നാണ് അപ്രഖ്യാപിത വിലക്ക് ഉണ്ടായത്. പതിനാറു വർഷത്തിനിടയിൽ 250 ഗാനങ്ങൾ പാടിയ ഞാൻ കഴിഞ്ഞ 7-8 വർഷത്തിൽ പാടിയത് വെറും 41 പാട്ടുകൾ. വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രം ഡബ്ബ് ചെയ്തു. 90 രൂപ അടച്ചില്ലെന്ന ന്യായം പറഞ്ഞ് യൂണിയനിൽനിന്ന് എന്നെ പുറത്താക്കി. അവസരം തരാൻ താൽപര്യമുണ്ടായിരുന്നവരെ യൂണിയനിലെ ആളുകൾ ഭീഷണിപ്പെടുത്തി. ഞാൻ വളർന്ന ഇടം തന്നെ എന്റെ ഉപജീവനം തടയാനും സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും കൂട്ട് നിന്നു.
കത്തികളും പൂച്ചെണ്ടും
തഗ് ലൈഫ് ഓഡിയോ ലോഞ്ചിനു മുൻപും പിൻപും എന്നു ജീവിതത്തെ നിസ്സംശയം വേർതിരിക്കാം. വെറുപ്പും ഭീഷണിയും തെറിവിളികളും ഉണ്ടായിരുന്ന സോഷ്യൽ മീഡിയ ഇൻബോക്സുകളിൽ ഇപ്പോൾ സ്നേഹവും ഐക്യദാർഢ്യവും ഒഴുകിയെത്തുന്നു. പക്ഷേ, ഒരു നിർവികാരതയാണ് എന്നെ പൊതിഞ്ഞിരിക്കുന്നത്. ആയിരം കത്തികൾ കുത്തിയിറക്കി ഒടുവിൽ ഒരു പൂച്ചെണ്ടു നീട്ടിയ പ്രതീതി. അസഭ്യം കേട്ടു ശീലിച്ചതിനാൽ സ്നേഹത്തിന്റെ ഭാഷയോടു പൊരുത്തപ്പെടാനുള്ള കാലതാമസം ആവാം.
നമ്മൾ ഉറ്റുനോക്കുന്നവർ നമുക്കായി നിലകൊള്ളുമെന്ന വിശ്വാസമാണ് ആദ്യം തകർന്നത്. ഇന്നെല്ലാവരും എന്നെ ഉരുക്കുവനിതയെന്നു വിളിക്കുന്നു. പക്ഷേ, സമൂഹത്തിന്റെ അപചയമാണ് ഞാൻ അനുഭവിക്കുന്ന വേദനകളെന്ന് ആരും തിരിച്ചറിയുന്നില്ല. പുരോഗമനം പ്രസംഗിക്കുന്ന, ഫെമിനിസം ബാഡ്ജ് പോലെ അണിയുന്ന ആളുകൾ തന്നെ എന്നെ അപമാനിക്കാൻ മുൻപിൽ ഉണ്ടായിരുന്നു. ഗോവിന്ദ് വസന്ത, ലോകേഷ് കനകരാജ്, പി.എസ്.മിത്രൻ തുടങ്ങിയ കുറച്ചു പേരെങ്കിലും അവസരം തന്നതു കൊണ്ട് എന്റെ ശബ്ദം തുടച്ചു നീക്കപ്പെട്ടില്ല. തഗ് ലൈഫ് റിലീസ് ചെയ്ത ദിവസം ഞാൻ കോടതിയിലായിരുന്നു; എന്റെ വിലക്ക് നീക്കം ചെയ്യാനുള്ള കേസിന്റെ വിചാരണയ്ക്കായി. ആഘോഷിക്കേണ്ട നാളുകളിൽ പോലും പോരാട്ടമാണ്.
# BringBack
ചിന്മയി എന്ന പേരിനൊപ്പം വിവാദങ്ങൾ മാത്രം ചർച്ച ചെയ്തിരുന്ന സമൂഹത്തിൽ, സമൂഹമാധ്യമങ്ങൾ വഴി എനിക്കുണ്ടായ നേട്ടം എന്റെ കഴിവുകൾ കുറെയധികം ആളുകൾ തിരിച്ചറിഞ്ഞു എന്നതാണ്. പല പാട്ടുകളും ഞാൻ പാടിയതാണെന്നു പലരും തിരിച്ചറിയുന്നത് സമൂഹ മാധ്യമങ്ങളിൽ വന്നതിനു ശേഷമാണ്. ബ്രിങ് ബാക്ക് ചിന്മയി, റിമൂവ് ബാൻ ഓൺ ചിന്മയി തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡായി. കഥ മെനയുന്നവർക്കു ഒരു ദിവസം നമ്മുടെ കഴിവുകളെ മറച്ചുവയ്ക്കാൻ കഥകൾ പോരാതെ വരാം. ആ ഒരുദിവസം നമുക്കു ചുറ്റും സ്നേഹിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും.
വേണം പരിഹാരം
കേരളത്തിലെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു പ്രതീക്ഷ ആയിരുന്നു. എന്നാൽ അതിൽ നയപരമായ നടപടികൾ ഉണ്ടാവുന്നില്ല. കേസ് കൊടുക്കാനും തുറന്നു സംസാരിക്കാനും എല്ലാവരും ആഹ്വാനം ചെയ്യും. പക്ഷേ അങ്ങനെ ചെയ്താൽ അവസരങ്ങൾ നഷ്ടപ്പെടും. അപ്രഖ്യാപിത വിലക്കുകൾ നേരിടേണ്ടി വരും. ഏതു തൊഴിലിടത്തും ശക്തമായ പരാതി പരിഹാര സംവിധാനം ഇല്ലാതെ, ജെൻഡർ സെൻസിറ്റിവിറ്റി ഇല്ലാതെ, സ്ത്രീകൾ എങ്ങനെ പൊരുത്തപ്പെടണമെന്നോ, പീഡനത്തെ നേരിടണമെന്നോ ക്ലാസ് എടുത്തിട്ട് കാര്യമില്ല.
ദൈവം തന്ന പൂവേ...
അമ്മയായ സന്തോഷവും എനിക്കു ശക്തി പകരുന്നുണ്ട്. സഹാനുഭൂതിയുള്ള, ആളുകളെ ബഹുമാനിക്കാൻ അറിയുന്ന രണ്ടു വ്യക്തികളായി മക്കളെ വളർത്താനുള്ള യാത്രയിലാണിപ്പോൾ. ഒപ്പം ചെന്നൈയിൽ ഡീപ് സ്കിൻ ഡയലോഗ്സ് എന്ന സ്കിൻ ക്ലിനിക്കും നടത്തുന്നു. എല്ലാത്തിനും പിന്തുണയായി പങ്കാളി രാഹുൽ രവീന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ട്.