Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ നിന്നു പോയത് ജീവിതത്തിലെ വഴിത്തിരിവ്

jassie-gift-coming-back

ലജ്ജാവതിയെന്ന ഒറ്റഗാനത്തിലൂടെ പാട്ടിനണങ്ങുന്ന ശബ്ദതത്തെ കുറിച്ചുള്ള ചിന്തകൾക്കു മേൽ വലിയൊരു വെട്ടുവെട്ടിയ സംഗീത സംവിധായകനാണ് ജാസീ ഗിഫ്റ്റ്. അപരിചിതമായ ഈണങ്ങളുടെയും താളങ്ങളുടെയും മേളമായിരുന്നു ജാസിയുടെ പാട്ടുകൾ. ചലച്ചിത്ര ഗാനത്തെ കുറിച്ച് അന്നുവരെയുണ്ടായിരുന്ന ധാരണകളെ പൊളിച്ചടുക്കിക്കൊണ്ടുള്ള കടന്നുവരവായിരുന്നു അത്. സംഗീത സംവിധാനരംഗത്ത് പുതുമകൾ നൽകിയെങ്കിലും അത് പ്രേക്ഷക പക്ഷം ഏറെ ആസ്വദിച്ചുവെങ്കിലും പരുക്കൻ ശബ്ദത്തില്‍ പാട്ടുപാടിയതിന് ജാസിക്ക് നേരിടേണ്ടി വന്നത് വലിയ വിമർശനങ്ങളായിരുന്നു. പക്ഷേ എല്ലാവരേയും അത്ഭുതപ്പെടുത്തി ജാസീ ഗിഫ്റ്റ് തെന്നിന്ത്യയുടെ തന്നെ സംവിധായകനായി. സ്റ്റൈലെന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മലയാള ചിത്രത്തിലേക്ക് പാട്ടുകൾ ചിട്ടപ്പെടുത്താനെത്തിയിരിക്കുകയാണ് ജാസി. മലയാളത്തിലെ അനുഭവങ്ങളെ കുറിച്ച് പുതിയ വഴികളെ കുറിച്ച് ഒരു എഫ്ബി പേജു പോലുമില്ലാത്തതിനെ കുറിച്ച് ജാസി സംസാരിക്കുന്നു.

മലയാളത്തിൽ നിന്ന് പോയത് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി

മലയാളം വിട്ട് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് സംഗീത സംവിധായകനായി ചേക്കേറിയതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. ഒരുപക്ഷേ ഇവിടെ നിന്നിരുന്നുവെങ്കിൽ സാമ്പത്തികമായും കരിയറിലായാലും എനിക്കിത്രയ്ക്കൊന്നും നേടാനാകുമായിരുന്നില്ല. നാലു മലയാള സിനിമകൾ ചെയ്താൽ കിട്ടുന്ന പൈസ ഒറ്റ തെലുങ്ക് പടത്തിലൂടെ കിട്ടും. പിന്നെ മറ്റു പല അനുഭവങ്ങളും മലയാളം വിട്ടുപോകാൻ പ്രേരിപ്പിച്ചു. അതേ കുറിച്ചൊന്നും ഇനി പറയ‌ുന്നതിൽ പ്രസക്ത്തിയില്ല. പക്ഷേ മലയാളത്തിൽ നിന്ന് മാറി മറ്റു ഭാഷകളിലെ പാട്ടുകളിലും കൂടി ശ്രദ്ധിക്കാൻ തീരുമാനിച്ചത് നൂറു ശതമാനവും ശരിയായ തീരുമാനമായി.

മലയാളവും മറ്റ് ഭാഷകളും തമ്മിലുള്ള വ്യത്യാസം

മലയാളത്തേക്കാൾ ഒരുപാട് വലിയ ഇൻഡസ്ട്രിയാണ് തെന്നിന്ത്യയിലെ മറ്റു മൂന്നെണ്ണവും. എല്ലാം വമ്പൻ പ്രോജക്ടുകൾ. അതിന്റെ ഫലം സംഗീത സംവിധായകര്‍ക്കും കിട്ടും. ഒരുപാട് പാട്ടുകൾ സാങ്കേതികതയിലും സാമ്പത്തികത്തിലും ഏറെ മുന്നിൽ. പൈസയെന്നത് ഏതൊരു പ്രൊഡക്ഷനെ സംബന്ധിച്ചും വളരെ വലുതാണ്. അത് മലയാളത്തിൽ കുറവല്ലേ. പാട്ടുകൊണ്ട് വിജയിക്കുന്ന സിനിമകൾ ഇന്നുണ്ടോ. പാട്ടുകൾ തന്നെ നമുക്ക് വളരെ കുറവല്ലേ. എന്തിന് സിഡിയെന്ന സംസ്കാരം തന്നെ പോയില്ലേ. ഭക്തി ഗാനരംഗത്ത് സിഡികൾ ഏറെ ഇറങ്ങുന്നുവെങ്കിലും സിനിമകളെ സംബന്ധിച്ച് അതല്ലല്ലോ സ്ഥിതി. സിഡി ലോഞ്ചിങ് ഒരു പേരുമാത്രമായി ഇവിടെ ഒതുങ്ങിപ്പോയി.

തെറ്റ് സംഭവിച്ചതിവിടെയാണ്

ലജ്ജാവതിക്കു ശേഷം അനാവശ്യമായി കുറേ ചിത്രങ്ങളിൽ പ്രവർത്തിച്ചു. കിട്ടിയ അവസരങ്ങളെല്ലാം വാരിവലിച്ച് ഉപയോഗപ്പെടുത്തി. അതാണ് ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ഇപ്പോൾ തോന്നുന്നു. ഒരിക്കലും അത്രയും നല്ലൊരു പാട്ടു ചെയ്തിട്ട് പുറകേ പുറകേ സിനിമയേറ്റെടുക്കരുതായിരുന്നു. ഒരു ഇടവേള ആവശ്യമായിരുന്നു അന്ന്. അത് ചെയ്തില്ല. അതാണ് എനിക്കു പറ്റിയ പാളിച്ച.

ലജ്ജാവതിയേ എന്ന പാട്ടു തന്നെ വിമർശനങ്ങൾ വേദനിപ്പിച്ചോ...

ഒരിക്കലുമില്ല. കണ്ണടച്ചു വച്ചുകൊണ്ടുള്ള വിമർശനങ്ങൾക്ക് എന്നെ വേദനിപ്പിക്കാനാകില്ല. ഞാനതിന് ചെവികൊടുക്കാറില്ല. സംഗീതത്തിൽ‌ ആരും ആർക്കും മുകളിലോ താഴെയോ അല്ല,. ആത്മാവുള്ള ഈണങ്ങളാണെങ്കിൽ അതെത്ര വിമർശിച്ചാലും ആളുകളുടെ മനസിൽ ചേക്കേറും. അതിന് ആരുടെ വിമർശനങ്ങള്‍ക്കും ഒന്നും ചെയ്യാനാകില്ല.

ഫേസ്ബുക്കുമില്ല പേജുമില്ല കാരണം....

ഞാൻ എന്റെ ജീവിതത്തിലിതുവരെ അവസരം ചോദിച്ച് ആരുടെ മുന്നിലും പോയിട്ടില്ല. എനിക്കുള്ളത് എനിക്ക് തന്നെ കിട്ടും എന്ന് വിശ്വാസമുണ്ടായിരുന്നു. ആ നിലപാട് തന്നെയാണ് ഇപ്പോഴും. അതുകൊണ്ടു തന്നെ എന്റെ പാട്ടു കേൾക്കാൻ ആരെയും നിർബന്ധിക്കാറില്ല. ഫേസ്ബുക്കും പേജുമൊന്നും വേണ്ടെന്നു വച്ചത് അതുകൊണ്ടാണ്. എന്റെ പാട്ട് ഇഷ്ടപ്പെടുന്നെങ്കിൽ, താൽപര്യമുണ്ടെങ്കിൽ‌ മാത്രം കേട്ടാൽ മതി. എന്റെ പാട്ട് കേൾക്കൂ എന്ന് പറഞ്ഞ് ലിങ്കുകൾ ഷെയർ ചെയ്യാൻ താൽപര്യമില്ല.‌

ജാസീ ഗിഫ്റ്റ് റിബലല്ല

ജാസീ ഗിഫ്റ്റ് ഒരിക്കലുമൊരു റിബലല്ല. പക്ഷേ ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചിന്തകൾ, അഭിപ്രായങ്ങൾ എല്ലാം തുറന്നു പറയാറുണ്ട്. പാട്ടിൽ വൈവിധ്യം വേണമെന്നും മാറ്റങ്ങളെ ഉൾക്കൊള്ളണമെന്നും നിർബന്ധമുണ്ട്., മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന ലജ്ജാവതി പോലുള്ള പാട്ടുകൾ ചെയ്യാനായത് ഒരുപക്ഷേ ഈ ചിന്താഗതി കൊണ്ടാകാം.

ശ്രേയാ ഘോഷാൽ ഒരിക്കലും ഭീഷണിയല്ല

ശ്രേയ ഒരുപാട് ഭാഷകളിൽ പാടിയിട്ടുള്ള പ്രഗത്ഭയായൊരു പാട്ടുകാരിയാണ്. ഓരോ ഭാഷയിലെ പാട്ടുകളും അത്രയേറെ സ്ഫുടതയോടെയാണ് അവർ പാടുന്നത്. നല്ല സ്വരമാണ്. ദേശീയ അവാർ‍ഡ് ജേതാവാണ്. ബോളിവുഡിലെ ഏറ്റവും ശ്രദ്ദേയയായ പാട്ടുകാരിയാണ്. അങ്ങനെ ഒരുപാട് പ്രത്യേകതകൾ അവർക്കുണ്ട്. എന്റെ സംഗീതത്തിൽ പതിനേഴ് പാട്ടുകൾ അവർ പാടിയിട്ടുണ്ട്. പക്ഷേ മലയാളത്തിൽ നിലവിൽ മലയാളത്തിൽ അവർക്കൊപ്പം മത്സരിച്ച് നിൽക്കാനുള്ള പാട്ടുകാർ കുറവാണെന്നു മാത്രം. ശ്രേയാ ഘോഷാലിനെ ഒരിക്കലുമൊരു ഭീഷണിയായി കാണേണ്ടതില്ല. ഒരിക്കലും ഒരാളെ ആശ്രയിച്ച് മാത്രം നിന്ന് ഒരു ഇൻസ്ട്രിയും വിജയിച്ചിട്ടില്ല എന്നുള്ളതുകൊണ്ടു തന്നെ.

ഗാനമേളകളിൽ ഇരുന്നും ബാൻഡുകാർ നിന്നും പാടുന്നു അല്ലാതെന്ത് വ്യത്യാസം

മ്യൂസിക് ബാൻഡുകൾ ഏറെയുണ്ട്. പക്ഷേ സ്വന്തം സംഗീതമുള്ള ഏത് ബാൻഡാണ് നമുക്കുള്ളത്. മറ്റുള്ളവർ ചെയ്തു വച്ചിരിക്കുന്ന ഈണം അങ്ങോട്ടുമിങ്ങോട്ടും മാറ്റി സ്റ്റേജിൽ കയറി അടിച്ചുപൊളിച്ച് പാടിയിട്ട് എന്തുകാര്യം? ഗാനമേളക്കാരും ബാൻഡുകാരും തമ്മിലൊരു വ്യത്യാസമേയുള്ളൂ. ഗാനമേളയിൽ അടങ്ങിയൊതുങ്ങിയിരുന്ന് പാടുന്നു ബാൻഡുകാർ നിന്ന് പാടുന്നു. ബാൻഡിൽ പാടുന്നവർ അവരുടെ ലുക്കിലൊക്കെ മാറ്റം വരുത്തി മുടിയൊക്കെ പറപ്പിച്ച് സ്റ്റൈലിൽ നിന്ന് പാടുന്നു. തോന്നിയ പോലെ പാടുന്നെന്ന് പറഞ്ഞാലും തെറ്റില്ല. ഗാനമേള ഇതിലും ഭേദമാണ്. ഇളയരാജയുടെ ഒരു ഈണം മര്യാദിക്ക് പഠിക്കാതെ പാടാൻ ഗാനമേളകളിൽ കഴിയുമോ. അങ്ങനെ ചെയ്താൽ മുന്നിലിരിക്കുന്നവർ വിളിച്ചു പറയും ചേട്ടാ ഇങ്ങനല്ലെന്ന്....

ഒരു സിനിമയിൽ പല സംഗീത സംവിധായകർ....

മലയാളത്തിലെ ഒരു ട്രെൻഡായി മാറുകയാണ് ഒരു സിനിമയിൽ പല സംഗീത സംവിധായകരെന്ന ‌രീതി. ഒരുപക്ഷേ മലയാളത്തിൽ മാത്രമേ അത് നടക്കൂ. തെലുങ്കിലോ കന്നഡയിലോ ആണെങ്കിൽ ഒരുപക്ഷേ വലിയ സംഗീത സംവിധായകരൊന്നും സമ്മതിച്ചുവെന്ന് വരില്ല. അവർക്ക് ഫുൾ ഫ്രീഡം കിട്ടണം. ഇവിടെ പക്ഷേ അവസരങ്ങൾ കുറവായതുകൊണ്ടു തന്നെ എല്ലാവരും സമ്മതിക്കും. സംവിധായകർക്കും ആത്മവിശ്വാസ കുറവുണ്ട് ഒരു സംഗീത സംവിധായകനെ തന്നെ എല്ലാ പാട്ടുകളും ഏൽപ്പിക്കാൻ.

ലജ്ജാവതിയേ.. ഏറ്റവും എളുപ്പം ചെയ്ത പാട്ട്. തട്ടുപൊളിപ്പൻ പാട്ടുകൾ കുഴപ്പക്കാർ

pravasi-channel-jassy

ഏറ്റവും എളുപ്പത്തില്‍ ഈണമിട്ട പാട്ട് ലജ്ജാവതിയേ എന്ന ഗാനം തന്നെയായിരുന്നു. ഞാൻ അധികവും ഫാസ്റ്റ് നമ്പർ ആണ് ചെയ്തിട്ടുള്ളത്. പക്ഷേ എനിക്കേറ്റവും ബുദ്ധിമുട്ടും അത് ചെയ്യാന്‍ തന്നെയാണ്. മെലഡികൾ പൊതുവേ എളുപ്പമാണ്. ഫാസ്റ്റ് നമ്പർ ചെയ്യുമ്പോൾ ഈണങ്ങളും താളങ്ങളും വ്യത്യസ്തമാകണം, പാട്ട് അലോസരമായി പോകരുത് അതൊക്കെ നോക്കണം. പ്രത്യേകിച്ച് തെലുങ്കിൽ ചെയ്യുമ്പോൾ പലപ്പോഴും വളരെ കുറച്ച് സമയത്ത് ഒരുപാട് ഫാസ്റ്റ് നമ്പേഴ്സ് ചെയ്യേണ്ടതായിട്ട് വരും. എട്ടു പത്തും പാട്ടുകൾ ദിവസങ്ങൾ കൊണ്ടു ചെയ്യേണ്ടി വരിക. അത് ഭയങ്കര ടെൻഷനുള്ള കാര്യമാണ്. സംഗീത സംവിധാനത്തിൽ ഏറെ സമയമെടുത്ത് ചെയ്തത് നിദ്രയിലെ ശലഭമേ എന്ന പാട്ടായിരുന്നു....

നല്ലൊരീണം മലയാളത്തിൽ നിന്നു കേട്ടിട്ട് ഏറെയായി

മലയാളത്തിൽ പുതിയ സംഗീത സംവിധായകർ ഏറെ വരുന്നുണ്ട്. അത് നല്ല സൂചനയാണ്. കഴിവുള്ള കുറേ പേർ വരുന്നുണ്ട്. പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഈണം മലയാളത്തിലുണ്ടായിട്ട് ഏറെക്കാലമായെന്ന് പറയേണ്ടി വരും. ജോൺസൺ മാഷിനെ പോലെ രവീന്ദ്രൻ മാസ്റ്ററേയും അർജുനൻ മാസ്റ്ററിനേയും പോലെ എല്ലാവരേയും പിടിച്ചിരുത്തുന്ന സംഗീതം മലയാളത്തിൽ ഏറെക്കാലമായി ഇല്ല എന്നു തന്നെ പറയണം.

ഇങ്ങനൊക്കെയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല

jassie-gift-style.jpg.image.784.410

വെസ്റ്റേൺ ക്ലാസിക് ആണ് പഠിച്ചത്. പഠിപ്പിക്കാനായിരുന്നു ഇഷ്ടം. പക്ഷേ എന്നെങ്കിലുമൊരിക്കൽ സിനിമയിലെത്തുമെന്ന് തോന്നിയിരുന്നു. അത് പക്ഷേ സംഗീത സംവിധായകനായിട്ടാകുമെന്ന് കരുതിയേ ഇല്ല. കാമറ വർക്ക് ആയിരുന്നു ഇഷ്ടം. സിനിമ ഭ്രാന്തുപോലെയായിരുന്നു. പക്ഷേ എന്റെ സുഹൃത്തുക്കളായ സാബു( ടേക്ക് ഇറ്റ് ഈസി അവതാരകൻ) സനു, റോഷൻ, ചന്ദ്രശേഖർ എന്നിവരാണ് സംഗീത സംവിധാനത്തിന് നിർബന്ധിച്ചത്. പിന്നെ ജയരാജ് സർന്റെ സിനിമയിലൂടെ സംഗീത സംവിധായകനായി ഇതുവരെയെത്തി.

സോഷ്യൽ മീഡിയകൾ വഴിയുള്ള പ്രോമോ പൊക്കും പക്ഷേ ആയുസ് കുറവാണ്

ഒരുപാട് പാട്ടുകാരും സംവിധായകരും ഉള്ളകാലമിണിന്ന്. അവർ അവർക്കു വേണ്ടി ആവശ്യത്തിലധികം പ്രോമോ സോഷ്യൽ മീഡിയകളും മറ്റും വഴി നൽകുന്നുണ്ട്. അതിൽ കാര്യമൊന്നുമില്ല. കാരണം ആദ്യമൊക്കെ ആളുകൾ കേൾക്കും. പിന്നെ വലിയ കാര്യമൊന്നുമില്ലെന്നറിഞ്ഞാൽ അതേപടി താഴേക്ക് പോരും.

പുതിയ പാട്ടുകാർ പ്രൊമോഷൻ സ്വയം ഏറ്റെടുക്കണം

സാങ്കേതിക ലോകം അത്രയും വളർന്ന സ്ഥിതിക്ക് പുതിയ പാട്ടുകാർ അവരുടെ പ്രൊമോഷൻ സ്വയം ഏറ്റെടുത്തേ പറ്റൂ. ശ്രദ്ധിക്കപ്പെടണമെങ്കിൽ നമ്മളതു തന്നെ ചെയ്യണം. അവസരങ്ങൾ ആരേയും തേടിവരില്ല. നമുക്ക് നല്ല കഴിവുണ്ടെന്ന് തോന്നുന്നുവെങ്കിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോണം.

മറക്കാനാകില്ല ആ പ്രൊഫസറെ

ലജ്ജാവതിയെന്ന പാട്ടിറങ്ങിയതിനു ശേഷം കിട്ടിയ ഏറ്റവും വലിയ അംഗീകാരം ചിക്കാഗോയിൽ നിന്നുള്ള ഒരു പ്രൊഫസറുടേതായിരുന്നു. ആ പാട്ട് ഇറങ്ങിയ സമയത്ത് അവരിവിടെ എത്തിനിക് പോപ് എന്ന വിഷയത്തിൽ റിസർച്ച് ചെയ്യുകയായിരുന്നു. ആ പ്രബന്ധത്തിൽ ലജ്ജാവതിയേ എന്ന പാട്ടും ഉൾപ്പെടുത്തി. എന്നിട്ട് ചിക്കാഗോ സർവ്വകലാശാലയിലേക്ക് സംസാരിക്കാനൊക്കെ വിളിച്ചു. അതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റവും സന്തോഷമുള്ള അനുഭവങ്ങളിലൊന്ന്.

ഏറ്റവും വലിയ ആഗ്രഹം ഈ പാട്ടുകാരനെ കൊണ്ട് പാടിക്കുവാൻ

ഇതുവരെ തെന്നിന്ത്യയിലെ നാലു ഭാഷകളിലായി നാൽപ്പതോളം ഗാനങ്ങൾക്ക് ഈണമിട്ടു. കരിയർ ഒരുപാട് പുരോഗമിച്ചു. യുഎഇ നാഷണൽ ഡേയിൽ നാൽപ്പത്തിനാല് ഭാഷകളിലായി രചിച്ച ഒരുപാട്ടിന് ഈണമിട്ടത് മറക്കാനാകില്ല. ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്ന്. കുല്ലൂന എമറാത് എന്ന പേരിലാണ് ആ ആൽബം പ്രസിദ്ധീകരിച്ചത്. പക്ഷേ അപ്പാച്ചെ ഇന്ത്യനെക്കൊണ്ട് ഒരുപാട്ട് പാടിക്കണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്.

പൈസ വലിയ ഘടകം തന്നെയാണ്

പൈസയെന്ന സിനിമാ രംഗത്ത് വലിയ ഘടകം തന്നെയാണ്. നല്ല വീഡിയോകൾ ഇറക്കണമെങ്കിൽ ഒരുപാട് പൈസ വേണം. മലയാളവും മറ്റ് തെന്നിന്ത്യൻ ഇൻഡസ്ട്രികളും തമ്മിലുള്ള പ്രധാന വ്യത്യാസവും അതുതന്നെയാണ്., ഇവിടെ തട്ടിക്കൂട്ട് ആൽബങ്ങൾ ഇറങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പൈസയില്ല എന്നതു തന്നെയാണ്.

സ്റ്റൈലിലെ പാട്ടുകളുടെ പ്രധാന ആകർഷണം ആ മെലഡി

സ്റ്റൈലെന്ന ചിത്രത്തിലെ പാട്ടുകളിൽ എടുത്തുപറയേണ്ടത് ശ്വേതയും ഹരിചരണും‌ ചേർന്നു പാടുന്ന മെലഡിയാണ്. പിന്നെ ഒരുപാട്ട് പഴയ ഒരു പാട്ടിന്റെ റീമേക്ക് ആണ്. സത്യൻ അന്തിക്കാട് എഴുതി ശ്യാം ഈണമിട്ട മഴയെ കുറിച്ചുള്ള ഒരു ഗാനം. മൊത്തം നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. മൂന്നെണ്ണം ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്.