Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പാട്ട് എന്നെ വേട്ടയാടുന്നു രാജേഷിന്റെ ഓർമകളുമായി

rajesh-samson രാജേഷ് പിള്ള,സാംസൺ കോട്ടൂർ

സിനിമയുടെ ഫൈനല്‍ എഡിറ്റിംഗ് ഘട്ടത്തില്‍ സാങ്കേതികമായ പലകാരണങ്ങള്‍ കൊണ്ട് ഒട്ടേറെ നല്ല ഗാനങ്ങള്‍ സിനിമയില്‍ ഇടം പിടിക്കാതെ പോവാറുണ്ട്. സിനിമയുടെ ദൈര്‍ഘ്യം കൂടുമ്പോഴോ സിനിമയുടെ ട്ടോട്ടല്‍ മൂഡുമായി പാട്ട് ഒത്തുപോകാതെ വരുമ്പോഴോ ഒക്കെയാണ് സംവിധായകന് അത്തരം ഗാനങ്ങളോട് മനസ്സില്ലാ മനസ്സോടെ കട്ട് പറയേണ്ടി വരുന്നത്. 

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയുടെ ഹൃദയത്തോട് ഒരുപാട് അടുത്തു നില്‍ക്കുന്ന ഗാനമാണ് ട്രാഫിക്കിനു വേണ്ടി ചിത്രീകരിച്ച ‘ഉണരു മിഴിയഴകേ’ എന്ന ഗാനം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ത്രില്ലര്‍മൂഡിലുള്ള ചിത്രത്തിന്‍റെ ചടുലത നഷ്ടപ്പെട്ടേക്കുമെന്ന തോന്നലാണ് പാട്ട് ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ ചിത്രത്തിലൂടനീളം മനസ്സിനെ വേട്ടയാടുന്ന നൊമ്പരപ്പെടുത്തുന്ന ഈണമായി ഗാനത്തിന്‍റെ ഇന്‍ട്രോഡക്ഷന്‍ മ്യൂസിക്ക് പശ്ചാത്തലത്തില്‍ നിറയുന്നുണ്ട്. 

സ്വകാര്യ സംഭാഷണങ്ങളില്‍ രാജേഷ് പിള്ള ഗാനത്തെപ്പറ്റി ഏറെ വാചാലനായിട്ടുണ്ട്. 7ജി റെയിന്‍ബോ കോളനിയിലെ ‘നിനയിത്ത് നിനയിത്ത് പാര്‍ത്തേന്‍’ പാട്ടുമായുള്ള സാദ്യശ്യം ചൂണ്ടികാട്ടിയപ്പോള്‍ അത് യാദ്യചികമല്ല മറിച്ച് തനിക്ക് ആ പാട്ടിനോടുള്ള പ്രിയം കാരണം സംഗീത സംവിധായകനോട് ആ പാറ്റേണില്‍ പാട്ട് ചിട്ടപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.  

traffic ട്രാഫിക് എന്ന ചിത്രത്തിൽ നിന്നൊരു രംഗം

രാജേഷിന്‍റെ ഓര്‍മകള്‍ വീണ്ടും ‘വേട്ട’യാടുമ്പോള്‍ മനസ്സില്‍ നിറയുന്നതും ഈ വിഷാദ ഈണമാണ്. അങ്ങനെയാണ് ഈ പാട്ടിനെക്കുറിച്ചും അതിന്‍റെ പിറവിയെക്കുറിച്ചും എഴുതണമെന്ന തോന്നലുണ്ടാകുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സാംസണ്‍ കോട്ടൂരാണ് പാട്ട് ചിട്ടപ്പെടുത്തിയിരുക്കുന്നത്. പാട്ടിന്‍റെ പിറവിയെക്കുറിച്ച് സാംസണ്‍ സംസാരിക്കുന്നു.

ട്രാഫിക്ക് സിനിമയുടെ ഭാഗമാകുന്നത് എങ്ങനെയാണ്

ട്രാഫിക്കിന്‍റെ തിരക്കഥാകൃത്തുകളിലൊരാളായ സഞ്ജയുമായി ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. സഞ്ജയ് കോട്ടയം സിഎംഎസ് കോളജ് വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ അടുപ്പമുണ്ട്. അങ്ങനെയാണ് അവര്‍ തിരക്കഥയെഴുതി രാജേഷ് സംവിധാനം ചെയ്യുന്ന സിനിമക്കു വേണ്ടി പാട്ടുകള്‍ ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. അത് ട്രാഫിക്കായിരുന്നില്ല. അത് മെട്രോ പശ്ചാത്തലമാക്കിയൊരു സിനിമയായിരുന്നു. അതിന്‍റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ചെന്നൈയില്‍ നടന്ന അതിസാഹസികമായൊരു ഹൃദയശസ്ത്രക്രിയയുടെ വാര്‍ത്ത വായിക്കാന്‍ ഇടയാകുന്നത്. മലയാള മനോരമ സണ്‍ഡേ സപ്ലിമെന്‍റില്‍ ഷിജു സക്കറിയ എഴുതിയ ‘ഹൃദയമുള്ളവര്‍’ എന്ന ലേഖനമായിരുന്നു അത്. ആ വാര്‍ത്തയില്‍ ഒരു തിരക്കഥയുടെ സാധ്യതയുണ്ടെന്നു ചൂണ്ടികാട്ടിയ വ്യക്തികളില്‍ ഞാനും ഉണ്ടായിരുന്നു. തുടര്‍ന്നു മെട്രോ പശ്ചാത്തലമാക്കി ആലോചിച്ചിരുന്ന ചിത്രത്തിനു പകരം ട്രാഫിക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

‘‘ഉണരു മിഴിയഴകേ’’ എന്ന ഗാനത്തിന്‍റെ പിറവിയെങ്ങനയാണ്

എന്നോടും മെജോ ജോസഫിനോടും മൂന്നു വീതം പാട്ടുകള്‍ ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതില്‍ നിന്ന് മികച്ചതെന്നു തോന്നുന്ന മൂന്നു പാട്ടുകള്‍ തിരഞ്ഞെടുക്കാമെന്നായിരുന്നു ധാരണ. ‘ഉണരു മിഴിയഴകേ’ എന്ന ഗാനം ഒരു ഫ്ലാഷ് ബാക്ക് സോങായി ചെയ്യാനാണ് ആദ്യം ആവശ്യപ്പെടുന്നത്. അതായാത് വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആശുപത്രിയില്‍ അതീവ ഗുരുതര അവസ്ഥയില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവായി വേഷമിട്ട സായ്കുമാറും ഭാര്യയും ആശുപത്രിയില്‍ നിന്നൊരു ബ്രേക്ക് എടുത്ത് ഒരു യാത്ര പോകുന്നു. വിനീതിന്‍റെ കുട്ടിക്കാലം മുതലുള്ള ഓര്‍മകളിലൂടെ അവര്‍ സ‍ഞ്ചരിക്കുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണങ്ങുന്നതായിരിക്കും പാട്ടിന്‍റെ പശ്ചാത്തലം എന്നായിരുന്നു ബ്രീഫിങ്. 

അച്ഛന്‍റെയും അമ്മയുടെയും മകനെക്കുറിച്ചുള്ള ഓര്‍മകളിലൂടെയാണ് പാട്ടിന്‍റെ സഞ്ചാരം എന്നതുകൊണ്ട് തന്നെ ഒരു താരാട്ട് പാട്ടിന്‍റെ ഈണമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. പിന്നീട് പെട്ടന്നാണ് രാജേഷ് പശ്ചാത്തലത്തില്‍ അല്‍പ്പം വ്യത്യാസമുണ്ട് എന്നു പറയുന്നത്. കാതല്‍ സന്ധ്യ ഐസിയുവിനു മുന്നില്‍ വിനീത് ശ്രീനിവാസനെ കാത്തുനില്‍ക്കുന്നതു മുതല്‍ ഒടുവില്‍ അവിടെ നിന്ന് കടന്നുപോകുന്നത് വരെയുള്ള രംഗങ്ങളിലാണ് പാട്ട് വരേണ്ടുന്നതെന്ന് അദ്ദേഹം പറ‍ഞ്ഞു.  അങ്ങനെയാണ് ‘ഉണരു മിഴിയഴകേ’ എന്ന ഗാനം പിറക്കുന്നത്. അതില്‍ പ്രണയവും വിരഹവും കാത്തിരിപ്പും വേദനയുമെല്ലാം ഉണ്ടായിരുന്നു.

rajesh-vineeth രാജേഷ് പിള്ളയും വിനീത് ശ്രീനിവാസനും

ആശുപത്രിയില്‍ ഉറ്റവരുടെ ജീവനു വേണ്ടി പ്രാര്‍ത്ഥനയുമായി കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ വേണ്ടി മാത്രം അരമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടതിനു ശേഷമാണ് ഞാന്‍ ആ പാട്ടിന്‍റെ കംപോസിഷനിലേക്കു കടക്കുന്നത്. 20 മിനിട്ടുകൊണ്ടാണ് ‍ഞാന്‍ പാട്ടിന്‍റെ പല്ലവിയും അനുപല്ലവിയും ഒരുക്കിയത്. 

രാജേഷ് പിള്ള ഫോണിലൂടെ എസ്. രമേശന്‍ നായര്‍ സാറിനെ ബന്ധപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു. രണ്ടു-മൂന്നു ദിവസത്തിനുള്ളില്‍ അദ്ദേഹം വരികളെഴുതി തന്നു.

7ജി റെയിന്‍ബോ കോളനിയിലെ പാട്ടുമായുള്ള സാദ്യശ്യം 

കംപോസിഷന്‍റെ ആദ്യം ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ രാജേഷിനെ കാണാന്‍ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി. പാടി കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം ഒരേയൊരു മാറ്റം മാത്രമാണ് നിര്‍ദ്ദേശിച്ചത്. ‘ഉണരു’, ‘നിന്‍ പ്രണയം’ എന്നീ ഭാഗങ്ങളില്‍ അല്‍പം നീട്ടമുണ്ടായിരുന്നു. അത് കുറക്കാന്‍ മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഏത് മൂഡില്‍ അല്ലെങ്കില്‍ പാറ്റേണിലാകാണം കംപോസിഷന്‍ എന്നു ഞാന്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം 7ജി റെയിന്‍ബോകോളനിയിലെ പാട്ടിന്‍റെ റഫറന്‍സ് പറയുന്നത്. അങ്ങനെയാണ് ആ സാദ്യശ്യം ഉണ്ടാകുന്നത്. സത്യത്തില്‍ പാട്ടുകളുടെ പാറ്റേണില്‍ മാത്രമാണ് സാമ്യം. രണ്ടും രണ്ട് വ്യത്യസ്ത ഐഡന്‍റിറ്റിയുള്ള ഗാനങ്ങളാണെന്ന് സൂക്ഷമായി ശ്രവിക്കുമ്പോള്‍ ബോധ്യപ്പെടും. 

ഫൈനല്‍ കംപോസിഷനു ശേഷം രാജേഷ് പിള്ളയുടെ പ്രതികരണം എന്തായിരുന്നു

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ ഊഴവൂരിലെ ഇടവകപ്പള്ളിയുടെ പരിസരത്തായി ഷൂട്ടിങ് പുരോഗമിക്കുന്ന സമയത്താണ് ഞാന്‍ പാട്ടു കേള്‍പ്പിക്കാനായി എത്തുന്നത്. പള്ളി മുറ്റത്തുവെച്ചാണ് ഞാന്‍ പാട്ട് പാടി വായിച്ചു കേള്‍പ്പിക്കുന്നത്. പാട്ട് പാടി തീരുമ്പോള്‍ അദ്ദേഹം എന്നെ കെട്ടിപിടിച്ചു കരയുന്നുണ്ടായിരുന്നു. വരികളും സംഗീതവും നന്നായി ഇഴചേര്‍ന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം രമേശന്‍ നായര്‍ സാറിനെ ഫോണില്‍ വിളിച്ച് സന്തോഷം പങ്കിട്ടു. 

ചിന്‍മയിയെ കൊണ്ടു പാടിക്കാന്‍ കാരണം

Chinmayi-img ചിൻമിയ ശ്രീപദ

നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു ശബ്ദം ആകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ചിന്‍മയിയെ കൊണ്ടു പാടിക്കാന്‍ തീരുമാനിക്കുന്നത്. രാജേഷിനു പാട്ട് ശ്രേയ ഘോഷലിനെക്കൊണ്ടു പാടിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. അദ്ദേഹം അങ്ങനൊരു ആഗ്രഹം എന്നോടു പങ്കുവെച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്ന് എനിക്ക് പാട്ടിന് അനുവദിച്ചിരുന്ന ബഡ്ജറ്റില്‍ ശ്രേയയെ കൊണ്ടു പാടിക്കുക അസാധ്യമായിരുന്നു. അങ്ങനെ ചെന്നൈയില്‍ പോയി ചിന്‍മയിയെ കൊണ്ട് പാടി റെക്കോര്‍ഡ് ചെയ്യിപ്പിച്ചു. റെക്കോര്‍ഡിങ് കഴിയുമ്പോഴേക്കും ചിന്‍മയിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

പാട്ട് ഒഴിവാക്കിയെന്നു അറിഞ്ഞപ്പോഴുള്ള പ്രതികരണം എന്തായിരുന്നു

എന്‍റെ ആദ്യത്തെ ചലച്ചിത്രസംരഭമായിരുന്നു ട്രാഫിക്ക്. അതുകൊണ്ടു തന്നെ പാട്ട് ഒഴിവാക്കിയപ്പോള്‍ ചെറിയ നിരാശ തോന്നിയിരുന്നു. പ്രത്യേകിച്ചും അപ്പന്‍, അമ്മ, ഭാര്യ, കുട്ടികള്‍ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. അവരുടെ സങ്കടം കണ്ടപ്പോള്‍ മനസ്സ് വിഷമിച്ചു. പിന്നെ സിനിമയില്‍ സംവിധായകന്‍റേതാണല്ലോ അവസാന വാക്ക്. പരിഭവിക്കുന്നതില്‍ അര്‍ഥമില്ല. സിനിമക്കു വേണ്ടി റീറെക്കോര്‍ഡിങ് നിര്‍വഹിച്ചത് മെജോ ജോസഫാണ്. സിനിമ കാണുമ്പോളാണ് ‘ഉണരു’ പാട്ടിന്‍റെ ഇന്‍ട്രോ മ്യൂസിക്ക് ഏഴ് സ്ഥലങ്ങളില്‍ ഉപയോഗിച്ചതായി മനസ്സിലാക്കുന്നത്. ക്രെഡിറ്റ് കിട്ടിയില്ലെങ്കിലും അത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പിന്നീട് സിനിമയുടെ എഡിറ്റര്‍ മഹേഷ് നാരായണനാണ് എന്‍റെ ആവശ്യപ്രകാരം സിനിമക്കു വേണ്ടി ചിത്രീകരിച്ച രംഗങ്ങള്‍ എഡിറ്റ് ചെയ്തു അതൊരു വീഡിയോ സോങിന്‍റെ രൂപത്തിലാക്കി തന്നത്.

SAMSON

പിന്നീട് ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ മേല്‍വിലാസത്തിന്‍റെ പശ്ചാത്തല സംഗീതവും തമിഴ് ചിത്രമായ പള്ളിക്കൂടം പോകാമലെ എന്ന ചിത്രത്തിന്‍റെ സംഗീതവും നിര്‍വ്വഹിക്കാന്‍ ഭാഗ്യമുണ്ടായി.

അവസാനമായി രാജേഷ് പിള്ളയെ കാണുന്നത് എപ്പോഴാണ്

ട്രാഫിക്കിന്‍റെ നൂറാംദിന ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് അവസാനം കാണുന്നത്. പിന്നീട് സംസാരിക്കാനോ കാണാനോ ഒരുമിച്ചു പ്രവര്‍ത്തിക്കാനോ കഴിഞ്ഞിട്ടില്ല. എങ്കിലും എന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയ ആദ്യ സംവിധായകന്‍ എന്ന നിലയില്‍ എല്ലാ കാലത്തും അദ്ദേഹത്തെ ഓര്‍ക്കും. 

rajesh-pillai രാജേഷ് പിള്ള

വളരെ നിഷ്കളങ്കനായൊരു വ്യക്തിയാണ് അദ്ദേഹം. എന്‍റെ പാട്ട് ഒഴിവാക്കിയത് അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയിരിക്കാം. അതാകും  പിന്നീട് ഒരിക്കലും എന്നെ വിളിക്കാതെ ഇരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എനിക്ക് വിളിക്കാമായിരുന്നു. വിളിച്ചാല്‍ തീരാവുന്ന പരിഭവം മാത്രമേ ഉണ്ടായിരുന്നള്ളു. ഒടുവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയില്‍ അദ്ദേഹം മുഖാമുഖം കാണുമ്പോഴാണ് അവസാനമായി കാണുന്നത്.

രാജേഷ് പിള്ളയോടൊപ്പമുള്ള ഓര്‍മകള്‍ക്കു മരണമില്ല. അദ്ദേഹത്തിന്‍റെ ഓര്‍മയായി ഞാന്‍ ഈ ഗാനം നെഞ്ചോടു ചേര്‍ത്തുവെക്കുന്നു.

Your Rating: