Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിളമണൽത്തരികളിൽ തീർത്ത കിസ്മത്തിലെ ഈണം

sumesh-kismath

നിളയൊഴുകും തീരങ്ങളിലെവിടെയിരുന്നാലും കേൾക്കാം ആ പുഴയുടെ പാദസരക്കിലുക്കം. നിളയുടെ പേരറിയാത്ത വികാരങ്ങളെ ചലച്ചിത്ര സംഗീത ലോകം ഏറ്റുപാടിയപ്പോഴെല്ലാം ആ അനുഭൂതിയാണു നമുക്കു കിട്ടിയത്. അപൂർവ്വ പ്രണയത്തിന്റെ കഥപറയുന്ന ചിത്രം കിസ്മത്തിലുമുണ്ട് നിളയെ തൊട്ടുവിളിച്ചു പാടിയൊരു പാട്ട്. അതിനേക്കാളുപരി ഈ മനോഹരമായ മെലഡി ഒരു പുതിയ സംഗീത സംവിധായകന്റെ സൃഷ്ടിയാണ്. സുമേഷ് പരമേശ്വറിന്റെ. നല്ല പാട്ടുകളുടെ നാളെകൾ നമ്മെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷ നൽകുന്ന സംഗീത സംവിധായകനെ പരിചയപ്പെടാം...

ഗിത്താർ വായിച്ചു തുടക്കം

നല്ലൊരു ഗിത്താറിസ്റ്റ് ആകണമെന്നതായിരുന്നു ആഗ്രഹം. പക്ഷേ ലക്ഷ്യവും പാഷനും സംഗീത സംവിധാനമായിരുന്നു. ആ അവസരത്തിനായി കാത്തിരിപ്പു തുടങ്ങിയിട്ട് ഏറെക്കാലമായി. അവസരം ചോദിച്ചു ചെല്ലാതെ എന്നെങ്കിലും അതു തേടി വരണമെന്നൊരു ചെറിയ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സംഭവിക്കുമെന്നൊരു ചെറിയ പ്രതീക്ഷ മനസിലെവിടെയോ ഉണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അത് യാഥാർഥ്യമായി എന്നു വേണം കരുതുവാൻ. 

അമ്മയിൽ നിന്നായിരുന്നു എനിക്കും സംഗീതം കിട്ടിയത്. കുഞ്ഞിലേ മുതൽക്കേ എന്തോ ഗിത്താറിനോടു വലിയ ഇഷ്ടമായിരുന്നു. ഗിത്താർ ടോയ്സൊക്കെ വലിയ ആവേശത്തോടെ വായിക്കുമായിരുന്നു. പക്ഷേ സ്കൂളിലൊന്നും ഗിത്താർ പഠിക്കുവാനുള്ള സൗകര്യമുണ്ടായിരുന്നില്ല. പിന്നീട് ഏഴാം ക്ലാസ് തൊട്ടു തുടങ്ങി പഠനം. അന്ന് പഠിച്ചു തുടങ്ങിയതെങ്ങനെയാണോ പ്രാക്ടീസ് ചെയ്തിരുന്നതെങ്ങനെയാണോ അതേ ഇഷ്ടത്തോടെ ആവേശത്തോടെ ഇന്നും തുടരുന്നുണ്ട്.

ഓർക്കസ്ട്രേഷനില്‍ പഠനം നടത്തുന്നത് ഇളയരാജയുടെ പാട്ടുകൾ ശ്രദ്ധിച്ചാണ്. ലോക സംഗീത്തതിലെത്തുന്ന പാട്ടുകളും കേൾക്കാറുണ്ട്.

