Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നെ പിണങ്ങല്ലേ, ഞാനൊരു പാവം കില്ലാഡി!

suresh-thampanoor

കയ്യിൽ അൽപം സംഗീതമുണ്ടെന്നിരിക്കട്ടെ. കൂട്ടുകാർക്കൊപ്പമുള്ള വേളകള്‍ക്ക് കുറച്ചുകൂടി രസം പകരാൻ ഡസ്കിൽ കൊട്ടി പാടുന്ന പരിപാടിക്ക് നേതൃത്വം ഈ പറഞ്ഞവരിലായിരിക്കുമല്ലോ. വലിയ ഗായകരല്ലെന്നതൊന്നും അവിടെ ഒരു വിഷയമേയല്ല. പക്ഷേ കൂട്ടുകാരുടെ സ്ഥാനത്ത് അടുത്ത പൊലീസ് സ്റ്റേഷനിലെ എസ് ഐ ആണെങ്കിലോ ഈ പറഞ്ഞ അത്ര സുഖമുണ്ടാകുമോ? ഒരിക്കലുമില്ല. പക്ഷേ ഇവിടൊരാൾ റോഡിൽ കിടന്ന് നല്ല അസല് തല്ലുകൊള്ളിത്തരം കാണിച്ച് ലോക്കപ്പിലായിട്ടും എസ്ഐയുടെ മുന്നിലിരുന്ന് കൂളായി പാടി. വിലങ്ങഴിപ്പിച്ച് മേശമേൽ കൊട്ടി പൊലീസ് സ്റ്റേഷനിലേക്ക് ചായകൊണ്ടുവരുന്ന ചേട്ടനൊപ്പമിരുന്ന് തകർപ്പനൊരു പാട്ട്. ആക്ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിലെ ഈ രംഗം കണ്ട് ചിരിച്ചും പാട്ടു കേട്ട് താളമടിച്ചും മലയാളി ആഘോഷിക്കുകയാണ്. കലർപ്പില്ലാത്ത കലാവിരുന്നിനെ മലയാളി എത്രമാത്രം സ്നേഹിക്കുന്നുവെന്നതിനുള്ള തെളിവാണ് ഈ ഗാനം. ആരാണ‌് ഇദ്ദേഹം...വായിക്കാം.... ചുരുക്കി പറഞ്ഞാൽ ആളൊരു കുഞ്ഞു കില്ലാഡിയാണ്.

ചുമട്ടുതൊഴിലാളിയിൽ നിന്ന് സിനിമയിലേക്ക്...

തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ ഈ മുഖം കണ്ടവരുണ്ടാകാം. റോഡരികിലിരുന്ന്, നാട്ടിലെ കുഞ്ഞുകവലകളിലിരുന്ന് കൂട്ടുകാരുമൊത്ത് ഒത്തുകൂടുന്നിടങ്ങളിൽ നിന്ന് ഇദ്ദേഹം ഉറക്കെ പാടുന്നത് കേട്ടിട്ടുണ്ടാകാം. സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. ഒരു പാട്ട് പാടൂ എന്നു പറഞ്ഞാൽ നിമിഷങ്ങൾക്കകം പാട്ട് റെഡി. നാടൻ ചേലുള്ള സുന്ദരമായ പദങ്ങളിൽ സ്വന്തം ഈണത്തിൽ പാട്ടുകൾ സുരേഷ് പാടിക്കൊടുക്കും കൂട്ടുകാർക്ക്. ഒരു കൂട്ടുകാരനിലൂടെയാണ് സിനിമയിലേക്ക് സുരേഷ് എത്തിച്ചേരുന്നതും.

