Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പാട്ടുകൾക്ക് രൺജി പണിക്കറുടെ സ്നേഹ ചുംബനം

renji-sooraj രൺജി പണിക്കർ, സൂരജ് എസ്.കുറുപ്പ്

വള്ളീം പുളളീം തെറ്റി എന്ന ചിത്രം രണ്ട് സർപ്രൈസുകളാണ് കാത്തുവച്ചിരിക്കുന്നതെന്നു പറയാം. ഒന്ന് ബേബി ശ്യാമിലി വെറും ശ്യാമിലിയായെത്തുന്നു. മറ്റൊന്ന് ഒരു കൂട്ടം നല്ല പാട്ടുകൾ. മലയാളത്തിൽ അടുത്തിടെ ഒരു പുതിയ സംഗീത സംവിധായകനും ഇത്രയും നല്ലൊരു കടന്നുവരവ് നടത്തിയിട്ടില്ല. ആറു പാട്ടുകൾ, അതിൽ അഞ്ചെണ്ണവും സ്വന്തമായി പാട്ടെഴുതി ഈണമിട്ടത്. പശ്താത്തല സംഗീതവുമൊരുക്കി. പിന്നെ രണ്ടു പാട്ടും പാടി. എല്ലാവർക്കും പറയാനുണ്ടായിരുന്നത് പാട്ടിലെ വ്യത്യസ്തമായ ഓർക്കസ്ട്രയെ കുറിച്ചും പരിചിതരായ ഗായകരുടെ അപരിചിതമായ ആലാപന ശൈലിയെ കുറിച്ചുമായിരുന്നു. മൊത്തത്തിൽ സൂരജ് എസ് കുറുപ്പ് കടന്നുവന്നത് ഒരു മാസ് മാസ് എൻട്രി ആയിട്ടാണ്. എംബിഎ പാതിവഴിയിലുപേ‌ക്ഷിച്ച് ഓഡിയോ എഞ്ചിനീയറിങ് പഠിച്ച, മൃദംഗ വിദ്വാനായ സൂരജ് എസ് കുറുപ്പ്. അറിയാം ഈ മലയാള ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നുവന്ന പുതിയയാളെക്കുറിച്ച്

സൗഹൃദം, കഷ്ടപ്പാട്

ആറു വർഷത്തിലേറെ നീണ്ട സ്ട്രഗിൾ ആണ് ഈ സിനിമ. ചിത്രത്തിന്റെ സംവിധായകൻ റിഷി എന്റെ സുഹൃത്താണ്. രണ്ടു പേർക്കും സിനിമ മാത്രമായിരുന്നു സ്വപ്നം. സിഎംഎസ് കോളെജിൽ നിന്ന് ഡിഗ്രി കഴിഞ്ഞപ്പോഴേ അതിനായുള്ള പണി തുടങ്ങി. പതിയെ പതിയെ ഇതേ ആഗ്രഹമുള്ള വലിയൊരു സുഹൃത് വലയമുണ്ടായി. അവിടെയാണ് ഇങ്ങനൊരു സിനിമ രൂപം കൊള്ളുന്നത്. പിന്നെ ചിത്രത്തിന് സംഗീതം ചെയ്യുവാൻ അങ്ങനെ ഏൽപ്പിച്ചതല്ല. ഞങ്ങൾ സുഹൃത്തുക്കളല്ലേ. അതിന്റെ ആവശ്യമില്ലല്ലോ. സിനിമയെ കുറിച്ചുള്ള ചർച്ച തുടങ്ങി. ഞാൻ സംഗീതവും തുടങ്ങി.

ക്ലീഷേ ആകരുതേന്നെയുണ്ടായിരുന്നുള്ളൂ

ആരുടെയും കീഴിൽ അസിസ്റ്റ് ചെയ്തിട്ടുമില്ലാത്തതിനാൽ എങ്ങനെയാണ് സിനിമയ്ക്ക് സംഗീതം ചെയ്യേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു.ആൾക്കാരിൽ നിന്ന് നല്ല വിലയിരുത്തൽ കേൾക്കുമ്പോൾ സന്തോഷമുണ്ട്. എല്ലാവരും വിളിച്ച് ഓർക്കസ്ട്രയെ കുറിച്ച് സംസാരിക്കുന്നുണ്ട്. സത്യത്തിൽ വ്യത്യസ്തമാക്കണം എന്നതിനപ്പുറം ക്ലീഷേ ആയിപ്പോകരുത് എന്നേയുണ്ടാന്നുവെന്ന് മാത്രമാണ് സംഗീതം ചെയ്യുമ്പോൾ ചിന്തിച്ചത്.

