Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൈക്കുടം ബ്രിഡ്ജിനു പിന്നിലെ അറിയാത്ത സ്ത്രീ സാന്നിധ്യം

govind-menon-dhanya-19-3 ഗോവിന്ദ് പി മേനോനും ധന്യ സുരേഷും

തൈക്കുടം ബ്രിഡ്ജ്, റോക്ക് ബാൻഡ് എന്ന സങ്കൽപ്പത്തെ പൂർണ്ണമായും മാറ്റി മറിച്ച മലയാളികളുടെ സ്വന്തം മ്യൂസിക് ബാൻഡ്. വാക്കിലും നോക്കിലും സംഗീതത്തിലും അടിമുടി വ്യത്യസ്തതകളുമായി തൈക്കുടം ബ്രിഡ്ജ് എത്തിയപ്പോൾ പിന്നെ, രണ്ടാമതൊന്നു ആലോചിക്കാതെ മലയാളികൾ ഈ സംഗീതക്കൂട്ടായ്മയെ കൂടെ കൂട്ടി. അങ്ങനെ ,ഗോവിന്ദ് മേനോനും സിദ്ധാർഥ് മേനോനും വിയാൻ ഫെർനാണ്ടസും എല്ലാം തലയ്ക്കു പിടിക്കുന്ന സംഗീത ലഹരിയുടെ ഭാഗമായി. അയലമത്തി ചാള ചൂര എന്ന് തുടങ്ങുന്ന ഫിഷ്‌ റോക്ക് മുതൽ സോഫ്റ്റ്‌ മ്യൂസിക്കിന്റെ ഭാഗമായ ചത്തേ, ആരാച്ചാർ തുടങ്ങിയ തൈക്കുടം ബ്രിഡ്ജ് സ്പെഷ്യലുകൾ നാവിൽ തത്തി കളിക്കുമ്പോൾ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും ഈ ഗാനങ്ങളുടെ ക്രെഡിറ്റ്‌ ലൈൻ. ലിറിക്സ് ബൈ ധന്യ സുരേഷ് , മ്യൂസിക് ബൈ ഗോവിന്ദ് മേനോൻ.

സ്ത്രീ സാന്നിധ്യമില്ലാത്ത ബാൻഡ് എന്ന രീതിയിൽ കൂടി പ്രശസ്തമായ തൈക്കുടം ബ്രിഡ്ജിനു പിന്നിലെ സ്ത്രീ സാന്നിധ്യമാണ് ധന്യ സുരേഷ്. ഫിഷ്‌റോക്ക് മുതൽ ആരാച്ചാർ വരെയുള്ള തൈക്കൂടം ബ്രിഡ്ജ് ഹിറ്റുകളുടെ രചയിതാവ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, തൈക്കുടം ബ്രിഡ്ജിന്റെ അമരക്കാരനായ ഗോവിന്ദ് മേനോന്റെ ഒരേ ഒരു ചേച്ചി. തൈക്കുടം ബ്രിഡ്ജിനു ഒപ്പമുള്ള തന്റെ സംഗീത യാത്രകളെക്കുറിച്ചും ഗോവിന്ദ് മേനോൻ എന്ന സംഗീതഭ്രാന്തനായ അനുജനെക്കുറിച്ചും ധന്യ സുരേഷ് മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ നിന്നും.

**തൈക്കുടം ബ്രിഡ്ജ് എന്ന ബാൻഡും അതിൽ താങ്കൾ എഴുതിയ പാട്ടുകളും രണ്ട് പാട്ടുകളും ഹിറ്റായിട്ടും എന്തുകൊണ്ട് മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു?**

വരികളേക്കാൾ ജനങ്ങൾ സ്നേഹിക്കുന്നത് തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ആണെന്നാണ് എന്റെ വിശ്വാസം. രണ്ടാം സ്ഥാനം മാത്രമേ വരികൾക്ക് ലഭിക്കുന്നുള്ളൂ. പാട്ടിനെ അത്രമാത്രം ഇഷ്ടപ്പെടുന്നവരാണ് വരികൾക്ക് പുറകെ പോകുന്നത്. അത്തരത്തിൽ എന്നെ തേടി വന്നവരെ ഞാൻ നിരാശപ്പെടുത്തിയിട്ടില്ല. സത്യം പറഞ്ഞാൽ ഞാനും ജനങ്ങൾക്കൊപ്പം അവരുടെ സംഗീതം ആസ്വദിക്കുകയായിരുന്നു എന്ന് വേണം പറയാൻ. മനപ്പൂർവ്വം മാധ്യമങ്ങളിൽ നിന്നും വിട്ടു നിന്നിട്ടില്ല.

സംഗീത പാരമ്പര്യമുള്ള കുടുംബം, അച്ഛനും അനുജനും തൈക്കുടം ബ്രിഡ്ജിന്റെ നട്ടെല്ലായ ഗായകർ സാഹചര്യങ്ങൾ ഏറെ ഉണ്ടായിട്ടും എന്തുകൊണ്ട് ആലാപനം വിട്ട് ഗാനരചനയിലേക്ക് തിരിഞ്ഞു?

ഞാനും ഗോവിന്ദും ഒരുമിച്ചാണ് സംഗീതം പഠിച്ചതെങ്കിലും എനിക്ക് പാടുന്നതിൽ വലിയ താൽപര്യം ഉണ്ടായിരുന്നില്ല എന്റെ ശബ്ദം അതിനു ചേർന്നതല്ല എന്നതാണ് സത്യം. ഒപ്പം വോക്കൽ കോഡിനു പ്രശനം കൂടി ആയതോടെ സംഗീത പഠനം ഞാൻ പൂർണ്ണമായി നിർത്തി. പിന്നെ ശ്രദ്ധിച്ചത് എഴുത്തിലും നാടകത്തിലുമാണ്. സംഗീതം പാതിവഴിയിൽ ഉപേക്ഷിച്ചു എങ്കിലും സംഗീതത്തോടുള്ള സ്നേഹം ഉപേക്ഷിച്ചില്ല. നന്നായി ആസ്വദിക്കും . ട്ടിൽ എല്ലാവരും പാടുമ്പോൾ ഒരാൾ ശ്രോതാവ് ആകുന്നതല്ലേ നല്ലത്? ഗോവിന്ദിന്റെ പാട്ടുകളുടെ നല്ലൊരു ക്രിട്ടിക്ക് ആണ് ഞാൻ.

ഗോവിന്ദ് മേനോനുമായുള്ള ബാല്യകാല ഓർമ്മകൾ ?

ചെറുപ്പം മുതൽ സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്ന പയ്യനാണ് ഗോവിന്ദ്. എന്റെ ഡ്രാമയുടെയും നൃത്തത്തിന്റെയും എല്ലാം ആവശ്യത്തിനായി ഓർക്കസ്ട്ര സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. അന്ന് ഗോവിന്ദിന് കഷ്ടി 7-8 വയസ്സ് പ്രായം വരും. അവൻ ഓർക്കസ്ട്രക്കാരുടെ പുറകെ കൂടും . വയലിൻ, ഹാർമോണിയം ഇവയിലായിരുന്നു കക്ഷിയുടെ കണ്ണ്. അവർ വായിക്കുന്ന ബിജിഎം ശ്രദ്ധിച്ച് കേക്കും. എന്നിട്ട് അത് പോലെ വായിക്കുകയും ചെയ്യും. പോകുമ്പോൾ വീട്ടിലെന്നും സംഗീതമയമാണ്. അച്ഛനും ഗോവിന്ദും തന്നെയാണ് മുൻനിരയിൽ. ചെറുപ്പം മുതൽ ബാബുരാജിന്റെ ഗാനങ്ങളുടെ വലിയൊരു ശേഖരം അവന്റെ കയ്യിൽ ഉണ്ടായിരുന്നു. അന്ന് തന്നെ ഞങ്ങൾ ഉറപ്പിച്ചതാണ് അവന്റെ ഭാവി സംഗീതത്തിൽ തന്നെയാണ് എന്ന്.

എങ്ങനെയാണ് തൈക്കുടം ബ്രിഡ്ജിനു വേണ്ടി ഗാനങ്ങൾ എഴുതി തുടങ്ങിയത് ?

അങ്ങനെ ബാൻഡിന് വേണ്ടി എഴുതി തുടങ്ങുകയല്ലയിരുന്നു. ഗോവിന്ദ് സിറ്റുവേഷൻ പറഞ്ഞു തന്നു, ഞാൻ അതിനൊത്ത് എഴുതി. ഇപ്പോഴും അങ്ങനെ തന്നെ. ചിലത് അവൻ തൈക്കുടത്തിനു വേണ്ടിയെടുക്കും മറ്റു ചിലത് അവന്റെ പെഴ്സണൽ കളക്ഷൻസ്. അത്രതന്നെ. ബാൻഡിന് വേണ്ടി ആദ്യമായ് എഴുതിയത് ഫിഷ്‌റോക്ക് ആണ്. അത് ഹിറ്റ്‌ ആയതോടെ ധൈര്യമായി. പിന്നീട് തൈക്കുടം ബ്രിഡ്ജിന്റെതായി മലയാളത്തിൽ വന്ന എല്ലാ പാട്ടുകളും ഞാൻ തന്നെ എഴുതി.

എഴുതിയ ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടമേതാണ്?

ഏറ്റവും കൂടുതൽ ഹിറ്റ് ആയതു ഫിഷ്‌റോക്ക് ആണ് എങ്കിലും എനിക്ക് അതിനേക്കാൾ ഇഷ്ടം ചത്തേ ആണ്. കാരണം ഫിഷ്‌ റോക്ക് പക്കാ റോക്ക് മ്യൂസിക് ആണ്. എനിക്ക് സോഫ്റ്റ്‌ മ്യൂസിക് ആസ്വദിക്കാനാണ് താൽപര്യം. ഏകദേശം ഒന്നര ദിവസമെടുത്താണ് ചത്തേ ഞാൻ എഴുതിയത്.പിന്നെ ആരാച്ചാരിലെ ഗാനങ്ങൾ ഇഷ്ടമാണ് . ഒരാഴ്ച എടുത്താണ് ആരാച്ചാർ എഴുതിയത്. ഞാൻ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്തതും അത് തന്നെയാണ്.

ഫിഷ്‌ റോക്ക് മുതൽ പാപത്തറ വരെയുള്ള ഓരോ ഗാനങ്ങളുടെയും ശൈലിയും ഭാഷയും വ്യത്യസ്തമാണല്ലോ , എങ്ങനെയാണ് ഗാനരചനയിൽ വെറൈറ്റി സൂക്ഷിക്കുന്നത്?

തീം അനുസരിച്ചാണ് ഞാൻ എഴുതുന്നത്‌. എന്താണ് വേണ്ടത് എന്ന് ഗോവിന്ദ് പറഞ്ഞു തരും. കൂടുതൽ പഠനം ആവശ്യമായ കാര്യമാണ് എങ്കിൽ ഞാൻ അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞ ശേഷം മാത്രമേ വരികൾ തയ്യാറാക്കൂ. മാറ്റം വേണ്ടത് അവൻ പറയും. ഒരുപാട് കടുക്കട്ടി മലയാളപദങ്ങൾ ഉപയോഗിക്കാറില്ല. അറിയില്ല എന്നതാണ് സത്യം. പിന്നെ പണ്ടുമുതൽ തന്നെ എഴുതുമ്പോൾ മനസ്സിൽ ഒരു കഥാപാത്രം ഉണ്ടാകും. പലപ്പോഴും രാത്രി 12 മണിക്ക് ഒക്കെയാണ് ഗോവിന്ദ് വിളിച്ച് തീം പറയുക. 3 മണി ആകുമ്പോഴേക്കും അവൻ എന്താണോ ആഗ്രഹിച്ചത് അതിന്റെ ഒരു പ്രാഥമിക രൂപം ഞാൻ നൽകും.

ഇപ്പോൾ ഹിറ്റായി കൊണ്ടിരിക്കുന്ന പാപത്തറ ഇത്തരത്തിൽ പെട്ടന്ന് സംഭവിച്ച ഒന്നാണല്ലോ , ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയ്ക്കും പ്രത്യേകയുണ്ട്. എന്തുകൊണ്ടാണത്?

സാറാ ജോസഫിന്റെ പാപത്തറ എന്ന കൃതിയെ ആസ്പദമാക്കി ഞാൻ ഒരു വൺ ആക്റ്റ് പ്ലേ ചെയ്തിരുന്നു.ഗോവിന്ദിന് അതിൽ നിന്നുമാണ് പാപത്തറയുടെ തീം ലഭിക്കുന്നത്. രണ്ടു ദിവസം മുൻപ് അവൻ വിളിച്ച് ബേസിക് ട്യൂൺ പറഞ്ഞു തന്നു . തീം പറഞ്ഞു. എനിക്ക് പാപത്തറയുടെ കഥ നേരത്തെ അറിയാവുന്നത് കൊണ്ട് , മലയാളം പടങ്ങൾ മാത്രം ഉപയോഗിച്ചു ചെയ്തിട്ട് എന്ന് തോന്നി. അതുകൊണ്ട് തന്നെ തമിഴും മലയാളവും ചേർന്ന ഭാഷയാണ്‌ ഇതിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത്.

മ്യൂസിക് കമ്പോസിഷനിൽ ഗോവിന്ദിനെ സഹായിക്കാറുണ്ടോ?

govind-p-menon1 ഗോവിന്ദ് പി മേനോൻ

ഒരിക്കലുമില്ല. സംഗീതം നൽകുക, പാടുക എന്നുള്ളതെല്ലാം പൂർണ്ണമായും ഗോവിന്ദിന്റെ ക്രിയേറ്റിവിറ്റിയാണ്. ഞാൻ അതിൽ നിങ്ങളെ പോലെ ഒരു ആസ്വാദക മാത്രം. എനിക്ക് എഴുതാൻ തരുന്ന തീമുകൾ പോലും അവൻ ബേസിക് ട്യൂൺ ഇട്ടാണ് നൽകാറ്. താൻ സംഗീതത്തിൽ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി ഗോവിന്ദിന് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ അതിൽ ഇടപെടേണ്ട കാര്യമില്ല.

സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ എഴുതാൻ പദ്ധതിയുണ്ടോ?

നിലവിൽ മനസ്സിൽ അങ്ങനെ ഒന്നുമില്ല. സിനിമയ്ക്ക് വേണ്ടി എഴുതിയതല്ലെങ്കിലും ഞാൻ എഴുതിയ ഒരു പാട്ട് ഹരം എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. സിനിമ എന്നതൊക്കെ ഒരു ഭാഗ്യമല്ലേ. ഭാഗ്യമുണ്ട് എങ്കിൽ അവസരം നമ്മെ തേടി വരും. അപ്പോൾ നോക്കാം.

തൈക്കുടം ബ്രിഡ്ജിനു പുറത്തെ ധന്യയെ ഒന്ന് പരിചയപ്പെടുത്താമോ?

ഞാൻ അടിസ്ഥാന പരമായി ഒരു തീയറ്റർ ആർട്ടിസ്റ്റ് ആണ് . ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം ദുബായിയിൽ സ്ഥിരതാമസം. വായന, എഴുത്ത് ,സംഗീതം ഒക്കെയായി കഴിയുന്നു . ഭാവിയിൽ സീരിയസ് ആയി ചില എഴുത്തുകൾ നടത്തണം എന്നുണ്ട് . അതുകൊണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്.

Your Rating: