Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവി പത്താം ക്ലാസിൽ; കവിത എംഎയ്ക്ക്

എ.കെ. ഫസ്ന

പത്താം ക്ലാസുകാരിയുടെ ഭാവനകൾക്കും വർണനകൾക്കും ഏറെ മുകളിലാണ് ചെറുവാടി ഗവ. ഹൈസ്കൂളിലെ എ.കെ. ഫസ്നയുടെ കവിതകൾ! പത്തിൽ പഠിക്കുന്ന ഫസ്ന ഇതിനകം രചിച്ച കവിതകളാവട്ടെ ഏറെ നിലവാരം പുലർത്തുന്നതും! ഫസ്നയുടെ കവിതകളുടെ ആലങ്കാരികതയും ആവിഷ്കാരവും ശ്രദ്ധയിൽപ്പെട്ട അധ്യാപകരും സഹപാഠികളും ചേർന്ന് ഫസ്നയുടെ കവിതകളുടെ സമാഹാരം മോചനം പ്രസിദ്ധീകരിച്ചതോടെ അടക്കാനാവാത്ത ആഹ്ലാദത്തിലാണ് ഫസ്നയും വീട്ടുകാരും.

ഫസ്ന ഇതിനകം രചിച്ച 40ഓളം കവിതകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 20ഓളം കവിതകളുടെ സമാഹാരമാണ് മോചനം. മോചനം കവിതാ സമാഹരണത്തിന് അവതാരിക എഴുതിയ പ്രസിദ്ധ സാഹിത്യകാരൻ എം.എൻ. കാരശ്ശേരി തന്നെ മോചനം പ്രകാശനം ചെയ്തതു ഫസ്നയ്ക്കും സ്കൂൾ അധികൃതർക്കും ഏറെ ആനന്ദവും നൽകുന്നു. സാഹിത്യത്തിന്റെ പാരമ്പര്യമോ സമ്പർക്കമോ അവകാശപ്പെടാനില്ലാത്ത ചുറ്റുപാടിൽ നിന്നാണ് കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഫസ്നയുടെ കവിതകളും കവിതാ സമാഹാരവും എന്നതാണ് ഏറെ ശ്രദ്ധേയം.

ഇളംപ്രായത്തിൽ തന്നെ ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളിലേക്ക് ഫസ്നയുടെ കവിതകൾ കടന്നുചെല്ലുന്നതായി അവതാരികയിൽ എം.എൻ. കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. സാധാരണമായ അനുഭവങ്ങൾ അസാധാരണമായി ആവിഷ്കരിക്കാൻ ഫസ്നയ്ക്ക് സാധിക്കുന്നു. മദ്യപാനത്തിന്റെ ദൂഷ്യഫലം മൂലം അച്ഛൻ മരണമടഞ്ഞതോടെ അനാഥരായ മക്കളുടെ സങ്കടാവസ്ഥയും നിസ്സഹായാവസ്ഥയും തുറന്നുകാണിക്കുന്നതാണ് ഫസ്നയുടെ ഇതളറ്റ പൂക്കൾ എന്ന കവിത. ഉമ്മറക്കോലായിൽ രണ്ട് പൈതങ്ങൾ, അച്ഛനെ തേടിയലയുന്ന നാല് കണ്ണുകൾ... ഉഷസ്സ് ഒഴുകിപ്പോയി, ഇരുട്ട് പറന്നെത്തി തുടങ്ങിയ വരികളിലൂടെയാണ് കവിതയുടെ തുടക്കം.

വേർപാടിന്റെ നൊമ്പരം, വാടിയുതിർന്ന പൂമൊട്ട്, അക്ഷരങ്ങളെ തഴുകുന്നവർ, ഭൂമി ഗീതം, മനുഷ്യത്വം, മോചനം, കൊഴിഞ്ഞ ബാല്യം, മനസ്സ്, ചിതലരിച്ച സ്വപ്ന ധനം, മാതൃസ്നേഹം, പാഠാലയം തുടങ്ങിയവയാണ് മോചനം കവിതാ സമാഹരത്തിലെ പ്രധാന കവിതകൾ, ഫസ്ന നോട്ടുപുസ്തകത്തിൽ അലക്ഷ്യമായി കുറിച്ചിട്ട കവിതകൾ ഒരു കൂട്ടുകാരി ചെറുവാടി ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപിക എ.എം. സോഫിയയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഫസ്നയുടെ കവിതാ കമ്പം അധ്യാപകരും സഹപാഠികളും അറിയുന്നത്. കൂടുതൽ കവിതകൾ എഴുതാൻ സോഫിയ ടീച്ചർ ആവശ്യപ്പെട്ടതോടെയാണ് ഫസ്നയുടെ കവിതാ വാസന പുറത്താവുന്നത്.

പിന്നെ സ്കൂളിലെ അധ്യാപകരും പിടിഎക്കാരും മുൻകയ്യെടുത്ത് കവിതകളുടെ സമാഹാരം മോചനം പുറത്തിറക്കുകയായിരുന്നു. യുപി ക്ലാസുകളിൽ പഠിക്കുമ്പോഴേ കവിതകൾ ഫസ്നയ്ക്ക് ഹരമായിരുന്നു. സ്കൂൾ തലത്തിലും അല്ലാതെയും നിരവധി മൽസരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയതായി ഫസ്ന പറയുന്നു. സോഫിയ ടീച്ചർ ഉൾപ്പെടെയുള്ളവരുടെ ഉപദേശങ്ങളും നിർദേശങ്ങളും അനുഗ്രഹമായതായും ഫസ്ന പറയുന്നു. ചേന്ദമംഗല്ലൂരിന് സമീപം താത്തൂരിൽ അയ്യപ്പൻകുഴിയിൽ അബ്ദുൽ അസീസിന്റെയും സാജിദയുടെയും മകളാണ് ഫസ്ന. മുക്കത്ത് സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കാവ്യസന്ധ്യയിലും ഫസ്ന തന്റെ കവിത അവതരിപ്പിക്കുകയുണ്ടായി. സിഎംപി കൊടിയത്തൂർ ഏരിയ കമ്മിറ്റിയും ഫസ്നയെ അവാർഡുകൾ നൽകി ആദരിച്ചു

അധ്യാപികമാരുടെയും സഹപാഠികളുടെയും ഒരു കൈ സഹായത്താൽ മോചനം കവിതാ സമാഹാരത്തിന്റെ 500ലേറെ കോപ്പികൾ ഇതിനകം വിറ്റഴിക്കാൻ സാധിച്ചതായി അധ്യാപികയായ എ.എം. സോഫിയ പറഞ്ഞു. പുസ്തകം വിറ്റ് കിട്ടുന്ന പണത്തിൽനിന്ന് പുതിയ പുസ്തകങ്ങളും ഫസ്നയ്ക്ക് വീട്ടിലേക്കാവശ്യമായ സധനങ്ങളും വാങ്ങിക്കുന്നതിന് ചെലവഴിക്കാനും പദ്ധതിയുണ്ട്. യുറീക്കയിലും ഫസ്നയും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചെറുവാടി ഗവ. ഹൈസ്കൂളിലെ അധ്യാപകരും സഹപാഠികളും നാട്ടുകാരും ബന്ധുക്കളും ഫസ്നയുടെ ഉയർച്ചയ്ക്കായി രംഗത്തുണ്ട്. മാതാപിതാക്കളുടെ അകമഴിഞ്ഞ സഹായങ്ങളും ഫസ്നയ്ക്ക് തുണയേകുന്നു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.