എഴുതണമെന്ന് കരുതിയതല്ല

നാട്ടിലെ കാര്യങ്ങളാണ് ചിത്രത്തിലുള്ളത് എന്നതുകൊണ്ട് എല്ലാം കുറച്ചു കൂടി ഈസി ആയി എന്നു വേണം പറയുവാൻ. പാട്ടെഴുതണം എന്നും കരുതിയില്ല. പക്ഷേ സംഗീതമിട്ടപ്പോൾ വരികൾ കൂടെ വന്നു. സ്ക്രിപ്റ്റിനു മുൻപേ പൂരം കാണാൻ പാട്ട് പൂർത്തിയായിരുന്നു. ആ പാട്ട് തന്നെയാണ് എന്റെയും പ്രിയപ്പെട്ടത്. അങ്ങനെ എഴുതി പരിചയമൊന്നുമില്ല. ഇതിഷ്ടമായപ്പോൾ പതിയെ അങ്ങ് തുടങ്ങിയതാണ്. അതുപിന്നെ ഇങ്ങനൊക്കെയായി.

valleem-thetty വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍

പിന്നെ അരേ തൂ ചക്കര് എന്ന പാട്ടിനിടയിൽ ചാടി ഹനുമാൻ രാവണന്റെ മതിലിൽ എന്ന വരികൾ എന്റേതല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത് . കുമ്മാട്ടിക്കളി, ഹനുമാൻ കളി എന്നിവയിലെ വളരെ സെലക്ട് ആയ വരികൾ എടുത്തുപയോഗിച്ചതാണ്. ഞാൻ പക്കാ നാട്ടുമ്പുറത്ത് കാരനാണ്. ലളിതമായ ചിന്തകൾ ഉള്ളയാളാണ്. വലിയ കാര്യങ്ങളെ കുറിച്ചെഴുതാനും അറിയില്ല. അതുകൊണ്ടാകും വരികളും അങ്ങനെയായത്. എന്റെ ടെക്നിക്കൽ സൈഡിൽ അപ്ഡേറ്റഡ് ആണെങ്കിലും മറ്റുള്ളതിലെല്ലാം പുറകിലാണ്. വീട്ടിലിരുന്ന് കമ്പോസ് ചെയ്തു തുടങ്ങിയ സമയത്ത് തമാശക്ക് ചെയ്തതാണ് വാത്തേ പൂത്തേ. വള്ളീം പുള്ളീ തെറ്റി എന്നതിന് താളം പിടിച്ച്.

ചെറിയ പേടിയില്ലാതില്ല

ഒറ്റയ്ക്കാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തത്. അതൊരു ചെറിയ അഹങ്കാരമായിപ്പോയില്ലേയെന്ന് ഇപ്പോൾ തോന്നുന്നു. അതിന്റെ ടെൻഷനുണ്ട്. ഒരുപാട് പേർ വിളിച്ചു പറഞ്ഞു, പാട്ടുകൾ കൊള്ളാം. പശ്ചാത്തല സംഗീതത്തിനായി കാത്തിരിക്കുന്നുവെന്ന്. അത് കേൾക്കുമ്പോൾ ചെറിയ പേടി തോന്നുന്നു. സത്യത്തിൽ ഓഡിയോ എഞ്ചിനീയറിങ് ആണ് പഠിച്ചത്. യഥാർഥത്തിൽ ഒരു മൃദംഗം വാദകനാണ്. തൃക്കൊടിത്താനം സുഭാഷ് ബി നായർ ആണ് ഗുരു. കീബോർ‍ഡും പ്രോഗ്രാമിങും സ്വന്തമായി പഠിക്കുയായിരുന്നു. സോഫ്റ്റ്‌വെയറൊക്കെ വച്ചാണ് പഠിച്ചത്. പണ്ടൊക്കെ ഞാൻ ചെയ്തിരുന്ന ഷോർട്ട് ഫിലിംസിന് മാത്രമേ സംഗീതം ചെയ്തിരുന്നുള്ളൂ. പിന്നീ‍ട് സുഹൃത്തുക്കളുടെ ചിത്രത്തിനും കൂടി ചെയ്യാൻ തുടങ്ങി.

എല്ലാം പ്ലാൻ ചെയ്തിരുന്നു

ഓരോ പാട്ടു ചെയ്യുമ്പോഴും ഏത് ഗായകരെ കൊണ്ട് പാടിക്കും എന്നു മനസിൽ വരുമായിരുന്നു. അങ്ങനെയെത്തിയവരെല്ലാം വലിയ ഗായകരായിരുന്നു. പിന്നെ ഭാഗ്യമെന്നേ പറയാനാകൂ. ഞാൻ ഉദ്ദേശിച്ച എല്ലാവരെക്കൊണ്ടും പാടിക്കുവാനായി. എല്ലാ പാട്ടിനും ഡമ്മിയൊക്കെ ചെയ്തുവച്ച് നല്ല പ്ലാനിങോടെയാണ് മുന്നോട്ട് പോയത്.

sooraj-vineeth-kunchakko കുഞ്ചാക്കോ ബോബനും വിനീതിനുമൊപ്പം സൂരജ്

പൂരം കാണാൻ എന്ന പാട്ട് ഞാൻ പാടാനായിട്ടിരുന്നതാണ്. പക്ഷേ സിത്താര ചേച്ചി പാടിക്കഴിഞ്ഞപ്പോൾ ആ ശബ്ദത്തിനു മുന്നിൽ എന്റേത് തീർത്തും വീക് ആയ സ്വരമായിട്ട് തോന്നി. അതിനൊപ്പമെത്താനായില്ല. അങ്ങനെയാണ് വിജയ് യേശുദാസിലേക്കെത്തുന്നത്. ഈസിയായിട്ട്, ഒരും സംഭാഷണം പോലെ പാടിയാൽ മതിയെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. നഗരം വിധുരമെന്ന പാട്ടു പാടിയ വോയ്സായിരുന്നു എന്നോ കാതിലെന്ന പാട്ടു പാടുവാൻ വിനീത് ചേട്ടനിൽ നിന്ന് വേണ്ടിയിരുന്നത്. അദ്ദേഹം അതുപോലെ തന്നെ പാടിത്തരികയും ചെയ്തു. പിന്നെ വാത്തേ പൂത്തേ എന്ന പാട്ട് കേട്ടിട്ട് പലരും പറ‍ഞ്ഞത് വിധു പ്രതാപ് അങ്ങനെ പാടുമെന്ന് കരുതിയേയില്ലെന്നായിരുന്നു. പൂരം കാണാൻ എന്ന പാട്ടു കേട്ടിട്ടും ഒത്തിരിയാളുകൾ പറ​ഞ്ഞു, വിജയ് അങ്ങനെ പാടിയത് കേട്ടപ്പോൾ പുതിയ അനുഭവമായെന്ന്.

ചാക്കോച്ചന്റെ കോൾ, രൺജി പണിക്കറുടെ വാക്കുകൾ

ഒരു ദിവസം രാവിലെ ചാക്കോച്ചന്റെ കോൾ വരുന്നത് കണ്ടാണ് എഴുന്നേറ്റത്. ചേട്ടാ എന്ന് വിളിക്കുമ്പോൾ അനിയാ...എന്ന് വിളിച്ച് വളരെ കൂൾ ആയിട്ടാണ് സംസാരിക്കുക. എന്നിട്ടെന്നോടു പറഞ്ഞു, ഉദയ ഒരു സിനിമ ചെയ്യുന്നുണ്ട്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. അതിലേക്ക് സംഗീതം ചെയ്യാമോ എന്നായിരുന്നു ചോദ്യം. ഞാനാകെ ഞെട്ടിപ്പോയി. സത്യത്തിൽ അതെത്ര വലിയ അംഗീകാരമാണ് എന്നെപോലൊരു തുടക്കക്കാരന്.

അതുപോലെയായിരുന്നു രൺജി പണിക്കർ സാറും. അദ്ദേഹം എന്റെ പാട്ടുകളൊന്നും കേട്ടിരുന്നില്ല. സെറ്റിലേക്ക് വന്ന ഒരു ദിവസം ചാക്കോച്ചന്റെ കാരവാനിലിരുന്നായിരുന്നു ആദ്യമായി അതൊക്കെ കേൾക്കുന്നത്. പുറത്തേക്കിറങ്ങി വന്ന അദ്ദേഹം ഡാ...ഇവിടെ. എന്നു വിളിച്ചു. ഞാനാകെ പേടിച്ചു പോയി. മൊത്തം സെറ്റും അന്നേരം അവിടെയുണ്ടായിരുന്നു....

sooraj kurup സൂരജ് എസ്. കുറുപ്പ്

‌കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മയൊക്കെ തന്നുകൊണ്ടു പറഞ്ഞു, എനിക്കൊരുപാട് ഇഷ്ടപ്പെട്ടു കേട്ടോ മോനേ നിന്റെ പാട്ട്...ഒരു രക്ഷയുമില്ലയെന്നൊക്കെ.‌ എനിക്കു കിട്ടിയ ഏറ്റവും അമൂല്യമായ പ്രതികരണം ഇതുതന്നെയാണ്. അതൊരു അവാർഡ് ആയിട്ടാണ് തോന്നിയത്. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല ആ നിമിഷം.

കുടുംബം

അച്ഛന്‍ സജി, സതീ ദേവി, അനിയൻ ധീരജ് എം കോം ആദ്യ വർഷം പഠിക്കുന്നു. അമ്മയാണ് എന്റെ ഗുരു. ചെറുതിലേ ആകാശവാണിയിലെ പാട്ടു പഠനമൊക്കെ ശ്രദ്ധിച്ച് അമ്മ അത് പഠിച്ചെടുത്ത് എനിക്ക് പഠിപ്പിച്ച് തരുമായിരുന്നു. എന്നിരുന്നാലും എന്റെ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കുവാൻ കുറേ പാടുപെട്ടു. ഛത്തീസ്ഗഡ് എൻറ്റിപിസി അസിസ്റ്റന്റ് എഞ്ചിനീയർ ആണ് അച്ഛൻ.

Your Rating: