Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനൊരു ഒറ്റയാൻ: ഗോപീ സുന്ദർ

Gopi Sunder

ശ്രോതാവിന്റെ കേഴ്‌വിയെ തന്റെ ഈണങ്ങളുടെ പെരുമയിലേക്ക് കുരുക്കിയിടാൻ പോയവർഷം ഗോപീ സുന്ദറെന്ന സംഗീതജ്ഞന് സാധിച്ചു. ചലച്ചിത്രങ്ങളുടെ സംഗീതം, പശ്ചാത്തല സംവിധാനം എന്നീ രണ്ടു തലക്കെട്ടുകൾക്കടിയിൽ പ്രേക്ഷകലോകം ഏറ്റവുമധികം വായിച്ച പേരുകളിലൊന്നും ഈ സംഗീതജ്ഞന്റേതു തന്നെ. വിമർശനങ്ങളുടെ മുനയെ വ്യത്യസ്തകളിലൊരുക്കിയ ഈണക്കൂട്ടുകൾകൊണ്ട് ഗോപീ സുന്ദർ ഒടിച്ചുമടക്കി. ശ്രോതാവിന്റെ കേഴ്വിയെ ഇപ്പോൾ ഗോപീ സുന്ദർ പിടിച്ചിരുത്തുന്നത് ചാർളിയിലെ പാട്ടുകളിലൂടെയാണ്. ഗോപീ സുന്ദർ സംസാരിക്കുന്നു കടന്നുവന്ന വഴികളെ കുറിച്ച് കൈനിറയെയുള്ള സിനിമകൾക്ക് വൈവിധ്യങ്ങളുടെ താളമിടാനായതിലെ മാന്ത്രികതയെ കുറിച്ച് മോഹൻലാൽ ചിത്രം പുലിമുരുകനു നൽകുന്ന സംഗീതത്തെ കുറിച്ച്

വിജയത്തിനു പിന്നിൽ നിത്യ തൊഴിൽ അഭ്യാസം

ശ്രോതാവിന് ഇഷ്ടമാകുന്ന ഒരുപാട് നല്ല പാട്ടുകൾ ചെയ്യാനായി ഈ വര്‍ഷം. അത് ഏറെ സന്തോഷം തരുന്നു. എന്താണിതിനു പിന്നിലെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ. നിത്യതൊഴിൽ അഭ്യാസം. സംഗിതസംവിധാനമെന്ന ജോലി മാത്രമാണ് എനിക്ക് ചെയ്യാനാറിയുന്നത്. അത് നല്ലതാക്കാൻ ഞാൻ നിത്യേന പരിശ്രമിക്കുന്നു. സംഗീതം മാത്രമേ മനസിലുള്ളൂ. പിന്നെ കുറേ അനുഭവങ്ങളും. പതിനാലു വർഷത്തോളം ഔസേപ്പച്ചനെന്ന പ്രഗത്ഭനൊപ്പം എനിക്കു പ്രവർത്തിക്കാനായി. ആ ദിനങ്ങൾ തന്ന പാഠങ്ങൾ ഏറെയാണ്. അതാണ് എന്റെ സംഗീത ജീവിതത്തെ വാർത്തെടുത്തത്.

Vijay Prakash, Gopi Sunder, Dulquer വിജയ് പ്രകാശ്, ഗോപീസുന്ദർ, ചാർളിയെന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ

ചാർലിയും പുലിമുരുകനും

ഒരു ചിത്രത്തിൽ തന്നെ വ്യത്യസ്തമായ ഈണങ്ങൾ വേണം എന്ന നിർബന്ധമുണ്ട്. ആ ഒരു നിർബന്ധം ഇതുവരെയുള്ള ഹിറ്റുകൾക്ക് കാരണമായ പ്രധാന ഘടകമാണ്. ചാർലിയിലെ സംഗീതത്തിന്റെ പ്രശസ്തിക്കു കാരണവും അതുതന്നെ. പിന്നെ പുലിമുരുകനിൽ രണ്ടു പാട്ടുകളാണ് ഇതുവരെ ചെയ്തത്. ഒരെണ്ണം ജാനകിയമ്മ പാടുന്ന താരാട്ടു പാട്ടാണ്. പിന്നൊരെണ്ണം ശ്രേയാ ഘോഷാലും ജാസീ ഗിഫ്റ്റും ചേർന്നു പാടുന്ന പാട്ട്. ഇതിലിനിയും പാട്ടുകൾ പിറന്നേക്കാം.

ഞാനെവിടെയുമെത്തിയിട്ടില്ല

ഗോപീസുന്ദറെന്ന സംവിധായകൻ എവിടെയെങ്കിലുമെത്തിയെന്ന തരത്തിൽ സംസാരിക്കരുത്. കുറേ കഷ്ടപ്പെട്ടു. കുറേ അലഞ്ഞു. ഇപ്പോൾ പൊതുസമൂഹം പറയുന്ന സക്‌സസ് സ്റ്റോറിക്കു പിന്നിൽ ഇതെല്ലാമുണ്ട്. ഒരുപാട് നല്ല പാട്ടുകൾ പോയവർഷം ചെയ്യാനായി. അതിലെനിക്ക് സംതൃപ്തിയുണ്ട്. പക്ഷേ എന്റെ സംഗീത ജീവിതത്തിൽ എനിക്കിനിയുമേറെ ദൂരം പോകാനുണ്ട്. ഗോപീ സുന്ദറെന്ന സംവിധായകൻ സംഗീത ലോകത്ത് ഒരുപാട് നേട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞെന്ന രീതിയിൽ സംസാരിച്ചാൽ എന്റെ യാത്രകളുടെ വേഗം കുറഞ്ഞുപോകും. അതുകൊണ്ട് അങ്ങനെയൊരിക്കലും പറയരുത്.

വെല്ലുവിളികളില്ല

നിലവിൽ മലയാള സംഗീത രംഗത്ത് വെല്ലുവിളികളൊന്നും ഞാൻ നേരിടുന്നില്ല. ഞാൻ പറഞ്ഞല്ലോ പതിനാലു വർഷത്തെ അനുഭവ സമ്പത്ത് പഠിപ്പിച്ച കാര്യങ്ങൾ ഏറെയാണ്. അതുകൊണ്ട് നമ്മുടെ മുന്നിലേക്ക് വരുന്ന അവസരങ്ങളെ ഏറ്റവും കൃത്യമായി വ്യത്യസ്തമായി ഉപയോഗിക്കാനായാൽ വെല്ലുവിളിയായി തോന്നില്ല. കഴിഞ്ഞ വർഷം ഇരുപത്തിയാറ് ചിത്രങ്ങൾക്ക് സംഗീതം നൽകി. അതിൽ 22 എണ്ണം പുറത്തിറങ്ങി. ഈ സമയത്ത് നമ്മൾടെ തിരക്ക് എത്രത്തോളമായിരിക്കുമെന്നൊക്കെ ഊഹിക്കാമല്ലോ. മറ്റൊന്നും ചിന്തിക്കാൻ നേരമില്ല. അറിയാവുന്ന പണി ഏറ്റവും നന്നായി ചെയ്യണമെന്ന ചിന്തയേ ഉള്ളൂ. അതൊരു വെല്ലുവിളിയായി തോന്നിയിട്ടില്ല. ഇനിയൊരു ഇരുപത് വർഷത്തേക്കുള്ള ഡീസൽ എന്നിലുണ്ടെന്ന വിശ്വാസമുണ്ട്. ‌

പക്കാ പ്രൊഫഷണൽ, പക്ഷേ സാധാരണക്കാരൻ

ഞാനെന്റെ തൊഴിലിൽ വളരെ പ്രൊഫഷണൽ ആണ്. സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്ന ഒരാളാണ് ഞാൻ. സംഗീതജ്ഞനെന്ന നിലയിൽ എനിക്ക് എൻറേതായ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. സിനിമയുടെ സാഹചര്യത്തിനും സന്ദർഭത്തിന്റെ ഭാവത്തിനനുസരിച്ചാണ് പാട്ടുണ്ടാക്കേണ്ടത്. അതുകൊണ്ട് ഞാൻ പ്രൊഫഷണൽ ആയേ പറ്റൂ. ഞാൻ പക്കാ പ്രൊഫഷണൽ ആയ വ്യക്തിയാണ്. ആ പ്രൊഫഷണൽ മനോഭാവം ഇപ്പോഴത്തെ ഈ വിജയങ്ങളിൽ പ്രധാന പങ്ക്‌വഹിച്ചിട്ടുണ്ട്. ഞാനിങ്ങനുള്ള സംഗീതമേ ചെയ്യൂ എന്ന് വാശിപിടിച്ചാൽ അതെനിക്ക് ഗുണം ചെയ്യില്ല. അത്തരമൊരു വാശിയില്ലാത്തത് ഒരുപാട് വിഭിന്നമായ ഈണങ്ങളിലേക്ക് എന്നെ നടത്തി. ഏത് സാഹചര്യത്തിനനുസരിച്ചും പാട്ടൊരുക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഇതൊക്കെയാണെങ്കിലും തീർത്തും സാധാരണക്കാരനായ വ്യക്തിയാണ്. സാധാരണ ചിന്താഗതിക്കാരനാണ്. സാധാരണ ജീവിതമാണ് നയിക്കുന്നതും. പക്ഷേ പ്രൊഫഷണലിസമെന്ന വാക്കിന് ഞാൻ കൊടുക്കുന്ന വില വളരെ വലുതാണെന്നു മാത്രം.

നമുക്ക് പുതിയ പാട്ടുകാരുണ്ട്, പിന്നണി ഗായകർ കുറവാണ

നമുക്ക് ഒരുപാടൊരുപാട് പാട്ടുകാരുണ്ട്. പ്രതിഭയുള്ളവർ തന്നെയാണവർ. പക്ഷേ പിന്നണി ഗായകർ കുറവാണെന്നു പറയാം. കാരണം സിനിമാ പാട്ടിനു വേണ്ടെന്ന് വേറൊരു തലമാണ്. ആ സിനിമയുടെ സന്ദർഭത്തെയറിഞ്ഞ് അതിന്റെ ഭാവത്തിനൊത്ത് സ്പന്ദനത്തിനൊത്ത് സ്വന്തം കഴിവിനെ ഉപയോഗപ്പെടുത്താനായാൽ മാത്രമേ നല്ലൊരു പിന്നണി ഗായകനോ ഗായികയോ ആകാൻ കഴിയൂ. ഇപ്പോഴുള്ളവരിൽ പലരും യേശുദാസിന്റേയും ചിത്രയുടേയുമൊക്കെ പാട്ടുകൾ വളരെ മനോഹരമായി പാടുന്നത് കേൾക്കാം. പക്ഷേ ഈ പാട്ടുകൾ എങ്ങനെ കാലാതീതമായി നിൽക്കുന്നുവെന്നതിനെ സംബന്ധിച്ച് പുതിയ പാട്ടുകാർ പഠനം നടത്തുന്നുണ്ടോയെന്ന കാര്യം സംശയമാണ്.

Gopi Sunder ഗോപീ സുന്ദർ

പുതിയ സംഗീത സംവിധായകർ ഏറെ വരുന്നുണ്ട്. പക്ഷേ രണ്ടുകൊല്ലം കൊണ്ട് എല്ലാം നേടാമെന്ന് ചിന്തിക്കരുത്. ഫേസ്ബുക്കിലും മറ്റും പുതിയ കുട്ടികളൊരുപാടു പേർ അഭിപ്രായം ചോദിക്കാറുണ്ട്. ഗോപീ സുന്ദറെന്ന സംഗീത സംവിധായകന്റെ വിജയത്തെ കുറിച്ച്. പറയാനെനിക്കൊന്നേയുള്ളൂ. നല്ല സംഗീത സംവിധായകനാകണമെങ്കിൽ പാണ്ഡിത്യമുള്ള ഒരു സംഗീതജ്ഞനു കീഴിൽ കുറേ വർഷം പ്രവർത്തിക്കുക, ആ ജീവിതം അനുഭവിക്കുക. പാട്ടുവഴിയിൽ നേടുന്ന അനുഭവങ്ങൾക്ക് നിങ്ങളുടെ സംഗീത ജീവിതത്തിൽ ഏറെ നന്മകള്‍ കൊണ്ടുത്തരുവാന്‍ കഴിയും. പിന്നെ ക്ഷമയോടെ കാത്തിരിക്കുക.

Gopi Sunder

ഞാനൊരു ഒറ്റയാൻ

സിനിമയിലെന്നല്ല പുറത്തും എനിക്ക് അധികം ഫ്രണ്ട്ഷിപ്പില്ല. സംഗീതം തന്നെയാണ് ഉറ്റസുഹൃത്ത്. നല്ല റിലേഷൻഷിപ്പുണ്ട്. നല്ല ബന്ധങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. അതൊരുപാടുണ്ട് ജീവിതത്തിൽ. ഞാനൊരു ഒറ്റയാനാണെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം അനുഭവങ്ങൾ പഠിപ്പിച്ചത് അതാണ്. നല്ല ബന്ധങ്ങളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം.

ഇനി

Gopi Sunder, Shreya Ghoshal

ഇനി..ആ ചോദ്യം വീണ്ടും പഴയതിലേക്ക് പോകുന്നു. ഗോപീ സുന്ദർ ഏതോ ഒരു സ്ഥാനത്തെത്തി എന്ന ഉദ്ദേശത്തിലുള്ള ചോദ്യത്തിലേക്ക്. അതുവേണ്ട. ഇനി എന്നൊന്നില്ല. ഈ യാത്ര ഇങ്ങനെ തുടരും. സംഗീതം ജീവിതത്തിലൊപ്പമുണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇങ്ങനെയൊക്കെ ആകുവാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഏതെങ്കിലുമൊരു നാട്ടുമ്പുറത്ത് അൽപം കൃഷിയൊക്കെയായി കഴിഞ്ഞുകൂടാനായിരുന്നു ആഗ്രഹം. പിന്നെ ഞാനാർക്കും ഒരുറപ്പും നൽകിയിട്ടില്ല. അതുകൊണ്ട് ചിന്തിച്ച് തലപുകയ്ക്കുന്നില്ല നാളയെ കുറിച്ച്. ഇന്ന് മുന്നിലെത്തുന്ന പാട്ടിന് ഏറ്റവും നല്ല ഈണങ്ങൾ നൽകുക. നല്ലൊരു സംഗീതജ്ഞനാകുക എന്നത് തന്നെയാണ് പരമമായ ലക്ഷ്യം. കാലമേറെ കഴിഞ്ഞാലും മനസുകൾ മറക്കാത്ത ഈണങ്ങളെ സൃഷ്ടിക്കുവാൻ കഴിയണം. ജനങ്ങളിൽ നിന്ന് അകലാതിരിക്കണം. അതിനേക്കാളുപരി എന്നെന്നും നല്ലൊരു ശ്രോതാവായിരിക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.