Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹദൂതുമായി ഈ രാജഹംസം

Chandralekha

കുറച്ച് കാലം മുമ്പ് വരെ ചന്ദ്രലേഖ നമുക്ക് സിനിമയായിരുന്നു. മോഹൻലാലും ഇന്നസെന്റും ശ്രീനിവാസനുമെല്ലാം തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം. എന്നാലിപ്പോൾ ചന്ദ്രലേഖ നമുക്ക് പാട്ടാണ്... ശ്രുതിമധുരമായൊരു മനോഹര ഗാനം. സിനിമാകഥയെ വെല്ലുന്ന വേഗത്തിലാണ് ചന്ദ്രലേഖ നമ്മുടെ പ്രിയഗായികയായി മാറിയത്. മകനെ ഒക്കത്തിരുത്തി പാട്ടുപാടിയപ്പോൾ ചന്ദ്രലേഖ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല മലയാള സംഗീതലോകത്ത് പുതിയൊരു അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് തന്റെ പാട്ടെന്ന്. പത്തനംതിട്ടയിലെ വടശ്ശേരിക്കരയിലെ വീടിന്റെ ചുവരുകൾക്കിടയിൽ ഒതുങ്ങി നിന്നിരുന്ന ആ മനോഹരശബ്ദം യൂട്യൂബിലൂടെ ലോകം കേട്ടു. രാജഹംസമേ മഴിവിൽ കുടിലിൽ എന്ന ഗാനം ചന്ദ്രലേഖയുടെ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നത് നിരവധി സൗഭാഗ്യങ്ങളാണ്. ആ സൗഭാഗ്യങ്ങളുടെ കൂട്ടത്തിൽ പിന്നണി ഗാന രംഗത്തേയ്ക്കുള്ള പ്രവേശനവുമുണ്ടായിരുന്നു. ചന്ദ്രലേഖ സംസാരിക്കുന്നു.

കാസറ്റിൽ പാടണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം

പാട്ട് ചെറുപ്പം മുതലേ കൂടെയുള്ളതായിരുന്നു. അച്ഛനും സഹോദരങ്ങളുമെല്ലാം സംഗീതത്തിൽ താൽപര്യമുള്ളവരായിരുന്നു. എനിക്ക് പാട്ടുപാടാൻ സാധിക്കും എന്നറിഞ്ഞ അച്ഛൻ വളരെയധികം പ്രേത്സാഹനം നൽകിയിട്ടുണ്ട്. എന്നാൽ അന്ന് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ പറ്റുന്നൊരു അവസ്ഥ ആയിരുന്നില്ല. റേഡിയോയായിരുന്നു അക്കാലത്തെ പ്രധാന കൂട്ടുകാരൻ. എന്നും സ്കൂളിൽ പോകുന്നതിന് മുമ്പ് റേഡിയോയിൽ വരുന്ന ലളിതഗാനങ്ങൾ കേട്ട് പഠിക്കുമായിരുന്നു. അന്നൊക്കെ കാസറ്റിൽ പാടണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.

Chandralekha

അയിരൂർ സദാശിവന്റെ ട്രൂപ്പിൽ ആദ്യ പ്രൊഫഷണൽ ഗാനം

അന്തരിച്ച ഗായകൻ അയിരൂർ സദാശിവന്റെ ഗാനമേള ട്രൂപ്പായ സൂപ്പർ മെലഡിയിൽ പാടിയതായിരുന്നു പ്രൊഫഷണൽ ഗ്രൂപ്പിൽ പാടിയ ആകെപ്പാടെയുള്ള പരിചയം. കൂടാതെ ബന്ധുവായ സുധീർ സ്വന്തമായി ട്യൂൺ ചെയ്ത ഗാനങ്ങൾ എന്നെക്കൊണ്ട് പാടിപ്പിക്കുമായിരുന്നു പിന്നീട് വിവാഹിതയായി ഭർത്താവിന്റെ വീട്ടിൽ വന്നപ്പോഴും സംഗീതം കൂടെയുണ്ടായിരുന്നു. അന്നൊന്നും സംഗീതം പഠിക്കണമെന്നോ സംഗീതമാണ് തന്റെ വഴിയെന്നൊ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ഒരു കുഞ്ഞിന്റെ അമ്മയായപ്പോൾ കൂടുതൽ തിരക്കുകളായി. താരാട്ട് പാട്ടുകളിലും നാമ ജപങ്ങളിലുമായി സംഗീതം ഒതുങ്ങി.

ദർശൻ എന്ന വഴിത്തിരിവ്

ഭർത്താവിന്റെ അനുജൻ ദർശനാണ് ചന്ദ്രലേഖ എന്ന ഗായികയുടെ പിറവിക്കു പിന്നിൽ. ഒരു ഓണത്തിന് ചന്ദ്രലേഖയുടെ ഗാനം മൊബൈലിൽ പകർത്തിയത് ദർശനാണ്. വീട്ടിൽ നിൽക്കുന്ന വേഷത്തിൽ, കുട്ടിയേയും ഒക്കത്തുവച്ച് പഴയൊരു ചുമരിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന വീട്ടമ്മ വെറുതെ പാടിയ പാട്ടിന്റെ മികവാണ് ആസ്വാദകമനസ്സു കീഴടക്കിയത്. ഏഴാംകടലും കടന്ന് തന്റെ സ്വരമാധുരി ചെന്നെത്തിയെന്ന് ചന്ദ്രലേഖ മനസ്സിലാക്കിയത് അവിടുന്നൊക്കെ ഫോൺ വിളികൾ തേടിയെത്തിയപ്പോഴാണ്. യൂട്യൂബിൽ ഗാനമിട്ട് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് അത് ഹിറ്റായത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പാട്ടുകേട്ടു വിളിച്ചു. പിന്നീട് നടന്നതെല്ലാം സ്വപ്നം പോലെയാണ്.

Chandralekha Singing Rajahamsame

ചിത്രചേച്ചിയുടെ പിന്തുണ വളരെ വലുത്

ചിത്രചേച്ചിയോട് വലിയ ആരാധനയാണ്, അതുകൊണ്ട് തന്നെയാണ് രാജഹംസമേ എന്ന ഗാനം അന്ന് പാടിയത്. മഴവിൽ മനോരമയുടെ ഒരു പരിപാടിയിൽ വെച്ച് ചിത്രചേച്ചിയുടെ കൂടെപാടാൻ ലഭിച്ച അവസരം ഒരു സ്വപ്നം പോലെയാണ് കാണുന്നത്. നല്ല പിന്തുണയാണ് ചിത്രച്ചേച്ചി നൽകുന്നത്. ചിത്രചേച്ചി മാത്രമല്ല സംഗീത ലോകത്തെ എല്ലാവരും. ആദ്യ സിനിമാ ഗാനം പാടാൻ അവസരം തന്ന സംഗീതസംവിധായകൻ ഡേവിഡ് ഷോൺ, വീട്ടുകാർ തുടങ്ങി എല്ലാവരും നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്.

പാടിന്റെ വഴിയെ വരാൻ അൽപം ബുദ്ധിമുട്ടി

ഗാനം കേട്ട് മനഃപാഠമാക്കി അത് അങ്ങനെ തന്നെ പാടാൻ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. സ്റ്റുഡിയോയിൽ എങ്ങനെ പാടണം എന്നൊന്നും അന്ന് അറിയില്ലായിരുന്നു. പിന്നീട് രണ്ട്, മൂന്ന് പാട്ടുകൾ പാടിയതിന് ശേഷമാണ് ഇതൊക്കെ മനസിലായത്. ഭക്തിഗാനങ്ങളും ആൽബങ്ങളും പാടിയിട്ടുണ്ട്. മലയാളവും തമിഴും അടക്കം രണ്ട് ചിത്രങ്ങളിലും പാടി എന്നാൽ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു.

Chandralekha

പ്രവാസികൾക്ക് നന്ദി

കുഞ്ഞും ഭർത്താവും വീടും എന്ന ചെറിയ ലോകത്ത് ഒതുങ്ങേണ്ടിയിരുന്ന എന്നെ നിങ്ങൾ ഗായികയായി കാണുന്നുണ്ടെങ്കിൽ അതിൽ നന്ദി പറയേണ്ടത് വിദേശത്തും സ്വദേശത്തുമുള്ള മലയാളികളോടാണ്, അവർ തന്ന പിന്തുണ ഒരിക്കലും മറക്കാനാവില്ല. രാജഹംസേ യൂട്യൂബിൽ ഹിറ്റായി മാറിയതോടെ ദിവസവും നിരവധി പേർ എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

പാട്ട് പഠിക്കണം എന്ന ആഗ്രഹം ഇപ്പോഴും ബാക്കി

സംഗീതം ശാസ്ത്രീയമായി പഠിക്കണം എന്ന ആഗ്രഹം ഇപ്പോഴും നിലനിൽക്കുന്നു. താൻ പാടുന്നത് എല്ലാവരുടേയും പിന്തുണകൊണ്ടാണ്. സംഗീതസംവിധായകരും മറ്റുള്ളവരും തരുന്ന അകമഴിഞ്ഞ പിന്തുണയാണ് ചന്ദ്രലേഖ എന്ന ഗായിക. രാഗങ്ങളും താളങ്ങളുമെല്ലാം ശരിയായി പഠിക്കണമെന്ന ആഗ്രഹം ഇപ്പോഴും ബാക്കിയാണ്.

Chandralekha

കിട്ടിയ അവസരങ്ങളിൽ തൃപ്ത

എന്റെ ചെറിയ ലോകത്ത് നിന്ന് ഇത്ര അധികം ദൂരം എത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. പാട്ടുപാടാൻ ഇഷ്ടമാണെന്നല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ലായിരുന്നു. ഒരു കാസറ്റിലെങ്കിലും പാടുക എന്ന സ്വപ്നത്തിൽ നിന്ന് ഒരുപാട് ദൂരം പിന്നിട്ടു അതുകൊണ്ട് കിട്ടിയതെല്ലാം ബോണസ് എന്ന് മാത്രമേ കരുതുന്നുള്ളു. എല്ലാത്തിനും ദൈവത്തിന് നന്ദി പറയുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇത്രവരെയെങ്കിലും എത്താൻ സാധിച്ചത്.

ഒരാഴ്ച്ചകൊണ്ടാണ് ചന്ദ്രലേഖയുടെ ജീവിതം മാറിമറിഞ്ഞത്. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് താരമായി വളർന്നൂ ഈ പത്തനംതിട്ടക്കാരി. മലയാളിയുടെ ഇഷ്ടഗായികയായി മാറിയിട്ടും ഈ വീട്ടമ്മ തന്നെ ഇത്രയും ദൂരം എത്തിച്ചവരെ മറക്കാതെ ഓർക്കുന്നു, ഏറ്റവും വിനയത്തോടും സ്നേഹത്തോടും.