Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിദാനന്ദം

sachin-warrior

'ആനന്ദ'ത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നതിന്റെ പരമനാന്ദത്തിലാണ് പിന്നണി ഗായകന്‍ സച്ചിന്‍ വാരിയര്‍. സച്ചിന് 'ആനന്ദം' കേവലമൊരു സിനിമ മാത്രമല്ല സൗഹൃദ സമാഗമം കൂടിയാണ്. മൂന്നര കൊല്ലം മുമ്പ് ഐടി പ്രൊഫഷനോട് ബൈ-ബൈ പറഞ്ഞ സച്ചിന്റെ മനസ്സിലും ഓരോ ശ്വാസത്തിലും ഇപ്പോള്‍ സംഗീതം മാത്രമാണുള്ളത്. സംഗീതം, സൗഹൃദം, സ്വപ്‌നങ്ങള്‍ അങ്ങനെ സച്ചിന് പങ്കുവെക്കാന്‍ ഒരുപാട് വിശേഷങ്ങളുണ്ട്. 

ആനന്ദത്തില്‍ നിന്ന് തന്നെ തുടങ്ങാം

ആനന്ദം കൂറെ യുവാക്കളുടെ ഡ്രീം പ്രൊജക്റ്റാണ്. അങ്കമാലി ഫിസാറ്റ് കോളജില്‍ എന്റെ ബാച്ച്‌മേറ്റായിരുന്ന ഗണേശ് രാജിന്റെ ആദ്യ ചലച്ചിത്ര സംവിധാന സംരഭമാണ് 'ആനന്ദം'. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ബാംഗ്ലൂ‌ർ ഡെയ്‌സ് എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു ഗണേശ്. കോളജ് പഠനകാലത്ത് ഗണേശ് സംവിധാനം ചെയ്ത 'ഒരു കുട്ടി ചോദ്യം' എന്ന ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ പാടിയിരുന്നു. അതിലെ പാട്ടുകള്‍ എഴുതിയത് 

അനുവായിരുന്നു(അനു എലിസബത്ത്). ക്യാമറ ചെയ്തത് പ്രേമത്തിന്റെയും നേരത്തിന്റെയുമൊക്കെ ഛായാഗ്രാഹകനായ ആനന്ദായിരുന്നു. ഇതേ ടീം ഈ സിനിമയിലും വീണ്ടും ഒന്നിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആനന്ദം ഒരു സൗഹൃദ സമാഗമം കൂടിയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ഫീല്‍ ഗുഡ് പൊസ്റ്റീവ് സിനിമയാണ് ആനന്ദം. ഏഴോളം പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

സംഗീത സംവിധായകനായത് യാദൃശ്ചികമായിരുന്നോ?

യാദ്യശ്ചികമല്ല എങ്കിലും അല്‍പം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ വര്‍ഷം എന്റേതായി 'നാം' എന്നൊരു ആല്‍ബം വന്നിരുന്നു. പൂന്താനത്തിന്റെ ജ്ഞാനപാനയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു ചെയ്ത വര്‍ക്കായിരുന്നു അത്. ആല്‍ബത്തിന്റെ സംവിധാനം ഗണേശും ക്യാമറ ആനന്ദുമായിരുന്നു. ആല്‍ബത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഞങ്ങള്‍ നടത്തിയ യാത്രകള്‍ വാസ്തവത്തില്‍ ആനന്ദം സിനിമയുടെ ലൊക്കേഷന്‍ ഹണ്ട് കൂടിയായിരുന്നു. സിനിമയുടെ സ്‌ക്രിപിറ്റിങിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. അപ്രതീക്ഷതമായിട്ടാണ് സംഗീതം നിനക്ക് ചെയ്തു കൂടെ എന്നുള്ള ചോദ്യം ഉണ്ടായത്. ഞങ്ങളുടെ സൗഹ്യദം വെച്ചു നോക്കുമ്പോള്‍ ആ ചോദ്യം യാദൃചികമല്ലതാനും. 

നിര്‍മാണം, ഗാനരചന, ആലാപനം മൊത്തത്തിലൊരു വിനീത് ശ്രീനിവാസന്‍ മയം ആണല്ലോ

അതൊരു അനുഗ്രഹമായി ഞങ്ങള്‍ കരുതുന്നു. എന്റെയും ഗണേശിന്റെയുമൊക്കെ മാര്‍ഗ്ഗദര്‍ശികളാണ് വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. അവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ഒരു ഹിന്ദി ഗാനം ഉള്‍പ്പടെ ചിത്രത്തില്‍ അഞ്ചു ഗാനങ്ങളാണുള്ളത്. രണ്ടു ഗാനങ്ങള്‍ അനു എലിസബത്തും ഒരു ഗാനം മനു മഞ്ചിത്തും ഹിന്ദി വരികള്‍ ഞാനുമാണ് എഴുതിയത്. ഒരു പാട്ടിന്റെ വരികള്‍ ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും സന്ദര്‍ഭത്തിനു അനുസരിച്ച് ശരിയായി വരുന്നില്ല. വിനീത് ശ്രീനിവാസനോട് ഈ കാര്യം പങ്കുവെച്ചപ്പോള്‍ ട്യൂണ്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. അങ്ങനെയാണ് വിനീത് വരികള്‍ എഴുതുന്നത്. ഈ സിനിമ നിര്‍മ്മിക്കാനും വിനീത് ശ്രീനിവാസനു ആദ്യം പ്ലാന്‍ ഉണ്ടായിരുന്നതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. അതെല്ലാം നല്ല നിമിത്തങ്ങളായി കാണുന്നു. ചിത്രത്തിലെ ഒരു ഗാനവും അദ്ദേഹം പാടിയിട്ടുണ്ട്. അശ്വിന്‍ ഗോപകുമാര്‍, സുചിത്ത് സുരേശന്‍, രഘു ദീക്ഷിത്ത് എന്നിവരാണ് മറ്റു ഗായകര്‍. ഞാനും ഒരു പാട്ട് പാടിയിട്ടുണ്ട്. 

കംപോസിങ്, റെക്കോര്‍ഡിങ്, ഫൈനല്‍ മിക്‌സിങ് അങ്ങനെ ഓരോ ഘട്ടത്തിലും ഷാന്‍ റഹ്മാനും വിനിത് ശ്രീനിവാസനും വിലപ്പെട്ട ഒരുപാട് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സിനിമക്കു ആനന്ദം എന്ന പേര് നിര്‍ദ്ദേശിച്ചതും വിനീതാണ്. 

തട്ടത്തിന് മറയത്തിന്റെ തമിഴ് പതിപ്പിലും പാടിയിട്ടുണ്ടല്ലോ

തട്ടത്തിന് മറയത്തിന്റെ തമിഴ് പതിപ്പിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനും. തട്ടത്തിന് മറയത്തില്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുള്ള പുതുമഴ എന്ന പാട്ടിന്റെ തമിഴ് പതിപ്പിലാണ് പാടിയിരിക്കുന്നത്. നല്ല പ്രതികരണമാണ് പാട്ടിനു ലഭിക്കുന്നത്. 

ലളിതവും പെട്ടെന്നു ആസ്വാദകരുടെ ഹൃദയം കവരുകയും ചെയ്യുന്ന ഗാനങ്ങള്‍ ഒരുക്കാനാണ് സച്ചിനിഷ്ടം. സിനിമക്കൊപ്പം സ്വതന്ത്രമായി കൂടുതല്‍ മ്യൂസിക്ക് ആല്‍ബങ്ങളും ജിംഗിള്‍സും നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ ഗായകന്‍.