Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലുവരി കൊണ്ട് പാട്ട് ഹിറ്റാകില്ല

Rajeev Alunkal രാജീവ് ആലുങ്കൽ

നാടകങ്ങൾ, ആൽബങ്ങൾ, സിനിമകൾ എന്നിവയിലൂടെ നീളുന്ന ഇരുപത്തിയൊന്ന് വർഷങ്ങളിൽ രാജീവ് ആലുങ്കൽ എന്ന കലാകാരൻ മലയാളത്തിന് സമ്മാനിച്ചത് 2500 ൽ അധികം ഗാനങ്ങളാണ്. രാജീവ് ആലുങ്കലിനെപ്പോലെ ഗാനരചനയുടെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോയ കലാകാരന്മാർ കുറവായിരിക്കും. മികച്ച നാടക ഗാനരചിതാവിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം, മികച്ച സിനിമാ ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, സമഗ്ര സംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം അതും ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒരു വ്യക്തി നേടുന്നത്. തുടങ്ങിയ ഗാനരചനയുടെ എല്ലാ മേഖലയിലും ലഭിച്ച പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ കവിത്വം തുളുമ്പുന്ന മനസിന് ലഭിച്ചതാണ്. രാജീവ് ആലുങ്കൽ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു

തുടക്കം നാടകത്തിൽ നിന്ന്

ആദ്യമായി പ്രസിദ്ധികരിക്കുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കവിതയാണ്. എൻഎസ്എസ് സർവീസ് വീക്കിലിയിൽ പ്രസിദ്ധീകരിച്ച ആ കവിതക്ക് മന്നം ട്രോഫിയും ലഭിച്ചു. തുടർന്നാണ് കവിതയെഴുത്തിനെ സീരിയസായി കാണുന്നത്. പിന്നീട് വിദ്യാഭ്യാസത്തിന് ശേഷം 20-ാം വയസിലാണ് ആദ്യ ഗാനം രചിക്കുന്നത്. ചേർത്തല ഷൈലജ തീയേറ്ററിന്റെ മാന്ത്രിക കരടി എന്ന നാടകത്തിന് വേണ്ടിയായിരുന്നു അത്. തുടർന്ന് വൈക്കം മാളവിക, രാജൻ പി. ദേവിന്റെ ജൂബിലി, കൊല്ലം മാളവിക തുടങ്ങി പ്രൊഫഷണൽ നാടകരംഗത്തെ പ്രശസ്തരായ പല നാടക സമിതികൾക്ക് വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെ അരനൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഒഎൻവിയല്ലാതെ പാട്ടെഴുതിയിട്ടുള്ള ഓരാൾ ഞാനാണ് എന്നത് അഭിമാനിക്കാനുള്ള വക തരുന്ന കാര്യമാണ്.

അത്തത്തിലൂടെ കാസറ്റ് ലോകത്തേക്ക്

1997 ലാണ് ഓഡിയോ കാസറ്റുകൾക്ക് വേണ്ടി ഗാനം രചിക്കുന്നത്. ജോണിസാഗരിക പുറത്തിറക്കിയ അത്തം എന്ന ഓണപാട്ട് കാസറ്റിലൂടെയായിരുന്നു ആ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. നാടകത്തിന്റെ പരിമിത സാഹചര്യങ്ങൾ വിട്ട് നമ്മൾ ആരാധിക്കുന്ന പലരുമായി സഹകരിക്കാനുള്ള അവസരമാണ് കാസറ്റ് ഗാനങ്ങൾക്ക് വരികൾ എഴുതുന്നതിലൂടെ ലഭിച്ചത്. അത്തം ശ്രദ്ധേയമായതോടെ കാസറ്റുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ കാസറ്റ് കമ്പനികൾക്ക് വേണ്ടിയെല്ലാം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

സിനിമയിലേയ്ക്കുള്ള വഴി തുറക്കൽ

ജോണി സാഗരിക നിർമ്മിച്ച് 2003 ൽ പുറത്തിറങ്ങിയ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറുന്നത്. ഹരിഹരൻ പിള്ളയിലെ എല്ലാ ഗാനങ്ങൾക്കും വരികൾ എഴുതിയത് ഞാനായിരുന്നു. അന്ന് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എങ്കിലും ജോണി സാഗരിക ആ റിസ്‌ക് ഏറ്റെടുത്തു. ആദ്യ സിനിമയിൽ തന്നെ യേശുദാസും, ജയചന്ദ്രനും, സുജാതയും, ചിത്രയുമെല്ലാം പാടിയിട്ടുണ്ട് എന്നത് ഭാഗ്യം പോലെയാണ് കാണുന്നത്. തുടർന്ന് മലയാളത്തിലെ പ്രമുഖരായ പല സംവിധായകരുടേയും കൂടെ ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്.

Thinkal nilaavil...

എംജി ശ്രീകുമാറിന്റെ വിശ്വാസം

കഴിഞ്ഞ പത്ത് വർഷമായി എംജി ശ്രീകുമാറിന്റെ അയ്യപ്പഭക്തി ഗാനങ്ങളെഴുതാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. എംജി ശ്രീകുമാർ ആദ്യമായി ഒരു ചിത്രം നിർമ്മിച്ചപ്പോൾ അതിന് രാജീവ് വരികളെഴുതിയാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിൽ പൂർണ്ണ വിശ്വാസമുള്ളൊരാളാണ് എംജി ശ്രീകുമാർ. എം ജിയുമായുള്ള പരിചയമാണ് പ്രിയദർശന്റെ വെട്ടം എന്ന ചിത്രത്തിലെത്തിക്കുന്നത്. വെട്ടത്തിലെ ഐ ലവൗ യു ഡിസംബർ എന്ന ഗാനം എഴുതിയത്. അതിന് ശേഷം പ്രിയദർശന്റെ ഒട്ടുമിക്ക സിനിമകളിലും പാട്ടെഴുതാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

എം ജയചന്ദ്രനുമൊത്ത് 35 ചിത്രങ്ങൾ

രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എം ജയചന്ദ്രനുമായി ആദ്യമായി ഒന്നിക്കുന്നത്. അതിലെ പ്രിയതമേ ശകുന്തളേ എന്ന ഗാനത്തിന് കേരള ഫിലിം ക്രിട്ടിക് പുരസ്‌കാരം ലഭിച്ചു. അതിന് ശേഷം ഏകദേശം 35 സിനിമകൾക്ക് വേണ്ടി സഹകരിച്ചിട്ടുണ്ട്. വരികളുടെ മനോഹാരിത നഷ്ടപ്പെടുത്താതെ ഈണം നൽകുന്ന ചുരുക്കം ചില സംഗീതസംവിധായകരിലൊരാളാണ് എം ജയചന്ദ്രൻ. അതുകൊണ്ട് തന്നെ എം ജയചന്ദ്രന് വേണ്ടി പാട്ടെഴുതുന്നത് സന്തോഷം പകരുന്ന കാര്യമാണ്.

I Love You December...

നാടകമുണ്ട് അന്നും ഇന്നും

നാടകത്തിന് വേണ്ടി വരികൾ എഴുതുമ്പോൾ കൂടുതൽ പദപ്രയോഗങ്ങളെല്ലാം നടത്താൻ സാധിക്കും. എന്നാൽ സിനിമയിൽ അങ്ങനെയല്ല. പക്ഷെ സിനിമയുടെ വ്യാപ്തി മറ്റൊരു കലാരൂപങ്ങൾക്കുമില്ല. എത്ര തലമുറ കഴിഞ്ഞാലും സിനിമയിലെ മികച്ച ഗാനം നിലനിൽക്കും. സിനിമയിലും നാടകങ്ങളിലും ഒരുപോലെ സജീവമാകുന്ന ഗാനരചയിതാക്കൾ വളരെ കുറവാണ്. ഈ വർഷം തന്നെ പത്ത് നാടകങ്ങൾക്ക് വേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട് അതുപോലെ തന്നെ നിരവധി സിനിമയ്ക്ക് വേണ്ടിയും എഴുതി.

സിനിമ പിന്നണി ഗാനരചന നടത്തുമ്പോഴും നാടകഗാനം രചിക്കുന്നത് ഒരു ആവേശമാണ്. കാരണം പഴയ കാലഘട്ടത്തിൽ വളരെ കഷ്ടപ്പെട്ടതിന് ശേഷമാണ് നാടകഗാനരചയിതാവ് എന്നുള്ള ലേബൽ ലഭിച്ചത് അതുകൊണ്ടുതന്നെ നാടകഗാനങ്ങൾ ഇന്നും ആവേശമാണ്. അതുപോലെ തന്നെ ആരാധനയോടെ മാത്രം കണ്ടിരുന്ന എം.കെ. അർജുനൻ, വൈപ്പിൻ സുരേന്ദ്രൻ, ഫ്രാൻസിസ് വലപ്പാട്, കലവൂർ ബാലൻ, ആലപ്പി ഋഷികേശ്, ആലപ്പി വിവേകാനന്ദൻ തുടങ്ങിയ മഹാപ്രതിഭകളുടെട കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതും വലിയ അനുഭവമാണ്.

എആർ റഹ്മാൻ അമ്പരപ്പിച്ചു

ലോകമഹാത്ഭുതങ്ങലുടെ പട്ടികയിൽ നിന്ന് താജ്മഹലിനെ നീക്കാൻ നടന്ന ശ്രമങ്ങൾക്കെതിരെ റഹ്മാൻ പുറത്തിറക്കിയ വൺ ലൗ എന്ന ആൽബത്തിലെ മലയാളം ഗാനം എഴുതാൻ സാധിച്ചത് ഭാഗ്യം തന്നെയാണ്. കെ എസ് ചിത്രയാണ് റഹ്മാനോട് എന്റെ കാര്യം സൂചിപ്പിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടാണ് റഹ്മാന്റെ ഓഫീസിൽ നിന്ന് വിളി വരുന്നത്. വൺ ലൗവ് എന്ന ആൽബത്തിന് വേണ്ടി വൈരമുത്തു പോലുള്ള മഹാന്മാരാണ് വരികൾ എഴുതിയത്. അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുണ്ട്. ചെന്നൈയിൽ വെച്ചാണ് ഗാനത്തിന്റെ വരികൾ എഴുതിയത്, റഹ്മാനെപ്പോലുള്ള ലോകം മുഴുവൻ അറിയപ്പെടുന്നൊരു സംഗീതസംവിധായകന്റെ എളിമയാണ് അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാവരും കണ്ട് പഠിക്കേണ്ട വിനയമാണ് റഹ്മാന്റേത്. ലോകത്തിലെ ഏറ്റവും വലിയ സംഗീതസംവിധായകൻ നമ്മോടുകാണിക്കുന്ന വിനയവും സ്‌നേഹവും കണ്ട് പഠിക്കേണ്ടത് തന്നെയാണ്.

ആൾട്ട്മാനുമായുള്ള സഹകരണം മറക്കാനാവാത്തത്

ആകാശഗോപുരം എന്ന കെ പി കുമാരൻ ചിത്രത്തിൽ ടൈറ്റാനിക്കിന്റെ സംഗീതസംവിധായകൻ ജോൺ ആൾട്ട്മാനുമായി സഹകരിക്കാനായത് വലിയ അനുഭവമാണ്. സോളമന്റെ ഉത്തമഗീതങ്ങൾ അടിസ്ഥാനമാക്കി ചിത്രത്തിന് വേണ്ടി ഒരു ഗാനമെഴുതിയതും അദ്ദേഹത്തെ കണ്ടതും മറക്കാനാകില്ല.

നാലുവരി കൊണ്ട് പാട്ട് ഹിറ്റാകില്ല

ഈ ന്യൂജനറേഷൻ കാലത്ത് ആദ്യത്തെ നാലുവരികൾകൊണ്ട് ഒരു പാട്ട് ഹിറ്റാക്കാൻ സാധിക്കുമെന്നാണ് പറയുന്നത്, അത് ശരിയായിരിക്കാം പക്ഷേ അതിനോട് യോജിക്കാൻ കഴിയില്ല കാരണം, ഗാനങ്ങൾ വർഷങ്ങളോളം നിലനിൽക്കാൻ വേണ്ടി എഴുതുന്നവയായിരിക്കണം. എൺപതുകളിലേയും തൊണ്ണുറുകളിലേയും ഗാനങ്ങളെല്ലാം നാം ഇന്നു കേൾക്കുന്നില്ലേ? അതുപോലെ കാലാതീതമാകണം ഗാനങ്ങൾ എന്നാണ് എന്റെ അഭിപ്രായം. നാലുവരികൾകൊണ്ട് ഹിറ്റാവുന്ന ഗാനങ്ങൾക്ക് അത്രയും തന്നെയേ ആയുസുണ്ടാകുകയുള്ളു. പാട്ടിന്റെ ഇങ്ങേതലക്കലെ വരിപോലും ഇനിവരുന്ന തലമുറ ശ്രദ്ധിച്ചേക്കാം എന്ന ബോധത്തോടെയായിരിക്കണം പാട്ടെഴുതുന്നത്.

ഇനി മോഹൻലാൽ ചിത്രം

ഇനി പുറത്തിറങ്ങാനിരിക്കുന്നത് മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ്. ശ്രീവത്സൻ ജെ മേനോനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. തുടർന്ന് എംജി ശ്രീകുമാർ സംഗീതം പകർന്നിരിക്കുന്ന തുളസീദാസിന്റെ ഗേൾസ്.

അംഗീകാരം ജനങ്ങൾ നൽകുന്നത്

നാടകം, സിനിമ, ആൽബങ്ങൾ തുടങ്ങി ഗാനരചനയുടെ എല്ലാ തലങ്ങളിലും എത്തിപ്പെടാൻ പറ്റിയത് ഭാഗ്യമായാണ് കരുതുന്നത്. മലയാളികൾ മറക്കാത്ത കുറെ പാട്ടുകളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നുള്ളത് ബഹുമതിയായികാണുന്നു. കൂടാതെ സിനിമയിൽ എഴുതിയതിനും നാടകത്തിൽ എഴുതിയതിനും പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. പുരസ്‌കാരങ്ങളെക്കാൾ ഏറെ ബഹുമതിയായി കാണുന്നത് ജനങ്ങളുടെ അംഗീകാരമാണ്. ഒരു പത്ത് അല്ലെങ്കിൽ ഇരുപത് കൊല്ലം കഴിഞ്ഞും എന്റെ ഗാനങ്ങൾ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ പുരസ്‌കാരം.

തിങ്കൾ നിലാവിൽ, മുന്തിരി വാവേ, നിലാവേ നിലാവേ, ചെമ്പകവല്ലികളിൽ റോമന്‍സിലെ അർത്തുങ്കലെ പള്ളിയിൽ മല്ലുസിങിലെ കാക്ക മലയിലെ എന്നിങ്ങനെയുള്ള ഗാനങ്ങള്‍ തുടങ്ങിയ മനോഹരഗാനങ്ങൾ വിരിഞ്ഞ രാജീവ് ആലുങ്കലിന്റെ തൂലികയിൽ നിന്ന് ഇനിയും കേൾക്കാൻ കൊതിക്കുന്ന നിരവധി ഗാനങ്ങൾ പിറക്കട്ടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.