‘മിന്നൽവള സങ്കൽപം മറ്റൊരാളുടേത്, ഞാന് പഴയ പാട്ടുസ്കൂളിലെ മാഷൊന്നുമല്ല’ : കൈതപ്രം

Mail This Article
മലയാളിയുടെ പ്ലേലിസ്റ്റിൽ അടുത്തിടെ ഇത്രയും ഹിറ്റായ മറ്റൊരു പ്രണയഗാനമുണ്ടാവില്ല. ഗ്രാമീണമായൊരു അനുരാഗഭാവം കൊണ്ടു ഹൃദയം തൊടുന്ന ഈ വരികളെഴുതിയത് ഒട്ടേറെ പ്രിയ ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ചെറിയൊരിടവേളയ്ക്കു ശേഷം പാട്ടെഴുത്തിലേക്കുള്ള കൈതപ്രത്തിന്റെ മടങ്ങിവരവുകൂടിയായി ‘നരിവേട്ട’ എന്ന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീതം പകർന്ന് സിദ്ധ് ശ്രീരാമും സിതാര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച ഈ ഗാനം. ഗാനരചനാരംഗത്തു നാലു പതിറ്റാണ്ടു പിന്നിടുമ്പോഴും പാട്ടെഴുത്തിലെ പുതുവഴികൾ തിരയുകയാണ് കൈതപ്രം.
മിന്നൽവള എന്നു തുടങ്ങുന്ന വരികളാണല്ലോ ഇപ്പോൾ എല്ലായിടത്തും കേൾക്കുന്നത്?
സന്തോഷം... പക്ഷേ ആ വരികൾ ഏറ്റുപാടി നടക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയാത്തൊരു കാര്യമുണ്ട്. സത്യത്തിൽ മിന്നൽവള എന്ന ആ സങ്കൽപം എന്റേതല്ല. കാളിദാസൻ രഘുവംശ മഹാകാവ്യത്തിൽ പരാമർശിക്കുന്ന ബിംബകൽപനയാണത്. രാവണൻ സീതാദേവിയെ പുഷ്പക വിമാനത്തിൽ തട്ടിക്കൊണ്ടുപോയപ്പോൾ സീതാദേവി നിസ്സഹായയായി കൈകൾ പുറത്തേക്കിട്ടു നിലവിളിച്ചെന്നും അപ്പോൾ ആകാശത്തെ ഇടിമിന്നലുകൾ ആ കൈകളിൽ വളകളണിയിച്ചെന്നും കാളിദാസൻ എഴുതിയിട്ടുണ്ട്. ആ ഭാവനയെ ഈ പാട്ടിലെ പ്രണയത്തിലേക്കു ചേർത്തുവയ്ക്കുകയായിരുന്നു ഞാൻ. പാട്ടെഴുതുന്നവർക്ക് നമ്മുടെ ക്ലാസിക്കുകളിലുൾപ്പെടെയുള്ള അറിവ് നല്ലതാണ്. അപ്പോഴാണ് ഇതുപോലെ സന്ദർഭത്തിനനുസരിച്ച് നല്ല കാവ്യഭംഗിയുള്ള പ്രയോഗങ്ങൾ വരികളിൽ കൊണ്ടുവരാൻ കഴിയൂ.
ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും... എങ്ങനെയാണ് ‘നരിവേട്ട’ എന്ന ചിത്രത്തിൽ പാട്ടെഴുതാൻ തീരുമാനിച്ചത്?
പാട്ടെഴുത്തിൽ അങ്ങനെ ബോധപൂർവം ഇടവേളയെടുത്തെന്നു പറയാൻ കഴിയില്ല. അങ്ങനെ സംഭവിച്ചു പോയതാണ്. ഇതിനകം ഒട്ടേറെ പുതിയ പാട്ടെഴുത്തുകാർ വരികയും ചെയ്തു. എന്നിട്ടും ഞാൻ ഓർമിക്കപ്പെടുന്നു, എന്റെ വരികൾ ഏറ്റുപാടുന്നു എന്നതു തരുന്ന സന്തോഷം ചെറുതല്ല. പുതിയ കാലത്തെ പാട്ടുകൾ വ്യത്യസ്തമാണ്. ജോൺസനും രവീന്ദ്രനുമൊക്കെ വേണ്ടി വരികളെഴുതിയ കാലമല്ല ഇത്. പണ്ടു കൂടുതലും വരികളെഴുതിയ ശേഷം ഈണം നൽകുന്ന രീതിയായിരുന്നു. പിന്നീടു സംഗീതത്തിനു പ്രാധാന്യം കൂടി. സംഗീതം ചിട്ടപ്പെടുത്തിയ ശേഷം വരികളെഴുതിയാൽ മതിയെന്നായി. പിന്നീട് വരികൾതന്നെ വേണ്ടെന്നായി. പക്ഷേ അടിസ്ഥാനപരമായി പാട്ടിനു മാറ്റമൊന്നും വന്നിട്ടില്ല. കാവ്യഭംഗിയുള്ള വരികൾ വേണമെന്നു തോന്നിയതുകൊണ്ടാകാം നരിവേട്ടയുടെ ടീം എന്നെ സമീപിച്ചത്. അതുകൊണ്ട് ഈ ഗാനത്തിനു സംഗീതഭംഗി കുറഞ്ഞിട്ടുമില്ല. സംഗീതം തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം. ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹറിന്റെ അച്ഛൻ എന്റെ സുഹൃത്താണ്. കൊച്ചിയിലെ സ്റ്റുഡിയോയിലേക്കു നേരിട്ടു ക്ഷണിക്കുകയായിരുന്നു. ജേക്സ് ബിജോയ് സംഗീതം നേരത്തെതന്നെ ചിട്ടപ്പെടുത്തിവച്ചിരുന്നു. അതു കേൾപ്പിച്ച് ഏകദേശം ആ മീറ്ററിൽ നിൽക്കുന്ന വരികൾ എഴുതിത്തരാമോ എന്നു ചോദിച്ചു. ഞാൻ എഴുതിക്കൊടുത്തത് അവർക്കിഷ്ടപ്പെടുകയും ചെയ്തു.
ഇപ്പോഴത്തെ പാട്ടെഴുത്തുകാരെയും സംഗീതസംവിധായകരെയും ശ്രദ്ധിക്കാറുണ്ടോ?
തീർച്ചയായും. ഒട്ടുമിക്ക പാട്ടുകളും കേട്ടുപോകാറുണ്ട്. ചിലത് ആവർത്തിച്ചു കേൾക്കാൻ തോന്നാറുമുണ്ട്. പുതിയൊരുതരം സെൻസിബിലിറ്റിയുണ്ട് ന്യൂജൻ പാട്ടുകൾക്ക്. അഭിപ്രായവ്യത്യാസമുള്ള ചില പാട്ടുകളുമുണ്ട്. ട്രെൻഡിങ് ആയതുകൊണ്ടുമാത്രം പാട്ട് നന്നാകണമെന്നോ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നോ ഇല്ല. നല്ല പാട്ടായതു കൊണ്ടു മാത്രം ട്രെൻഡിങ് ആകണമെന്നുമില്ല. പാട്ടിന്റെ ആസ്വാദനം തികച്ചും വ്യക്തിപരമാണ്. വരികൾക്കു പ്രാധാന്യം കുറച്ച് ഉപകരണസംഗീതം മാത്രമായുള്ള പാട്ടുകളും മോശമെന്നു പറയാൻ കഴിയില്ല. പണ്ടും പുല്ലാങ്കുഴലും ഹാർമോണിയവുമൊക്കെ പാടിയിരുന്നു. ഇന്ന് ഉപകരണസംഗീതം കുറച്ചുകൂടി സാങ്കേതികത നിറഞ്ഞതായി മാറി. പാശ്ചാത്യസംഗീതമുൾപ്പെടെ മറ്റു സംഗീതശാഖകളുടെ സ്വാധീനം കൂടുതലായി. ബീറ്റുകൾ വേഗത്തിലായി. പക്ഷേ ഇപ്പോഴും സംഗീതം ബാക്കിയുണ്ട്. പാട്ടെഴുതുന്നയാളുടെ മനസ്സിൽ സംഗീതം ഉണ്ടാകണം. സംഗീതസംവിധായകന്റെ മനസ്സിൽ ഭാഷയുമുണ്ടാകണം. ഈ പാരസ്പര്യത്തിലാണ് നല്ല പാട്ടുകളുടെ ജനനം. നാം എപ്പോഴും ഓർത്തുവയ്ക്കുന്ന എല്ലാ പാട്ടുകളും ഈ പാരസ്പര്യത്തിന്റെ മനോഹാരിതയിൽ പിറന്നതായിരിക്കും.
പുതിയ കാലത്തെ പാട്ടുകളെക്കുറിച്ച്?
(ഉറക്കെച്ചിരിച്ചുകൊണ്ട്) ഞാനങ്ങനെ പഴയ പാട്ടുസ്കൂളിലെ മാഷൊന്നുമല്ല. പാട്ടിനു പുതിയ കാലമെന്നോ പഴയ കാലമെന്നോ ഉണ്ടോ? ആരു ചിട്ടപ്പെടുത്തിയെന്നതോ ഏതു കാലത്തു ചിട്ടപ്പെടുത്തിയെന്നതോ ആസ്വാദനത്തെ ബാധിക്കുന്നില്ല. എല്ലാ ഇഷ്ടങ്ങളും അങ്ങനെയാണ്. ഇഷ്ടങ്ങളാണ് മാറിക്കൊണ്ടിരിക്കുന്നത്. പണ്ടു കൂടുതലും കവിതയുള്ള വരികളായിരുന്നു. ഇന്നതു മാറി. എന്നുകരുതി, കവിതയില്ലാത്ത പാട്ടുകൾ നന്നല്ലെന്നല്ല. ചിലപ്പോൾ പുതിയ തലമുറ പറയുംപോലെ ‘അടിച്ചുപൊളി’ വരികളായിരിക്കും സിനിമയിലെ സന്ദർഭത്തിനു ചേരുക. ചിലപ്പോൾ വരികളൊന്നും കാര്യമായില്ലാതെ ഉപകരണസംഗീതമായിരിക്കും വേണ്ടിവരിക. അതൊക്കെ ഓരോ സിനിമയനുസരിച്ച് വ്യത്യസ്തമായിരിക്കും. പുതിയ കാലത്തിനുവേണ്ടി മുൻപും ഞാൻ പാട്ടെഴുതിയിട്ടുണ്ട്. ന്യൂജൻ പാട്ടുകൾക്കു തുടക്കമിട്ട ജാസി ഗിഫ്റ്റിനുവേണ്ടിയും ഞാൻ വരികളെഴുതി. പുതിയ കാലത്തെ ആർട്ടിസ്റ്റുകൾക്കൊപ്പം പാട്ടൊരുക്കുമ്പോൾ അവരുടെ ആവശ്യത്തിനനുസരിച്ച് ഞാൻ വഴങ്ങിക്കൊടുക്കാറുണ്ട്. കടുംചിട്ടകളൊന്നുമില്ല. പക്ഷേ, നല്ല ഭാഷയുടെ കാര്യത്തിൽ ആർക്കുവേണ്ടിയും ഒരു കോംപ്രമൈസും ചെയ്യാറില്ല. പാട്ടുകൾ കാതുകളെ മാത്രം ഇഷ്ടപ്പെടുത്തിയാൽ പോരാ, അത് ഹൃദയങ്ങളോടും ചേർന്നുനിൽക്കണം. ഭാഷയിലും സംഗീതത്തിലും സ്വരത്തിലും സ്നേഹം ഉണ്ടായിരിക്കണം. അപ്പോഴേ അവയെ നല്ല പാട്ടുകളെന്നു വിളിക്കാൻ കഴിയൂ... ഓർമിക്കാൻ കഴിയൂ... ഏതുകാലത്തും.