Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നാപ് ഡീലിന്റെ 'പാട്ടുകാരൻ' വൈസ് പ്രസിഡന്റ്

hareesh-sivarama-krishnan ഹരീഷ് ശിവരാമകൃഷ്ണൻ

പേരിനൊപ്പം ഒരുപാടു പദവികളുണ്ട് ഹരീഷ് ശിവരാമകൃഷ്ണന്. പക്ഷെ ഒരു സംഗീതജ്ഞൻ എന്ന പദവി ഒപ്പം കൊണ്ടു നടക്കാനാണ് അദ്ദേഹത്തിനിഷ്ടം. പിന്നണി ഗായകൻ, കർണാടിക് സംഗീതജ്ഞൻ, വയലിനിസ്റ്റ്, അഗമെന്ന ബാൻഡിന്റെ ഫ്രണ്ട് മാൻ. ഹരീഷിന്റെ  പേരിനൊപ്പം ചേരുന്ന  പാട്ടിന്റെ വഴികൾ ഇങ്ങനെ പരന്നു  കിടക്കുന്നു. 

agam (2) അഗം ബാൻഡിലെ അംഗങ്ങള്‍

ഉള്ളിൽ കത്തുന്ന അഗ്നിയാണ് ‘അഗം’. ഐടി രംഗത്തെ വൻ പ്രതിഫലം പറ്റുന്ന ജോലികൾക്കിടയിലും ഉള്ളിലെ സംഗീതത്തെ കെടാതെ സൂക്ഷിച്ച ഒരു പറ്റം ചെറുപ്പക്കാർ ഒരുമിച്ചപ്പോൾ അതിനു നൽകിയ പേരായിരുന്നുവത്. ഇന്നു രാജ്യത്തെ ഏറ്റവും മികച്ച പ്രോഗ്രസീവ് കർണാടിക് റോക്ക് ബാൻഡുകളുടെ പട്ടികയിലുണ്ട്  ഈ പേര്. ഇന്ത്യയിലെ ഏറ്റവും മികച്ച ബാൻഡുകളുടെ പട്ടികയിൽ ഇവർ ഇടം നേടിക്കഴിഞ്ഞു. 

ബാൻഡിന്റെ  ബേസ് ബെംഗളുരു നഗരമാണെങ്കിലും അംഗങ്ങളിൽ ഭൂരിഭാഗവും  മറ്റു സ്ഥലക്കാരാണെങ്കിലും  മലയാളികൾക്ക് ഇവരോട് ഇഷ്ടം കൂടാൻ പലതുണ്ട് കാരണങ്ങൾ. ബോട്ട് സോങ് ഉൾപ്പെടെ ഇവരുടെ പ്രിയപ്പെട്ട ഗാനങ്ങളെല്ലാം  മലയാളത്തിലുള്ളവ. ഒപ്പം ബാൻഡിന്റെ പ്രധാന ഗായകനും വയലിനിസ്‌റ്റുമായ ഹരീഷ് ശിവരാമകൃഷ്‌ണൻ മലയാളിയാണ്. ബാൻഡിലെ മറ്റ് അംഗങ്ങളെല്ലാം മലയാള സംഗീതത്തിന്റെ ആരാധകർ. അതുകൊണ്ടാണ് അവരുടെ ഷോകളിൽ മലയാളം പാട്ടുകളും നിറഞ്ഞു നിൽക്കുന്നത്. ഒരു കച്ചേരി അവതരണത്തിനു വേണ്ടി കൊച്ചിയിലെത്തിയ ഹരീഷ് സംസാരിക്കുന്നു പാട്ടിനെക്കുറിച്ച്, അഗത്തെക്കുറിച്ച്. 

ബാൻഡിന്റെ ലൈനപ്പിൽ മാറ്റമുണ്ടായല്ലോ? 

ലൈനപ്പിൽ ചെറിയൊരു വ്യത്യാസമുണ്ടായിട്ടുണ്ട്. ബേസ് ഗിറ്റാറിസ്റ്റായിരുന്ന വിഗ്നേഷ് മാറി പകരം ആദിത്യ കശ്യപാണ് ഇപ്പോൾ  ബേസ് ഗിറ്റാറിസ്റ്റ്. ഡ്രമ്മർ ഗണേഷ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കു യുഎസിലാണ്. അതിനാൽ താൽക്കാലികമായി  ഒരു ബ്രേക്ക് എടുത്തിരിക്കുന്നു. ഇപ്പോൾ ഡ്രമ്മറായ യദു നന്ദ മുൻപും അഗത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഏഴു വർഷത്തോളം പരിചയവുമുണ്ട്. 

പുതിയ ആൽബം? 

പുതിയ ആൽബത്തിന്റെ പണിപ്പുരയിലാണ്. റെക്കോർഡിങ് അവസാന ഘട്ടത്തിലാണ്. പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി നവംബറിൽ ആൽബം റിലീസ് ചെയ്യാമെന്നാണു പ്രതീക്ഷ. അഗത്തിന്റെ പതിവു ജോണർ തന്നെയാണെങ്കിലും സൗണ്ടിങ്ങിൽ വ്യത്യാസമുണ്ടാകും. ഒരു ഫുൾ ക്വയർ സെഷനും സ്ട്രിങ് സെഷനുമെല്ലാം  ഉൾപ്പെടുത്തിയിട്ടുണ്ട്. കുറച്ചു വ്യത്യസ്തതകൾ ഉണ്ട്. പക്ഷെ അഗത്തിന്റെ വേരുകളിൽ നിന്നു മാറ്റമില്ല. എട്ടു പാട്ടുകളാണ് ആൽബത്തിലുള്ളത്. പാട്ടുകൾ ഷോകൾക്കു വായിച്ചു തുടങ്ങി. 

ഇടയ്ക്കു സിനിമകളിലും പാടുന്നുണ്ട്? 

അധികം സിനിമകളിലൊന്നുമില്ല. അടുത്ത സുഹൃത്തുക്കൾ വിളിക്കുമ്പോൾ മാത്രമാണു സിനിമയിൽ പാടുന്നത്. പ്രശാന്ത് പിള്ള, തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോൻ എന്നിവരുടെ സിനിമകളിലാണു പാടിയത്. അവർ വിളിക്കുമ്പോൾ വന്ന് എന്നാലാവുന്നതു ചെയ്യുന്നെന്നു മാത്രം. പതിവായ സിനിമകളിലൊന്നും പാടുന്നില്ല

കേരളത്തിൽ കലാലയങ്ങളിലെ മ്യൂസിക് ഷോകൾക്കു നിരോധനം ഏർപ്പെടുത്തിയ നിലപാടിനെക്കുറിച്ച്?

വളരെ നിരാശാജനകമായ തീരുമാനമാണത്. ആ തീരുമാനം  എടുക്കാൻ  കാരണമായ സംഭവം അറിയാം. എന്നാൽ  ഷോകൾ നിരോധിച്ചിട്ടുള്ള തീരുമാനം ശരിയായില്ല. കോളജുകളാണു മിക്ക കലാകാരൻമാരുടെയും വേര്, അടിസ്ഥാനം. ആർട്ടിസ്റ്റുകൾ ഉയർന്നുവരുന്നതും വിദ്യാർഥികൾ നൽകുന്ന പിന്തുണ കൊണ്ടാണ്. രാജ്യത്തെ ഇൻഡിപ്പൻഡന്റ് മ്യൂസിക് രംഗത്തുള്ളവരെല്ലാം  ഇതു തന്നെയാകും പറയുക. അത് ഇല്ലാതാകുകയെന്നാൽ വിഷമമുള്ള കാര്യമാണ്. സർക്കാർ വീണ്ടും ആലോചിക്കുമെന്നാണു കരുതുന്നത്. 

രാജ്യത്തെ ഇൻഡിപ്പൻഡന്റ്  മ്യൂസിക് രംഗത്തെക്കുറിച്ച്? 

ഇൻഡി മ്യൂസിക് രംഗത്തു നല്ല പാട്ടുകൾ വരുന്നുണ്ട്. നല്ല പരീക്ഷണങ്ങളും നടക്കുന്നു. മുൻപത്തേക്കാൾ  മുന്നേറിയിട്ടുണ്ട്. പക്ഷെ കേൾവിക്കാരുടെ, സംഗീത ആസ്വാദകരുടെ പിന്തുണയും അതുപോലെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും മികച്ച പിന്തുണ ലഭിക്കുന്നില്ലെന്നതാണു വാസ്തവം. പലർക്കും കവറുകൾ വായിക്കുന്നവരെയാണ് താൽപര്യം. അത് അവരുടെ കുറ്റം കാരണമല്ല. കേട്ടുമറന്ന പാട്ടുകൾ വീണ്ടും കേൾക്കുമ്പോഴുള്ള സന്തോഷം. അതുപോലെ പുതിയ പരീക്ഷണങ്ങൾക്കും ചെവി കൊടുക്കാൻ സാധിക്കണം. പുതിയ പാട്ടുകളെ ക്ഷമയോടെ  കേൾക്കാം.  ആദ്യം കേൾക്കുമ്പോൾ ഇഷ്ടപ്പെട്ടുവെന്നു വരില്ല. വീണ്ടും കേൾക്കുമ്പോഴാകും നിങ്ങൾക്കു താൽപര്യം തോന്നുക. 

∙ സ്നാപ് ഡീലിന്റെ വൈസ് പ്രസിഡന്റ് ജോലി, മ്യൂസിഷൻ തിരക്ക്. രണ്ടും എങ്ങനെ കൊണ്ടുപോകുന്നു? 

സ്നാപ് ഡീലിൽ ഡിസൈനിങ് വൈസ് പ്രസിഡന്റായാണു ജോലി ചെയ്യുന്നത്. രണ്ടും അങ്ങനെ  പോകുന്നുവെന്നു പറഞ്ഞാൽ മതി. തിരക്കുകൾ ഉണ്ട്, അതിനെ  വലിയ കാര്യമായൊന്നുമെടുക്കുന്നില്ല. രണ്ടിടത്തും പിന്തുണ നൽകാൻ ഏറെയാളുകളുണ്ട്. അതിനാൽ പ്രശ്നങ്ങളുണ്ടാകാതെ മുന്നോട്ടു പോകുന്നു. 

ഇടയ്ക്കു സമയം കിട്ടുമ്പോൾ കർണാടിക് കച്ചേരികൾ നടത്താനും ഹരീഷ് സമയം കണ്ടെത്തുന്നുണ്ട്. പത്തുവർഷത്തിലേറെ കർണാടിക് സംഗീതം പഠിച്ചതിന്റെ  ബലം. കൊച്ചിയിൽ അതിനു ലഭിക്കുന്ന അവസരമൊന്നും മാറ്റിവയ്ക്കാറില്ലെന്നു ഹരീഷ് പറയുന്നു. അഗത്തിന്റെ  കരുത്തും കർണാടിക് തന്നെയാണ്. പാട്ടിൽ പുതിയ വഴികളും പരീക്ഷണങ്ങളുമായി സഞ്ചരിക്കുകയാണു  ഹരീഷ് ശിവരാമകൃഷ്ണൻ. 

Your Rating: