Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പം, ഈ കൂട്ടുകാർക്കടിച്ച ബംബർ ലോട്ടറി

oppam-movie-music-directors

അടിക്കുമ്പോൾ അതൊരു ബംബര്‍ ലോട്ടറി തന്നെയായിരിക്കണമല്ലോ. അല്ലേ? ദാ അങ്കമാലിയിലെ ഈ നാലു കൂട്ടുകാർക്കു കിട്ടിയതുപോലെ. കളിക്കോപ്പുകളുമായി നടന്ന പ്രായത്തിലെ ഇവര്‍ കൂട്ടുകാരായിരുന്നു, ഒപ്പം പാട്ടും. ഈ ചങ്ങാത്തവും പിന്നെ പാട്ടിനൊപ്പമുള്ള സൗഹൃദവും ചേർത്തുവച്ചാണ് ഒപ്പത്തിനായി പാട്ടുകളൊരുക്കിയത്. മിന്നാമിനുങ്ങിന്‍ താളപ്പറക്കൽ പോലെ എല്ലാവരും കേൾക്കുവാൻ കൊതിക്കുന്ന പാട്ടുകളായി അവ മാറുകയും ചെയ്തു....പ്രിയദർശൻ-മോഹൻലാൽ ചിത്രങ്ങളിലെ എക്കാലത്തേയും മികച്ച പാട്ടുകൾക്കൊപ്പമിരുന്നു താളമിടുന്ന പാട്ടുകളൊരുക്കിയ നാലു കൂട്ടുകാരിലൊരാളായ ജിം ജേക്കബ്ബിനൊപ്പം.

ലോട്ടറി എന്നു പറയല്ലേ...കുറേ അലഞ്ഞിട്ടാ

ജിം, ബിബി, എൽദോസ്, ജസ്റ്റിൻ...ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ലാലേട്ടനും പ്രിയനും ഒന്നിച്ച സിനിമയിലെ പാട്ടുകൾ ചെയ്ത നാലു കൂട്ടുകാർ ഇവരാണ്. കുട്ടിക്കാലം മുതൽക്കേ ഇവരൊന്നിച്ചാണ്. പല ജോലികളിലേക്കു തിരിഞ്ഞു പോയെങ്കിലും സംഗീത സംവിധാനമെന്ന ഇഷ്ടം മാത്രം വിട്ടുപോയതേയില്ല. ജിമ്മിന്റെ സ്റ്റുഡിയോ, കൊച്ചിയിലുള്ള എൻഎച്ച്ക്യൂ സ്റ്റുഡിയോ, ആണു സിനിമയിലേക്കുള്ള വലിയ എൻട്രി നൽകിയതെന്നു പറയാം. ഒട്ടേറെ റെക്കോഡിങുകൾ നടക്കുന്ന സ്റ്റുഡിയോ നൽകിയ ബന്ധങ്ങൾ ആയിരുന്നു കാരണം. ഒപ്പം ഫോർ മ്യൂസികിന്റെ ആദ്യ സിനിമയൊന്നുമല്ല. ജസ്റ്റ് മാരീഡ് ആയിരുന്നു ആദ്യത്തേത്. ഒരു പ്രമുഖ ചാനലിൽ നടത്തിയ സംഗീത പരിപാടിയിൽ, സ്വന്തം കമ്പോസിഷനിലെ പാട്ടുകൾ ചെയ്ത് മത്സരിച്ചതോടെയായിരുന്നു സിനിമാ മോഹം യാഥാർഥ്യമായത്. 

മോഹൻലാൽ അഭിനയിക്കുന്ന പ്രിയദർശന്‍ സിനിമയിൽ സംഗീതം ചെയ്യുവാനായതിനെ ബംബർ ലോട്ടറി എന്നു വിശേഷിപ്പിച്ചാൽ ജിം അതു സമ്മതിക്കില്ല. കാരണം ഇരുപതു വർഷത്തോളമായി ഈ രംഗത്തെത്തിയിട്ട്. ഇപ്പോഴാണു ഏവരുടേയും ശ്രദ്ധ കിട്ടിയ പാട്ടുകൾ ചെയ്യുവാനായത്. ആദ്യ സിനിമ ചെയ്തു കഴിഞ്ഞതിനു ശേഷം ഞങ്ങളുടെ ജീവിതത്തെ കുറിച്ചു പറയുകയേ വേണ്ട. സിനിമ പോയിട്ട് ഒരു ജിംഗിൾ പോലും ചെയ്യാന്‍ കിട്ടാത്ത അവസ്ഥ. 

4music എൽദോ, ജിം, ബിബി, ജസ്റ്റിൻ

അങ്ങനെ നടന്നപ്പോഴാണ് ആന്റണി പെരുമ്പാവൂറിനെ കാണുന്നത്. തങ്ങൾ ചെയ്ത സിനിമയും പിന്നെ കുറച്ചു വർക്കുകളും കാണിച്ചു. അത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. തുടർന്ന് പ്രിയദര്‍ശൻ സാറിനു മുന്നിലെത്തുവാനുമായെന്ന് ജിം പറയുന്ന. പാട്ടുകൾ ഇഷ്ടപ്പെട്ടതോടെ ഈ സിനിമയുടെ കാര്യം പറഞ്ഞു. പക്ഷേ ഞങ്ങൾ മാത്രമല്ല ഒപ്പത്തിന്റെ സംഗീത സംവിധായകരായി അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഒപ്പത്തിലെ വർക്ക് തുടങ്ങിയത്.

നിങ്ങൾ ചെയ്യുന്ന ഒരു പാട്ടാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അതു സിനിമയിലുണ്ടാകും. ഉറപ്പ്. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വലിയൊരു മത്സരം തന്നെ നടത്തേണ്ടി വന്നു ഞങ്ങൾക്ക്. ആദ്യ കൂടിക്കാഴ്ചയിൽ അദ്ദേഹം രണ്ടു പാട്ടുകളുടെ സിറ്റ്വേഷനെ കുറിച്ചു പറഞ്ഞതിനു ശേഷമാണു ഞങ്ങളെ മടക്കി അയച്ചത്. അതു കഴിഞ്ഞ് കൃത്യം ഒരാഴ്ചയ്ക്കിപ്പുറം രണ്ടു പാട്ടുകളുമായി ഞങ്ങളെത്തി. 'മിന്നാമിനുങ്ങേ' എന്ന പാട്ടും, പഞ്ചാബി പാട്ടുമായിരുന്നു അത്. രണ്ടിന്റെയും റഫ് ട്രാക്കും ഒപ്പം കൂട്ടിയിരുന്നു. അതു രണ്ടിനും സാറിന്റെ അപ്രൂവൽ അന്നു തന്നെ കിട്ടി. പക്ഷേ പിന്നീട് മിന്നാമിനുങ്ങ് പാട്ടിന്റെ സിറ്റ്വേഷൻ മാറ്റി. അന്നു ചെയ്ത പാട്ടല്ല പിന്നീടു സിനിമയിൽ വന്നത്. പിന്നെ ബാക്കിയുള്ള ഗാനം എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്നായി. ആകെ നാലു ഗാനങ്ങളായിരുന്നു ഞങ്ങൾ ചെയ്തത്. മൂന്നെണ്ണമേ സിനിമയിലുള്ളൂ. നാലമത്തേത് ഞങ്ങൾക്കിത്രയും വലിയൊരു അവസരം തന്ന പ്രിയൻ സാറിനും പിന്നെ എംജി ശ്രീകുമാറിനും ട്രിബ്യൂട്ട് ആയി ചെയ്തതാണ്. ഓഡിയോ സിഡിയില്‍ അതുണ്ടാകും.

ആർക്കും പാടുവാൻ കഴിയുന്ന ഗാനങ്ങൾ

ഞങ്ങളുടെ പാട്ട് പ്രിയൻ സാറിന് അത്രയേറെ ഇഷ്ടമായിരുന്നു. മനസിൽ വിചാരിച്ച പോലെ ആയതുകൊണ്ടാകണം ഒരുപാട് എക്സൈറ്റഡ് ആയിരുന്നു അദ്ദേഹം. കൃത്യമായ നിർദ്ദേശം തരുന്നയാളാണു പ്രിയൻ സാർ. പാട്ടുകളെ കുറിച്ചു കൃത്യമായ ഐഡിയ. ചിന്നമ്മ ഗാനം ആദ്യം കേട്ടയുടനേ പറഞ്ഞു പല്ലവിയുടെ അവസാനഭാഗത്ത് രാഗഭാവം വരണം പിന്നെ അനുപല്ലവിയുടെ ആദ്യ വരിയുടെ ട്യൂൺ മാത്രം മാറ്റണമെന്ന്. അതിനെക്കുറിച്ചൊക്കെ അത്രയും ഗഹനമായ അറിവുള്ള ആൾക്കു മാത്രമല്ലേ അങ്ങനെയൊക്കെ പറയുവാൻ സാധിക്കൂ. ഓരോ പാട്ടും വിഷ്വലി കണ്ടുകൊണ്ടാണ് അദ്ദേഹം പാട്ടു ചെയ്യാൻ പറയുന്നത്.

