Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താളങ്ങളുടെ ഓർമപ്പെരുക്കം...

Gopi Sunder

തബലയുടെ നാദം കേൾക്കുമ്പോൾ ഗോപിസുന്ദറിന്റെ മനസിലുണരുന്നത്, താളങ്ങളുടെ ഓർമപ്പെരുക്കം. പത്തൊമ്പത് വർഷം മുമ്പ് എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് തീവണ്ടി കയറുമ്പോൾ കൂട്ട് തബല മാത്രം. ടൈഫോയ്ഡിന്റെ തീയുമ്മ നെറ്റിയിൽ തൊട്ട് ചെന്നൈ നൽകി, നഗരത്തിന്റെ ജ്ഞാനസ്നാനം. പനിക്കിടയിലും കൂട്ടായി തബല. പത്താംക്ലാസ് ജയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഗോപിയെ വീട്ടുകാർ ചെന്നൈയ്ക്കു വിടില്ലായിരുന്നു. എട്ടാംക്ലാസ് പാസ് മതി, ചെന്നൈ സംഗീത കോളജിൽ അഡ്മിഷന്. പത്ത് പാസാകാത്തവർക്ക് കേരളത്തിൽ നോ രക്ഷ.

സംഗീത കോളജിലെ ഇടവേളകളിൽ ഗോപി കച്ചേരികൾക്കു പോയി. നൂറും ഇരുന്നൂറും പ്രതിഫലം കിട്ടിയപ്പോൾ കുശാലായി ശാപ്പാടും കഴിച്ച് മറീന ബീച്ചിൽ കാറ്റു കൊണ്ടിരുന്നു. കനം വയ്ക്കുന്ന രാത്രിക്കൊപ്പം കരുത്തുകൂടുന്ന തിരകളെ നോക്കി. തബലയിൽ നാദപ്രപഞ്ചം തീർക്കുന്ന സാക്കീർ ഹുസൈൻ നീളൻ വിരലുകളെ മനസാൽ ചുംബിച്ചു. സാക്കിറിനൊപ്പം വേദിയിലിരുന്നു തബല വായിക്കാനുള്ള മോഹമാണ് ഗോപി എന്ന വികൃതിപ്പയ്യനെ തബലയുടെ കറുത്ത താളക്കണ്ണിലേക്കു കറക്കി വീഴ്ത്തിയത്. തിരയെണ്ണിയിരുന്ന സന്ധ്യകളിൽ ഗോപി കിനാവുകളൊരുപാട് കണ്ടു. ഇടയ്ക്ക് സ്വപ്നം മുറിച്ച് കൂട്ടിക്കിഴിക്കലുകളുടെ മിന്നൽ വെളിച്ചമെത്തി. സാക്കിർ ഹുസൈനൊപ്പം എത്താനായില്ലെങ്കിൽ എന്താകും സ്ഥിതി. അയ്യായിരം രൂപ മാസം കിട്ടുന്ന കച്ചേരി വായനക്കാരനാകാം. അയ്യായിരം കൊണ്ടും ജീവിക്കാം. പക്ഷേ, മോഹങ്ങൾ ഏറെയാണ്. ആയിരം ചിറകുമായി പറക്കുന്ന ഹൃദയം. എവിടെ അടുത്ത ആകാശം?

മാനം തൊടാനുള്ള പറക്കലിൽ പ്രിയപ്പെട്ട തബലയെ മനസിൽ ഒതുക്കി ഇറക്കി വച്ചു. ഇനി പുതിയ ജീവിതം, പുതിയ ലക്ഷ്യം. കോഴ്സ് പൂർത്തിയാക്കാതെ സംഗീത കോളജിന്റെ പടിയിറങ്ങി. പിന്നെ യാത്ര, സിനിമാസംഗീതത്തിനു പിന്നാലെ. തുടക്കത്തിൽ തന്നെ കീബോർഡ് പ്രോഗ്രാമറുടെ റോളിൽ തിളങ്ങി. ഭാഗ്യത്തിന്റെ വളവിൽ ഗോപി സംഗീത സംവിധായകൻ ഔസേപ്പച്ചനെ കണ്ടുമുട്ടി. കാലത്തിന്റെ മധുര തന്ത്രികളിൽ ഇന്നും തേനൂറുന്ന പാട്ടുകൾ നിറച്ച ഔസേപ്പച്ചനൊപ്പം പതിനേഴ് വർഷം. പാട്ടും പശ്ചാത്തലവും ഇഴകീറി അറിഞ്ഞകാലം.

മെഷിൻഗണ്ണിൽ നിന്ന് തിര പായും പോലെ ഹിറ്റോടു ഹിറ്റടിക്കുന്ന സംഗീതസംവിധായകനാണ് ഇന്ന് ഗോപിസുന്ദർ. ബാംഗ്ലൂർ ഡേയ്സ്, ഹൗ ഓൾഡ് ആർയു, റിംഗ്മാസ്റ്റർ, സലാല മൊബൈൽസ്, 1983, എബിസിഡി എന്നിവ ഹിറ്റ് ചാർട്ടിലെ അവസാന പേരുകൾ. വിജയിയുടെ ഒന്നാം പടവിൽ തല ഉയർത്തി നിൽക്കുമ്പോഴും ഗോപിയുടെ ഉള്ളിലുണ്ട് പത്തൊമ്പത് വർഷം കടന്ന സംഗീതയാത്രയിലെ നിമിഷങ്ങൾ, മുഖങ്ങൾ, ദൃശ്യങ്ങൾ. ഉപചാരങ്ങളില്ലാതെ കൂട്ടിമുട്ടുന്ന ചഷകം പോലെ, ഗോപിയുടെ സംഗീത ലഹരി നിറഞ്ഞ ജീവിതത്തിലേക്ക്.

ജീവിതത്തിൽ ഏറ്റവും ഹൃദയത്തെ തൊട്ട അനുഭവം?

ഒന്നിനോടും അധികം അറ്റാച്ഡ് ആയ ആളല്ല ഞാൻ. ആളുകളേക്കാൾ അടുപ്പം പ്രഫഷനോട് തന്നെ. പതിനേഴാം വയസിൽ എറണാകുളത്ത് നിന്ന് ചെന്നൈയ്ക്കു തീവണ്ടി കയറുമ്പോൾ അച്ഛനും അമ്മയും അല്ലാതെ ഒരാൾ കൂടി എന്നെ യാത്ര അയയ്ക്കാൻ ഉണ്ടായിരുന്നു. അച്ഛന്റെ കൂട്ടുകാരൻ മൈക്കിൾ അങ്കിൾ. എന്റെ മാതാപിതാക്കളേക്കാളും ഞാനൊരു മ്യൂസിഷ്യൻ ആവണമെന്ന് ആഗ്രഹിച്ചവരാണ് മൈക്കിൽ അങ്കിളും രഞ്ജിനി ആന്റിയും. എറണാകുളത്ത് അവരുടെ വീട്ടിൽ നിന്നാണ് ഞാൻ ഏറ്റവും നല്ല പാട്ടുകൾ കേട്ടിട്ടുള്ളത്. അങ്കിളിനു നല്ല മ്യൂസിക് കളക്ഷനുണ്ട്.

ട്രെയിനിലേക്ക് കയറുമ്പോൾ മൈക്കിൽ അങ്കിൾ ഒരു സമ്മാനം തന്നു. ഒരു വെള്ള പുതപ്പ്. പിന്നീട് പ്രോഗ്രാമറായി നടന്ന കാലത്തും ആ പുതപ്പ് കൂടെയുണ്ടായിരുന്നു. പുതിയ പുതപ്പുകൾ വന്നപ്പോഴും ഞാനത് ഉപേക്ഷിച്ചില്ല. സിനിമാ സംഗീതത്തിലേക്ക് കടന്നപ്പോൾ എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് മൈക്കിൾ അങ്കിൾ വിളിച്ച് നല്ല അഭിപ്രായം പറയുമ്പോഴാണ്. പെട്ടെന്നൊരു ദിവസം നാട്ടിൽ നിന്നൊരു ഫോൺ. അങ്കിൾ ഹൃദയാഘാതം മൂലം മരിച്ചു. ജീവിതത്തിൽ ഇന്നേവരെ സ്വന്തം ഇഷ്ടപ്രകാരം ഞാൻ പള്ളിയിലോ അമ്പലത്തിലോ പോയിട്ടില്ല. അന്ന് ഞാൻ പള്ളിയിൽ പോയി. എന്തോ നഷ്ടപ്പെട്ടതു പോലെയൊരു തോന്നൽ.

എന്റെ ഉള്ളിൽ ഒരു മനുഷ്യൻ ഉണ്ടെന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടത് അന്നാണ്. നാട്ടിലെത്തി സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു. തിരികെ ചെന്നൈയിൽ എത്തിക്കഴിഞ്ഞപ്പോൾ മുറിയിൽ ഞാനാദ്യം തിരഞ്ഞത് ആ വെള്ളപുതപ്പാണ്. അത് ഇപ്പോഴും എന്റെ കൈയിലുണ്ട്. ഒരേ സമയം രണ്ടും മൂന്നും പടം ചെയ്യുമ്പോൾ പാട്ടുകൾക്ക് അഭിനന്ദനം കിട്ടുമ്പോൾ അതൊന്നും കാണാനും പങ്കുവയ്ക്കാനും അങ്കിളില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നും.

പ്രശസ്തി, ജീവിതത്തെ സ്വാധീനിക്കുന്നത്?

എന്റെ പേരൊന്ന് എവിടെയെങ്കിലും വന്ന് കാണാൻ എന്റെ അമ്മൂമ്മ ശാന്ത എത്രയോ ദിവസം ടിവിക്കു മുന്നിൽ കാത്തിരുന്നിട്ടുണ്ട്. ഇന്നവരുടെ മനസ് നിറയ്ക്കാൻ കൊച്ചുമകന്റെ പ്രശസ്തി ഉപയോഗപ്പെട്ടു എന്നതിൽ സന്തോഷമുണ്ട്.

പ്രശസ്തിയിലെത്തുന്ന ഓരോ ആളും ഇരിക്കുന്നത് ഓർമകളുടെ കസേരയിലാണ്. അതിൽ ഒരു കഷ്ണം ഇളകിയാൽ മതി, മുഖം കുത്തി നിലത്തു വീഴും. ഇന്നത്തെ സന്തോഷങ്ങളുടെ വേരുകൾ ഇന്നലത്തെ കണ്ണീരിലാവാം.

ഒരാൾ പോലും ജന്മദിന സന്ദേശം അയക്കാത്തതും പറയാത്തതുമായ എത്രയോ ജന്മദിനങ്ങൾ ഉണ്ടായിട്ടുണ്ട്. ചെന്നൈയിൽ തബലിസ്റ്റായി നടന്ന കാലത്ത് എനിക്കൊരു പേജറുണ്ടായിരുന്നു. കച്ചേരിക്ക് വരാൻ ആരുടെയെങ്കിലും സന്ദേശം പ്രതീക്ഷിച്ചാണ് പേജറുമായി നടക്കുന്നത്. എന്റെ ജന്മദിനം മേയ് 30 ആണ്. രാവിലെ തൊട്ട് നോക്കിയിരിക്കും. ആരെങ്കിലും മെസേജ് അയക്കുമോ? ആര് അയക്കാൻ? എങ്കിലും പ്രതീക്ഷയാണ്. പെട്ടെന്ന് ബീപ് മുഴങ്ങും. ആവേശത്തോടെ നോക്കും. അപ്പോൾ കാണുന്നത് താങ്കൾ കഴിഞ്ഞ മാസത്തെ ബില്ലടച്ചിട്ടില്ല. നാളെ എങ്കിലും അടച്ചില്ലെങ്കിൽ സർവീസ് കട്ട് ചെയ്യുമെന്ന സന്ദേശം.

ഇന്നിപ്പോൾ അങ്ങനെയല്ല. സുഹൃത്തുക്കൾ വീട്ടിൽ വന്ന് നമ്മളെ കൂട്ടിക്കൊണ്ടു പോയി പാർട്ടി നടത്തി ആഘോഷമായി തിരിച്ചു വീട്ടിൽ കൊണ്ടാക്കുന്നു. അതൊക്കെ ആസ്വദിക്കുമ്പോഴും ഫെയിം എന്ന് പറയുന്ന സാധനത്തെ ഭയത്തോടും സൂക്ഷ്മതയോടുമാണ് ഞാൻ കാണുന്നത്. ഒരുപക്ഷേ, ഇന്നും മനസിന്റെ കൂട്ടിൽ ആ പഴയ തബലിസ്റ്റ് ഉള്ളതു കൊണ്ടാകാം അങ്ങനെ.

പഴയ തലമുറയിൽ പെട്ടവർ ഗോപിസുന്ദറിന്റെ പാട്ടുകളെ വിമർശിച്ചിട്ടുണ്ട്. അവർ തന്നെ നിങ്ങളുടെ സംഗീതത്തിൽ പാടിയിട്ടുമുണ്ട്?

അതൊന്നും എന്നെ ബാധിക്കാറില്ല. എന്റെ പാട്ട് നന്നാക്കാൻ എന്നെ ഏറ്റവും വലിയ ശത്രുവായി കരുതുന്ന ആളുടെ സഹായം തേടാൻ ഞാൻ തയാറാണ്. വിമർശനങ്ങളിൽ പരാതിയുമില്ല. ഉസ്താദ് ഹോട്ടലിലെ അപ്പങ്ങളെമ്പാടും എന്ന പാട്ടിനെ ജയേട്ടൻ (പി. ജയചന്ദ്രൻ) വിമർശിച്ചിട്ടുണ്ട്. അത് ഒരു കാരണവർ ഇളയ തലമുറയിൽ പെട്ട ഒരാളോട് പറയുന്നതുപോലെയേ ഞാൻ കരുതിയിട്ടുള്ളൂ. 1983 എന്ന സിനിമയിൽ ഓലഞ്ഞാലിക്കുരുവി എന്ന പാട്ടിന് പഴയകാലത്തെ അനുഭവിപ്പിക്കുന്ന സ്വരം വേണം. പക്ഷേ, ഇന്നും പാടാൻ കഴിയുന്ന ആളുമാവണം. ജയേട്ടൻ എന്നെ വിമർശിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യില്ല എന്ന് വിചാരിച്ചാൽ നഷ്ടം എന്റെ പാട്ടിനാണ്. ഇന്നും പതിനെട്ടുകാരൻ നായകന് ധൈര്യപൂർവം തിരഞ്ഞെടുക്കാനുള്ള മഹത്വം ജയേട്ടന്റെ സ്വരത്തിനുണ്ട്. അപ്പങ്ങളെമ്പാടും എന്ന പാട്ട് മാത്രമല്ല ഇത്തരം പാട്ടുകളും ചെയ്യാൻ കഴിയുമെന്ന് അതേ കണ്ഠനാളത്തിലൂടെ തന്നെ തെളിയിക്കുമ്പോൾ ഉള്ള സൗമ്യമായ സന്തോഷം ഞാൻ മറച്ചുവയ്ക്കുന്നില്ല.

സോഷ്യൽ മീഡിയ വിമർശകരെ കുറിച്ച്?

ഒരു ശരാശരി മലയാളിക്കുള്ള എല്ലാ നല്ല ഗുണങ്ങളും വൃത്തികേടുകളും ഉള്ള ആളാണ് ഞാൻ. നമുക്ക് എപ്പോഴും നെഗറ്റീവുകൾക്ക് പിന്നാലെ കൂടാനും അത് കണ്ടു പിടിക്കാനുമാണ് ഇഷ്ടം. വിവാദങ്ങൾ പാട്ടിന്റെ മാർക്കറ്റിങ്ങിൽ ഗുണം ചെയ്യുകയേ ഉള്ളൂ. ഈ ജീവിതത്തിരക്കിനിടയിൽ പത്തു കുറ്റം പറയുകയോ ഇത്തിരി മസാല വാർത്ത കേൾക്കുകയോ ചെയ്യുന്നതല്ലേ രസം. ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ ഇന്നേവരെ ഒരു പാട്ടും ഹിറ്റാവാതെ പോയിട്ടില്ല.

ഗായകൻ, ഗാനരചയിതാവ്, നടൻ ഇങ്ങനെ പല റോളുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെ?

ഗായകർ തന്നെ പാടുന്നതാണ് ഇഷ്ടം. പക്ഷേ, ഞാൻ ട്രാക്ക് പാടുന്നതിന്റെ അത്രയും ഫീൽ ചിലപ്പോൾ മറ്റുള്ളവരെ കൊണ്ട് പാടിക്കുമ്പോൾ കിട്ടാറില്ല. അങ്ങനെയുള്ള പാട്ടുകൾ മാത്രമാണ് പാടുന്നത്. ടെക്നോളജിയുടെ ഒത്തിരി സഹായത്തോടെ പാടുന്ന ആളാണ് ഞാൻ. അല്ലാതെ സ്വയം ഗായകനെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ചെന്നൈ എക്സ്പ്രസിലെ പാട്ട് ട്രാക് എന്ന് പറഞ്ഞാണ് വിശാൽ ശേഖർ റെക്കോഡ് ചെയ്തത്. വർഷങ്ങളായി അവരുടെ കീബോർഡ് പ്രോഗ്രാമിങ് ഞാനാണ് ചെയ്യുന്നത്. മ്യൂസിക് റിലീസിനു തൊട്ടുമുമ്പ് അവർ എന്നെ വിളിച്ചു. നിങ്ങൾ പാടിയ പാട്ട് ഷാരൂഖിന് ഇഷ്ടമായി. അതു തന്നെയാണ് ഫൈനൽ.

പാട്ടെഴുത്തും അങ്ങനെ തന്നെ. ചില പാട്ടുകൾക്ക് എളുപ്പത്തിൽ ആളുകളുടെ ഉള്ളിലേക്ക് കയറാൻ അൽപം കുസൃതിയുള്ള വരികൾ വേണം. ഭയങ്കര സാഹിത്യമൊക്കെ കയറ്റി വച്ചാൽ ആ പാട്ടിന്റെ കഴുത്തൊടിഞ്ഞു പോകും. അങ്ങനെ ഉള്ള എഴുത്തേ ഉള്ളൂ. അല്ലാതെ ക(ഗ)വിയൊന്നുമല്ല. തമാശയായി കണ്ടാണ് മിസ്റ്റർ ഫ്രോഡിൽ അഭിനയിച്ചത്. ആദ്യസീൻ ലാലേട്ടനൊപ്പം. എന്റെ അഭിനയം കാരണം എല്ലാവരും ബുദ്ധിമുട്ടിയപ്പോൾ മോഹൻലാലാണ് ധൈര്യം തന്നത്. എങ്ങനെയൊക്കെയോ സീൻ തീർത്തു.

താരങ്ങളെ ഗായകരാക്കുന്നതിനു പിന്നിൽ?

ഭാഗ്യവശാൽ പാട്ടിനു യോജിക്കുന്ന സ്വരമുള്ള നായകന്മാരും നായികമാരും ഏറെയുണ്ട് മലയാളത്തിൽ. സിനിമയിൽ മുഴുവൻ പരുക്കൻ ശബ്ദമുള്ള നായകന്റെ സംഭാഷണം കേട്ടിട്ട് ഗാനരംഗത്തിൽ മാത്രം മധുരസ്വരം കേൾക്കുന്ന രീതി പഴയ മലയാള സിനിമകളിൽ ഉണ്ട്. നടൻ സകലകലാവല്ലഭൻ ആയിരിക്കുന്നതല്ലേ നല്ലത്. ഫൈറ്റ് അറിയാവുന്ന നടന്റെ ആക്ഷൻ സിനിമയ്ക്ക് മികവ് കൂടും. പാട്ടും നൃത്തവുമെല്ലാം അഭിനേതാവിന്റെ പ്ലസ് ആണ്. അഭിനേതാവിന്റെ സ്വരമാകും പാട്ടിന്റെ സ്വഭാവത്തിനു നല്ലതെന്നു തോന്നുന്ന സാഹചര്യത്തിലാണ് അഭിനേതാക്കളെ തന്നെ പാടാൻ വിളിക്കുന്നത്.

ചില സ്വരങ്ങൾ ചില മൂഡുകൾക്ക് പറ്റുന്നതാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരു ദേശഭക്തിഗാനം, അല്ലെങ്കിൽ നന്മയുടെ സന്ദേശം പകരുന്ന പാട്ട് അതിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വരം കിട്ടിയാൽ ഞാൻ ഹാപ്പിയാണ്.

മക്കളുടെ സംഗീത താൽപര്യങ്ങൾ?

ഭാര്യ പ്രിയയും മക്കൾ മാധവും യാദവും ചെന്നൈയിലാണ് താമസം. അഞ്ചാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്നു. യാദവിന് സംഗീതത്തിൽ താൽപര്യമുണ്ട്.

എന്താണ് നിങ്ങളുടെ വിജയരഹസ്യം?

അതിലേക്ക് വരുംമുമ്പ് പഴയ ചില അനുഭവങ്ങൾ പറയാം. ശ്രീരാജ് മാഷിൽ നിന്ന് തബല പഠിച്ചതാണ് തുടക്കം. അന്ന് യുവജനോത്സവത്തിനു മത്സരിക്കാനെന്ന പേരിലാണ് വീട്ടിൽ നിന്ന് തബലയുമായി ഇറങ്ങുന്നത്. വേദിയിലെത്തുമ്പോൾ ബാഡ്ജ് ഊരിമാറ്റും. യൂണിഫോം മാറ്റി കളർ ഷർട്ട് ഇടും. വേദിക്കടുത്ത് തബലയുമായി പോയി ഇരിക്കും. ശരീരവലുപ്പം ഉള്ളതുകൊണ്ട് ഞാൻ പുറത്തു നിന്നു വന്ന പ്രഫഷനൽ തബലിസ്റ്റാണെന്നാണ് ആളുകളുടെ ധാരണ. കഥാപ്രസംഗ മത്സരത്തിനും കച്ചേരിക്കുമൊക്കെ ചിലർക്ക് പറഞ്ഞു വച്ച തബലിസ്റ്റിനെ കിട്ടില്ല. അവരെ ഉന്നം ഇട്ടാണ് എന്റെ ഇരുപ്പ്. ഉത്സവപറമ്പിലെ കൈനോട്ടക്കാരന്റേതു പോലുള്ള കാത്തിരിപ്പ്. മത്സരത്തിനു കയറുന്നതിനു തൊട്ടു മുമ്പായിരിക്കും അവർ നമ്മുടെ മുന്നിലെത്തുന്നത്. മത്സരാർഥിയുമായി പത്തുമിനിറ്റ് റിഹേഴ്സൽ. ജയിച്ചാലും ഇല്ലെങ്കിലും കുട്ടിയുടെ കൂടെയുള്ളവർ ആപത്ബാന്ധവനായി തബലിസ്റ്റിനു മോനിതു വച്ചോയെന്ന് പറഞ്ഞ് നൂറുരൂപ പോക്കറ്റിലിട്ടു തരും.

ചെന്നൈയിലെത്തി കച്ചേരിക്കു പോകുമ്പോഴും അത്രയൊക്കെയേ കിട്ടിയിരുന്നുള്ളൂ. വേണമെങ്കിൽ തബലിസ്റ്റായി ജീവിക്കാമായിരുന്നു. പക്ഷേ, ജീവിതത്തിൽ എപ്പോഴും വാട്ട് ഈസ് നെക്സ്റ്റ് എന്ന് സ്വയം ചോദിക്കുന്ന ശീലം എനിക്കുണ്ട്. ഒരു നേട്ടമുണ്ടായാൽ എന്താണ് കയറേണ്ട അടുത്തപടി എന്നാകും ആലോചന. ചിലപ്പോൾ എന്റെ ഉള്ളിൽ ഒരു ബിസിനസുകാരൻ ചെറുപ്പത്തിലേ ഉണ്ടായിരുന്നിരിക്കണം. തബല എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ, ഞാനാഗ്രഹിക്കുന്നിടത്ത് എത്താൻ അത് മതിയാകില്ലെന്ന് തോന്നി. അങ്ങനെ കീബോർഡ് പ്രോഗ്രാമിങ് പഠിച്ചു. കുറേ കഴിഞ്ഞപ്പോൾ ഇനി അടുത്തത് എന്ത് എന്ന ചോദ്യമായി. അങ്ങനെ സംഗീത സംവിധാനത്തിലെത്തി.

ഇപ്പോൾ കുറേ ഹിറ്റുകൾ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. പക്ഷേ, അത് എല്ലാക്കാലവും തുടരാൻ എന്നെക്കൊണ്ട് കഴിഞ്ഞെന്ന് വരില്ല. പുട്ട് കഴിക്കാൻ ജനം ആഗ്രഹിക്കുമ്പോൾ നീ ചോറ് തിന്നാൽ മതിയെന്ന് പറഞ്ഞാൽ അവർ സ്വീകരിക്കില്ല. നൂറു ഹിറ്റെങ്കിലും ചെയ്ത സംഗീതസംവിധായകനെയേ പത്തുവർഷം കഴിഞ്ഞാൽ, പറഞ്ഞാലെങ്കിലും ആളുകൾ അറിയൂ. എന്റെ പേര് അങ്ങനെ മാഞ്ഞ് പോകാൻ ഞാനാഗ്രഹിക്കുന്നില്ല. ആ ചിന്തയിൽ നിന്നാണ് ഗോപിസുന്ദർ മ്യൂസിക് കമ്പനി ഞാൻ തുടങ്ങിയത്. കുറച്ചു കാലം അതിൽ നിൽക്കുമ്പോൾ അടുത്ത ആശയം വരും. അപ്പോൾ ഞാൻ അതിനൊപ്പം നീങ്ങും. ഒന്നിലും സ്ഥിരമായി തങ്ങാൻ ആഗ്രഹമില്ല.