സിനിമയിൽ ഞാന്‍ പുതിയ ആളല്ല

ജിഷ്ണു രാഘവൻ ആദ്യം അഭിനയിച്ച സിനിമ ഫ്രീഡത്തിൽ ഗിത്താർ വായിച്ച സമയം തൊട്ടേ സിനിമയുമായി അടുപ്പമുണ്ട്. അതിനു ശേഷം സംഗീത സംവിധായകരായ അൽഫോൺസും ദീപക് ദേവും ദുബായിൽ നടത്തിയ ഷോയിൽ ഗിത്താർ വായനയ്ക്കായി ക്ഷണിച്ചു. അത് ഇരുവർക്കും ഇഷ്ടപ്പെട്ടു. അതിനു ശേഷം ദീപക് ദേവിനൊപ്പം ആറു സിനിമകൾക്കായി ഗിത്താർ വായിച്ചു. അതുപോലെ ആദ്യം സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം ഇതു താൻഡാ പൊലീസ് ആണ്. 

നിളമണൽത്തരികൾ

റഫീഖ് സർ എഴുതിയ വരികൾക്ക് ഈണമിടാനാകുക എന്നതു തന്നെ വലിയ കാര്യമല്ലേ. അതൊരു ഭാഗ്യമായിട്ടു കരുതുന്നു. അതുപോലെ മൊയിൻകുട്ടി വൈദ്യരുടെ ഒരു പാട്ടുണ്ട്. അതൊരു പഴയ പാട്ടാണ്. അതിനായി ഓർക്കസ്ട്ര റീ അറേഞ്ച് ചെയ്തു. 

ചിത്രത്തിലേക്കായി ആകെ അഞ്ചു പാട്ടുകളാണു ചെയ്തത്. പക്ഷേ രണ്ടെണ്ണമേ സിനിമയിൽ വരുള്ളൂ. ബാക്കിയെല്ലാം ഓഡിയോ സിഡിയിൽ എത്തും. 

തീർത്തും റിയലിസ്റ്റിക് ആണു ചിത്രം. നായകന്റെയും നായികയുടെയും ജീവിതത്തിലെ ഒരു ദിനത്തെ ആണു നിളമണല്‍ത്തരികൾ എന്ന പാട്ടിൽ ചിത്രീകരിക്കുന്നത്. പിന്നെ റഫീഖ് മാസ്റ്ററിന്റെ വരികൾ കൂടിയായപ്പോൾ ഒത്തിരി പോസിറ്റിവ് ആയി തോന്നി.

പാട്ടിലെ സ്വരങ്ങൾ

ഹരിശങ്കറും ശ്രേയാ രാഘവും ഗോപീ സുന്ദറിന്റെ ഈണത്തിലുള്ള പാട്ടുകൾ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഹരിശങ്കർ ലൈല ഓ ലൈലയിലെ മറുഹബ മറുഹബ എന്ന പാട്ടു പാടുന്നത് ഞാൻ സംവിധായകൻ ഷാനവാസ്.കെ.ബാവുട്ടിക്കു കേൾപ്പിച്ചു കൊടുത്തു. നല്ല ആഴമുള്ള സ്വരം ഞങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമായി. ചിത്രത്തിലെ നായികയ്ക്കു നായകനേക്കാൾ അഞ്ചു വയസ് കൂടുതലുണ്ട്. അപ്പോൾ കുറച്ചുകൂടി പക്വതയേറിയ സ്വരം വേണമല്ലോ. അങ്ങനെ തിരഞ്ഞപ്പോൾ ശ്രേയയുടെ സ്വരം യോജിക്കുമെന്നു തോന്നി. പാടിച്ചു നോക്കിയപ്പോൾ ഊഹം തെറ്റിയില്ല.

ഇനി

പുതിയ പ്രോജക്ടുകൾ ഇതുവരെ വന്നില്ല. ഗിത്താർ വായിക്കാനുള്ള അവസരം കിട്ടുന്നുണ്ട്. പാട്ടു കേട്ടിട്ട് സംഗീത സംവിധായകൻ അഫ്സൽ ഒക്കെ വിളിച്ചിരുന്നു. പിന്നെ സുഹൃത്തുക്കളെല്ലാം നല്ല വാക്കുകളാണു പറഞ്ഞത്. സാധാരണക്കാരായ കേൾവിക്കാരുടെ ഇടയിലേക്കു പാട്ടു ചെന്നാലാണു നമുക്കു രക്ഷയുള്ളത് എന്നാണെന്റെ വിശ്വാസം.