oppam-movie-music-directors-with-priyadarshan-and-mohanlal ബിബിയും ജസ്റ്റിനും മോഹൻലാലിനും പ്രിയദർശനുമൊപ്പം

ആർക്കും പാടുവാൻ കഴിയണം. എനിക്കു പോലും കഴിയണം അങ്ങനെയൊരു ഗാനമാകണം, മിന്നാമിനുങ്ങ് എന്നായിരുന്നു ആ പാട്ടിനെ കുറിച്ചുള്ള നിർദ്ദേശം. കുട്ടിയും ലാൽ സാറും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ഈ പാട്ടിലൂടെ മനസിലാക്കാൻ കഴിയണം. അത്തരമൊരു മൂഡ് ആയിരിക്കണം പാട്ടിന് ഇങ്ങനെ നിർദ്ദേശങ്ങൾ തുടർന്നു. എന്തായാലും ദൈവത്തിന്റെ കൃപയും ഭാഗ്യവും കാരണം ഞങ്ങൾക്കു നല്ല പാട്ടുകൾ ചെയ്യുവാനായി എന്നേ പറയുവാനുള്ളൂ. കുറേ കാത്തിരുന്നുവെങ്കിലും വന്നുചേർന്നത് ഒരു വലിയ അനുഗ്രഹമായിരുന്നു. മെലഡി കാലത്തിന്റെ തിരിച്ചു വരവ് എന്നായിരുന്നു പാട്ടു കേട്ടിട്ട് കുറേ പേർ സന്ദേശമയച്ചത്. ഒരുപാടു സന്തോഷം തോന്നി അതുകേട്ടപ്പോൾ. 

നിങ്ങൾ തന്നെയാണോ ചെയ്തത്?

എം ജി ശ്രീകുമാർ സാർ ഞങ്ങൾ നാലു പേരുടെയും പ്രിയപ്പെട്ട പാട്ടുകാരനാണ്. അദ്ദേഹത്തെ കൊണ്ടു പാടിക്കണമെന്നതു വലിയൊരു ആഗ്രഹമായിരുന്നു. നല്ല ടെൻഷനുണ്ടായിരുന്നു ചിന്നമ്മ എന്ന പാട്ടുപാടിക്കുവാൻ അദ്ദേഹത്തെ വിളിക്കുവാൻ പോകാൻ നേരം. വണ്ടിയിലിരിക്കുമ്പോൾ തീർത്തും ഒഫിഷ്യലായി സംസാരിച്ചതേയുണ്ടായിരുന്നുള്ളൂ. സ്റ്റുഡിയോയിലെത്തി പാട്ടു കേൾപ്പിക്കുവാൻ നേരം എന്തൊരു ടെൻഷനായിരുന്നുവെന്നറിയാമോ....പാട്ടു കേട്ട് അദ്ദേഹം മുഖത്തേക്കു നോക്കി ചോദിച്ചു.

നിങ്ങൾ തന്നെയാണോ ചെയ്തത് എന്ന്...അദ്ദേഹത്തിനു പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. എന്തു തിരുത്തലും നമുക്ക് അദ്ദേഹത്തോടു സ്വാതന്ത്ര്യത്തോടെ പറയാം. വളരെ സന്തോഷത്തോടെ എൻജോയ് ചെയ്താണു പാടിയത്. 

oppam-movie-music-directors-with-m-g-sreekumar എം ജി ശ്രീകുമാറിനൊപ്പം ബിബിയും ജിമ്മും

