Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന് പുതിയൊരു പാട്ടുകാരി

aparna-marar അപർണ

കുട്ടിക്കൂട്ടങ്ങൾക്കിഷ്ടമായ താളത്തിനൊത്ത് നിഷ്കളങ്കത്വം തുളുമ്പുന്ന വരികളുടെ ശബ്ദമായതിന്റെ സന്തോഷത്തിലാണ് അപർണ. 'നമുക്കൊരേ ആകാശത്തിലെ' കണ്ണാരം പൊത്തിക്കളിച്ചെന്ന പാട്ടുപാടി മലയാള ‌സിനിമാ സംഗീതത്തിലേക്കെത്തിയ ഗായിക. ഗാനവും അപർണയുടെ ശബ്ദവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. പത്മാ സുബ്രഹ്മണ്യത്തിനു കീഴിൽ നൃത്തമഭ്യസിക്കുന്ന, ഭർത്താവിനൊപ്പം ഐടി കമ്പനിയുടെ തലപ്പത്തിരിക്കുന്ന അപർണയുടെ ജീവിതവും കലാജീവിതവും ഒരുപിടി വ്യത്യസ്തകളുടേതാണ്. പാട്ടിനപ്പുറമുള്ള ലോകത്തെ കുറിച്ചു പാട്ടുവന്ന വഴിയെ കുറിച്ചും അപർണയ്ക്ക് പറയാനുള്ളത്...

ഗസൽ ഗീതം കണ്ണാരം പൊത്താൻ എത്തിയപ്പോൾ

കണ്ണാരം പൊത്തി പൊത്തിയെന്ന ഗാനത്തിന്റെ രചയിതാവ് ഡോ സി രാവുണ്ണിയാണ് അപർണയ്ക്ക് ചലച്ചിത്ര ഗാനരംഗത്തേക്കുള്ള വഴിയൊരുക്കിയത്. അപർണയുടെ ഗസൽ കേട്ട അദ്ദേഹം തന്റെ ഗാനം പാടാൻ ക്ഷണിച്ചത്. വ്യത്യസ്തമായ എല്ലാവർക്കും പാടിക്കളിക്കാവുന്ന ഗാനത്തിൽ ഒരു വ്യത്യസ്ത ശബ്ദം വേണമായിരുന്നു. അങ്ങനെ അപർണ നമുക്കൊരേ ആകാശത്തിലൂടെ തന്റെ ആദ്യ സിനിമാ ഗാനം പാടി.

ഒരുവയസുകാരനായ ആരാധകൻ

അപ്രതീക്ഷിതമായി കിട്ടിയ പാട്ടിന് അഭിനന്ദനങ്ങൾ ഏറെയായിരുന്നു. ഒരു വയസുകരാനായ മകൻ ഫോണിൽ പാട്ട് നിർത്താനേ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് സുഹൃത്തിന്റെ കോൾ മറക്കാനാകാത്തതായിരുന്നു. കവിത തുളുമ്പുന്ന പാട്ടിന് കവികളുടെ വകയും സന്തോഷം സ്നേഹവും ഏറെക്കിട്ടി.

Kannaram Pothi Pothi - Namukkore Akasam

പകരം വയ്ക്കാതെ ഒപ്പത്തിനൊപ്പം

നാലു വയസു മുതൽ നൃത്തമഭ്യസിക്കുകയാണ് അപർണ. പാട്ടും പഠിക്കുന്നുണ്ട്. മുത്തച്ഛനായ ചെതലി രാമമാരാർ തായമ്പകയിലെ പ്രഗത്ഭരിലൊരാൾ. അതുകൊണ്ടാകണം ഡോക്ടറായ അമ്മയ്ക്കും എഞ്ചിനീയറായ അച്ഛനും ഇഷ്ടമുള്ളതിനൊപ്പം മകൾ നിൽക്കുന്നതിൽ പൂർണ സമ്മതമായിരുന്നു. അങ്ങനെ താളത്തിന്റെയും ലയത്തിന്റെയും ലോകത്തേക്കെത്തി. കലയുടെ ലോകത്തായിരുന്നുവെങ്കിലും പഠനത്തിലൊരു വിട്ടുവീഴ്ചയ്ക്കും അപർണ തയ്യാറല്ലായിരുന്നു.

എഞ്ചിനീയറിങിൽ റാങ്കോടെ ബിരുദാനന്തര ബിരുദം. രണ്ടു തവണ കോഴിക്കോട് സർവകലാശാലയുടചെ കലാതിലകം. സംഗീത നാടക അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരം. കലയ്ക്കു പിന്നാലെ പോകണമെങ്കിൽ പഠനത്തിൽ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നത് പാഴ്ചിന്തയാണെന്ന് അപർണ പറയുന്നു. ജീവിതത്തിലെന്നും വ്യത്യസ്തമാകണമെന്ന വാക്യമാണ് ഇതിനെല്ലാം വഴിയൊരുക്കിയത്. തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒപ്പംകൊണ്ടുപോയത് ഇപ്പോൾ വലിയ കാര്യമായി തോന്നുന്നില്ലെങ്കിലും ഒന്നും വിട്ടുകളയേണ്ടി വരാത്തതിൽ അഭിമാനമുണ്ട് അപർണയ്ക്ക്.

മൾട്ടി ഡൈമൻഷണൽ എഞ്ചിനീയറിങ്

എന്തിനാണ് എഞ്ചിനീയറിങ് പഠിച്ചത് വേറെ ഇത്രയും കഴിവുണ്ടായിട്ട് എന്നു ചോദിക്കുന്നവരോട് അപർ‌ണയ്ക്ക് ആത്മവിശ്വാസത്തോടെ പറയുവാൻ ഒന്നുണ്ട്. കലയേയും ജീവിതത്തേയും വ്യത്യസ്ത തലങ്ങളിൽ നിന്ന് നോക്കിക്കാണുവാനും ചിന്തിക്കുവാനും പഠിപ്പിച്ചത് എഞ്ചിനീയറിങ് പഠനകാലം തന്നെയായിരുന്നു.

aparna അപർണ

ആസ്വാദനത്തിനു മാത്രമുള്ളതല്ല കല

പത്മാ സുബ്രഹ്മണ്യത്തിനു കീഴിൽ നൃത്തമഭ്യസിക്കുന്ന അപർണ അമേരിക്കയിലുള്ള ഒരു സർവ്വകലാശാലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഡാൻസ് തെറാപ്പിയിൽ ക്ലാസുമെടുക്കുന്നുണ്ട്. നൃത്തത്തിലൊതുങ്ങുന്നില്ല അപർണ. വൈദ്യനാഥ ഭഗവതരുടെ കീഴിൽ കർണാടിക്കും വിജയ് ഫുർസെന്നിന്റെ കീഴില്‍ ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട്. ലളിത സംഗീതത്തിൽ സണ്ണി പി ഫോണെറ്റാണ് ഗുരു. പഠിച്ചതെല്ലാം ബിരുദങ്ങളുടെയും അവാർഡുകളുടെയും പട്ടികക്കണക്കിലേക്ക് കൂട്ടിവയ്ക്കാൻ മാത്രമാകരുതെന്നുണ്ട് അപർണയ്ക്ക്. കലാഭാരതി എന്ന പേരിൽ തൃശൂരിൽ എൻജിഒ തുടങ്ങിയത് അതിനാണ്.

എല്ലാവർഷവും കലാഭാരതിയുടെ നൃത്ത സംഗീതോത്സവും നടത്താറുണ്ട്. നല്ല കഴിവുള്ള കലാകാരൻമാർക്കായുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യം. കലയ്ക്കായി ജീവിതമുഴിഞ്ഞു വച്ച പക്ഷേ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കായി ആശ്രയ നിധിയെന്ന മറ്റൊരു ദൗത്യവും. കലയിലൂടെ സമൂഹവുമായി നല്ല കാര്യങ്ങൾ സംവദിക്കണമെന്നും നല്ലതു ചെയ്യണമെന്നുമാണ് ഏറ്റവും വലിയ ആഗ്രഹവും. കല എനിക്കെന്തു തരുന്നു എന്നുള്ളതില്ല. എനിക്കെന്ത് തിരികെ കൊടുക്കാൻ കഴിയുന്നുവെന്നതിലാണ് കാര്യം. അപർണ പറയുന്നു.

മതത്തിനപ്പുറം, കൂട്ടുചേർന്ന്

അപർണ മാരാർ അപർണ ഷബീർ ആണിപ്പോൾ. സർവ്വകലാശാലയുടെ കലാതിലകത്തിന് സിൻഡിക്കേറ്റ് മെംബറുമായുള്ള പ്രണയത്തിന് മതം വേലിക്കെട്ടായില്ല. വീട്ടുകാരും ഒപ്പംനിന്നു. ബാംഗ്ലൂരിൽ ഒരു ഐടി കമ്പനി നടത്തുകയാണ് ഷബീർ ഇപ്പോൾ. അപർണയുടെ ഏറ്റവും വലിയ പിന്തുണയും വിമർശകനും ഈ ആൾ തന്നെ. ദിയ എന്ന ഒരു വയസുകാരി മകളുമുണ്ട്. ഭർത്താവിനൊപ്പം ബാംഗ്ലൂരും തൃശൂരുമായി ജീവിതം മുന്നോട്ടുപോകുന്നു.