Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ഞാനാക്കിയ വിനീത്

shaan-vineeth

തിരുവാവണി രാവ് മനസാകെ നിലാവ്....ഓണത്തിനിടയിൽ ഏറ്റവുമധികം പ്രാവശ്യം കേട്ട ഗാനങ്ങളിലൊന്നാണിത്. സംഗീത സംവിധാന രംഗത്ത് കൃത്യമായ ഇടവേളകളിൽ ഹിറ്റു ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റേതാണ് ഈ പാട്ടും. ഓണനാളുകളിൽ റിലീസ് ചെയ്ത ആൻ മരിയ കലിപ്പിലാണ്, ഒരു മുത്തശി ഗദ എന്നീ  സിനിമകളുടെയും സംഗീത സംവിധാനവും ഇദ്ദേഹം തന്നെ. ഷാൻ റഹ്മാൻ സംസാരിക്കുന്നു....

തിരുവാവണി രാവ്

ഒരു ആഘോഷത്തെ ആധാരമാക്കി പാട്ട് ചിട്ടപ്പെടുണമെന്നുണ്ടായിരുന്നു. മുൻകാല സിനിമകളിൽ അങ്ങനെയുള്ള ഒരുപാട് ഗാനങ്ങളുണ്ടായിരുന്നല്ലോ. ഇപ്പോൾ കുറേ കാലമായില്ലേ സിനിമകളിൽ നിന്ന് നല്ലൊരു ഓണപ്പാട്ട് കേട്ടിട്ട്. ഇക്കാര്യം ഞങ്ങൾ സുഹൃത്തുക്കളൊക്കെ ചർച്ച ചെയ്യുമായിരുന്നു. അപ്പോഴാണ് ജേക്കബിന്റെ സ്വർഗ രാജ്യം എന്ന സിനിമയിൽ അങ്ങനെയൊരു അവസരം കിട്ടിയത്. ഉണ്ണി മേനോന്‍ ഈ ഗാനം പാടട്ടേയെന്നു ഞാനാണ് വിനീതിനോടു പറ‍ഞ്ഞത്.

ഓണപ്പാട്ടിൽ ശ്രോതാക്കൾ പ്രതീക്ഷിക്കുന്ന ഓർക്കസ്ട്ര കൊടുക്കണ്ടന്ന് തീരുമാനിച്ചു. അങ്ങനെ ചെയ്താൽ അതൊരു സാധാരണ ഗാനമായി മാറും. അതുകൊണ്ടാണ് അതിലൊരു പാശ്ചാത്യ ശൈലി ചേർത്തത്. 

വിനീത് എന്ന കൂട്ടുകാരൻ

നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് ആദ്യമായി വീനിതിനെ പരിചയപ്പെടുന്നത്. ദുബായിലേക്കു പോകുകയായിരുന്നു ഞങ്ങളിരുവരും. ആ പരിചയമാണ് സൗഹൃദമായി വളർന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇടയ്ക്കു വിളിക്കും പാട്ടിനെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യും അങ്ങനെയൊക്കെയായി. അന്നേ വിനീത് ചെന്നൈയിലാണ് താമസം. ഇടയ്ക്ക് കൊച്ചിയിൽ വരുമ്പോൾ എനിക്കൊപ്പമായി താമസം. നല്ലൊരു സൗഹൃദമായി അതുമാറി. ഞങ്ങൾ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ആൽബം ചെയ്യാമെന്ന്. അതായിരുന്നു ഇന്ത്യ. പിന്നെയാണ് കോഫീ അറ്റ് എംജി റോഡ് എന്ന ആൽബം വരുന്നത്. 

എന്റെ ജീവിതത്തിൽ നൂറ് ശതമാനം സ്വാധീനവും ഉള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഞാന്‍ മാത്രമല്ല, നിവിനും അജുവുമൊക്കെ ഈ ഫീൽഡ‍ിലേക്കു വരുവാൻ കാരണം അവനാണ്. ഇക്കാര്യം ഞാൻ അവനോട് പറഞ്ഞാൽ, അവൻ സമ്മതിക്കില്ല, പോടാ പോടാ എന്നൊക്കെ പറയും. 

