Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദിച്ച് ചോദിച്ച് പാട്ടെഴുത്തുകാരനായി

vinayak-sasikumar-guppy

അവസരം  ചോദിക്കുക സിനിമയിൽ പതിവാണ്. നടനാകാൻ, സംവിധായകനാകാൻ, തിരക്കഥ എഴുതാൻ, ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി എല്ലാവർക്കുമുണ്ടാകും അവസരം ചോദിച്ചതിന്റെ ഒരു കഥയെങ്കിലും പങ്കുവയ്ക്കാൻ. പക്ഷേ സിനിമയിൽ ഗാനരചയിതാവാകാൻ അവസരം ചോദിച്ചതിന്റെ അനുഭവം അധികമാരും  പങ്കുവച്ചിട്ടില്ല. എന്നാൽ വിനായക് ശശികുമാർ എന്ന മലയാളത്തിലെ പുതുതലമുറ ഗാനരചയിതാവിന്റെ കഥ ഏറെ വ്യത്യസ്തമാണ്.  2013 ൽ പുറത്തിറങ്ങിയ ‘കുട്ടിയും കോലും’ എന്ന സിനിമയിലൂടെ ആരംഭിച്ച  വിനായകിന്റെ പാട്ടെഴുത്ത്  ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ‘ജോമോന്റെ സുവിശേഷം’ വരെയെത്തി നിൽക്കുന്നു. ചെന്നൈയിൽ ഫോഡ് കമ്പനിയിൽ ഡേറ്റാ അനലിസ്റ്റിന്റെ  ജോലിക്കൊപ്പം എഴുത്തും മുന്നോട്ടു കൊണ്ടുപോകുന്ന വിനായകൻ തന്റെ കഥ പറയുന്നു.

സ്വന്തം ഈണത്തിനെഴുതി

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സംഗീതത്തോടു താൽപര്യമുണ്ട്. കീബോർഡ് വായിക്കുമായിരുന്നു. അന്നേ ചെറിയ മ്യൂസിക് കംപോസിങ് ഒക്കെയുണ്ട്, ഏഴ്-എട്ട് ക്ലാസുകളിലെ കാര്യമാണ്. സ്വയം തയാറാക്കിയ ഒരു ഈണത്തിനു വേണ്ടിയാണ് ആദ്യമായി വരികളെഴുതിയത്. അതങ്ങനെ പോയി. പഠനത്തിനു വേണ്ടി ചെന്നൈയിൽ എത്തിയ ശേഷം  പരിചയപ്പെട്ട  സുഹൃത്തുക്കളാണ്  എന്റെ  ഉള്ളിലെ പാട്ടെഴുത്തുകാരനെ കൃത്യമായി  പുറത്തെത്തിച്ചത്. പാട്ട്  കംപോസ് ചെയ്തിരുന്ന  സുഹൃത്തുക്കൾക്കു വേണ്ടി  പലപ്പോഴും വരികൾ  എഴുതി. അങ്ങനെയാണു വളർച്ച. കണ്ണൂർ  സ്വദേശിയും ഏറ്റവുമടുത്ത സുഹൃത്തുമായ  വിഷ്ണു ശ്യാമിന്റെ  ഈണത്തിലാണ് അക്കാലത്ത് ഏറ്റവുമധികം  വരികൾ എഴുതിയിട്ടുള്ളതും. വിഷ്ണുവാണ് എന്റെ ആദ്യത്തെ കേൾവിക്കാരനും  ആസ്വാദകനുമെല്ലാം.

ചോദിച്ചു നേടിയ അവസരം

സുഹൃത്തുക്കൾക്കു വേണ്ടി എഴുതി തരക്കേടില്ലെന്നു  ബോധ്യപ്പെട്ടതോടെയാണു സിനിമയിൽ ഒരവസരത്തിനു  വഴിതേടിയത്.  അന്നു ചെന്നൈ ലയോള കോളജിൽ ഇക്കണോമിക്സ്  ഡിഗ്രി വിദ്യാർഥിയാണ്. ആയിടെയാണ് ‘കുട്ടിയും കോലും’  എന്ന സിനിമ  ഗിന്നസ് പക്രു അനൗൺസ് ചെയ്തത്. സിനിമക്കാരെ എനിക്കു പരിചയമൊന്നുമില്ല. ഗിന്നസ് പക്രുവിനെ നേരിട്ടു ഫോണിൽ വിളിച്ച്  ഒരു ചാൻസ് തരുമോ എന്നു ചോദിച്ചു. അദ്ദേഹം  സമ്മതിച്ചു. അങ്ങനെയാണു  ഷാൻ റഹ്മാൻ സംഗീതം നൽകിയ ‘കരളിലൊഴുകും’ എന്ന  മെലഡി എഴുതുന്നത്. ശ്വേത മോഹനും  ഷാനും ചേർന്നാണ് ആ പാട്ട് പാടിയിരിക്കുന്നത്. സിനിമ അധികം ശ്രദ്ധിക്കപ്പെടാതെ പോയതോടെ ആ പാട്ടിനും വലിയ സ്വീകര്യത കിട്ടിയില്ല.

നീലാകാശത്തിന്റെ ചുവട്ടിൽ

‘കുട്ടിയും കോലും’ കഴിഞ്ഞ് അടുത്തതെന്ത് എന്ന ചിന്തയായി നടക്കുകയായിരുന്നു. അപ്പോഴാണു  ഫെയ്സ്ബുക്കിൽ  ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സമീർ താഹിർ ചിത്രത്തിന്റെ പോസ്റ്റർ കണ്ടത്. പോസ്റ്ററിൽ  ഗാനരചയിതാവിന്റെ പേര് കാണാത്തതിനാൽ ഒന്നു ശ്രമിച്ചാലോ എന്ന തോന്നലുണ്ടായി. സമീർ താഹിറിന്റെ നമ്പരൊന്നും കയ്യിലില്ല. ഗൂഗിളിൽ ഒരു വെബ്സൈറ്റിൽ നിന്നു ലഭിച്ച നമ്പരിൽ വിളിച്ചപ്പോൾ അദ്ദേഹത്തെ ലഭിച്ചു. കാര്യം പറഞ്ഞു. സിനിമയുടെ  ഷൂട്ടിങ്ങെല്ലാം  പൂർത്തിയാക്കി  പോസ്റ്റ് പ്രൊഡക്‌ഷനു വേണ്ടി  അണിയറ പ്രവർത്തകർ ചെന്നൈയിലുണ്ടായിരുന്നു. നേരിൽ കാണാൻ  പറഞ്ഞു. അദ്ദേഹത്തെക്കണ്ട്  ‘കുട്ടിയും  കോലും’ സിനിമയിലെ ഞാനെഴുതിയ പാട്ടു കേൾപ്പിച്ചു. വിളിക്കാമെന്നു പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷം സമീറിന്റെ വിളിയെത്തി. അവർ താമസിക്കുന്ന ഫ്ലാറ്റിൽവച്ച് സിനിമയിലെ പാട്ടിന്റെ വിഷ്വൽസ് കാണിച്ചു. സംഗീതം നൽകിയ റെക്സ് വിജയനും ഉണ്ടായിരുന്നു. ‘ദൂരേ ദൂരേ’ എന്ന പാട്ടാണ് ആദ്യം എഴുതിയത്. രാവിലെ പാട്ടെഴുതിയ ശേഷം ഉച്ചയ്ക്കു ശേഷം കോളജിലും പോയി. പിന്നാലെ  രണ്ടു പാട്ടുകൾ കൂടി ഒരാഴ്ചയ്ക്കുള്ളിൽ എഴുതി. ‘താഴ്‌വാരം മേലാകെ’, ‘നീർപ്പളുങ്കുകൾ’ എന്നിവ കൂടി. അങ്ങനെ മൂന്നു പാട്ടുകൾ ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ക്കു വേണ്ടി എഴുതി.  അതു ഹിറ്റായി. 

നീലാകാശത്തിന്റെ ജോലികൾ നടക്കുന്ന സമയത്തു തന്നെയാണു നോർത്ത് 24 കാതത്തിന്റെ ഷൂട്ടിങ്ങും നടക്കുന്നത്.  നീലാകാശത്തിൽ അസി. ഡയറക്ടർ ആയിരുന്ന ജോൺപോളാണു (ഗപ്പിയുടെ സംവിധായകൻ) ഗോവിന്ദ് മേനോനെ പരിചയപ്പെടുത്തിയത്. ‘താരങ്ങൾ ഈ യാത്രയിൽ’ എന്ന പാട്ട് എഴുതിയത് അങ്ങനെയാണ്. അതും ശ്രദ്ധിക്കപ്പെട്ടു. 

പാട്ടിന്റെ സന്തോഷം

ഇതുവരെ 12 സിനിമകൾക്കു പാട്ടെഴുതി. ഹരം, മാൽഗുഡി ഡെയ്സ്, ആകാശവാണി, ലോർഡ് ലിവിങ്സ്റ്റൺ, കരിങ്കുന്നം സിക്സസ്, ഗപ്പി എന്നിവയിലെല്ലാം എന്റെ പാട്ടുണ്ട്. ആദ്യമെഴുതിയ വരികളും ഏറ്റവും പുതുതായി എഴുതിയ സിനിമയിലെ വരികളും താരതമ്യം ചെയ്യുമ്പോൾ എനിക്കു തന്നെ സന്തോഷം തോന്നാറുണ്ട്. വരികളിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. രാഹുൽ രാജ്, ദീപക് ദേവ്, രാഹുൽ സുബ്രഹ്മണ്യൻ തുടങ്ങി പുതുതലമുറയിലെ പ്രധാന സംഗീത സംവിധായകർക്കൊപ്പം  പ്രവർത്തിക്കാൻ  സാധിച്ചതും നേട്ടങ്ങളുടെ കൂട്ടത്തിലുണ്ട്.

ജോലിയും പാട്ടും

മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് എംഎസ്‌സി ഇക്കണോമിക്സ് കഴിഞ്ഞ ശേഷമാണു  ഫോഡിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയും പാട്ടെഴുത്തും കൂടിക്കുഴയാതെ  കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. വാട്ട്സാപ്പിലും  മറ്റും ട്യൂൺ ലഭിച്ചശേഷം അതു കേട്ട് എഴുതി അയച്ചു നൽകുകയാണു പതിവ്. പുതിയ സാങ്കേതിക വിദ്യകളുടെ ഒരു ഗുണമാണത്. സിനിമയുടെ ഓഡിയോ ലോഞ്ച്, പൂജ ഇത്യാദി ഘട്ടങ്ങളിലാണ് എത്തിപ്പെടാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകുക. 

സ്വപ്നനേട്ടം

ചെറുപ്പം മുതലേ വിദ്യാസാഗറിന്റെ  ആരാധകനാണ് ഞാൻ. അടുത്ത സുഹൃത്ത് വിഷ്ണുവുമതെ. ഞങ്ങളെ തമ്മിൽ  ഒരുമിപ്പിച്ചതു വിദ്യാസാഗറാണെന്നു പറയാം. അദ്ദേഹത്തോടുള്ള ആരാധന മൂത്ത്  കാണാൻ പോകുകയും മറ്റും ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ മോഹങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിനൊപ്പം  പ്രവർത്തിക്കാൻ സാധിക്കുക. വിഷ്ണു വിദ്യാസാഗറിന്റെ അസിസ്റ്റന്റായി  ആ സ്വപ്നം നേടിയെടുത്തു. ഇപ്പോൾ എനിക്കും ആ ഭാഗ്യം ലഭിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ജോമോന്റെ സുവിശേഷ’ത്തിൽ വിദ്യാസാഗർ ഈണം നൽകുന്ന ഒരു പാട്ട് എഴുതാൻ സാധിച്ചു. വലിയ നേട്ടം, ജീവിതാഭിലാഷം അങ്ങനെ സ്വന്തമാക്കിക്കഴിഞ്ഞു. ‌

‘തനിയെ’ തന്ന സന്തോഷം

ഗപ്പിയിലെ  മൂന്നു പാട്ടുകൾ എഴുതിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ജോൺപോളിനെ സിനിമയിലെത്തിയ കാലം മുതൽ പരിചയമുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുമാണ്. ‘തനിയെ’ എന്ന പാട്ട് ഏറെപ്പേരുടെ ഹൃദയത്തോടു  ചേർന്നു നിൽക്കുന്നതാണ്. പാട്ടു പാടിയ സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു അതിന്റെ  രചന. ജോൺപോൾ സിനിമയുടെ ഓരോ സീനും എന്നോടു വ്യക്തമായി പറഞ്ഞു തന്നിരുന്നു. സംഗീത സംവിധായകൻ വിഷ്ണു വിജയ് ഉൾപ്പെടെയുള്ളവർക്കൊപ്പമിരുന്നാണു  പാട്ട് എഴുതിയത്. ഒാരോ വരിയും എഴുതി അതിന്റെ പോരായ്മകൾ പരിഹരിച്ചു പൂർത്തിയാക്കിയതാണ്. അതുകൊണ്ടുതന്നെ ആ പാട്ടിന് ഏറെ ഭംഗിയുണ്ട്. ഒട്ടേറെപ്പേർ പാട്ടു കേട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. സൂരജിന്റെ  ആലാപനവും വിഷ്ണുവിന്റെ സംഗീതവുമെല്ലാം ഒപ്പം നിന്നു. ആ പാട്ടന്റെ മികവിനു കാരണം എന്റെ ഒപ്പം നിന്നവരാണ്.

Your Rating: