Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും വിളിച്ചില്ല,അതുകൊണ്ട് വന്നില്ല: ജെറി അമൽദേവ്

jerry-master ജെറി അമൽദേവ്

ജെറി അമൽദേവിനൊരു ആമുഖമെഴുതുക ശ്രമകരമാണ്. സാഹിത്യ ലോകം തരുന്ന ഏത് നല്ല വാക്കുകളും ആ സംഗീതത്തെ കുറിച്ചുപറയുവാൻ ചേർത്തുവച്ചാലും അധികമാകില്ല. സംഗീതമെന്ന കടലിന്റെ ആഴങ്ങളിൽ നിന്ന് വന്ന തിരകളെ ലളിത സംഗീതം പൊഴിക്കുന്ന വാദ്യോപകരണങ്ങളിലൂടെ തൊട്ട് മലയാളത്തിന്റെ ചലച്ചിത്ര ഗീതങ്ങൾക്ക് പുതിയൊരു മുഖഛായ പകർന്ന സംഗീതജഞൻ. മിഴിയോരത്ത് നനഞ്ഞൊഴുകിയ മുകിൽ മാലകൾക്ക് ഈണിമിട്ടുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രങ്ങളിലേക്ക് കടന്നുവരുന്നത്. പിന്നീട് കേട്ടു പൂത്തുലഞ്ഞ് നിൽക്കുന്ന മഞ്ഞ മന്ദാരംപോലുള്ള കുറേ പാട്ടുകൾ . പിന്നെ നീണ്ട ഇടവേള. ഒന്നും രണ്ടുമല്ല രണ്ട് ദശാബ്ദക്കാലമാണ് ജെറി അമൽദേവിന്റെ പാട്ടുകളില്ലാതെ മലയാള ചലച്ചിത്ര ലോകം കടന്നുപോയത്. ആ ഈണങ്ങൾക്കായി കാത്തിരുന്നവർക്ക് മുന്നിലേക്ക് പനിനീർ പൂക്കൾക്ക് ഈണമിട്ടുകൊണ്ട് ജെറി അമൽദേവ് വീണ്ടുമെത്തിയിരിക്കുന്നത്. ആ പ്രതിഭയ്ക്കൊപ്പം അൽപ നേരം. ഈ ചോദ്യങ്ങൾ ആ വ്യക്തിത്വത്തിന്റേയും സംഗീതജ്ഞാനത്തിന്റെയും ഏഴയലത്തുപോലുമെത്തിയിട്ടില്ലെന്ന ബോധ്യമുണ്ട്.....

ഇരുപത് വർഷങ്ങൾക്കു ശേഷം സിനിമാ സംഗീത രംഗത്തേക്കൊരു മടങ്ങിവരവ്. ഇത്രയും വലിയ ഇടവേള സംഗീത ജീവിതത്തിൽ വന്നതെങ്ങനെയാണ്?

സംഗീതം ചെയ്തു തരാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ഇരുപത് വർഷവും മലയാള സിനിമയില്‍ നിന്ന് എന്നെ ആരും വിളിച്ചില്ല. അതാണ് സത്യം. അവർക്ക് എന്നെ വേണ്ട എന്ന അവസ്ഥയായിരുന്നു. ആരുടെയും അടുത്തുപോയി എനിക്കൊരു അവസരം തരൂ എന്ന് പറയേണ്ട ഗതികേട് എനിക്കും ഇല്ലായിരുന്നു. ഒരുകാര്യം ഞാൻ അടിവരയിട്ടു പറയാം ഞാൻ മനപൂർവ്വം മാറിനിന്നിട്ടില്ല. കേരളത്തിലെ സിനിമാക്കാർക്ക് എന്നെ വേണ്ടായിരുന്നിരിക്കാം....

പിന്നെ എന്റെ സംഗീത ജീവിതത്തിൽ ഇടവേള വന്നു എന്നു പറയരുത്. ഞാൻ പാട്ടുകൾ ചെയ്യുന്ന ഒരാളാണ്. സിനിമയിൽ വരുന്നതിനു മുൻപും ഞാൻ പാട്ടുകളുണ്ടാക്കിയിട്ടുണ്ട്. സംഗീതത്തെ പല തലങ്ങളിൽ നിന്ന് സമീപിക്കുന്നൊരാളാണ് ഞാൻ. മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയത് അതിന്റെ ഒരു ഭാഗം മാത്രമാണ്. പാട്ടുകൾക്ക് ഈണമിടാതിരിക്കാനുള്ള ഒരു സാഹചര്യവും എന്റെ ജീവിതത്തില്‍ ഇന്നേവരെ വന്നിട്ടില്ല. എന്റെ മ്യൂസിക്കൽ ലൈഫിൽ ഒരിക്കലും ഇടവേള വന്നിട്ടില്ല.

സിനിമയിൽ വരും മുൻപേ മ്യൂസിഷ്യനായിരുന്നു. അമേരിക്കയിലെ സംഗീത പഠനം. പിന്നെ അവിടെ തന്നെയുള്ള ഒരു കോളജിൽ സംഗീത അധ്യാപകനായി. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ സിനിമയിൽ പാട്ടു ചെയ്യാനായി അവസരം കിട്ടി. മ‍ഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ഈണമിടുന്നത് അങ്ങനെയാണ്. അന്നേരം കുറേ ചിത്രങ്ങൾക്ക് സംഗീതം ചെയ്തു. മലയാള സിനിമാ സംഗീതമാണ് എന്റെ ജീവിതത്തിലെല്ലാമെന്ന് ചിന്തിക്കുന്നില്ല. പിന്നെ സിനിമാ സംഗീതം ചെയ്യാതിരുന്നപ്പോഴും ഞാൻ പാട്ടുകൾ ചെയ്തിരുന്നു.

