Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാഗങ്ങളിലെ സ്വപ്ന വേദി അന്നയ്ക്ക് സ്വന്തം

anna-new

പാട്ടു ജീവിതത്തിൽ ഇരുപത് വർഷം പൂർത്തിയാക്കുന്ന എം ജയചന്ദ്രനെ ആദരിക്കുവാൻ മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ജയരാഗങ്ങളിലൂടെ പുതിയൊരു സംഗീത പ്രതിഭയെ കൂടി നമുക്ക് പരിചയപ്പെടാം. പാലാക്കാരി അന്ന ബേബി. ജയരാഗങ്ങളോടനുബന്ധിച്ച് നടത്തിയ ഗെറ്റ് ദി സിങ് എന്ന മത്സരത്തിലെ വിജയി. ആയിരത്തിലേറെ എന്ട്രികളിൽ നിന്ന് അവസാന അഞ്ചിലെത്തി വിജയിയായി നമുക്ക് മുന്നിലേക്കെത്തിയ മിടുക്കി.

വാക്കുകൾ നേരെ പറയാൻ പഠിക്കും മുൻപേ അന്ന ബേബി പാട്ടുപാട‌മായിരുന്നു. വളർന്നപ്പോഴും എഞ്ചിനീയറായി ജോലി നോക്കിയപ്പോഴും ഏറ്റവും പ്രിയപ്പെട്ടതേതെന്നു ചോദിച്ചാൽ ഒരുത്തരമേ അന്നയ്ക്കുണ്ടായിരുന്നുള്ളൂ, സംഗീതം. പക്ഷേ വേദികളും അവസരങ്ങളും കൺമുൻപിൽ നിന്ന് മറഞ്ഞു നിന്നപ്പോൾ പാട്ടല്ല തന്റെ വഴിയെന്ന് വേദനയോടെ മനസിനോടു പറഞ്ഞ ഒരുപാട് നിമിഷങ്ങൾ അന്നയുടെ ജീവിതത്തിലുണ്ടായിരുന്നു. പക്ഷേ ഇന്ന് മലയാള സംഗീത സംവിധാന രംഗത്തെ പ്രഗത്ഭരിലൊരാളുടെ സംഗീത ജീവിതത്തിലെ ഇരുപതാം വർഷം ആഘോഷിക്കുന്ന വേദിയിൽ, സംഗീത രംഗത്തെ പ്രമുഖരൊന്നു ചേരുന്ന വേദിയിൽ പാടാനൊരവസരം വന്നുചേർന്നിരിക്കുന്നു അന്നയ്ക്ക്. ‌അന്നയുടെ വിശേഷങ്ങളിലേക്ക്.

വിശ്വസിക്കാനാകുന്നില്ല

ANNA-WITH-M-JAYACHANDRA

ആയിരത്തോളം പേരിൽ നിന്ന് അവസാന അഞ്ചിലെത്തുകയെന്നത് വിശ്വസിക്കാനാകുമോ...പത്രത്തിൽ ഗെറ്റ് ദി സിങിനറെ പരസ്യം കണ്ടപ്പോൾ അമ്മയാണ് പ്രോത്സാഹിപ്പിച്ചത് പങ്കെടുക്കാൻ. എനിക്ക് വലിയ താൽ‌പര്യമില്ലായിരുന്നു. കാരണം ആത്മവിശ്വാസമില്ലായിരുന്നുവെന്നതു തന്നെ. പിന്നെ ഒത്തിരി നാളായിരുന്നു മത്സരത്തിലൊക്കെ പങ്കെടുത്തിട്ട്. അവസാനം അമ്മയുടെ നിർബന്ധത്തിനാണ് പാട്ടുപാടി അയച്ചത്. അതിവിടം വരെയെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ജീവിതത്തിലൊരിക്കലെങ്കിലും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാത്തവരുടെ മുൻപിൽ പാടാനൊരവസരം കിട്ടുകയെന്നത് വലിയ ദൈവാനുഗ്രഹമായേ കരുതുന്നുള്ളൂ,

കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ടാണ് ഇപ്പോഴെന്റെ ഏറ്റവും പ്രിയപ്പെട്ടത്. അതാണ് റെക്കോർഡ് ചെയ്ത് മത്സരത്തിനയച്ചതും. പിന്നെ ജയചന്ദ്രൻ സർന്റെ മുന്നിൽ പാടിയത് കൊഞ്ചം നിലവ്, ഉറങ്ങാതെ..രാവുറങ്ങീല, വാർമുകിലേ എന്നീ പാട്ടുകളായിരുന്നു. മെലഡികളേറെ സമ്മാനിച്ച സംവിധായകനു മുന്നിൽ അപ്രതീക്ഷിതമായി ഇതൊക്കെ പാടേണ്ടി വരുമ്പോഴുണ്ടായിരുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകില്ലല്ലോ.