മാരിയിൽ വീനിത് പാടിയ കഥ

വീനിത് ധനുഷ് നായകനായ മാരി എന്ന സിനിമയിൽ ഒരു പാട്ടു പാടിയിരുന്നല്ലോ. അത് ഞാൻ ഈണമിട്ട ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലെ  എനനെ തല്ലേണ്ടമ്മാവാ കേട്ടിട്ടാണ് അനിരുദ്ധ് മാരിയിൽ പാടാൻ വിളിക്കുന്നത്. ആ ക്ഷണം കിട്ടിയ എക്സൈറ്റ്മെന്റിൽ വിനീത് എന്നെ വിളിച്ചു, എടാ അനിരുദ്ധ് നിന്റെ പാട്ട് കേട്ടിട്ടുണ്ടെടാ...അതു കേട്ടിട്ട് എന്നെ പാടുവാൻ വിളിച്ചെടാ എന്ന്. എനിക്കൊരുപാട് സന്തോഷം തന്നോ അന്നേരം. 

അതുപോലെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ വെറുതെ ഡമ്മി പാടിയതാണ് ഞാൻ. പക്ഷേ അതു കേട്ടിട്ട് കേട്ടിട്ട് വീനീത് പറഞ്ഞു ഇനി നീ തന്നെ ഇതു പാടിയാൽ മതിയെന്ന്. മലർവാടിയിൽ ഞാൻ‌ പാടിയ പാട്ടുകള്‍ കേട്ടിട്ടാണ് ദീപക് ചേട്ടൻ എന്നെ ഉറുമിയിൽ പാടാൻ വിളിക്കുന്നത്. ദീപക് ചേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ, എന്റെ പൊന്നു ദീപക് ചേട്ടാ നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേന്ന്.  വടക്ക് വടക്ക് എന്ന ഗാനമായിരുന്നു അത്. ഒരു സന്തോഷ് ശിവൻ ചിത്രത്തിൽ പാടാൻ കഴിഞ്ഞു അങ്ങനെ. 

ഞാൻ എന്നെ പാട്ടുകാരനായി കരുതുന്നില്ല

പക്ഷേ അന്നും ഇന്നും ഞാനൊരു കോൺഫിഡന്റ് സിംഗർ അല്ല. എന്നെ പാട്ടുകാരനായി ഞാൻ കണക്കാക്കുന്നേയില്ല.

രമ്യ നമ്പീശന്റെ സഹോദരൻ രാഹുൽ ആദ്യമായി പാടുന്നത് തട്ടത്തിൻ മറയത്തിലാണ്. പിന്നീട് രാഹുലിന്റെ സംഗീതത്തിൽ ഞാൻ ഫിലിപ്സ് ആൻഡ് മങ്കിപെനിൽ പാടി. മനസിൽ നമ്മളാരാധിച്ചവർ നമ്മളെ പാടുവാൻ വിളിക്കുന്നു. നമ്മൾ പാടിച്ചവർ നമ്മളെ പാടുവൻ വിളിക്കുന്നു അതൊക്കെ വലിയ ഷോക്ക് ആയിരുന്നു. സർപ്രൈസസ്. 

പശ്ചാത്തല സംഗീതത്തിലെ ഓർമകൾ

ഒച്ചയും ബഹളവുമുള്ള സിനിമകളേക്കാൾ പ്രിയം മനസുതൊടുന്ന കഥകളുള്ള സിനിമ ചെയ്യുവാനാണ്. മറ്റു ചിത്രങ്ങൾ കഴിയില്ലെന്നല്ല. ആട് എന്ന ചിത്രത്തിനു നൽകിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധ നേടിയിരുന്നു.

ജേക്കബിന്റെ സ്വർഗ രാജ്യം, മുത്തശി ഗദ എന്നിവയൊക്കെ എനിക്കൊരുപാടിഷ്ടമായ ചിത്രമാണ്. ഏഴു ദിവസംമേ   ജേക്കബിന്റെ സ്വർഗ രാജ്യത്തിനു ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്യുവാൻ എടുത്തുള്ളൂ. ഒറ്റ ത്തവണ കണ്ടപ്പോഴേ മുത്തശി ഗദയുമായി ഞാൻ കണക്ടഡ് ആയി. 

സത്യത്തിൽ പാട്ടുകളേക്കാൾ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് വെല്ലുവിളി. പാട്ട് ചെയ്യുമ്പോൾ ഡയറക്ടർ സിറ്റ്വേഷൻ പറയും. പച്ച പാടത്തിൽ വച്ചു നടക്കുന്നൊരു ഗാനം എന്നു പറയുമ്പോൾ സ്വിറ്റ്സർലന്ഡഡിലെ പാടം വരെ നമുക്ക് ഓർക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുമ്പോൾ നമുക്ക് മുൻപിൽ ഒരു മെറ്റീരിയൽ ആണുള്ളത്. അതിന്റെ ചട്ടക്കൂടിൽ വേണം ചെയ്തു തീർക്കുവാന്‍. 

 

മറക്കാനാകില്ല രാജേഷ് പിള്ളയെ

തിര, വേട്ട എന്നീ ചിത്രങ്ങള്‍ക്കു ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത് മറക്കാനാകില്ല. തിര പ്രത്യേകിച്ചും. ഭയങ്കര ടെൻഷൻ ആയിരുന്നു അന്നേരം. ശോഭനാ മാഡം അഭിനയിക്കുന്നു എന്നുളളതു തന്നെയായിരുന്നു കാരണം. അസാധ്യമായ അഭിനയമായിരുന്നു. പലപ്പോഴും അതു കണ്ട് ഞാൻ മ്യൂസികിനെ കുറിച്ചു മറുന്നു പോയി. രണ്ടു ദിവസം വെറുതെ ആ അഭിനയം കണ്ടിരുന്നുപോയി,. ഒന്നും ചെയ്യുവാനാകാത്ത അവസ്ഥ.

പിന്നെ രാജേഷ് ചേട്ടന്റെ ചിത്രമായ വേട്ട എനിക്കൊരിക്കലും മറക്കുവാനാകില്ല. ഞാൻ ചെയ്ത സംഗീതം അദ്ദേഹത്തിന് ഇഷ്ടമായി. വേട്ട പുറത്തിറങ്ങും മുൻപേ അദ്ദേഹം യാത്രയാകുകയും ചെയ്തു. അദ്ദേഹത്തിനായി മിലി എന്ന സിനിമയിലും നല്ല പാട്ടുകളൊരുക്കുവാനായി. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണല്ലോ അവർക്കു സന്തോഷകരമായ കാര്യങ്ങൾ ചെയ്തു കൊടുക്കുവാന്‍. രാജേഷ് പിള്ളയുടെ കാര്യത്തിൽ എനിക്കത് സാധിച്ചു. വലിയ ആകാംഷയായിരുന്നു വേട്ടയുടെ സംഗീതത്തെ കുറിച്ച്. 2012ലായിരുന്നു രാജേഷ് ചേട്ടനുമായി ആദ്യമായി സിനിമയെ കുറിച്ച് സംസാരിക്കുന്നത് 2012ലാണ്. മോട്ടോർ സൈക്കിൾ ഡയറീസ് എന്ന സിനിമ. അതു പൂർത്തിയാക്കണമെന്ന് അദ്ദേഹത്തിനു വലിയ ആഗ്രഹമായിരുന്നു. വയ്യാതിരുന്നിട്ടും വേട്ടയിലെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുാവാനായി എനിക്കൊപ്പം തിരുവനന്തപുരം വരെ വന്നു. ഒരുപാട് സന്തോഷത്തോടെയാണു മടങ്ങിയത്. അസുഖമൊക്കെ മാറിയിട്ട് മോട്ടോർ സൈക്കിൾ ഡയറീസ് ചെയ്യണം എന്നു പറഞ്ഞതാ...പക്ഷേ....

