Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടാന്‍ ടെന്‍ഷനില്ല; പക്ഷെ നിക്കാഹ്

Najim Arshad

നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നജിം തന്റെ പ്രിയതമയെ കണ്ടെത്തിയത്. എന്നാൽ പിന്നെയും വേണ്ടി വന്നു ഒന്നരവർഷത്തെ കാത്തിരിപ്പ്. ആ കാത്തിരിപ്പ് സെപ്തംബർ 13ന് അവസാനിക്കുകയാണ്. മനസ് നിറയെ പാട്ട് തുളുമ്പുന്ന നജിമിന് തസ്നി താഹയെന്ന മൊഞ്ചത്തി കുട്ടിയെ സ്വന്തമാകും. തസ്നി എന്ന ഈണമാകും ഇനി നജിമിന്റെ ഉള്ളിൽ നിറയുക. പിന്നണി ഗായകരിൽ ശ്രദ്ധേയനായ നജിം അർഷാദ് തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ടെന്‍ഷന്‍ ഉണ്ടോയെന്നോ?

ഓരോ പുതിയ പാട്ടുപാടാന്‍ പോകുമ്പോഴും ചെറിയ ടെന്‍ഷന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ടെന്‍ഷനല്ല നിക്കാഹിന്‌. ഒരുപാട് ദിവസത്തെ ഒരുക്കമാണ്‌ ഇതിനുവേണ്ടത്. പരാതികള്‍ പരമാവധി ഒഴിവാക്കണം. എല്ലാവരെയും ഒരുപോലെ പരിഗണിക്കണം. ആരുടെയും പരിഭവം കേള്‍ക്കാതെ എല്ലാം മംഗളമായി നടക്കണമെന്നാണ്‌ ആഗ്രഹം. ഇതിനിടെ നേരത്തെ ഷെഡ്യൂള്‍ ചെയ്‌ത പ്രോഗ്രാമുകളുടെ യാത്രാ സംവിധാനങ്ങള്‍ കൂടി ഒരുക്കണമെന്നുള്ളത് കൊണ്ട് തന്നെ തിരക്കോട് തിരക്ക് തന്നെയാണ്‌. അതിനിടെ സത്യം പറഞ്ഞാല്‍ ടെന്‍ഷന്‍ അടിക്കാന്‍ സമയം കിട്ടുന്നില്ല. ഇനി യഥാര്‍ത്ഥ ടെന്‍ഷന്‍ എന്തെന്ന് വിവാഹപന്തലില്‍ കാണാം.

റിസപ്‌ഷന്‍ തിരുവനന്തപുരത്തും എറണാകുളത്തും

തിരുവനന്തപുരത്ത് റിസപ്ഷനുണ്ട്. പുനലൂരില്‍ നിന്നും വിവാഹം കഴിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നാണ്‌ വിശ്വാസം. 6 മണിക്കാണ്‌ റിസപ്‌ഷന്‍. ഷമ്മി കാറ്ററിങാണ്‌ തിരുവനന്തപുരത്തെ ഭക്ഷണവും മറ്റും തയ്യാറാക്കുന്നത്. സിനിമ സുഹൃത്തുകൾക്കായി എറണാകുളത്ത് സെപ്തംബർ 17ന് റിസപ്ഷൻ. ഇവിടുത്തെ ഫുഡും കാര്യങ്ങളും റെഡിയാക്കുന്നത് നിള കാറ്ററിങാണ്‌.

ഹണിമൂണ്‍ എവിടെയാണ്‌

വിവാഹം കഴിഞ്ഞാല്‍ ഉടന്‍ തന്നെ എനിക്ക് ഒന്നുരണ്ടിടത്ത് പ്രോഗ്രാമുകളുണ്ട്. അതില്‍ ആദ്യത്തേത് ദുബായില്‍ ആണ്‌. രണ്ടാമത്തേത് യുകെയിലും. ഇവിടെയെല്ലാം തസ്‌നിയെ കൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായുള്ള ടിക്കറ്റും മറ്റുമൊക്കെ ശരിയാക്കുന്ന തിരക്കില്‍ കൂടിയായിരുന്നു. അങ്ങനെയൊക്കെ തന്നെയായിരിക്കും ഞങ്ങളുടെ ഹണിമൂണ്‍.

മാര്യേജ് ലൗ ഓർ അറേഞ്ച്ഡ്

തീർച്ചയായും അറേഞ്ച്ഡ് ആണ്. സുഹൃത്ത് വഴിയാണ് തസ്നിയുടെ ആലോചന വന്നത്. കല്ല്യാണ ആലോചനകൾ തുടങ്ങിയിട്ട് കുറച്ച് നാളായിരുന്നു. സാധാരണ ഉപ്പയും ഉമ്മയുമാണ് പെണ്ണ് കാണാൻ പോകുന്നത്. എന്നാൽ തസ്നിയെ കാണാൻ ഞാനാണ് പോയത്. പെണ്ണിനെ ഇഷ്ടമായി. പരസ്പരം സംസാരിച്ചു. ആറ്റിറ്റ്യൂഡ് പെട്ടെന്ന് മനസിലാക്കി. തസ്നി ബാംഗ്ലൂരുവിൽ ബിഡിഎസ് വിദ്യാർത്ഥിനിയാണ്. കിക്കി എന്നാണ് ചെല്ലപേര്. പുനലൂരാണ് തസ്നിയുടെ നാട്. ഒറ്റമകളാണ്.

Najim Arshad

തസ്നിയും സംഗീതവും

ജീവിത പങ്കാളി സംഗീത ലോകത്ത് നിന്നായാൽ എന്റെ തെറ്റുകൾ കണ്ട് പിടിക്കില്ലേ. മനസിനിണങ്ങിയ ആളായിരിക്കണം എന്നുണ്ടായിരുന്നു. പാട്ടിനെക്കുറിച്വ് അത്യവശ്യം അറിഞ്ഞിരിക്കണം. എന്നെ നന്നായി വിലയിരുത്തണം. ഉമ്മയാണ് എന്റെ ശക്തി. ഉമ്മയെ പോലെ എനിക്ക് പ്രോത്സാഹനം തരാൻ കഴിയണം. തസ്നി അത്യാവശ്യം മൂളിപാട്ടൊക്കെ പാടും. പഠനത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. സംഗീതം പഠിപ്പിച്ചെടുക്കണം എന്നുണ്ട്.

ആരാധികമാരുടെ പ്രതികരണം

ഉമ്മയുടെ ഫോണിലേക്കാണ് വിളികളും മെസെജുകളും വരുന്നത്. മകനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ട് എട്ട് വർഷമായി കാത്തിരിക്കുന്നു എന്നൊക്കെ പറയാറുണ്ട്. വിവാഹം ഉറപ്പിച്ചുവെന്ന് പറഞ്ഞാലും വീണ്ടും വിളിക്കും.