Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജി പാപ്പന് പാട്ടെഴുതിയ ഡോക്ടർ

manu-manjith

ചുവപ്പൻ മുണ്ടും കറുത്ത ഷർട്ടുമിട്ട് ഓടിവരുന്ന ഷാജീ പാപ്പനു പിന്നാലെ പ്രേക്ഷക മനസും ഒപ്പമോടി. ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രത്തിലെ ഷാജീ പാപ്പനെന്ന തരംഗം ഇപ്പോഴും തീർന്നിട്ടില്ല. ആടിന്റെ ഓട്ടത്തിനും മുഖത്തെ ഭാവത്തിനും അദ്ദേഹത്തിന്റെ കുപ്പായത്തിനുമൊപ്പം പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു ചിത്രത്തിലെ തീം സോങിനേയും. ആടിന് ആ അടിച്ചുപൊളി പാട്ടെഴുതിക്കൊടുത്തത് മനു മഞ്ജിത്താണ്. ഓം ശാന്തി ഓശാന, വിക്രമാദിത്യൻ, കൂതറ, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി അങ്ങനെ തീയറ്ററുകളെ ഹൗസ് ഫുള്ളാക്കിയ ഒരുപാട് ചിത്രങ്ങളിൽ പാട്ടെഴുതി ഹോമിയോപ്പതി ഡോക്ടറായ മനു മഞ്ജിത്. ഡോക്ടർ വേഷത്തിനൊപ്പം അടുത്തിടെ ഹിറ്റായ ഒരുപാട് ചിത്രങ്ങളിൽ പാട്ടെഴുതിയ എഴുതിക്കൊണ്ടിരിക്കുന്ന മനു മഞ്ജിതിന്റെ വിശേഷങ്ങളിലേക്ക്

ഡോക്ടറായ എഴുത്തുകാരൻ. എങ്ങനെയാണ് ഇങ്ങനൊരു കോമ്പിനേഷൻ വന്നത്

പാട്ട് പണ്ടേ ഹൃദയത്തോട് ചേർന്നതാണ്. പിന്നെ ഹോമിയോ ഡോക്ടർ എന്നത് എന്റെ പ്രൊഫഷനാണ്. പാട്ടെഴുത്ത് ഞാനെന്റെ മനസുകൊണ്ട് ചെയ്യുന്നതും. അതുകൊണ്ട് അതൊരിക്കലുമൊരു ജോലിയായിട്ടോ ഭാരമായിട്ടോ തോന്നിയിട്ടില്ല. ഒരുപാട് ആസ്വദിച്ച് ചെയ്യുന്നു പാട്ടെഴുത്ത്. പാട്ടെഴുത്തുകാരനാകുകയെന്നതും ഒരു സ്വപ്നമായിരുന്നു. രണ്ടും നന്നായി പോകുന്നതിൽ സന്തോഷമുണ്ട്.

ഒരുപാട് പാട്ടെഴുത്തുകാർ ഇന്ന് മലയാളത്തിലുണ്ട്. വെല്ലുവിളികൾ കൂടുന്നില്ലേ.

അതൊരു വെല്ലുവിളിയല്ല. അത് ശരിക്കും നല്ലൊരു കാര്യമാണ്. കൂടുതൽ വ്യത്യസ്തതകൾ നിറഞ്ഞതാകുമല്ലോ സംഗീത ലോകം. നമ്മളും കുറേ കൂടി ക്രിയാത്മകമാകും. ഓരോ പാട്ടെഴുത്തുകാരും വ്യത്യസ്തരാണ്. അതുകൊണ്ടു തന്നെ അവരവർക്കുള്ള അവസരങ്ങൾ വരും. പിന്നെ പാട്ടെഴുത്തുകാരുടെ എണ്ണം കൂടുന്നതിനേക്കാൾ വെല്ലുവിളി പാട്ടെഴുതുന്നത് തന്നെയാണ്. കൂടുതൽ ഫാസ്റ്റ് ആണ് ചലച്ചിത്ര രംഗം. കൃത്യമായ സമയത്തിനുള്ളിൽ നമ്മൾ പാട്ടെഴുതി തീർക്കണം. ഒരു സാവകാശമില്ല. ആദ്യ കേൾവിയില്‍ തന്നെ പ്രേക്ഷകനിത് ഇഷ്ടമാകുകേം വേണം. അത്തരത്തിൽ പാട്ടെഴുതുക എന്നതാണ് വെല്ലുവിളി. അവിടെയാണ് എഴുത്തുകാരന്‍ വിജയിക്കേണ്ടത്.

പാട്ടെഴുത്തുകാർക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല ഇക്കാലത്തെന്ന് തോന്നിയിട്ടുണ്ടോ?