മലർവാടി ആർട്സ് ക്ലബ് തന്ന സമ്മാനങ്ങൾ

മലർവാടിയിൽ വിനീതിനൊപ്പം ഉണ്ടായിരുന്നവര്‍ എല്ലാം പിന്നീട് സിനിമ ചെയ്തു. അതില്‍ മിക്കതിലും എനിക്ക് അവസരം കിട്ടി. ജൂഡ് ആന്റണി, ബേസിൽ ജോസഫ് എന്നിവരൊക്കെ. ജൂഡ് ആന്റണി ഓം ശാന്തി ഓശാന, ഒരു മുത്തശി ഗദ എന്നിവ ചെയ്തു. അതിലും ഞാനായിരുന്നു സംഗീത സംവിധാനം. ജൂഡിനൊപ്പം ഉണ്ടായിരുന്ന മിഥുൻ മാനുവേൽ തോമസ് ആണ് ആട് എന്ന ചിത്രം ചെയ്തത്. ആ ചിത്രത്തിലും എനിക്കു സംഗീതമൊരുക്കുവാനായി. പിന്നെ ബേസിൽ ഗോദ എന്ന ചിത്രം ചെയ്യുന്നു. മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ തന്ന സമ്മാനങ്ങള്‍ ആണ് ഇതൊക്കെ. ആ ഫ്രണ്ട്സ് വലയം ഒരുപാട് സിനിമകൾ തന്നു.

സംഗീതത്തിലേക്കു തിരി​ഞ്ഞത്...

സംഗീതം ഒരു കരിയറായി സ്വീകരിക്കണം എന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല. പാട്ടുകൾ‌ ഒരുപാടിഷ്ടമായിരുന്നു. സംഗീത സംവിധാനവും. അതിന് ആദ്യമായി അവസരം കിട്ടിയതും അപ്രതീക്ഷിതമായിട്ടായിരുന്നു. പിന്നെ പിന്നെ അവസരങ്ങൾ‌ വന്നു. അങ്ങനെ അങ്ങനെ ഇങ്ങനെയായി എന്നു പറയുന്നതാണ് സത്യം. 

പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം

സത്യത്തിൽ എന്റെ പാട്ടുകളിൽ ആ ശൈലി മനപൂർവ്വം വരുന്നതല്ല. അങ്ങനെ ആയി പോകുന്നതാണ്. ഞാൻ സ്കൂൾ കാലം മുഴുവൻ ദുബായിലായിരുന്നു. അവിടെ അന്നൊന്നും ഇത്രയധികം മലയാളി കുടുംബങ്ങളൊന്നുമില്ല. നമ്മൾ കേൾക്കുന്നതെല്ലാം വെസ്റ്റേൺ, അറബിക് സംഗീതമൊക്കെയാണ്. അതുകൊണ്ടു തന്നെ സംഗീതമാണ് എന്നെ സ്വാധീനിച്ചത്. 

ഒരു മുത്തശി ഗദ എന്നെ കരയിപ്പിച്ചു

ആന്‍ മരിയ കലിപ്പിലാണ്, ഒരു മുത്തശി ഗദ എന്നീ സിനിമകൾ ഒരേ സമയത്താണ് ചെയ്യുവാന്‍ കിട്ടിയത്. ആദ്യം ആൻ മരിയയുടെ പശ്ചാത്തല സംഗീതം ചേർക്കണം എന്നൊക്കെയായിരുന്നു പദ്ധതി. പക്ഷേ കുറേ തിരക്കുകൾ വന്നിട്ട് അതൊന്നും നടന്നില്ല. അങ്ങനെയാണ് ആൻ മരിയയുടെ പശ്ചാത്തല സംഗീതം സൂരജിന് നൽകുന്നത്. സൂരജ് എനിക്കെന്റെ സ്വന്തം അനിയനെ പോലെയാണ്. അവനത് നന്നായി ചെയ്യുകയും ചെയ്തു. 

ഒരു മുത്തശി ഗദ എനിക്കൊരുപാടിഷ്ടമുള്ള സിനിമയാണ്. അതിനു പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ പലപ്പോഴും ഞാൻ കരഞ്ഞു പോയി. നമ്മുടെ അച്ഛനും അമ്മയും നമ്മളെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും നമ്മൾ അവരെ എത്രമാത്രം വേദനിപ്പിച്ചിരുന്നുവെന്നുമൊക്കെ അപ്പോഴാണ് ഓർമ വരിക. 

സ്വപ്നം

എന്റെ പാട്ടുകൾ ചേർത്തുവച്ച് ഒരു ലൈവ് സ്റ്റേജ് ഷോ ചെയ്യണം. പാട്ടുകളുടെ നല്ല നിര വേണമല്ലോ. അതിനായുള്ള കാത്തിരിപ്പിലാണിപ്പോൾ. 

Your Rating: