Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൺസ്, ഓസ്കാർ പിന്നെ മധുരനാരങ്ങ

Saachin

മലയാള ആൽബങ്ങൾക്ക് പുതിയ ഭാവം നൽകിക്കൊണ്ടാണ് യുവ് പുറത്തിറങ്ങിയത്. നസ്രിയയും നിവിൻപോളിയും അഭിനയിച്ച ഗാനം ആൽബങ്ങൾക്ക് പുതിയമുഖം നൽകുക മാത്രമല്ല മലയാള സ്വതന്ത്ര സംഗീതത്തിന് ഒരു ദിശാബോധം കൂടി നൽകി. സോണി മ്യൂസിക്കിന്റെ റിക്കോർഡിങ് ലേബലിൽ പുറത്തിറങ്ങിയ ആദ്യ ആൽബത്തിന്റെ സംഗീത സംവിധായകരായ സച്ചിൻ ശ്രീജിത്ത് കൂട്ടുകെട്ട് മലയാള സിനിമയിലേയ്ക്കും കടന്നിരിക്കുകയാണ്. ഓർഡിനറി ടീമിന്റെ മധുര നാരങ്ങയ്ക്ക് വേണ്ടി അത്ര ഓർഡിനറിയല്ലാത്ത സംഗീതത്തിന് ഈണം നൽകിക്കൊണ്ട്. തങ്ങളെക്കുറിച്ചും തങ്ങളുടെ സംഗീത വീക്ഷണങ്ങളെക്കുറിച്ചും സച്ചിൻ സംസാരിക്കുന്നു.

Sreejith - Saachin

ഞങ്ങൾ ഒരേ തരത്തിൽ ചിന്തിക്കുന്നവർ

ഓഡിയോ എഞ്ചിനിയറിങ്ങ് പഠിച്ചത് ചെന്നൈയിലായിരുന്നു. അവിടെ വെച്ചാണ് ശ്രീജിത്തിനെ പരിചയപ്പെടുന്നത്. എനിക്ക് വന്നൊരു പ്രൊജക്റ്റിന് പറ്റിയ സ്റ്റുഡിയോ അന്വേക്ഷിച്ച് കണ്ടെത്തിയപ്പോൾ അവിടുത്തെ ഓഡിയോ എഞ്ചിനിയറായിരുന്ന ശ്രീജിത്ത്. പക്ഷെ നിർഭാഗ്യവശാൽ ആ പ്രൊജക്റ്റ് നടന്നില്ല. എങ്കിലും ശ്രീജിത്തുമായി കൂടുതൽ പരിചയപ്പെടാൻ പറ്റി. അന്ന് തുടങ്ങിയ ആ സൗഹൃദമാണ് ഒരുമിച്ച് ഒരു മലയാളം ആൽബം ചെയ്യാമെന്നൊരു ചിന്തയിലേയ്‌ക്കെത്തിക്കുന്നതും യുവ് ആയി പരിണമിക്കുന്നതും. സംഗീതം പകരുന്നിടയിൽ നിരവധി അഭിപ്രായവ്യത്യാങ്ങളുണ്ടാകുമെങ്കിലും അതെല്ലാം പാട്ടിന്റെ മേന്മയ്ക്ക് വേണ്ടിയായിരിക്കും, അതൊഴിച്ചാൽ ബാക്കി തീരുമാനങ്ങളിലെല്ലാം ഞങ്ങൾ ഒറ്റക്കെട്ടാണ്.

ലോക നിലവാരമുള്ള മലയാള ആൽബം

ഒരു ശരാശരി മലയാളം ആൽബങ്ങളെക്കാൾ നിലവാരമുള്ളൊരു ആൽബം എന്നതായിരുന്നു യുവ് കൊണ്ട് ഉദ്ദേശിച്ചത്. ഹിപ് ഹോപ്, റെഗെ, പോപ് തുടങ്ങി ശൈലികൾ മലയാളത്തിൽ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. ഈ ശൈലിയികളിലുള്ള പാട്ടുകൾ പലതും മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിൽ നിന്നും വിഭിന്നമായി അല്പം കൂടി വിശാലമായ തരത്തിൽ ഹിപ് ഹോപ്, റെഗെ, പോപ് തുടങ്ങിയവയുടെ ശരിയായ ഫോർമേഷൻ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ഒരു പരിധിവരെ വിജയിച്ചു എന്നു തന്നെയാണ് കരുതുന്നത്.

Nenjodu Cherthu...

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നെഞ്ചോട് ചേർത്ത്

യുവ്‌ന് വേണ്ടിയൊരു വിഡിയോ ചെയ്യണം എന്ന് തീരുമാനിച്ചപ്പോൾ അൽഫോൺസ് പുത്രന്റെ പേര് മുന്നോട്ട് വെച്ചത് ശ്രീജിത്തായിരുന്നു. ശ്രീജിത്തിന്റെ സഹപാഠിയാണ് അൽഫോൺസ് പുത്രൻ. അൽഫോൺസാണ് നെഞ്ചോട് ചേർത്തിന്റെ വിഡിയോ ചെയ്യാം എന്ന് നിർദ്ദേശിച്ചത്. അതിനു ശേഷമാണ് നസ്രിയ - നിവിൻ ജോഡി ഗാനത്തിലെത്തുന്നത്. ഗാനവുമായി നന്നായി ചേർന്ന് പോകുന്ന വിഡിയോയായിരുന്നു അത്്. നസ്രിയയുടേയും നിവിന്റേയും ജോഡി കൂടെയായപ്പോൾ പാട്ടും വിഡിയോയും ഹിറ്റ്. ആ ഗാനത്തിന്റെ വിജയമായിരുന്ന യുവ്‌നെ കൂടുതൽ പ്രശസ്തമാക്കിയത്.

സോണി മ്യൂസിക്കിന്റെ ആദ്യത്തെ ആൽബമാണ് യുവ്

ആൽബത്തിന് വൈഡ് റീച്ച് കിട്ടുന്നതിനായാണ് വലിയ റിക്കോർഡിങ് ലേബലിനെ സമീപിച്ചത്. ആദ്യ കൂടിക്കാഴ്ച്ചയിൽ മലയാളം അവർക്ക് താല്പര്യമില്ല എന്നായിരുന്നു മറുപടി. പിന്നീട് പലതവണ ശ്രമിച്ചതിന് ശേഷമാണ് ഗാനങ്ങൾ കേൾക്കാൻ തയ്യാറായത്. അപ്പോഴേക്കും പാട്ടുകളും, വീഡിയോയും മറ്റും പൂർണ രൂപത്തിൽ എത്തിയിരുന്നു. അത് അവരെ കേൾപ്പിച്ചാൽ അവർക്കിഷ്ടപ്പെടുമെന്നൊരു വിശ്വാസമുണ്ടായിരുന്നു എന്നാൽ സോണിയുടെ ലേബലിൽ പുറത്തിറക്കാൻ പറ്റുമെന്ന് കരുതിയില്ല. ഭാഗ്യം പോലെ അവർ ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അതിനു ശേഷം ഞങ്ങൾ സംഗീതം പകർന്ന് രജത് മേനോൻ സംവിധാനം ചെയ്ത ലൗവ് പോളിസി എന്ന ഗാനവും സോണിയുടെ ലേബലിൽ തന്നെയാണ് പുറത്തിറങ്ങിയത്. യുവ്‌ലൂടെ മലയാളത്തോടുള്ള സോണിയുടെ കാഴ്ചപ്പാട് തന്നെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.

Love Policy - Sakhiye En Sakhiye

യുവ്‌ന് ശേഷം ശിവാനി എന്ന തമിഴ്-തെലുങ്ക് സിനിമ ചെയ്തു

യുവ് പുറത്തിറങ്ങിയതിന് ശേഷം ശിവാനി എന്ന ചിത്രം ചെയ്തു. തമിഴ് തെലുങ്ക് ഭാഷകളിലിറങ്ങുന്ന ചിത്രമാണ് ശിവാനി. ആ ചിത്രത്തിൽ നെഞ്ചോട് ചേർത്തിന്റെ തമിഴ് തെലുങ്ക് പതിപ്പ് ചെയ്തിട്ടുണ്ട്. ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. രൂപേഷ് പോളിന്റെ കാമസൂത്ര ത്രീഡി ചെയ്തത് ശിവാനിക്ക് ശേഷമായിരുന്നു. അതിന് ഓസ്‌കാർ നോമിഷേൻ ലഭിച്ചു.

ഓസ്‌കാർ നോമിനേഷൻ ഒരു സ്വപ്‌നം

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ചിത്രത്തിലെ അഞ്ച് പാട്ടുകൾ അക്കാദമി പുരസ്‌കാരത്തിനായി നാമ നിർദ്ദേശം ചെയ്യപ്പെടുന്നത്. കൺടെൻഷൻ കാറ്റഗറിയിലേയ്ക്കാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. ഓസ്‌കാറിന് പരിഗണിക്കുന്നതിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന്റെ പ്രാരംഭ ജോലികളെല്ലാം ചെയ്തതെങ്കിലും കൺടെൻഷൻ ക്യാറ്റഗറിയിലേയ്ക്ക് പരിഗണിക്കുമെന്ന് കരുതിയിരുന്നില്ല. നാമനിർദ്ദേശം ലഭിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. ചിത്രത്തിലെ അഞ്ച് പാട്ടുകളും നോമിനേറ്റ് ചെയ്തു എന്നതും, ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരേ ചിത്രത്തിലെ അഞ്ച് പാട്ടുകളും നാമനിർദ്ദേശം ചെയ്യപ്പെടുന്നത് എന്നറിഞ്ഞതിലും വളരെ അധികം സന്തോഷം തോന്നി. ഒമ്പത് മാസത്തെ ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കാമസൂത്ര ത്രിഡിയിലെ പാട്ടുകൾ. ഓസ്‌കാറിന്റെ നോമിനേഷൻ ആ അധ്വാനത്തിനുള്ള അംഗീകാരമായാണ് കരുതുന്നത്.

ആദ്യ മലയാള ചിത്രം മധുരനാരങ്ങ

യുവ്‌ന് ശേഷം ചെയ്യുന്ന ആദ്യത്തെ മലയാളം വർക്കായിരുന്നു രജത് മേനോൻ സംവിധാനം നിർവ്വഹിച്ച ലൗവ് പോളിസി എന്ന ഗാനം. രജതാണ് ഞങ്ങളെ സുഗീതിന് പരിചയപ്പെടുത്തുന്നത്. സുഗീത് ഞങ്ങളെ കൊച്ചിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു. കൊച്ചിയിലെത്തിയപ്പോഴാണ് അറിയുന്നത് സ്‌പോട്ട് കംമ്പോസിങ്ങാണെന്ന്. സാധാരണ ഞങ്ങൾ ചെന്നൈയിൽ തന്നെയിരുന്ന് ഈണം നൽകി അയച്ചുകൊടുക്കുകയാണ് ചെയ്യാറ് എന്നാൽ ഇത് അതിൽ നിന്ന് വ്യത്യസ്തമായിരുന്നു. സംവിധായകന്റേയും, ഗാനരചയിതാവിന്റേയും സാന്നിധ്യത്തിലാണ് ഈണം നൽകിയത്.

Madhura Naranga All Songs Audio Jukebox

പാട്ടുകൾ എങ്ങനെ വേണം എന്നതിനെക്കുറിച്ച് സംവിധായകന് നല്ല ധാരണയുണ്ടായിരുന്നു

ഏഴ് പാട്ടുകളായിരുന്നു മധുരനാരങ്ങയിലുണ്ടായിരുന്നത്. ഏഴ് പാട്ടുകളും എങ്ങനെ വേണമെന്ന് സംവിധായകന് നല്ല ധാരണയുണ്ടായിരുന്നു. എങ്ങനെയായിരിക്കണം പാട്ടിന്റെ യാത്ര, എന്തായിരിക്കും സീൻ എന്നൊക്കെ പറഞ്ഞു തന്നിരുന്നു, അതുകൊണ്ടുതന്നെ സംഗീതം പകരുന്നത് എളുപ്പമുള്ള പണിയായിരുന്നു. ആദ്യം സംഗീതം നൽകിയത് ഒരു നാൾ ഇരുനാളായിരുന്നു. അതിനു ശേഷം കൺകൺകളിൽ എന്ന ഗാനം ചെയ്തു. വിജേഷ് ഗോപാൽ, റോഷ്‌നി, സൂരജ് സന്തോഷ്, രേഷ്മ മേനേൻ എന്നിങ്ങനെ നാല് പുതിയ ഗായകരെ സിനിമയിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിക്കാൻ കഴിഞ്ഞു.

പുതിയ ആൽബങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്

ഞാനൊരു പുതിയ ആൽബത്തിന്റെ പണിപ്പുരയിലാണ്. ശ്രീജിത്ത് ഒരു ആൽബം സംവിധാനവും ചെയ്യുന്നുണ്ട്. ഒറ്റക്കാണ് പുതിയ ഗാനം ചെയ്യുന്നതെന്ന് കരുതി ശ്രീജിത്ത് സച്ചിൻ പിരിയുകയാണെന്ന് കരുതരുത്. ഞങ്ങൾ ഇനിയും ഒന്നിച്ചുതന്നെയാണ് മുന്നോട്ട് പോകുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്ക് സ്വതന്ത്രമായി പ്രൊജക്റ്റുകൾ ചെയ്യുന്നു എന്നേയുള്ളു. എന്റെ ആൽബത്തിന്റെ മിക്‌സിംഗ് ചെയ്യുന്നത് ശ്രീജിത്തായിരിക്കും അതുപോലെ ശ്രീജിത്തിന്റെ ആൽബത്തിൽ പാടുന്നത് ചിലപ്പോൾ ഞാൻ ആയിരിക്കും.

Saachin

സ്വതന്ത്ര സംഗീതം വളരണമെന്നാണ് ആഗ്രഹം

ഒരു ആൽബത്തിലൂടെ കടന്ന് വന്നവരാണ് ഞങ്ങൾ അതുകൊണ്ട് തന്നെ സ്വതന്ത്ര സംഗീതത്തിന് കൂടുതൽ പ്രാധാന്യം വരണമെന്നാണ് ആഗ്രഹിക്കുന്നത്. സിനിമ സംഗീതവും സ്വതന്ത്ര സംഗീതവും ഒന്നിച്ച് കൊണ്ടുപോകാനാണ് താൽപര്യം. യുവയിൽ നിവിൻ പോളി വന്നതുപോലെ സിനിമയിലുള്ള സംവിധായകരും നടൻമാരുമെല്ലാം ഇത്തരത്തിലുള്ള സംരംഭങ്ങളുമായി സഹകരിക്കുകയാണെങ്കിൽ സ്വതന്ത്ര സംഗീത്തിന് മലയാളത്തിൽ വേരോട്ടം കൂടും. ഒരുപാട് പ്രതിഭകളുണ്ട് നമ്മുടെ നാട്ടിൽ, അവരെ കണ്ടെത്തി ലൈം ലൈറ്റിലേയ്ക്ക് കൊണ്ടുവരുന്നതിനായി ഞങ്ങളാൽ കഴിയുന്ന ശ്രമം നടത്തുന്നുണ്ട്. എനിക്ക് ചെലോറിസ് മീഡിയ എന്ന പേരിലുള്ള മ്യൂസിക്ക് ലേബലുണ്ട്. അതിലൂടെ പുതുഗായകർക്ക് അവസരങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്.

മലയാള സിനിമാസംഗീതലോകത്തിന് മധുരനാരങ്ങ സമ്മാനിച്ച സൗഹൃദ ദ്വയങ്ങളിൽ നിന്ന് മികച്ച ഗാനങ്ങൾ ഇനിയും പിറക്കട്ടേ എന്ന് നമുക്കാശംസിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.