ചിന്നമ്മ എന്ന പാട്ട് ആർക്കും പാടാം. പക്ഷേ എംജി സാർ പാടിയ ടെക്സ്ചറിൽ അതേ ഭാവത്തോടെ പാടുവാൻ മറ്റാർക്കും കഴിയില്ല. ഞങ്ങൾക്കുറപ്പുണ്ട്. അത്രയേറെ ആത്മാർഥതയോടെ സ്നേഹത്തോടെയാണ് അദ്ദേഹം ആ പാട്ടു പാടിയത്. പഴയ എംജി ശ്രീകുമാർ സ്വരമായിരുന്നു ഈ പാട്ടിൽ ഞങ്ങൾ കേട്ടതും. അറിഞ്ഞതും അനുഭവിച്ചതും...അതൊരു വലിയ അനുഗ്രഹമായിരുന്നു.

മോഹന്‍ലാൽ സാറിനു പാട്ടു കേൾപ്പിച്ചു കൊടുത്തത് അദ്ദേഹത്തിന്റെ കാരവാനില്‍ വച്ചായിരുന്നു. പ്രിയൻ സാറും എംജി സാറും ഒപ്പമുണ്ടായിരുന്നു. ലാൽ സാറിനും പാട്ട് ഇഷ്ടപ്പെട്ടു....ചിന്നമ്മ എന്ന ഗാനം കേട്ടിട്ട് എംജി സാറിനോടു പറഞ്ഞു, ഇനി സ്റ്റേജിൽ പാടുവാൻ ഒരു പാട്ടു കൂടി ആയല്ലോ എന്ന്.

ശ്രേയക്കുട്ടി പക്കാ പ്രൊഫഷണൽ

മറ്റൊരു അനുഭവം ശ്രേയാ ജയദീപ് എന്ന കുഞ്ഞു ഗായികയെ സംബന്ധിച്ചാണ്. എത്ര ചെറിയ കുട്ടിയാണവൾ. പക്ഷേ ഗായികയെന്ന നിലയിൽ പക്കാ പ്രൊഫഷണൽ. പാട്ടിന്റെ കാര്യത്തിലായാലും സ്റ്റുഡിയോയിൽ പെരുമാറുന്ന രീതിയിലായാലും ഒത്തിരി മുതിർന്ന ആളിനെ പോലെയാണ്. അവൾ പാടുന്നതിലെ കുഴപ്പമെന്തെന്ന് അവൾക്കു തന്നെ അറിയാം...നമ്മളോടിങ്ങോട്ടു വന്നു പറയും...അങ്കിളേ ആ പോർഷൻ ശരിയായില്ല നമുക്കൊന്നു കൂടി ചെയ്യാം എന്നൊക്കെ...

sreya-jayadeep6

ആദ്യ കേൾവിയില്‍ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം പാട്ടുകൾ. അതിനു വരികളും ആലാപനശൈലിയും ഈണവും എല്ലാം ഒന്നിനോടൊന്നു നന്നായിട്ടേ കാര്യമുള്ളൂ. ദൈവകൃപ കൊണ്ടും ഭാഗ്യംകൊണ്ടുമാണു ഞങ്ങൾക്കിതു സാധ്യമായത്. ജിം പറഞ്ഞു.

ഒരുപാട് എക്സൈറ്റഡ് ആണു ‍ഞങ്ങൾ. ബിബിയും ഞാനും മാത്രമേ നാട്ടിലുള്ളൂ. എൽദോയും ജസ്റ്റിനും പുറത്താണ്. ജസ്റ്റിൻ ന്യൂസിലൻഡിലും എൽദോ സൗദിയിലുമാണു ജോലി ചെയ്യുന്നത്. വാട്സ് ആപ്പിലെ ഞങ്ങളുടെ ഗ്രൂപ്പ് വഴിയാണ് സംഗീത സംവിധാനം നടന്നത്. ഒപ്പത്തിലെ പാട്ടുകൾ തീർത്തത് വാട്സ് ആപ്പിൽ വച്ചായിരുന്നു. ഞങ്ങൾ നാലു പേർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഈണങ്ങൾ മാത്രമാണു തെരഞ്ഞെടുത്തത്. ഒരുപാട് അഭിനന്ദനങ്ങളും നല്ല വാക്കുകളും തേടിവരുന്ന വേളയിൽ അവർ ഒപ്പമില്ലെന്ന സങ്കടം മാത്രമേയുള്ളൂ....

Your Rating: