Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തിൻ മധുപാത്രം തുറന്ന് എം ജയചന്ദ്രൻ

M Jayachandran എം ജയചന്ദ്രൻ

റെയിൽ തെറ്റിയോടുന്ന തീവണ്ടിയെന്നാണ് ദേവരാജൻ മാഷ് എം ജയചന്ദ്രന് നൽകിയ വിശേഷണം. അത് വേറൊന്നും കൊണ്ടായിരുന്നില്ല. പാട്ടുകാരനാകണോ സംഗീത സംവിധായകനാകണോ എന്ന മാഷിന്റെ ചോദ്യത്തിന് സംവിധാനം മതിയെന്ന് ഉറച്ചു നിന്നതുകൊണ്ടായിരുന്നു. എം ബി ശ്രീനിവാസൻ സംഗീത സംവിധാനം ചെയ്യുന്നത് കണ്ട അനുഭവമാണ് സംഗീത സംവിധാനത്തിലെ ക്രിയേറ്റിവിറ്റിയെ പരിചയപ്പെടുത്തിയത്. നാലു വർഷം തുടർച്ചയായി കർണാടിക് സംഗീതത്തിൽ സർവകലാശാല ജേതാവായിരുന്ന ആളിൽ സംവിധാന മോഹമുണ്ടാകുന്നത് അങ്ങനെയാണ്. ആദ്യമായി വസുധ എന്ന സിനിമയിൽ ചിത്രയ്ക്കൊപ്പം പാടിയപ്പോൾ ആ തീരുമാനം ശരിയായിരുന്നുവെന്ന് മനസിലായി തന്നിലെ പാട്ടുകാരന് പരിമിതികളുണ്ട്.

ഒരു കലാകാരന് സ്വന്തം കലയിൽ പ്രാവീണ്യം നേടണമെങ്കിൽ വേണ്ടത് ഗുരുത്വമാണ്. കഴിഞ്ഞ ഇരുപത് വർഷത്തെ തന്റെ അനുഭവങ്ങൾ അതാണ് പഠിപ്പിച്ചത്. ഗുരുത്വമാണ് തന്നെ നിലനിർത്തുന്നത്. മുല്ലമൂട് ഭാഗവതർ ഹരിഹര അയ്യരും, പെരുമ്പാവൂർ ജി രവീന്ദ്രനാഥും നെയ്യാറ്റിൻകര മോഹന ചന്ദ്രനും സണ്ണി വത്സവും വൽസൻ സിങുമെല്ലാം ഗുരുത്വത്തിന്റെ അനുഗ്രഹം തന്നു. അഞ്ചാം വയസിൽ ഹരിഹര അയ്യർക്ക് കീഴിൽ തുടങ്ങിയ സംഗീത പഠനം ഇന്നും തുടരുന്നു. പത്തൊമ്പത് വർഷം നെയ്യാറ്റിൻകര മോഹന ചന്ദ്രൻ സാറിനൊപ്പമാണ് സംഗീതം പഠിച്ചത്. സ്നേഹസമ്പന്നനായ ആ ഗുരുവാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.

M Jayachandran എം ജയചന്ദ്രൻ

മകനെപ്പോലെ സ്നേഹിച്ച ദേവരാജൻ മാഷിനൊപ്പം, താനേറെ ആദരിക്കുന്ന സംഗീത സംവിധായകനൊപ്പം പ്രവർത്തിക്കാനായത് മറ്റൊരു ഭാഗ്യം, അപൂർവ ഭാഗ്യം തന്നെയാണത്. ആദ്യമായി സിനിമാ ഗാനത്തിന്റെ റെക്കോഡിങ് കാണുന്നത് മാഷിനൊപ്പമാണ്. ആ സ്റ്റുഡിയോയിൽ വച്ച് അവിചാരിതമായി യേശുദാസിനെ കണ്ടതും നിനക്കെന്നെ അറിയാമോടാ എന്നു ചോദിച്ച് ഗിരീഷ് പുത്തഞ്ചേരിയെന്ന നല്ല സുഹൃത്ത് കടന്നുവരുന്നതും. പുത്തഞ്ചേരിയുമായുള്ള പരിചയം സിനിമയിലേക്കുള്ള എൻട്രിയായിരുന്നു. തനിക്കു വേണ്ടി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിതന്നയാളായിരുന്നു ഗിരിഷ്‌ ചേട്ടനെന്ന് എം ജയചന്ദ്രന്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. തന്നിലെ പാട്ടുകാരനെ വളര്‍ത്തിയത് കെ എസ് ചിത്ര ചേച്ചിയും ഭര്‍ത്താവ് വിജയന്‍ ചേട്ടനുമാണെന്ന് ചിത്ര ചേച്ചിക്കും ഭർത്താവിനുമൊപ്പം അവരുടെ സ്റ്റുഡിയോയിൽ പ്രവർത്തിക്കാനായത് വലിയ അനുഭവ സമ്പത്താണ്‌ തനിക്ക് നല്‍കിയത്. അവിടെ നിന്നും ഒരു സംഗീത സംവിധായകന്‍ മോള്‍ഡ് ചെയ്യപ്പെടുകയായിരുന്നു.

പുതിയ തലമുറയിൽ നല്ല കഴിവുള്ള കുട്ടികൾ ഏറെയുണ്ട്. റിയാലിറ്റി ഷോകളും മറ്റും സജീവമായ കാലത്ത് നല്ല പാട്ടുകാർക്ക് പ്രശസ്തി എളുപ്പം കിട്ടും, സംഗീതത്തോടുള്ള അർപ്പണ ബോധം ആ പ്രശസ്തിക്കു മുന്നിൽ കുറയുന്നുവോ എന്ന സംശയമുണ്ട്. ബാൻഡുകളായാലും അങ്ങനെ തന്നെ. ജോൺസൺ മാഷിന്റെയും മറ്റും പാട്ടുകളിൽ വാദ്യോപകരണങ്ങൾ കൊണ്ട് മാറ്റംവരുത്തിക്കാണിച്ചാകരുത് ബാൻഡുകൾ മുന്നോട്ടു പോകേണ്ടത്. സ്വന്തമായി ഒരു സിഗ്നേച്ചർ സോങ് ബാന്‍ഡുകള്‍ക്ക് ഉണ്ടാകണം.

പതിനഞ്ച് മിനുട്ട് കൊണ്ട് സംഗീത സംവിധാനം ചെയ്ത പാട്ടാണ് വ്യത്യസ്തനാമൊരു ബാർബറാം ബാലൻ. എന്റെ ജീവിതത്തില്‍ എറ്റവും എളുപ്പത്തില്‍ സംവിധാനം ചെയ്‌ത ഗാനവും ഇതുതന്നെയാകും. ഹൃദയത്തിൻ മധുപാത്രം എന്ന ഗാനം ചെയ്യാൻ വേണ്ടിവന്നത് മൂന്നു മാസമാണ്. ദേവരാജന്‍ മാഷ്‌ പറഞ്ഞുതന്ന പാഠങ്ങളാണ്‌ ഈ ഗാനത്തില്‍ താന്‍ ഉപയോഗപ്പെടുത്തിയതെന്നും ജയചന്ദ്രന്‍ വ്യക്തമാക്കുന്നു.

M Jayachandran എം ജയചന്ദ്രൻ

ചന്ത എന്ന സിനിമയിലെ ഗാനങ്ങൾ ഹിറ്റായപ്പോള്‍ ഇനിയെല്ലാം ഇങ്ങനെയൊക്കെ തന്നെയാകുമെന്ന് ചെറിയൊരു അഹന്തയുണ്ടായിരുന്നു. ആ അഹന്ത അകന്നു പോയ നാളുകളായിരുന്നു പിന്നീട്. സംഗീത സംവിധായകനെന് നിലയിൽ സ്വയം ഒരു സ്റ്റാംപ് ഉണ്ടാക്കിയെടുക്കണമെന്ന് മനസിലാക്കി തന്ന നാളുകൾ. വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്‌തില്ലെങ്കില്‍ സംഗീതലോകത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞ നാളുകള്‍.

അവാർഡുകൾ ദൈവത്തിന്റെ ബോണസാണ്. സംസ്ഥാന അവാർഡിനെ കുറിച്ചറിഞ്ഞപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു. ജീവിതത്തിലൊരിക്കലെങ്കിലും ഒരു സിനിമയിൽ സംഗീത സംവിധാനം ചെയ്യാനാകുമോ എന്ന് കരുതാത്തയാൾക്ക് ആദ്യമായി സംസ്ഥാന അവാർഡ് കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷമായിരുന്നു അത്. സംഗീതം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷണങ്ങൾ വരേണ്ടതുണ്ട്. പാശ്ചാത്യ സംഗീതത്തെ കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തണം. പിന്നെ ഇന്തോ-അറബ് സംഗീതത്തിലൊരു ഫ്യൂഷൻ ചെയ്യണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. അത് നടക്കുമോയെന്നു തന്നെയറിയില്ല. എന്നാലും പാട്ടുകൾക്കിടയിലെ തിരക്കിനിടയില്‍ അതിനു വേണ്ടി സമയം കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം മനോരമ ഓണ്‍ലൈനിന്റെ ഐ മീ മൈസെല്‍ഫില്‍ കാണാം.

M. Jayachandran I Me Myself | Manorama Online

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.