ഞാനെന്താണ് അതിന് മറുപടി പറയുക. അങ്ങനെ പാട്ടെഴുതിയത് ഇന്നയാളാണെന്ന് എഴുതേണ്ടത് മാധ്യമങ്ങളല്ലേ. ഞങ്ങൾക്ക് ശ്രദ്ധ കിട്ടുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾ തീര്‍ച്ചയായും അത് പരിഗണിക്കേണ്ടിയിരിക്കുന്നു. പിന്നെ പാട്ടെഴുതിയയാളിന് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നത് മനപൂർവമൊന്നുമാകില്ല. വരികളെ ഇഷ്ടപ്പെടുന്നവർ പാട്ടെഴുത്തുകാരെ ശ്രദ്ധിക്കുക തന്നെ ചെയ്യും. പക്ഷേ ഇപ്പോൾ ഒരു ചിത്രത്തിനു തന്നെ ഒരുപാട് പാട്ടെഴുത്തുകാരുണ്ടാകും. ആ ചിത്രത്തിലെ ഒരു പാട്ടാകും ശ്രദ്ധിക്കപ്പെടുക. ഒരുപാട് രചയിതാക്കൾ ഉള്ളതിനാൽ ഹിറ്റായ ഗാനം ആര് എഴുതിയത് എന്നതിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട് പലപ്പോഴും.

ഒരുപാട് രചയിതാക്കൾ ഒരു ചിത്രത്തിൽ. സംവിധായകന് പാട്ടെഴുത്തുകാരിൽ വിശ്വാസം കുറയുന്നതുകൊണ്ടാണോ ഈ സാഹചര്യം.

അതിന് ഞാനല്ലല്ലോ മറുപടി പറയേണ്ടത്. സംവിധായകരല്ലേ. വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. നേരത്തേ പറഞ്ഞ പോലെ പാട്ടിൽ വൈവിധ്യം വേണമെന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാകാം അത്.

പഴയകാലത്തെ പാട്ടുകളുടേത് പോലെ ഇന്നത്തെ ഗാനങ്ങൾക്ക് ആത്മാവില്ലെന്ന വിമർശനത്തോട് എന്തുപറയുന്നു.

സിനിമയിലെ സന്ദർഭത്തിനനുസരിച്ചാണ് നമ്മൾ പാട്ടെഴുതുന്നത്. ആ സ്ക്രിപ്റ്റ് അത്രത്തോളം വികാര തീക്ഷ്ണമാണെങ്കിൽ നല്ല കഥയുണ്ടെങ്കിൽ തീര്‍ച്ചയായും കവിത പോലുള്ള ആത്മാവുള്ള ഗാനങ്ങൾ പിറന്നിരിക്കും. പുതിയ കാലത്തായാലും പഴയ കാലത്തായാലും. തര്‍ക്കമില്ല അക്കാര്യത്തിൽ.

ഗിരീഷ് പുത്തഞ്ചേരിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹമാണോ പ്രചോദനം നല്‍കിയത്.

പുത്തഞ്ചേരിക്കടുത്താണ് എന്റെ വീടും. ജീവിതത്തിലൊരു പ്രാവശ്യമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. പക്ഷേ ഞാനെത്ര മാത്രം അദ്ദേഹത്തേയും ആ പാട്ടുകളേയും ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞറിയിക്കാനാകില്ല. അദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോളെനിക്ക് ഒരുപാടടുപ്പമുണ്ട്. പ്രചോദനം തീര്‍ച്ചയായും അദ്ദേഹം തന്നെയാണ്. പാട്ടുകൾ കേൾക്കാനും ഇപ്പോൾ എഴുതാനും പ്രചോദനമായത് അദ്ദേഹം തന്നെ. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളാണ് എനിക്കേറ്റവും ഊർജ്ജം പകരുന്നത്. ഞാൻ ചലച്ചിത്രങ്ങളുടെ പാട്ടെഴുത്തുകാരനായതിൽ വലിയ പങ്ക് ആ മക്കളിലാണ്. ഓരോ പാട്ടിറങ്ങുമ്പോഴും ആദ്യം വിളിക്കുന്നതും അവർ തന്നെ. മാറ്റിനിയെന്ന ചിത്രത്തിൽ അദ്ദേഹത്തിന് സമർപ്പണമെന്നോളംനാലു വരി എഴുതിക്കൊണ്ടാണ് സിനിമയിലേക്കെത്തുന്നതും.

ഇനി ഏതൊക്കെ ചിത്രങ്ങളിലാണ് മനു മഞ്ജിതിന്റെ പാട്ടുള്ളത്.

മമ്മൂക്കയെ നായകനാക്കി രഞ്ജി പണിക്കറുടെ മകനെടുക്കുന്ന ചിത്രം, ജൂഡ് ആൻറണിയുടെ ചിത്രം, മിഥുൻ മാനുവേൽ തോമസിന്റെ ചിത്രം എന്നിവയിൽ പാട്ടെഴുതി കഴിഞ്ഞു. ഈ മൂന്ന് ചിത്രങ്ങൾക്കും പേരായിട്ടില്ല. ഉടൻ പുറത്തിറങ്ങുന്ന മുത്ത് ഗൗ, ജേക്കബിന്റെ സ്വർഗ രാജ്യം, വേട്ട എന്നിവയിലും പാട്ടെഴുതിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.