Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനിയറിങിൽ മങ്ങി പാട്ടിൽ തിളങ്ങി

niranj-suresh

തനി മോഡേൺ ലുക്കും കയ്യിലൊരു ഗിത്താറുമൊക്കെയായി നല്ല ഫ്രീക്കായിട്ട് നടക്കുന്ന പിള്ളേരിലൊരാളാണു നിരഞ്ജും. കിടിലൻ ബൈക്കിനു മുകളിൽ കയറിയിരുന്നു പായുന്നതിനേക്കാള്‍ ഇഷ്ടത്തോടെയും വേഗത്തോടെയും പാട്ടിനു പിന്നാലെ കൂടിയിട്ട് കുറേ കാലമായി. കയ്യിൽ കിട്ടിയ മെഡിസിൻ സീറ്റു കളഞ്ഞ് എഞ്ചീനീയറിങിനെ തിരഞ്ഞെടുത്തതു പോലും പാട്ടിനൊപ്പം അലഞ്ഞു തിരിയാമല്ലോ എന്നു വിചാരിച്ചാണ്. എന്തായാലും ആ തീരുമാനം തെറ്റിയില്ല. സിനിമയിൽ നന്നാവൂല്ല എന്ന പാട്ടാണു പാടിത്തുടങ്ങിയതെങ്കിലും അങ്ങനെയായില്ല. തോപ്പിൽ ജോപ്പനിൽ ഒരു ടോപ്പ് പാടുന്ന വരെയെത്തി സംഗീത ജീവിതം. ഇതുവരെ നിരഞ്ജിന്റെ സ്വരം റെക്കോർഡ് ചെയ്ത വിദ്യാസാഗർ ഉൾപ്പെടെയുള്ള എല്ലാ സംഗീത സംവിധായകർക്കും ഒരേ അഭിപ്രായം ഇതു വ്യത്യസ്തമായൊരു സ്വരകണം...തോപ്പിൽ ജോപ്പനിലെ ടൈറ്റിൽ സോങ് പാടി ശ്രദ്ധ നേടിയതിന്റെ ത്രില്ലില്‍ നിന്നുകൊണ്ടു നിരഞ്ജ് സംസാരിക്കുന്നു....

ഇവിടെ വരെ ഇങ്ങനെയൊക്കെ

പാട്ടില്‍ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണം എന്നൊക്കെയായിരുന്നു കുഞ്ഞിലേ മുതൽക്കേ ആഗ്രഹം. ശാസ്ത്രീയ സംഗീതം ചെറുപ്പം തൊട്ടേ പഠിച്ചിരുന്നു. പിന്നെ സ്കൂളും ട്യൂഷനും ക്ലാസുമൊക്കെയായി അതിനു തുടർച്ച വന്നില്ല. എങ്കിലും മൈ വേൾ‍ഡ് ഈസ് മ്യൂസിക് എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അച്ഛൻ നന്നായി പാടും. ഇപ്പോഴും ശാസ്ത്രീയ സംഗീതം പഠിക്കുന്നുണ്ട് അച്ഛന്‍. 

മെഡിസിന്‍ വേണ്ടെന്നു വച്ചു, എഞ്ചിനീയറിങിൽ 42 സപ്ലി. എല്ലാം പാട്ടുകാരനാകാൻ വേണ്ടി

എൻസിസി കേരള തലത്തിൽ ബെസ്റ്റ് കേഡറ്റ് ആയിരുന്നു. എൻസിസി ക്വാട്ടയിൽ മെഡിസിൻ സീറ്റ് കിട്ടിയെങ്കിലും വേണ്ടെന്നു വച്ച് എഞ്ചിനീയറിങ് പഠിക്കാൻ തീരുമാനിച്ചതു തന്നെ പാട്ടിനൊപ്പം പാറിനടക്കാമല്ലോ എന്നു വിചാരിച്ചാണ്.

മെഡിസിൻ കുത്തിയിരുന്നു പഠിച്ച് ക്ലാസൊക്കെ കളയാതെ നടന്നാലേ ജയിക്കാനാകൂ. എഞ്ചിനീയറിങ് അങ്ങനെയല്ല. എങ്ങനെയെങ്കിലും പാസാകും. വീട്ടുകാരുടെ ആഗ്രഹം പോലെ ഡിഗ്രിയും കിട്ടും. എഞ്ചിനീയറിങ് ക്ലാസിൽ കയറിയിട്ടേയില്ലെന്നു പറയാം. വീട്ടിലൊക്കെ ആകെ പ്രശ്നമായിരുന്നു അന്ന്. സിനിമ എന്നു പറയുന്നതേ കലിപ്പ് ആയ അവസ്ഥ. സിനിമയിലെ അസ്ഥരിതയെ കുറിച്ചു പറഞ്ഞായിരുന്നു അവരുടെ കുറ്റപ്പെടുത്തല്‍. പക്ഷേ ഞാൻ രണ്ടും കൽപിച്ച് ഇറങ്ങി.

42 സപ്ലിയോടെയാണു പാസ് ഔട്ട് ആയത്. പിന്നെയതൊക്കെ എഴുതിയെടുത്തു. ഇൻഡസ്ട്രിയിൽ വന്നപ്പോൾ എനിക്കു സന്തോഷമായി. ഒന്നുകിൽ ബിടെക് ഡ്രോപ് ഔട്ട് അല്ലെങ്കിൽ ജസ്റ്റ് പാസ് ആയവർ ആയിരുന്നു എല്ലാം. പിന്നെ ഞാൻ ബിഎസ്‍സി വിഷ്വല്‍ കമ്യൂണിക്കേഷൻ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നു പൂർത്തീകരിച്ചു.

മാർ അത്തനീഷ്യസ് കോളെജിലായിരുന്നു പഠനം. കോളെജ് കാലത്തേ ബാൻഡുകൾക്കൊപ്പമായിരുന്നു ജീവിതം. കോളെജ് ബാൻഡിൽ പാടുന്ന കേട്ടിട്ടാണ് നെമെസിസ് എന്നൊരു ബാൻഡിലേക്കു പാടുവാൻ വിളിക്കുന്നത്. അവിടെ നിന്നും പ്രോഗ്രസീവ് റോക്കും എക്സിപിരിമെന്റൽ മ്യൂസിക്കുമൊക്കെ കൈകാര്യം ചെയ്യുന്ന ബ്ലാങ്ക് പ്ലാനറ്റിൽ പാടുവാനെത്തുന്നത്. ഒരുപാടൊരുപാട് ബാൻഡുകളിൽ പാടിയിട്ടുണ്ട്. അതാണ് പഠന ക്ലാസ് എന്നു പറയാം.

എങ്ങനെയാണു സിനിമയിലേക്ക്?

ബ്ലാങ്ക് പ്ലാനറ്റിൽ പാടിക്കൊണ്ടിരിക്കെ പരിചയപ്പെട്ട പ്രോഗ്രാമർ, ജെസിൻ ജോർജ് ആണ് അതിനു കാരണം. അദ്ദേഹമാണ് സിനിമയിൽ പാടുവാൻ അവസരമൊരുക്കിത്തരുന്നത്. ആശാ ബ്ലാക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടാണ് ആദ്യം പാടിയത്. നന്നാവൂ... എന്ന ഗാനം. പിന്നീട് ബിവെയർ ഓഫ് ഡോഗ്സ്, റോക്ക്സ്റ്റാർ, ടൂ കൺട്രീസ്, അനുരാഗ കരിക്കിൻ വെള്ളം, എന്നീ ചിത്രങ്ങളിൽ പാടി. എബിസിഡിയിൽ ചെറിയൊരു വേഷവും ചെയ്തു. ഗോദ, എന്നീ സിനിമകളിൽ സോളോ രണ്ടെണ്ണം പാടിയിട്ടുണ്ട്. 

കൊതിപ്പിക്കുന്നു റഹ്മാന്‍

ലോകത്തുള്ള എല്ലാ സംഗീതജ്ഞരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാത്തരും സംഗീതവും ആസ്വദിക്കാറുമുണ്ട്. പാടാനും ഇഷ്ടമാണ്. എങ്കിലും ഏ.ആർ റഹ്മാൻ സംഗീതത്തിൽ പാടണം, റഹ്മാനൊപ്പം സ്റ്റേജ് ഷോ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട് മനസില്‍. നിരഞ്ജ് ലൈവ് എന്നൊരു ബാൻ‍ഡ‍് ഞാൻ തന്നെ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ബാൻഡിനൊപ്പം വേൾഡ് ടൂര്‍ പോകണം എന്നൊക്കെയാണ് ആഗ്രഹം. നല്ല സംഗീതവുമായി കഴിയാവുന്നിടത്തൊക്കെ എത്തണം. നമ്മുടെ സംഗീതം എല്ലാവരും കേൾക്കണം. എന്നൊക്കെയാണ് സ്വപ്നം.

ദീപക് ദേവും വിദ്യാസാഗറും

ഞാൻ പാടിയ മാരിമുകിലേ എന്ന പാട്ടു കേട്ടിട്ട് ദീപക് ദേവ് സർ വിളിച്ചു. എനിക്കൊരുപാടൊരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. അദ്ദേഹത്തിന്റെ വലിയ ആരാധകനാണു ഞാന്‍. സർ ആണു എനിക്ക് വിദ്യാസാഗർ സാറിന്റെ സംഗീതം പാടുവാൻ കാരണമായത്. 

എൽവിസ് പ്രിസ്‍ലി ഉൾപ്പെടെയുള്ളവരെ ചൂണ്ടിക്കാണിച്ചുള്ള പഠനമൊക്കെ തന്നിട്ടാണു വിദ്യാസാഗർ സാർ പാട്ടിലേക്കു കൊണ്ടുപോയത്. നമ്മളിൽ നിന്ന് എന്താണു വേണ്ടതെന്നും അതെങ്ങനെ കിട്ടുമെന്നതിനെ കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട്. മലയാളത്തില്‍ ഈ വോയ്സ് യുണീക് ആണെന്നായിരുന്നു അദ്ദേഹത്തിന്റെയും അഭിപ്രായം. മൂന്നര മണിക്കൂർ എടുത്താണ് പാട്ട് റെക്കോർ‍ഡ് ചെയ്തത്. അതു നന്നായെങ്കിൽ അദ്ദേഹം എന്റെ സ്വരത്തേയും ആലാപന ശൈലിയേയും അത്രയേറെ നന്നായി ഉപയോഗിച്ചതു കൊണ്ടാണ്. 

ഒരുപാടു പാട്ടുകാർക്കിടയിലെ നിലനിൽപ്

ശരിയാണ്. ഒത്തിരിയൊത്തിരി പാട്ടുകാരുണ്ട്. ഐഡന്റിറ്റി തന്നെയാണ് പ്രധാന പ്രശ്നം. ആരാണ് ഒരു പാട്ടു പാടിയതെന്നതിനെ കുറിച്ചുള്ള വിവരം ആളുകളിലേക്കു പലപ്പോഴും എത്താറില്ല, ആരാണീ ഗാനം പാടിയതെന്നു തെരഞ്ഞു കണ്ടുപിടിക്കാൻ അവർക്കും സമയമുണ്ടാകാറില്ല. ചിലരൊക്കെ പറയുന്നതു കേട്ടിട്ടുണ്ട്. നല്ല പാട്ടാണ്...പക്ഷേ ആരാ പാടിയതെന്ന് അറിയില്ലെന്ന്...ഞാൻ യൂബർ കാറുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്. അതിൽ പോകുമ്പോൾ ഞാൻ പാടിയ പാട്ടുകൾക്കു പോലും കിടിലൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ആരാ പാടിയതെന്ന് അവർക്കറിയില്ല. ഒരു പാട്ടു സൃഷ്ടിക്കാനെടുക്കുന്ന അധ്വാനവും സമയവും അവിടെ ആരും തിരിച്ചറിയുന്നില്ലല്ലോ എന്നു സങ്കടം തോന്നാറുണ്ട്‌്. 

സിനിമാ പശ്ചാത്തലമൊന്നുമില്ലാത്തൊരിടത്തു നിന്നാണു ഞാൻ സിനിമയിലെത്തിയത്. നമുക്കു പ്രതിഭയും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ അവസരം കിട്ടുമെന്നു തന്നെയാണു പ്രതീക്ഷിക്കുന്നത്. പരിശ്രമിച്ചു കൊണ്ടേയിരിക്കണം. ഒരു പാട്ടു പാടി ഹിറ്റ് ആയല്ലോ എന്നു കരുതി വെറുതേയിരിക്കരുത്. ബാൻഡ് ഉണ്ടെങ്കിൽ അതിനൊപ്പമായിരിക്കണം മനസ്. ഞാൻ അങ്ങനെയാണ്. സംഗീതത്തിൽ പരിശ്രമമവും പഠനവും ഇടവേളകളില്ലാതെ മുന്നോട്ടുകൊണ്ടുപോയാലേ കാര്യമുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്. പിന്നെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ സ്വരത്തിനു ചേരുന്ന പാട്ടു വന്നാലേ നമ്മളിലേക്കു ആ ഗാനമെത്തൂ...അത്രേയുള്ളൂ...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.