ടെൻ‌ഷൻ മാത്രമേയുള്ളൂ

ജയചന്ദ്രൻ, യേശുദാസ്, ശ്രേയാ ഘോഷാൽ ,സുജാത, ജി വേണുഗോപാൽ തുടങ്ങി സംഗീത ലോകത്തെ മുൻനിരക്കാരെല്ലാമുണ്ട് ജയരാഗങ്ങളിൽ. ഞാനൊരിക്കൽ പോലും വിചാരിച്ചിരിക്കാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. എന്നെപോലെ തികച്ചും സാധാരണ ചുറ്റുപാടിൽ വളർന്നു വരുന്നവർക്ക് കിട്ടാവുന്ന സ്വപ്നതുല്യമായ വേദി. അപ്പോൾ പിന്നെ ടെൻഷൻ കാണാതിരിക്കുമോ.....

സമയം വലിയ പുള്ളിയാ....

anna-baby-1

പാട്ടായിരുന്നു കുഞ്ഞിലേ മുതൽക്കേ ഏറ്റവുമിഷ്ടമുള്ള കാര്യം. പള്ളി ക്വയറിൽ പാടാൻ അവസരം കിട്ടിയതാണ് ജീവിതത്തിലെ ആദ്യത്തെ അംഗീകാരമെന്നു പറയാം. എന്നെ സംബന്ധിച്ച് അതൊത്തിരി വലിയ സമ്മാനമായിരുന്നു. പാട്ടിന്റെ വഴിയേയാണെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പലപ്പോഴും അവസരങ്ങൾ കിട്ടിയില്ല. സാഹചര്യങ്ങളുണ്ടായിരുന്നില്ല. പാട്ടു പഠനത്തിൽ തുടർച്ച വരുത്താൻ കഴിഞ്ഞില്ല. ഞാൻ ചിന്തിക്കുന്ന വഴിയേയൊന്നും പാട്ടിനോടുള്ള ആഗ്രഹങ്ങൾ സഞ്ചരിച്ചില്ല. ഒരുപാട് വിഷമിച്ച കാലമുണ്ടായിരുന്നു. പാട്ടല്ല എന്റെ മാർഗമെന്നോർത്ത് കരഞ്ഞിരുന്നു. പക്ഷേ ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നത് പറയുന്നത് എത്ര ശരിയാണന്ന് തോന്നുന്നു ഇപ്പോൾ.

എഞ്ചിനീയറിങ് കളഞ്ഞു ഇനി പാട്ടിന്റെ വഴി

ANNA

നമ്മളൊക്കെ സാധാരണ കുടുംബത്തിൽ നിന്നല്ലേ. അപ്പോൾ സേഫ്റ്റിക്കായി ഒരു ഡിഗ്രീ വേണമെന്നു തോന്നി. പാട്ട് രംഗത്ത് പിടിച്ചുനിൽക്കാനുള്ള റിസ്ക് അറിയാമല്ലോ. അതുകൊണ്ടാണ് എഞ്ചിനീയറിങ് പഠിച്ചത്. സിവിൽ‌ എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി കിട്ടി. കുറച്ച് മാസങ്ങൾക്ക് മുൻപ് അതുപേക്ഷിച്ചു. എന്റെ പാഷൻ സംഗീതത്തോടാണ്. ആ ചിന്തയ്ക്ക് കുറച്ചു പോലും ഇളക്കം തട്ടിയിട്ടില്ല. നമ്മൾടെ ഉള്ളിലൊരു പാഷനുണ്ടെങ്കിൽ അതിനെ അടക്കിനിർത്തി വേറെന്തെങ്കിലും ചെയ്യാമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണെന്ന് മനസിലായി. പാട്ടു പഠിക്കണമെന്നും സമയം പോകുകയാണെന്നും മനസിലായപ്പോൾ അതുപേക്ഷിച്ചു ഇനി പാട്ടിന്റെ ലോകത്ത് തന്നെയായിരിക്കും. വീട്ടിലെല്ലാവർക്കും പാട്ടൊത്തിരി ഇഷ്ടമാണ്. അച്ഛൻ ബേബി ജോസഫും അമ്മ ഷീലാ ബേബിയും അനിയത്തി മീരയും വല്യമ്മച്ചിയ‌ുമടങ്ങുന്ന കുടുംബം. സാധാരണക്കാരായിട്ടും എഞ്ചിനീയറിങ് വിട്ട് പാട്ടിലേക്ക് തിരിയുന്നതിൽ അവർക്ക് എതിർപ്പൊന്നുമില്ലായിരുന്നു. സംഗീത സംവിധായകൻ ജോർജ് പീറ്റർ കസിനാണ്. അല്ലാതെ പറയത്തക്ക സംഗീത പാരമ്പര്യമൊന്നുമില്ല വീട്ടിൽ.,

പാട്ടിന്റെ ലോകത്ത് ഇത്രയും നാളിങ്ങനൊക്കെയായിരുന്നു

anna-baby3

പാലാ കമ്മ്യൂണിക്കേഷൻസിലെ ജോസ് സർന്റെ കീഴിലാണ് ഇപ്പോൾ സംഗീതം പഠിക്കുന്നത്, രാഗമാലികയിലെ സലിം സർ ആണ് കർണാടിക് മ്യൂസിക് പഠിപ്പിക്കുന്നത്. സ്കൂൾ പഠനകാലത്ത് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ രണ്ടു തവണ ലളിതഗാനത്തിൽ ഒന്നാം സ്ഥാനം വാങ്ങിയിരുന്നു. എഞ്ചിനീയറിങ് പഠനകാലത്ത് ഒരു ആൽബം ചെയ്തു. ഞാനും സുഹൃത്ത് ദിയയും ചേർന്ന്. സംഗീത സംവിധായകൻ ശരത് ആണ് അത് പ്രകാശനം ചെയ്തത്. അന്നൊരു പ്രണയകാലത്തെന്നായിരുന്നു അതിന്റെ പേര്. ആൽബത്തിലെ എങ്ങോ മറഞ്ഞുവെന്ന് തുടങ്ങുന്ന പാട്ട്, ശ്വേത മോഹനൊക്കെ ആ പാട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. താരകങ്ങളേ സാക്ഷി എന്ന സിനിമയിൽ ബാക്കിങ് വോക്കൽ പാടിയിരുന്നു. പിന്നൊരു ചിത്രത്തിൽ പാടിയെങ്കിലും അത് പുറത്തിറങ്ങിയിരുന്നില്ല. ഇതുവരെ അമ്പതിലേറെ ആൽബങ്ങളിൽ പാടിയിട്ടുണ്ട്., വയലിനിസ്റ്റ് മനോജ് ജോർജ്, ബെന്നി ജോണ്‍സൺ എന്നിവർക്കൊപ്പം ഗാനമേളകളിൽ പാടിയിട്ടുണ്ട്. പിന്നെ പത്തിൽ പഠിക്കുമ്പോൾ പങ്കെടുത്ത ചാനൽ റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുമായിരുന്നു.

ഇപ്പോഴോർക്കുന്നു ആ വാക്കുകൾ...

നന്ദി പറയാനേറെ പേരുണ്ട്. കൂടെപ്പഠിച്ചവർ, പള്ളി ക്വയർ, എന്റെ അങ്കിൾമാർ, സ്കൂളിലെ ടീച്ചർമാർ, മത്സരത്തിലേക്കുള്ള പാട്ട് റെക്കോർഡ് ചെയ്ത തൊടുപുഴ ഗീതം സ്റ്റ്യുഡിയോയിലെ ജിന്റോ ജോൺ അങ്ങനെ ഒത്തിരി പേർ. എങ്കിലും എന്റെ അങ്കിളിന്റെ സുഹൃത്തായ താണു അങ്കിൾ പറഞ്ഞ വാക്കാണ് മനസിലേക്കെത്തുന്നത്. എന്റെ പാട്ടു കേട്ട് അദ്ദേഹം പറഞ്ഞു. യേശുദാസിരിക്കുന്ന വേദിയിൽ ഒരിക്കൽ ഈ കുട്ടി പാടുമെന്ന്. സത്യമായില്ലേ അതിപ്പോൾ, ഇന്ന് ഈ വേദിയിൽ പാടാനുള്ള റിഹേഴ്സൽ കഴിഞ്ഞിരിക്കുമ്പോൾ മനസിലേക്ക് വീണ്ടും വീണ്ടും ആ വാക്കുകളെത്തുകയാണ്.

ആഗ്രഹിക്കാൻ കാശൊന്നും കൊടുക്കണ്ടല്ലോ....

anna-baby

ഒരുപാട് ആഗ്രഹങ്ങളുണ്ട്. കാരണം അതിന് അതിരില്ല ആർക്കും പൈസ കൊടുക്കണ്ട. റഹ്മാനൊപ്പം പാടുന്നതു വരെ സ്വപ്നം കാണുന്നുണ്ട്. ചിത്ര ചേച്ചിയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി. ജയരാഗങ്ങളിൽ പാടാൻ കിട്ടിയ അവസരം ദൈവം തന്നതാണ്. അതെനിക്കൊരു വഴിത്തിരിവാകുമെന്ന് കരുതുന്നു.