ഒരുപാടിടങ്ങളിൽ സംഗീതം പഠിപ്പിച്ചു ഇക്കാലത്തിനിടയിൽ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ അക്കാഡമി ഓഫ് ഡ്രാമ, കേരളത്തിലെ പല സ്ഥാപാനങ്ങൾ അങ്ങനെ ഒരുപാടിടങ്ങളിൽ. എന്റെ കുറേ കൂട്ടുകാർ സിങ് വിത്ത് ജെറി അമൽദേവ് എന്നൊരു ട്രൂപ്പ് തുടങ്ങി. അത് ശ്രമകരമായൊരു പ്രവൃത്തിയായിരുന്നു. സിനിമാ പാട്ടുകൾ മാത്രമല്ല പാടിയത്. വെസ്റ്റേൺ ക്ലാസിക്കൽ, സംസ്കൃതം,ഗ്രീക്ക്, ഇറ്റാലിയൻ എന്നീ ഭാഷകളിലെല്ലാമുള്ള പാട്ടുകൾ പാടാൻ സംഘത്തെ പരിശീലിപ്പിച്ച് ഞാൻ സജീവമായിരുന്നു. പിന്നെങ്ങനെയാണ് സംഗീത ജീവിതത്തിൽ ഇടവേള വന്നുവെന്ന് പറയാനാകുക.

മലയാള ചലച്ചിത്രത്തിന് ലളിതവും സുന്ദരമായ ഈണങ്ങൾ പകർന്ന സംഗീതജഞൻ. എന്നിട്ടും എന്തുകൊണ്ടാണ് അങ്ങനൊരു സാഹചര്യമുണ്ടായതെന്ന് മാസ്റ്റർ കരുതുന്നത്?

എനിക്കറിയില്ല. എനിക്ക് അക്കാര്യത്തിൽ ഒരു വിലയിരുത്തലുകളുമില്ല. ചിലപ്പോൾ എന്റെ അക്കാദമിക് പശ്ചാത്തലം ആയിരിക്കാം പ്രശ്നം. പിന്നെ അവര്‍ക്ക് എന്നെയായിരുന്നില്ല വേണ്ടത്. പാട്ടുകാരെയായിരുന്നു. ഇവിടെ പാട്ടുകാര്‍ക്കാണ് പ്രാധാന്യം.

പാട്ടുകാർക്കാണ് പ്രാധാന്യം എന്നു പറയുന്നതിനു പിന്നിലെന്താണ്?

ഇവിടെ പാട്ടുകൾ പാടുന്നവർക്കാണ് മുൻതൂക്കം. സാധാരണ ആളുകളുടെ വിചാരം ഈ പാട്ടുകാർ സ്വയം പാട്ടുകൾ ഉണ്ടാക്കുന്നുവെന്നാണ് ചിന്തിക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . വാസ്തവം അതല്ല. ഒരു രചയിതാവും സംഗീത സംവിധായകനും കൂടി തയ്യാറാക്കി പഠിപ്പിച്ചു കൊടുക്കുന്ന പാട്ടിനെയാണ് പാട്ടുകാർ പാടുന്നത്. സിനിമാ പാട്ടിന്റ പുറകിൽ ചിത്രത്തിന്റെ നിർമ്മാതാവ്, സംവിധായകൻ, പാട്ടെഴുതുന്ന വ്യക്തി, സംഗീത സംവിധായകൻ പിന്നെ ഓർക്കസ്ട്രയിലെ അംഗങ്ങൾ സൗണ്ട് എഞ്ചിനീയർ പാട്ടുകാർ ഇവെരെല്ലാമുണ്ട്. ഈ ഘടകങ്ങളെല്ലാം കൂടിചേർന്നാലെ ഒരു ചലച്ചിത്ര ഗീതമുണ്ടാകുന്നുള്ളൂ. ഇത് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം.

പാട്ട് പാടുന്നവരെ മാത്രമാണ് സാധാരണക്കാർ ഓർത്തിരിക്കുന്നത്. പിന്നണി ഗായകരും ഗായികമാരും സ്വർഗ ലോകത്ത് നിന്ന് പൊട്ടി വീഴുന്നവരാണോ അല്ലല്ലോ? അവരെ ഏതെങ്കിലും മ്യൂസിക് ഡയറക്ടർ പാടിച്ച് പാടിച്ച് ആണ് ഇങ്ങനെ ആകുന്നത്. എല്ലാവരും അങ്ങനെ തന്നെ. റഫിയും മുകേഷും ലതാ മങ്കേഷ്കറും യേശുദാസും ചിത്രയും എല്ലാവരും അങ്ങനെ തന്നെയാണ് പാട്ടുകാരായത്.

ശാസ്ത്രീയ സംഗീത വിദ്വാൻമാരും ഇങ്ങനെ തന്നെയാണ്. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജ സ്വാമികൾ തുടങ്ങിയ മഹാരഥൻമാർ ചെയ്‌തവച്ച വച്ച പാട്ടുകൾ പാടിയാണ് ശാസ്ത്രീയ സംഗീത ഗായകര്‍ പാടുന്നത്. പ്രതിഭാധരായ സംഗീത സംവിധായകരും എഴുത്തുകാരുമാണ് പിന്നണി ഗായകരെ സൃഷ്ടിക്കുന്നത്. ഇവർ രണ്ടാളും കഴിഞ്ഞിട്ടേ പാട്ടുകാർ വരുന്നുള്ളൂ.

മാസ്റ്റർ പറഞ്ഞത് ശരിയാണ്. പക്ഷേ സംഗീത സംവിധാനം നൽകുന്നവർക്ക് പിന്നെയും പരിഗണന കിട്ടുന്നുണ്ട്. പാട്ടെഴുതുന്നവർക്ക് അത്രപോലുമില്ലല്ലോ? ശ്രദ്ധിച്ചിട്ടുണ്ടോ?

അത് വലിയ തെറ്റാണ്. ഒരു പാട്ടിന്റെ ഹൃദയമെന്ന് പറയുന്നത് അതിലെ സാഹിത്യമാണ്. എന്റെ മ്യൂസിക്കിനെ പറ്റി പറയുമ്പോൾ ഞാനെപ്പോഴും അതെഴുതിയ ആളിനാണ് പ്രാധാന്യം കൊടുക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് പാട്ടെഴുതിയത് ബിച്ചു തിരുമലയാണ്. ഞാൻ തയ്യാറാക്കിയ ഈണത്തിനനുസരിച്ചാണ് അദ്ദേഹം പാട്ടെഴുതിയത്. മിഴിയോരം നനഞ്ഞൊഴുകും.......എന്ന പാട്ട്. അതിനു പകരം അമ്മായി അപ്പം ചുട്ടുവെന്നൊക്കെ എഴുതിയിരുന്നുവെങ്കിലോ? എന്തായേനെ ആ പാട്ടിന്റെ അവസ്ഥ.

പാട്ടിന്റെ ജീവൻ സാഹിത്യമാണ്. അതില്ലാതെ എന്റേത് എത്ര നല്ല ഈണമായാലും കാര്യമൊന്നുമില്ല. സംഗീതത്തിന്റെ കാര്യത്തിൽ പൊതുജനങ്ങൾക്ക് കൃത്യമായൊരു അവബോധം നൽകേണ്ടതായുണ്ട്. പാട്ടിന്റെ ജീവൻ എന്താണെന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. ഒരു പാട്ടു കേള്‍ക്കുമ്പോൾ അത് ആസ്വദിക്കുന്നു. അതാരാണ് എഴുതിയതെന്ന് ആരും അന്വേഷിക്കുന്നേയില്ല. വിഷമമുണ്ടാക്കുന്ന കാര്യം തന്നെയാണത്. എഴുത്തച്ഛന്റെ നാടാണ് നമ്മളുടേത്. എന്ന് നമ്മൾ മറക്കരുത്.

എങ്ങനെയാണ് ആക്ഷൻ ഹീറോ ബിജുവിന് ഈണമിടാനുള്ള സാഹചര്യമുണ്ടായത്? ഇനി മലയാളത്തിൽ തുടരുമോ?

എബ്രിഡ് ഷൈനും നിവിൻ പോളിയും എന്നെ സമീപിച്ചു. ചിത്രത്തിലേക്കായി പാട്ടു വേണമെന്നു പറഞ്ഞു. അങ്ങനെയാണ് ഈണമിട്ടത്. ഞാൻ ചെയ്ത സംഗീതത്തിന് സന്തോഷ് വർമ മനോഹരമായ വരികളെഴുതി. പിന്നെ ഇനി മലയാളത്തിൽ തുടരുമോ എന്ന് ചോദിച്ചാൽ ഒരു കാര്യം ഞാൻ അടിവരയിട്ടു പറയാം, ഞാൻ മനപൂർവ്വം മാറി നിന്നതല്ല സിനിമയിൽ നിന്ന്. ഇനി സിനിമയ്ക്ക് സംഗീതം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വന്നാൽ തീർച്ചയായും ചെയ്യും.

സിനിമയിൽ ഈണമിട്ട് പാട്ടെഴുതുന്ന പ്രവണത നല്ലതാണോ?

അത്തരത്തിലൊരു പ്രവണത ചലച്ചിത്രത്തിൽ വലുതായുണ്ട്. സിനിമാക്കാരാണ് അത് കൊണ്ടുവന്നത്. അടിസ്ഥാനപരമായി നല്ല രീതിയല്ല. സംഗീത സംവിധായകർ വരികളുടെ ആത്മാവ് എന്തെന്ന് മനസിലാക്കി വേണം സംഗീതം ചെയ്യാൻ. പക്ഷേ ഇതിനൊക്കെ വേറൊരു വശമുണ്ട്. സംഗീത സംവിധായകർക്ക് സിനിമയുടെ സാഹചര്യം പറ‍ഞ്ഞു കൊടുത്താൽ ഈണമിടാവുന്നതേയുള്ളൂ. അസാധ്യമായൊരു കാര്യമൊന്നുമല്ല അത്. ഒന്നുകിൽ സിനിമയിലെ ആ സാഹചര്യം ദുംഖത്തിന്റേതാകും സന്തോഷത്തിന്റേതാകാം അല്ലെങ്കില്‍ കുഞ്ഞിനെ താരാട്ടുന്നതാകാം അല്ലെങ്കിൽ ഭക്തിയുടേതാകാം. അതിനുമപ്പുറമുള്ള സാഹചര്യമൊന്നും നമ്മുടെ മലാള സിനിമയിലില്ലല്ലോ. ലോകം കീഴടക്കുന്ന പ്രമേയങ്ങളുള്ള സിനിമകളൊന്നും നമുക്ക് ഇപ്പോൾ ഇല്ലല്ലോ. ഇതിനുമപ്പുറം കലാമൂല്യമോ ആഴത്തിലുള്ള സാഹിത്യപ്രമേയങ്ങളോ ഒന്നും ഇപ്പോൾ സിനിമയിലില്ലല്ലോ. അപ്പോൾ അതിനു ചേർന്നൊരു ട്യൂൺ ഇടുകയെന്നത് എളുപ്പമുള്ള കാര്യമാണ്.

പക്ഷേ ആ ഈണത്തിനനുസരിച്ച് നല്ല വരികളെഴുതുവാൻ രചയിതാവിന് സാധിക്കണം. ട്യൂണിട്ട് പാട്ടെഴുതുമ്പോൾ പ്രഗത്ഭനായൊരു പാട്ടെഴുത്തുകാരന്റെ സാന്നിധ്യം അവിടെയില്ലെങ്കിൽ പിഴവ് സംഭവിക്കും. സംഗീത സംവിധായകനേക്കാൾ അവിടെ പ്രാധാന്യം പാട്ടെഴുത്തുകാർക്കാണ്. അതൊരു സത്യമാണ്. അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ല. ഞാനിപ്പോൾ എന്റെ കഴിവിന്റെ പരമാവധിയെടുത്ത് അസാധ്യമായൊരു സംഗീതം ചെയ്തുവെന്നിരിക്കട്ടേ. അതിന് അര്‍ഥമില്ലാത്ത വാക്കുകളാണ് പാട്ടെഴുതുന്നയാൾ നൽകുന്നതെങ്കിൽ ആ ട്യൂൺ എന്തായി തീരും? ഏറ്റവും പ്രാധാനം സാഹിത്യത്തിനു തന്നെ. ഈണമിട്ട് പാട്ടെഴുതുന്നതിലല്ല പ്രശ്നം. ഈണമിടുന്ന സംഗീതജ്ഞനും പാട്ടെഴുതുന്ന എഴുത്തുകാരനും ഒരേ തലത്തിലുള്ളവരാകണം. രണ്ടു പേരും ജ്ഞാനമുള്ളവരും പരിചയ സമ്പന്നരുമായിരിക്കണം. അല്ലാെത ഇന്നലെ വന്നവർ ഈ പരിപാടി ചെയ്താൽ അത് പിഴച്ചുപോകും.

മാസ്റ്റർ പറഞ്ഞതു പോലെ മലയാള സിനിമയിൽ ശക്തമായ പ്രമേയങ്ങളില്ലാത്തതും നല്ല പാട്ടുകളില്ലാതാകുന്നതിന് കാരണമാകുന്നില്ലേ?

തീര്‍ച്ചയായും. മുഴത്തിന് മുന്നൂറ് എന്ന പോലെയല്ലേ സിനിമകളിറങ്ങുന്നത്. ആട്, മാട് എന്നൊക്കെ പേരുകളിട്ട് എന്തൊക്കെ സിനിമകളാണ് ഇറങ്ങുന്നത്. പോപ്പുലാരിറ്റി കിട്ടുമായിരിക്കും ഇതിനൊക്കെ. പക്ഷേ അതൊരു കലയാകുമോ? ആഴമില്ലാത്ത പ്രണയവും കുറേ തല്ലുകൂടലുമൊക്കെയാണ് കോളെജ് ജീവിതമെന്ന പേരിൽ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ ഒരു പ്രമേയമില്ലാത്തതും നല്ല പാട്ടുകളില്ലാത്തതിനു കാരണമുണ്ട്.

സിനിമയെന്ന പ്രസ്ഥാനം ഇപ്പോൾ സാഹിത്യത്തിനു കലയ്ക്കും വേണ്ടി നിൽക്കുന്ന ഒന്നല്ല. അടിസ്ഥാനപരമായി എന്തെങ്കിലും ചെയ്ത് കച്ചവടമാക്കുക എന്നതാണ് സിനിമ ഇപ്പോവ്‍ ലക്ഷ്യമിടുന്നതെന്നതെന്ന് തോന്നുന്നു. പണ്ടും ഈ വാണിജ്യ ചിന്തയുണ്ടായിരുന്നുവെങ്കിലും കലാമൂല്യം കളയാതെ പൈസയുണ്ടാക്കാൻ അവർക്ക് കഴിയുമായിരുന്നു. ഇന്ന് എന്തും ചെയ്ത് പ്രേക്ഷകരെ തീയറ്ററിൽ കയറ്റുക സിനിമ ഹിറ്റാക്കുക അത്രേയുള്ളൂ. സിനിമ മൊത്തത്തിൽ കച്ചവടമായി പോയില്ലേ എന്നു ഞാൻ സംശയിക്കുന്നു.

സിനിമയെന്നു പറയുന്നത് എല്ലാ കലകളുടെയും ഒരു സമാഹാരമാണ്. നൃത്തം, അഭിനയം, സംഗീതം, എഴുത്ത് ചിത്രകല എല്ലാം അതിലുണ്ട്. സിനിമ കച്ചവടവല്‍ക്കരിക്കപ്പെടുമ്പോൾ പാട്ടിന്റെ മാത്രമല്ല എല്ലാ ഘടകങ്ങളുെയും മൂല്യം താഴും.

സ്റ്റുഡിയോയിലൊക്കെ വളരെ സ്ട്രിക്ട് ആയ സംഗീത സംവിധായകനാണെന്ന് കേ*ട്ടിട്ടുണ്ട്?*

തീർച്ചയായും അങ്ങനെ തന്നെ. സ്റ്റുഡിയോയിൽ ഞാനങ്ങനെയാണ്. നമ്മൾ എപ്പോഴും ചിട്ടയോടു കൂടി പെരുമാറണം. സംഗീതത്തെയും സാഹിത്യത്തെയും പൊക്കിപ്പറയുന്ന ആളാ‌ണെങ്കിലും കാര്യത്തോടടുക്കുമ്പോൾ അവയ്ക്ക് അർഹിക്കുന്ന ഗൗരവം കൊടുക്കാറില്ല. എങ്ങനെയെങ്കിലും തല്ലിക്കൂട്ടുകയെന്ന പ്രവണതയാണ് കാണുന്നത്. ഇൻഡിസിപ്ലിൻഡ് ആണ് മ്യൂസിഷ്യൻസിൽ പലരും. ഒരു ഗൗരവവുമില്ലാതെ പെരുമാറിക്കളയും. ഒമ്പത് മണിക്ക് റെക്കോര്‍ഡിങ് പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ വരും എന്നിട്ട് വർത്തമാനം പറഞ്ഞിരിക്കും.

ചെന്നൈയിലൊക്കെ ഒരുപാട് മോശം അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. റെക്കോർഡിങിന് ചെല്ലുമ്പോൾ സ്റ്റ്യുഡിയോയിൽ ആരെയും കാണാത്ത അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. ഒമ്പത് മണിതൊട്ട് രണ്ട് മണി വരെയാണ് റെക്കോർഡിങ് സാധാരണ നടക്കാറുള്ളത്. ഞാൻ ഒമ്പത് മണിക്ക് ചെന്നാലും സാധാരണ ആരെയും കാണാറില്ല. പത്തോ പതിനഞ്ച് മിനുട്ട് കഴിഞ്ഞിട്ടാകും വരിക. എന്നിട്ട് ആദ്യം ചെയ്യുന്നത് പ്രാതൽ കഴിക്കുക. പിന്നെ വെറ്റില ചവയ്ക്കുക. ചാൻസ് കിട്ടിയാൽ അൽപം മദ്യവും അകത്താക്കുക. അത് തെറ്റല്ലേ. അതെങ്ങനെ അംഗീകരിക്കാനാകും. ഇങ്ങനെയുള്ള അനുഭവങ്ങൾ സിനിമാ സംഗീതത്തോട് ഒരു അകൽച്ച വരുന്നതിൽ കാരണമായിട്ടുണ്ടാകാം.

മാസ്റ്റർക്ക് പുതിയ പാട്ടുകാരെ കുറിച്ചിട്ടുള്ള അഭിപ്രായമെന്താണ്?

എല്ലാവരും പ്രതിഭാധനർ തന്നെ. പക്ഷേ വേണ്ടത്ര സംഗീതജ്ഞാനം അവർ ആർജിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ വർക്കുകൾ എനിക്ക് ആസ്വദിക്കാനാകുന്നില്ല. അറിവില്ലാതെ നമുക്കൊരിക്കലും അത് ഏത ്മേഖലയിലായാലും മുന്നോട്ടുപോകാനാകില്ല. സംഗീതമാണ് മേഖലയെങ്കിൽ സംഗീതത്തെ കുറിച്ചും ഉപകരണ സംഗീതത്തെ കുറിച്ചെല്ലാം നല്ല അവഗാഹം ഉണ്ടായിരിക്കണം. അല്ലാതെ പാട്ട് പാട്ടാകില്ല. സാഹിത്യവും സംഗീതവും എങ്ങനെയാണ് കൂട്ടിക്കലർത്തേണ്ടത് എന്നതിനെ കുറിച്ചൊക്കെ ഒരുപാട് പഠിക്കണം. ഒരുപാട് വിശകലനം ചെയ്യണം. സംഗീതത്തിലെ പഴയകാര്യങ്ങളെ കുറിച്ചും പുതിയതിനെ കുറിച്ചും പാശ്ചാത്യ വശത്തെ കുറിച്ചും പൗരസ്ത്യ വശത്തെ കുറിച്ചും വ്യക്തമായി പഠിച്ചിരിക്കണം. അതൊക്കെ മനസിൽകൊണ്ടു നടക്കുകയും വേണം.

അധ്യാപകനായുള്ള അനുഭവം എങ്ങനെയായിരുന്നു

അമേരിക്കയിലെ ന്യൂയോർക്കിലെ ക്യൂൻസ് കോളെജിൽ സംഗീത അധ്യാപകനായിരുന്നു. പാട്ടുപാടുമ്പോഴുള്ള സ്വര വ്യത്യാസം, ശ്വാസവ്യതിയാനം, മ്യൂസിക് തിയറി, സംഗീത ചരിത്രം, സംഗീത വിശകലനം എന്നിവയെ കുറിച്ചെല്ലാമായിരുന്നു വിദ്യാർഥികൾക്ക് ക്ലാസെടുത്തിരുന്നത്. പാശ്ചാത്യ സംഗീതത്തിൽ അടിമുടി ബഹളം ഇല്ല. പാശ്ചാത്യ സംഗീതത്തിലെ ഏറ്റവും ലളിതമായ pop പാട്ടുകളിൽ മാത്രമാണ് ഈ ബഹളം നമുക്ക് കേൾക്കാനാകുന്നത്.

ഇവിടെ ചിന്തിക്കുന്നതു പോലെ വെറുതെ ബഹളമുള്ള മ്യൂസിക് അല്ല പാശ്ചാത്യ സംഗീതം. വെറുതെ കുറേ വാക്കുകള്‍ വച്ചുകൊണ്ടുള്ള കളിയില്ല പാശ്ചാത്യ സംഗീതം. മൈക്കും വായിൽ വച്ച് തുള്ളിചാടുന്ന പാട്ടുമല്ല അത്. pop music എന്ന് പറയുന്നത് പാശ്ചാത്യ സംഗീതത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്. അതിനുമപ്പുറം, വിശാലമായ സംഗീത സാഗരം അവർക്കുണ്ട്. അതിനെ പറ്റി ഇവിടെ ആരും ബോധവാൻമാരല്ല എന്ന് തോന്നുന്നു.

വല്ലപ്പോഴും ഒരുനല്ല പാട്ടിറങ്ങുന്ന അവസ്ഥയിൽ നിന്ന് കരകയറാൻ മലയാള സിനിമാ സംഗീതത്തിൽ എന്ത് മാറ്റം കൊണ്ടുവരണം?

നല്ല ജീവിതഗന്ധിയായ പ്രമേയങ്ങൾ ഉള്ള മലയാള സിനിമകൾ ഉണ്ടാകണം,. ആ സിനിമയിൽ സംഗീതത്തിന് നല്ല മുഹൂര്‍ത്തങ്ങളുണ്ടാകണം. നന്നായി പാടാൻ കഴിവുള്ള സംഗീത സംവിധായകനും നല്ലൊരു എഴുത്തുകാരനും കൂടിച്ചേരണം. നല്ല പാട്ടുകൾ അപ്പോൾ പിറക്കും. നമ്മെ സ്പർശിക്കുന്ന പാട്ടുകളുണ്ടാകും. സിനിമയെന്നത് ഒരു കലയാണെന്നതും ആ കലയ്ക്ക് നല്ല മൂല്യം കൊടുക്കണമെന്നും ഞാൻ പറയുന്നു.

അതുപോലെ മലയാള ചലച്ചിത്ര സംഗീതത്തിനായി ഒരു പഠനശാല വേണം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യയുണ്ട്, ശാസ്ത്രീയ സംഗീതം പഠിപ്പിക്കാൻ സർവ്വകലാശാലകളും പ്രസ്ഥാനങ്ങളുമുണ്ട്. അതുപോലെ മലയാള സിനിമാ സംഗീതത്തിനെ വാര്‍ത്തെടുക്കാൻ പോന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് വേണം. രാജാക്കൻമാർ നാടുവാഴികളും മണ്‍മറഞ്ഞതിനു ശേഷം കലാകാരൻമാരെ വാർത്തെടുക്കുവാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല. ചെയ്യുന്നുമില്ല. മലയാള സിനിമാ സംഗീതത്തിന് രൂപം നൽകാൻ നമുക്കൊരു പഠനശാല വേണ്ടേ?

സംഗീത രംഗം ഒരുപാട് വിശാലമാണിന്ന്. ഒരു സംഗീത ബാൻഡുകൾ, ട്രൂപ്പുകൾ...അവർക്ക് എത്രത്തോളം സാധ്യതതുണ്ട് ഈ കാലത്ത്?

തീർച്ചയായും അവർക്ക് വലിയ സാധ്യതയുണ്ട്. എന്റെ കാലഘട്ടത്തിൽ, എൺപതുകളിലും തൊണ്ണൂറുകളിലും, യേശുദാസിന്റെ തരംഗിണി എന്നൊരു കാസെറ്റ് കമ്പനി ഉണ്ടായിരുന്നു. യേശുദാസ് സംഗീത സംവിധായകരേയും രചയിതാക്കളേും സമീപിച്ചിട്ടിട്ട് പാട്ടുകൾ ചെയ്തു തരാൻ ആവശ്യപ്പെടുമായിരുന്നു. സിനിമാ സംഗീത മേഖല അന്നും സജീവമായിരുന്നു. എന്നിട്ടും തരംഗിണിയിലൂടെ ഒരുപാടു നല്ല പാട്ടുകളിറങ്ങി. ആ കൂട്ടത്തിൽ ഞാൻ രണ്ടെണ്ണമേ ചെയ്തിട്ടുള്ളൂ. ഒഎൻവി സാറും, കെ ജയകുമാറുമാണ് ആ കസെറ്റുകൾക്കായി പാട്ടുകളെഴുതിയത്. ഒഎൻവി സർ എഴുതിയത് ഗാനോത്സവം എന്ന പേരിലും, കെ ജയകുമാർ എഴുതിയ ആർദ്രഗീതങ്ങൾ എന്ന പേരിലും പുറത്തുവന്നു. സിനിമയിലാണെങ്കിൽ അങ്ങനെയുള്ള പാട്ടുകൾ വരില്ലായിരുന്നു. ഇല്ലം നിറ വല്ലം നിറ....എന്നൊക്കെയുള്ള പാട്ടുകൾ അങ്ങനെ പിറന്നതാണ്.

ഇന്നും അതുതന്നെ സംഭവിക്കണം. ചെറുപ്പക്കാർ ഉണ്ട്, ബാൻഡുകളുണ്ട്, ഗ്രൂപ്പുകളുണ്ട്. അവര്‍ക്ക് സാധിക്കും ഇതൊക്കെ. പക്ഷേ അതിന് നല്ല കലാമൂല്യമുള്ള, സാഹിത്യമൂല്യമുള്ള വരികൾ വേണം. എന്നാലേ കാര്യമുള്ളൂ. അറിവില്ലായ് പ്രശ്നമാകുന്നത് അപ്പോഴൊക്കെയാണ്. നമുക്ക് എന്തൊക്കെ സാമൂഹിക പ്രശ്നങ്ങളുണ്ട്. അതിനെപ്പറ്റിയൊന്നും ആരും മിണ്ടുന്നില്ല. പാട്ടെഴുതുന്നില്ല. അത്തരം പ്രശ്നങ്ങളൊക്കെ പാട്ടുകളിലൂടെ അവതരിപ്പിക്കാമല്ലോ.

പുതിയ ബാൻഡുകളായാലും ഗ്രൂപ്പുകളായാലും പ്രഗത്ഭരായ സംഗീതജഞ്ജരുടെ പാട്ട് ട്യൂൺ മാറ്റിയും ഓർക്കസ്ട്ര മാറ്റിയുമൊക്കെ പാടാറുണ്ട്. ഇംപ്രോവിസേഷൻ ചെയ്യുകയാണെന്ന് ചിലർ അവകാശപ്പെടുന്നു. ഇത് ശരിയായ രീതിയാണോ?

ഇംപ്രോവിസേഷൻ എന്നു പറയുന്നത് തെറ്റാണ്. ക്ലാസിക്കൽ പാട്ടുകാര്‍ പാടുന്നതിനിടയിൽ മനസിൽ വരുന്ന കാര്യങ്ങൾ ആ സമയത്ത് തന്നെ പാടുക. അതിനെയാണ് ഇംപ്രോവിസേഷൻ എന്ന് ഇംഗ്ലിഷിൽ പറയുന്നത്. ഇവിടെ ഇവർ ചെയ്യുന്നത് നിലനിൽക്കുന്ന ഒരു ഈണത്തിനു മീതെ പാടുകയാണ് ചെയ്യുന്നത്. ആരോ ഉണ്ടാക്കിവച്ചിരിക്കുന്ന ഒരു പാട്ടിനെ അവരുടേതായ ചട്ടക്കൂടില്‍ കൂടി പുറത്തുവിടുക. അത് ഇംപ്രോവൈസേഷൻ അല്ല അത് ഇൻറർപ്രിട്ടേഷൻ ആണ്. ആരെങ്കിലും ചെയ്തുവച്ചിരിക്കുന്ന പാട്ടിനെ എടുത്ത് ഓർക്കസ്ട്ര മാറ്റി പാടിയിട്ട് ഇംപ്രോവിസേഷൻ എന്നു പറയുന്നത് തെറ്റാണ്.

jerry-amaldev-music-showq ജെറി അമൽദേവ്

ലൈവ് സ്റ്റേജ് പരിപാടികളിൽ പലപ്പോഴും കാണികൾ കബളിപ്പിക്കപ്പെടുന്ന അവസ്ഥയില്ലേ?

ഉണ്ട്. റഹ്മാന്റെ പ്രശസ്തമായ ഗാനങ്ങൾ സ്റ്റേജില്‍ അവതരിപ്പിക്കുന്നില്ലേ. സത്യത്തിൽ റഹ്മാന്റെ പാട്ടുകളൊന്നും ഒന്നിച്ചിരുന്ന് വായിപ്പിച്ചല്ല റെക്കോർഡ് ചെയ്യുന്നത്. ആദ്യം ഗിത്താർ, പുല്ലാങ്കുഴൽ പിന്നെ അനവധി ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ്സ് അങ്ങനെ ഒന്നിനു ശേഷം ഒന്നൊന്നായിട്ടാണ് റെക്കോർഡ് ചെയ്യുന്നത് . അതൊരിക്കലും സ്റ്റേജിൽ ലൈവ് ചെയ്യാനാകില്ല. അപ്പോൾ എന്തുചെയ്യും റെക്കോർഡ് ചെയ്ത് ടേപ്പ് ഇട്ടിട്ട് സ്റ്റേജിൽ കയറി അഭിനയിക്കും. ലാലിസം അത്തരത്തിലുള്ള ഒരു കാര്യമായിരുന്നു. അത് സത്യത്തിൽ ജനങ്ങളാണ് ശ്രദ്ധിക്കേണ്ടത്. സ്റ്റേജിൽ നിന്ന് ലൈവായി പാടുമ്പോൾ ഒന്നു രണ്ട് തെറ്റുകളൊക്കെ വരാം. മനുഷ്യനല്ലേ പാടുന്നത്.

സൗണ്ട് എഞ്ചിനീയർമാരുടെ സ്വാധീനം എത്രത്തോളമാണ്? ശരാശരി പാടുന്നവർക്കും പാട്ടുകാർക്ക് സിനിമയിൽ പാടാം എന്ന അവസ്ഥയുണ്ടോ?

സൗണ്ട് എഞ്ചിനിയാർമാർ മ്യൂസിക് ഡയറക്ടറുടെ അത്രയും തന്നെ പ്രാധാന്യമർഹിക്കുന്നു. ശബ്ദം നന്നായി റെക്കോർഡ് ചെയ്തില്ലെങ്കിൽ എല്ലാം തീര്‍ന്നില്ലേ. സൗണ്ട് എഞ്ചിനീയർമാർ പണ്ടും ഇപ്പോഴും പ്രാധാന്യമേറിയവർ‌ തന്നെയാണ്

ശരാശരി പാടുന്നവർക്ക് സിനിമയില്‍ പാടാനാകില്ല. സാങ്കേതികതയിലൂടെ ശ്രുതിയൊക്കെ ശരിയാക്കാം. താളം െതറ്റിയാൽ ശരിയാക്കാം. അത്രേയുള്ളൂ. പിന്നെ അതുമൊരു സമയം കൊല്ലിയാണ് സംഗീത സംവിധായകർക്ക് പൈസ കൊടുത്ത് പാടുന്ന പിന്നണി ഗായകര്‍ ഇപ്പോൾ ഉണ്ടെന്നാണ് ഞാൻ അറിയുന്നത്.

പുതിയ പാട്ടുകാർക്കും സംഗീത സംവിധായകർക്കും റിയാലിറ്റി ഷോകളടക്കം വലിയ സ്റ്റേജുകളുണ്ട് പ്രശ്സ്തിയും കിട്ടും. ഇതും അറിവ് നേടാനാകാതെ പോകുന്നതില്‍ ഘടകമല്ലേ?

തീർച്ചയായും. കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ പഠിക്കാനുള്ള സാഹചര്യത്തെ മുരടിപ്പിച്ചുകൊണ്ടാകരുത് അത്. അവനെ പഠിക്കാൻ അനുവദിക്കണം. പിന്നെ റിയാലിറ്റി ഷോകളിൽ നിന്ന് എത്ര പേരാണ് വന്നത്? മൂന്നോ നാലോ പേരിൽ കൂടുതലുണ്ടോ? റിയാലിറ്റി ഷോകൾ പോലൊരു മണ്ടത്തരം ലോകത്തില്ല. അതുകൊണ്ട് ഒന്നും സംഭവിക്കുവാൻ പോകുന്നില്ല. യഥാര്‍ഥ സംഗീതം വേണമെങ്കില്‍ കഷ്ടപ്പെട്ട് പഠിച്ച് നല്ലതുപോലെ അഭ്യസിച്ചാലേ നടക്കൂ. റിയാലിറ്റി ഷോയില്‍ പാട്ടുപാടിയതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല‌.

എന്തുകൊണ്ടാണ് പാശ്ചാത്യ സംഗീതത്തിൽ ശ്രദ്ധിച്ചത്? പാശ്ചാത്യ സംഗീതം പഠിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത്?

എനിക്ക് ഹിന്ദുസ്ഥാനി സംഗീതത്തിനോടായിരുന്നു ഇഷ്ടം കർണാടികിനോട് എനിക്ക് താൽപര്യവുമില്ലായിരുന്നു. അതേസമയം ഓർഗൻ വായിച്ചിരുന്നതുകൊണ്ട് പാശ്ചാത്യ സംഗീതത്തോട് ഇഷ്ടമുണ്ടായിരുന്നു.
പിന്നെ കുട്ടികൾക്ക് പാശ്ചാത്യ സംഗീതം പഠിക്കാനാണ് താൽപര്യമെങ്കിൽ തീര്‍ച്ചയായും അതുതന്നെ പിന്തുടരണം. പാശ്ചാത്യ സംഗീതം പഠിക്കാൻ പാശ്ചാത്യ നാടുകളെ തന്നെ ആശ്രയിക്കണം. ഇന്ത്യയിൽ നിങ്ങൾക്ക് നല്ല പാശ്ചാത്യ സംഗീതം പഠിപ്പിക്കാൻ പോന്ന നല്ല അധ്യാപകരെ കിട്ടാൻ പോകുന്നില്ല.

jerry-master-concert ജെറി അമൽദേവ്

ഇത്രയും വർഷത്തെ സംഗീത ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങൾ

കൊച്ചിയിലായിരുന്നു ജനനം. ചെറുപ്പത്തിൽ അമ്മയുടെ സഹോദരൻ ജോൺ ആണ് ആദ്യമായി ഒരു വേദിയിൽ എന്നെ പാടിക്കുന്നത്. എറണാകുളത്ത് ഹൈക്കോടതിക്കടുത്ത് ഒരു ആംഗ്ലോ ഇന്ത്യൻ ചർച്ചുണ്ട്. അവിടത്തെ അച്ചൻ ഫാദർ മൈക്കിൾ പനയ്ക്കലിന് കുഞ്ഞു പിള്ളാരെ പള്ളിയിൽ പാടിക്കാൻ വലിയ ഇഷ്ടമായിരുന്നു. കുഞ്ഞു ജെറിയേയും അച്ചൻ പള്ളിമുറ്റത്തെ വേദിയിൽ പാടിച്ചു. വളരെ ചെറുതാണന്ന്. കാലമിത്രയേറെ കടന്നുപോയിട്ടും പള്ളിമുറ്റത്തെ ആ കുഞ്ഞു വേദിയിൽ പാടിയത് മറക്കാനാകില്ല. ആ അച്ചനാണ് എന്റെ സംഗീത ജീവിതത്തിന് വഴികാട്ടി.

പിന്നെ വർഷങ്ങൾക്ക് ശേഷം പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് സർന്റെ അസിസ്റ്റൻറായി. അസിസ്റ്റന്റല്ല. അഞ്ചുവർഷം അദ്ദേഹത്തിനൊപ്പം ജീവിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ആ അഞ്ചുവർഷം സംഗീത ജീവിതത്തിലേക്ക് തന്നത് വലിയ പാഠങ്ങളാണ്. സിനിമാ സംഗീതത്തെ കുറിച്ച് ഓർക്കസ്ട്രേഷനെ കുറിച്ചൊക്കെ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. അദ്ദേഹം അത്രത്തോളം ജ്ഞാനമുള്ള ഒരു മനുഷ്യൻ ആയിരുന്നു, ഇപ്പോൾ അങ്ങനൊരു സംഗീത സംവിധായകനെ കാണാനൊക്കുമോ?‌‌‌

പിന്നെ ഏറ്റവും മുതിർന്ന ചേട്ടൻ സംഗീതം പഠിക്കാൻ അമേരിക്കയിലേക്ക് വിളിച്ചു. ന്യൂയോർക്കിൽ കോർണെൽ സർവ്വകലാശാലയിൽ നിന്ന് പാശ്ചാത്യ സംഗീതത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.

കുടുംബം? അവരുടെ സ്വാധീനമെത്രത്തോളമാണ്?

അമ്മയും അമ്മയുടെ അമ്മയും നന്നായി പാടുമായിരുന്നു. അച്ഛൻ ഓടക്കുഴൽ വായിക്കുമായിരുന്നു. ഒരുപക്ഷേ ആ കഴിവാകാം എന്നിലേക്ക് പകർന്നു വന്നത്. രണ്ട് ചേട്ടൻമാരുണ്ട്. ഇരുവരും മ്യൂസിഷൻമാരായിരുന്നു. പക്ഷേ അവർ എന്നെപോലെയായില്ല. സംഗീതത്തിൽ‌ മാത്രമൊതുങ്ങാതെ വേറെ മേഖലകൾ അവർ തേടി പോയി. ചേട്ടൻ അമേരിക്കയിലേക്ക് സംഗീതം പഠിപ്പിക്കാനായി കൊണ്ടുപോയതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവെന്നു പറയാം. ഭാര്യ ജോളി. അവർ ഇന്നില്ല, മൂന്നു പെൺകുട്ടികളാണെനിക്ക്.

സംഗീത ജീവിതത്തിൽ വന്ന ഇരുപത് വർഷത്തെ ഇടവേളയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് മറ്റൊന്നു കൂടി ചോദിച്ചു. മലയാള ചലച്ചിത്ര ലോകം വേണ്ട പോലെ താങ്കളുടെ കഴിവിനെ ഉപയോഗിച്ചില്ലെന്ന തോന്നലുണ്ടോയെന്ന്....മാസ്റ്ററുടെ മറുപടി ഇങ്ങനെയായിരുന്നു....

എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല.... മറുചോദ്യത്തിന് പ്രസക്തിയുണ്ടെങ്കിലും അതിനെ മായ്ച്ചു കളയുന്ന മറുപടി.