Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹേമന്തമൊഴുക്കിയ വരികൾ

BK Harinarayanan ബി കെ ഹരിനാരായണൻ

ലളിതവും സുന്ദരവുമായ വരികൾ കൊണ്ടൊരുക്കിയ മനോഹരമായൊരു ഗീതമാണ് ഹേമന്തമെൻ കൈക്കുമ്പിളിൽ. അതിമനോഹരമായ സംഗീതവും ഗൃഹാതുരുത്വത്തെ തൊട്ടുണർത്തുന്ന ദൃശ്യങ്ങളും കൂടിച്ചേർന്നപ്പോൾ കേൾക്കാൻ സുഖമുള്ളൊരു അനുഭവമായി മാറി കോഹീനൂറിലെ ഈ ഗാനം. ഹേമന്തം കൈക്കുമ്പിളിൽ നൽകിയ നിലാപൂവിനെ വരികളാക്കിയത് ഹരിനാരായണനാണ്. ഓലേഞ്ഞാലി കുരുവീയും കാറ്റുമൂളിയോ പ്രണയവും, നിലാകുടമേയും, അമ്പാഴം തണലിട്ട വഴികളിലുമെല്ലാം നമുക്ക് മുന്നിൽ അവതരിപ്പിച്ച അതേ ഹരിനാരായണൻ. കവിത തുളുമ്പുന്ന വരികൾകൊണ്ടും ഗൃഹാതുരുത്വം തുളുമ്പുന്ന പാട്ടുകൾകൊണ്ടും മലയാളിയുടെ പ്രിയ ഗാനരചയിതാവായ ബി കെ ഹരിനാരായണന്റെ വരികളിലൂടെ.

എല്ലാ ഗാനത്തിലും സംഗീതസംവിധായന്റേയും സംവിധായകന്റേയും കൈയ്യൊപ്പുണ്ട്

വരികളുടെ സന്ദർഭം സംവിധായകന്റെ കൈയിലും ഈണം സംഗീതസംവിധായകന്റെ കൈയ്യിലും ഭദ്രമാകുമ്പോൾ അവർ പറയുന്ന വഴിയേ സഞ്ചരിച്ചാൽ മതി. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എഴുതുന്ന ഓരോഗാനത്തിലും സംഗീതസംവിധായകന്റേയും സംവിധായകന്റേയും കൈയ്യൊപ്പുണ്ട്. അവരിൽ നിന്നുള്ള അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് എഴുതാൻ ശ്രമിക്കുന്നത്. ഒരു പാട്ടെഴുത്തുകാരനെക്കാൾ കൂടുതൽ സിനിമയുമായി അടുത്ത് നിൽക്കുന്നവരാണ് സംഗീതസംവിധായകനും, സംവിധായകനും, തിരക്കഥാകൃത്തുകളും അതുകൊണ്ട് അവരുടെയെല്ലാം അഭിപ്രായങ്ങൾ സിനിമയ്ക്ക് ഗുണമേ ചെയ്യു എന്നാണ് കരുതുന്നത്. ഞാൻ എഴുതുന്ന ഗാനത്തിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത വരുന്നുണ്ടെങ്കിൽ അതിൽ സംവിധായകനും, സംഗീതസംവിധായകനും വ്യക്തമായ പങ്കുണ്ട്.

BK Harinarayanan

മെലഡികൾക്കാണ് ഫാൻസ് കൂടുതൽ

എല്ലാക്കാലത്തും മെലഡിയോട് മലയാളികൾക്കൊരു പ്രത്യേക മമതയുണ്ട് അതുകൊണ്ട് തന്നെയാണ് പഴയകാല മെലഡികളെ നാം ഇന്നും ഓർത്തിരിക്കുന്നത്. ബിച്ചു തിരുമലയുടെ നീലജലാശയത്തിൽ എന്ന ഗാനവും പടകാളി ചങ്കിചങ്കടി എന്ന രണ്ട് ഗാനങ്ങൾ തന്നെ എടുത്താൽ മതി. ഒരിക്കലും എളുപ്പമെഴുതാൻ പറ്റുന്ന ഗാനമല്ല പടകാളി ചങ്കിചങ്കടി പക്ഷെ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് നീലജലാശയത്തിലല്ലേ? അതുപോലെ തന്നെയാണ് ഇപ്പോഴും പല പാട്ടുകളും വളരെ പരിശ്രമിച്ച് എഴുതുന്നതായിരിക്കും എന്നാൽ മെലഡികളോടാണ് ആളുകൾക്ക് പ്രിയം.

പ്രണയത്തിനെന്നും പുതുമ

ഒരു ആണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് എത്രകണ്ടാലും മനുഷ്യർക്ക് മടുക്കില്ല, അതുതന്നെയാണ് പ്രണയഗാനങ്ങളുടെ കാര്യത്തിലും. അതേ സൈക്കോളജി തന്നെയാണ് ഹേമന്തമെൻ എന്ന പുതിയ ഗാനത്തിലും. എൺപതുകളിലെ ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഈണവും ദൃശ്യങ്ങളും കൂടിച്ചേർന്നപ്പോഴാണ് ഗാനം ശ്രദ്ധേയമായത്.

BK Harinarayanan

ആദ്യം വരികൾ ശ്രദ്ധിക്കപ്പെടണം

വേഗത്തിലോടുന്ന ലോകമാണിപ്പോൾ, ആർക്കും അധികം സമയമില്ല. അതുകൊണ്ട് ആദ്യത്തെ വരികൾ ശ്രദ്ധിക്കപ്പെട്ടാൽ മാത്രമേ പാട്ടുകൾ ശ്രദ്ധിക്കപ്പെടുകയുള്ളു. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സംവിധായകരും ആവശ്യപ്പെടുന്നത് ശ്രദ്ധിക്കപ്പെടുന്ന വരികളായിരിക്കണം അല്ലെങ്കിൽ എന്തെങ്കിലുമൊരു പുതുമ വേണം എന്നാണ്. അതുകൊണ്ട് തന്നെ വരികൾക്ക് വ്യത്യസ്ത കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

ആദ്യത്തെ ഒരുവരി ഹിറ്റായാൽ..

ആദ്യ ഒരു വരി ശ്രദ്ധിക്കപ്പെട്ടാൽ ഗാനം ഹിറ്റാകും എന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിന് ധാരാളം അവസരമുള്ള ഈ കാലത്ത് ഗാനങ്ങളുടെ വരികൾക്കും ഈണത്തിനും എന്തെങ്കിലും പ്രത്യേകതകളുണ്ടെങ്കിൽ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളു. ഒരു ഗാനം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉടൻ അടുത്ത ഗാനത്തിലേക്ക് പോകാം. പണ്ട് റേഡിയോയിൽ നിന്ന് ഒരു പാട്ട് കേൾക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥകളുണ്ടായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല. ഗാനത്തെതേടി നാം പോകുന്ന സ്ഥിതിമാറി എന്നെ ശ്രവിക്കൂ എന്ന് പറഞ്ഞ് ഗാനം നമ്മേ തേടി വന്നുതുടങ്ങി. കാലഘട്ടത്തിന്റേതായ മാറ്റം ഗാനങ്ങളിലും അതിന്റെ വരികളിലും വന്നിട്ടുണ്ട്.

ഒലേഞ്ഞാലി കുരുവി...

ഗാനങ്ങളുടെ നിലനില്‍പ് കാലം തീരുമാനിക്കും

കുറേ കാലം ഒരു പാട്ട് കേൾപ്പിക്കുക എന്നതായിരുന്നു നേരത്തെയുള്ള ഗാനത്തിന്റെ ധർമ്മം. എന്നാൽ ഇന്ന് കുറച്ചുകാലം കൊണ്ട് കൂടുതൽ ആളുകളെ കേൾപ്പിക്കുക എന്നതാണ് പാട്ടുകളുടെ ധർമ്മം. കാലതിവർത്തി എന്നതിനപ്പുറം കാലത്തിൽ നിലനിൽക്കുക എന്നതാണ് ഇപ്പോഴത്തെ പാട്ടുകളുടെ ധർമ്മം എന്നാണ് കരുതുന്നത്. പിന്നെ ഇന്നത്തെ പാട്ടുകളെ കാലാതിവർത്തിയായി എങ്ങനെ കാണുന്നു എന്നത് കാലമാണ് കാണിച്ചു തരേണ്ടത്.ഇപ്പോഴത്തെ ഹിറ്റ് ഗാനം ഇരുപതുവർഷത്തിന് ശേഷം ആളുകൾ കേൾക്കുമോ ഇല്ലയോ എന്ന തീരുമാനിക്കുന്നത് കാലമാണ്. ഒരു ഗാനരചയിതാവെന്ന നിലയിൽ ഇപ്പോൾ ആളുകൾ കേൾക്കുന്ന ഗാനം രചിക്കുക എന്നതാണ് ധർമ്മം.

ഈണത്തിന് അനുസരിച്ച് വരികൾ

ഈണത്തിന് അനുസരിച്ച് വരികൾ എഴുതുക എന്നത് മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമകളിലെല്ലാം തുടരുന്ന പ്രക്രിയയാണ്. ഞാൻ എഴുതിത്തുടങ്ങിയത് ഈണത്തിന് അനുസരിച്ചാണ്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള എഴുത്ത് അധികം ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഒരു സ്ഥലത്ത് പാട്ടിന്റെ വരികളിലെ സംഗീതത്തെ സംഗീതസംവിധായകൻ കണ്ടെത്തുമ്പോൾ മറ്റേ സ്ഥലത്ത് സംഗീതത്തിലുള്ള വരികളെ കണ്ടെത്തുന്നു.

വാസൂട്ടൻ...

ഏതു തരത്തിലുള്ള പാട്ടുകളും എഴുതും

ഒലേഞ്ഞാലി കുരുവി, കാറ്റ് മൂളിയോ എന്നീ പാട്ടുകളാണ് കരിയറിൽ ബ്രേക്ക് നൽകിയത്. അതുകൊണ്ട് തന്നെ പ്രണയ പാട്ടുകൾ മാത്രം എഴുതുന്ന ഒരാളാണ് ഞാൻ എന്ന് തെറ്റിധരിക്കരുത്. പ്രണയവും ആത്മീയതയും യുവ തലമുറയ്ക്ക് ഇഷ്ടമുള്ള ചടുലമായ പാട്ടുകളും തുടങ്ങി സംവിധായകൻ എന്നിൽ വിശ്വസിച്ച് ഏൽപിക്കുന്ന എല്ലാത്തരത്തിലുള്ള പാട്ടുകളും എഴുതാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്.

വാസൂട്ടനിലെ ആത്മവിശ്വാസം

ഗോപിസുന്ദറാണ് വാസൂട്ടൻ എന്ന ഗാനത്തിന്റെ ഐഡിയ പറയുന്നത്. തൃശൂർ പരിസരത്ത് ജീവിക്കുന്നതുകൊണ്ട് തൃശൂർ ഭാഷയിൽ എഴുതാൻ സാധിക്കും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഇപ്പോൾ കോട്ടയം ഭാഷയിലോ തിരുവനന്തപുരം ഭാഷയിലോ ഗാനം എഴുതാൻ ആവശ്യപ്പെടുകയാണെങ്കിൽ വാസൂട്ടൻ പോലെ എളുപ്പത്തിൽ എഴുതാൻ സാധിക്കുമായിരുന്നില്ല. തൃശൂരിന്റെ സംസാരശൈലിയിലുള്ള പദങ്ങൾ തന്നെയാണ് ഗാനത്തിൽ ഉപയോഗിച്ചത്.

Gopi Sunder - BK Harinarayanan

പരിശ്രമിച്ചെഴുതിയ ഗാനമാണ് ഹേമന്തമെൻ

എൺപതുകളിലെ ഒരു സാഹചര്യത്തിനാണ് ഗാനം എഴുതേണ്ടതെന്നാണ് പറഞ്ഞിരുന്നത്. ഒട്ടും ആയാസമില്ലാതെ പാടാൻ സാധിക്കുന്ന വരികളായിരിക്കണമെന്നും ഒരു പ്രാവശ്യം കേട്ടാൽപോലും ശ്രദ്ധിക്കുന്ന തരത്തിലുള്ള വരികളായിരിക്കണം എന്നുമായിരുന്നു കോഹിനൂരിന്റെ സംവിധായകൻ വിനയ് ഗോവിന്ദും സംഗീതസംവിധായകൻ രാഹുൽ രാജും പറഞ്ഞത്. അതുകൊണ്ട് തന്നെ ഒരുപാടു പ്രാവശ്യം എഴുതിനോക്കിയതിന് ശേഷമാണ് ഹേമന്തമെന്നിൽ എത്തുന്നത്. അത് എല്ലാവർക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്.

ഹേമന്തമെൻ...

അധികം ഉപയോഗിക്കാത്ത വാക്കുകൾ

നമുക്ക് കേട്ട് പരിചയമുള്ള എന്നാൽ ഇപ്പോൾ അധികം ഉപയോഗിക്കാത്ത വാക്കുകൾ ഗാനത്തിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഒരു പ്രാവശ്യം കേട്ടാൽ തിരിച്ചറിയാൻ സാധിക്കുന്ന വാക്കുകൾ ഗാനത്തിന് ഗുണം ചെയ്യും എന്നാണ് കരുതുന്നത്. ഉമ്മറത്തെ, അമ്പഴം, ഓലേഞ്ഞാലി കുരുവി തുടങ്ങിയ വാക്കുകൾ അത്തരത്തിലുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

ഓരോ ഗാനവും പുതിയ അനുഭവങ്ങളാണ്

ഒരുമിച്ച് നിരവധി തവണ ജോലിചെയ്തിട്ടുള്ള സംഗീതസംവിധായകനാണെങ്കിലും സംവിധായകനാണെങ്കിലും പുതിയ ഗാനം എപ്പോഴും ഒരു വെല്ലുവിളിയാണ്. ആദ്യത്തെ ഗാനത്തിൽ ജോലി ചെയ്യുന്നപോലെ തന്നെ അമ്പരപ്പോടും ഭയത്തോടും കൂടിതന്നെയാണ് ഗാനം എഴുതാൻ തുടങ്ങുന്നത്. എന്റെ മുന്നിൽ പുതിയ ആളുകളാണ് എന്ന ചിന്തയോടുകൂടിയാണ് ജോലി ചെയ്യാറ്.

*ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്