Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പിയടി നുണ: പുലിമുരുകന്റെ സംഗീതം എൻറെ മാത്രം

gopi-sundar-pulimurugan

പുലിമുരുകനിലെ സംഗീതത്തിനും പുലിപ്പാച്ചിലിന്റെ വേഗവും താളവുമായിരുന്നു. മാസ് എൻറർടെയ്ൻമെന്റ് ചിത്രത്തിനൊപ്പത്തിനൊപ്പം നിന്നു പടവെട്ടിയ സംഗീതം ലഹരിപിടിപ്പിച്ചു എല്ലാവരേയും. ഗോപീ സുന്ദർ ഒരുക്കിയ പാട്ടുകൾക്കും പശ്ചാത്തല ഈണങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു. തീയറ്ററിനുള്ളിൽ സംഗീത സംവിധായകന്റെ പേരെടുത്തു പറഞ്ഞ് ആർപ്പുവിളിക്കുന്ന അപൂർവ്വ സംഭവം വരെയുണ്ടായി. എന്നാൽ പതിയെ പതിയെ വിവാദങ്ങളും തലപൊക്കുകയായിരുന്നു. ഗോപീ സുന്ദർ സംഗീതം കോപ്പിയടിച്ചതാണെന്നായിരുന്നു അത്. ഇതിലെ വാസ്തവമെന്തെന്ന് ഗോപീ സുന്ദർ പറയുകയാണ് മനോരമ ഓണ്‍ലൈനോട്.

"ആദ്യമേ പറയട്ടെ, ഒരു പാട്ടോ പശ്ചാത്തല സംഗീതമോ കോപ്പിയടിച്ചിട്ടുണ്ടെങ്കിൽ അതു തുറന്നു പറയുവാൻ ഒരു മടിയുമില്ല. മുൻപ് അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ പുലിമുരുകനിലെ സംഗീതത്തെ കുറിച്ച് അങ്ങനെ പറഞ്ഞാൽ ഞാൻ സഹിക്കില്ല. രാപകൽ ഭേദമില്ലാതെ കുറേ ദിവസം പരിശ്രമിച്ചതിന്റെ ഫലമാണത്. മനസുതൊട്ടു പറയാം....അതെന്റെ മാത്രം സംഗീതമാണെന്ന്...

എപ്പോൾ എന്റെ സംഗീതം വന്നാലും ഇങ്ങനെയൊരു ആരോപണം പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടെങ്കിൽ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതിനൊരിക്കലും മടി കാണിച്ചിട്ടില്ല. 

എന്റെ സംഗീത ജീവിതത്തിൽ ഏറ്റവും അധികം സമയമെടുത്ത് ചെയ്തു തീർത്ത ചിത്രമാണിത്. മുപ്പതു ദിവസത്തോളും തന്നു സംവിധായകൻ വൈശാഖ് എനിക്ക്. അതിൽ 26 ദിവസവും പശ്ചാത്തല സംഗീതം തീർക്കുവാനായിരുന്നു. വൈശാഖ് കാണിച്ച ക്ഷമയും സംഗീതത്തിനു നൽകിയ പ്രസക്തിയുമാണ് ഇത്രയും നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ സൃഷ്ടിക്കുവാൻ സഹായകരമായത്. സാധാരണ ഇങ്ങനെയുണ്ടാകാറില്ല. വേഗം പശ്ചാത്തല സംഗീതം തീർത്തു കൊടുക്കുവാനാണു സംവിധായകരൊക്കെ ആവശ്യപ്പെടാറ്. ആവശ്യത്തിനു സമയം കിട്ടിയാൽ നല്ല സംഗീതം തീർക്കുവാനാകും എന്നതിനും കൂടിയുള്ള തെളിവാണത്. 

പുലിമുരുകൻ എനിക്കും ഒരു അസാധാരണ അനുഭവമായിരുന്നു. ആളുകളിൽ നിന്നുള്ള പ്രതികരണത്തിനു മുൻപത്തേക്കാൾ ആവേശവും സ്നേഹവുമായിരുന്നു. വെള്ളിത്തിരയിൽ ഇല്ലെങ്കിലും ഞാനും താരമായതു പോലെ തോന്നി. അത്രയ്ക്കായിരുന്നു ആരാധകർ തീയറ്ററിനുള്ളിലും പുറത്തും എനിക്കു തന്ന സ്നേഹം. അവരുടെ ആർപ്പുവിളികൾ എനിക്കു പകർന്ന ഊർജ്ജവും പ്രതീക്ഷയും ചെറുതല്ല. അതുതന്നെയാണു മുൻ‌പോട്ടുള്ള യാത്രയ്ക്ക് എനിക്കു ശക്തിയേകുന്നതും.

പോയവർഷത്തേതു പോലെ ഇത്തവണയും ഒരുപാട് ചിത്രങ്ങൾക്കു സംഗീതം നൽകുവാനായി. ഇനിയും മുൻപിൽ കുറേയേറെയുണ്ട്. ഓലഞ്ഞാലി കുരുവി പോലുള്ള പാട്ടുകളും പുലിമുരുകനിലെ മാസ് സംഗീതവും ഒരുപോലെ ചെയ്യുവാൻ എനിക്കിഷ്ടമാണ്. ഇത്തരം സംഗീതമേ ചെയ്യൂ എന്നൊരിക്കലും നിർബന്ധം കാണിച്ചിട്ടില്ല. വേർതിരിവുകളോടെ സമ്മർദ്ധത്തോടെ ഒരു ചിത്രത്തിനും ഈണമിടാനിരുന്നിട്ടുമില്ല. അതുതന്നെയാണ് നല്ല സംഗീതാനുഭവങ്ങൾ തന്നതെന്നും വിശ്വസിക്കുന്നു. ഇനിയും അങ്ങനെ തന്നെയാകുമെന്നു കരുതുന്നു. പുലിമുരുകനിലെ സംഗീതം ഇത്രയേറെ ശ്രദ്ധ നേടിയതും അതുകൊണ്ടാണ്." ഗോപീ സുന്ദർ പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.