സുരേഷിന്റെ ബാംഗ്ലൂരിലുള്ള സുഹൃത്ത് ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈനിന്റെ സുഹൃത്തായ ബോബിയ്ക്ക് സുരേഷിനെ പരിചയപ്പെടുത്തുന്നത്. ഹോട്ടലിലെ മുറിയില്‍ സുഹൃത്തുക്കൾക്ക് നടുവിൽ പതിവു പോലെ പാടിക്കയറിയ സുരേഷിനെ ബോബിക്കും ഇഷ്ടമായി. സുരേഷിന്റെ പാട്ട് ആരുമറിയാതെ ഫോണിൽ റെക്കോർഡ് ചെയ്ത എബ്രിഡ് ഷൈനടുത്തേക്കെത്തിക്കുന്നത് ബോബിയാണ്. പിന്നെ സിനിമയിലെ ആ കുഞ്ഞു വേഷത്തിലേക്ക് സുരേഷിനെ തീരുമാനിക്കാൻ അധിക സമയം വേണ്ടിവന്നില്ല സംവിധായകന്. അധികം ടേക്കുകളൊന്നുമെടുപ്പിക്കാതെ സുരേഷ് അഭിനയിച്ചു. മേക്കപ്പൊന്നുമിടാതെ പരിചയസമ്പന്നനായൊരു നടനെ പോലെ സുരേഷ് അഭിനയിക്കുന്നത് കണ്ട് സെറ്റിൽ എല്ലാവരും അത്ഭുതപ്പെട്ടുവെന്ന് ബോബി പറയുന്നു. ഇനി സുരേഷി തമ്പാനൂറിന്റെ വാക്കുകളിലേക്ക് വരാം...

സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കാതിരിക്കുമോ?

സിനിമയില്‍ അഭിനയിക്കാനൊന്നുമറിയില്ല. പക്ഷേ ചാൻസ് കിട്ടിയാൽ അഭിനയിക്കാതിരിക്കുമോ ആരെങ്കിലും. ഞാനും അത്രയേ ചെയ്തുള്ളൂ. പിന്നെ ഷൈൻ സർ നന്നായി സഹായിച്ചു. എന്താണ് അഭിനയിക്കേണ്ടതെന്നതിനെ കുറിച്ചൊക്കെ സർ അടുത്തുവന്നിരുന്ന് പറഞ്ഞു തരും. അധികം ടേക്കുകളൊന്നും കൂടാതെ ചെയ്തു തീർത്തു. ഡബ്ബിങിന്റെ സമയത്തും ഇങ്ങനെ തന്നെയായിരുന്നു.

പറ്റിച്ചിട്ടുണ്ട് പലരും

എട്ടാം ക്ലാസു വരയേ പഠിച്ചിട്ടുള്ളൂ. പിന്നെ പണിക്കിറങ്ങി. അച്ഛനെ കുഞ്ഞിലേ കണ്ടിട്ടേയുള്ളൂ. അമ്മയ്ക്ക് ഞങ്ങൾ ആറു മക്കളാ. ആണായി ഞാൻ മാത്രം. വീട്ടിലാരെങ്കിലും കല്യാണം പറഞ്ഞു വന്നാല്‍ ആ കല്യാണ ലെറ്ററിലെ പെണ്ണിന്റെയും ചെക്കന്റെയും പേരിനു പകരം പച്ചക്കറിയുടെ പേരാക്കി അമ്മ പാട്ടു പാടും. അമ്മയുടെ ശീലമായിരിക്കും എനിക്കും കിട്ടിയത്. സിനിമയിലേക്ക് വരുമെന്ന് കരുതിയില്ലെന്ന് പറഞ്ഞാൽ അത് കള്ളമാണ്. സിനിമ എനിക്കെപ്പോഴും ഇഷ്ടമാണ്. ഇറങ്ങുന്ന സിനിമകളൊക്കെ പോയി കാണും. പടത്തിൽ അഭിനയിക്കാനായിരുന്നില്ല ആശിച്ചത്. കുറച്ചൊക്കെ എഴുതും. അതെത്രത്തോളം നല്ലതാണെന്നൊന്നും അറിയില്ല. പക്ഷേ തിരക്കഥ എഴുതിയിട്ടുണ്ട് കുറേ. അതുമായി പലരുടെയും അടുത്ത് പോയിട്ടുണ്ട്. ചിലരൊക്കെ സിനിമയാക്കാമെന്ന് സമ്മതിച്ച് മടക്കിയയിച്ചിട്ടുണ്ട്. ചിലതൊക്കെ അവരുടെ പേരിൽ തന്നെ സിനിമയുമായി. അതിനെ കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നില്ല. എനിക്കിപ്പോഴായിരിക്കും സമയമായത്. നല്ല സിനിമകൾ കിട്ടിയാൽ ഇനിയും ചെയ്യും...

നാട്ടിലെ കൊച്ചു കില്ലാഡി

കല്യാണം കഴിച്ചിട്ടില്ല. ഇപ്പോൾ നാൽപ്പത്തിയാറ് വയസായി. പെണ്ണ് കെട്ടേണ്ട പ്രായത്തിൽ നടന്നില്ല. ആരും തന്നില്ല അതാണ് വാസ്തവം. അന്ന് ഇത്തിരി അടിയും പിടിയുമൊക്കെയുണ്ടായിരുന്നു. പിന്നെ കല്യാണം കഴിക്കാൻ ഞാൻ തന്നെ മറന്നു പോയി.

ഗോപനും പിന്നെ പൊലീസും

ജീവിതത്തിൽ നന്ദി പറയണമെങ്കിൽ ഒരുപാടു പേരുണ്ട്. സിനിമയിൽ ഏറെ സഹായിച്ച സംവിധായകൻ ഷൈൻ്‍ സർ, വേഷം ചെയ്യുന്നതിൽ ഒരുപാട് നല്ല നിർദ്ദേശം തന്ന നിവിൻ സർ അങ്ങനെ കുറേ പേർ.

പിന്നെ എന്റെ ഗോപനോടെനിക്ക് കടപ്പാടുണ്ട്. എനിക്കൊപ്പം ജോലി ചെയ്യുന്നതാ അവനും. ഞാനെഴുതിയ സരസ്വതി ദേവിയെ കുറിച്ചുള്ള പാട്ട് തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെ ഭജനക്കാർക്ക് കൊണ്ടുകൊടുത്തു. ആ പാട്ട് അവരെടുത്ത് പാടി. നമുക്കതൊക്കെ വലിയ സന്തോഷമുള്ള കാര്യമല്ലേ. പിന്നെ ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ദിവസം ഞാനെഴുതിയ പാട്ടുകളൊക്കെ വച്ച് ഭജന പാടും. ഇതിനു മുൻപുള്ള ജീവിതം അങ്ങനെയായിരുന്നു.

suresh-thamapanoor1

പിന്നെ പറഞ്ഞല്ലോ നാട്ടിൽ അൽപം കുരുത്തക്കേടൊക്കെ കയ്യിലുണ്ടെന്ന്. ഇന്നീ സിനിമയിലെത്തുമ്പോൾ എനിക്ക് രണ്ടു പേരുടെ കാര്യം കൂടി പറയാതിരിക്കാൻ വയ്യ. പണ്ട് കേസൊക്കെ ഉണ്ടാക്കി പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ അവിടന്ന് രക്ഷപ്പെടാൻ പറയുന്ന അടവുണ്ട്. സാറേ എനിക്ക് ഏഷ്യാനെറ്റിൽ ഒരു പരിപാടിക്ക് പോണം, നാടകം ചെയ്യാനുണ്ട്, പാടാൻ ചെല്ലാമെന്നേറ്റിരിക്കയാണ്. അങ്ങനെയൊക്കെ. ഞാനങ്ങനെ പറയുമ്പോൾ അവർ പോകാൻ പറഞ്ഞിട്ടുണ്ട് പലവട്ടം. നന്നാവുന്നെങ്കിൽ നന്നാവട്ടേയെന്ന് കരുതിയാ.... പക്ഷേ ഞാൻ വേറെവിടേക്കെങ്കിലുമാ പോകുക. അന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ ആയിരുന്ന ഷെരീഫുദ്ദീൻ സാറും അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന മോഹൻ സറിനേയും ഓർക്കുന്നു. അവരെ പലവട്ടം ഞാൻ പറ്റിച്ചിട്ടുണ്ട്.

ഇനി

സിനിമ കിട്ടിയാൽ ചെയ്യും. എറണാകുളത്താ ഇപ്പോൾ. നാട്ടുകാരെയൊന്നും പോയിക്കണ്ടില്ല. കൂട്ടുകാരടുത്തേക്ക് പോണം. അല്ലെങ്കിൽ അവർ വിചാരിക്കില്ലേ എനിക്ക് ജാഡയാണെന്നേ. അവരെല്ലാം വലിയ സന്തോഷത്തിലാ.

Your Rating: