Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതമാണെന്റെ ജീവിതം

Vaikom Vijayalakshmi

മലയാളിയുടെ ഗൃഹാതുരത്വത്തിന് ഏറെ പരിചിതമാണ് ഈ ശബ്ദം, മലയാള പിന്നണിഗാനശാഖയ്ക്ക് നഷ്ടമായി എന്ന് കരുതിയ ഈണവും താളവും സ്വരമാധുരിയും നമുക്ക് തിരികെ തന്ന ഈ ശബ്ദം വൈക്കം വിജയലക്ഷ്മിയുടേതാണ്. വൈക്കം ഉദയനാപുരം എന്ന ചെറുഗ്രാമത്തിൽ നിന്ന് മലയാളിയുടെ പ്രിയ ഗായികയായി മാറിയ വിജയലക്ഷ്മിയുടെ വിശേഷങ്ങൾ.

വിജയദശമിനാളിൽ ജനിച്ചതുകൊണ്ട് വിജയലക്ഷ്മിയായി

വിജയദശമി നാളിൽ ജനിച്ചുകൊണ്ടാണ് വിജയലക്ഷ്മി എന്ന പേരിട്ടത്. അച്ഛന്റെ അമ്മയായിരുന്നു വിജയലക്ഷ്മി എന്ന പേര് നൽകിയത്. അഞ്ച് വയസുവരെ ചെന്നൈയിലായിരുന്നു താമസം. അതിന് ശേഷമാണ് നാട്ടിലെത്തിയത്.

സംഗീതം ജന്മനാ കിട്ടിയ സൗഭാഗ്യം

സംഗീതവാസന ജന്മനാ കിട്ടിയ സൗഭാഗ്യമാണ്, ഒന്നര വയസുമുതൽ പാട്ടുപാടുമായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. കേൾക്കുന്നത് അതുപോലെ പാടാനുള്ളൊരു സിദ്ധി അന്നുതന്നെയുണ്ടായിരുന്നു. സിന്ധുഭൈരവി എന്ന ചിത്രത്തിന് വേണ്ടി സിന്ധുഭൈവരി രാഗത്തിൽ ഇളയരാജ ഈണം ചെയ്ത് ചിത്രച്ചേച്ചി പാടിയ ഞാനൊരു സിന്ത് കാവടി സിന്ത് എന്ന പാട്ടായിരുന്നു കുഞ്ഞുനാളിൽ എന്റെ ഇഷ്ടഗാനം. മൂന്ന് വയസിൽ അത് കാണാതെ പഠിച്ച് പാടിക്കൊണ്ട് നടക്കുമായിരുന്നു. സംഗീത പ്രിയനായ അച്ഛൻ കൊണ്ടുവരുന്ന കാസറ്റുകൾ കേട്ടാണ് ആദ്യം പാട്ടുകൾ പഠിച്ചിരുന്നത്. ദാസ് സാർ, എംഎസ് സുബലക്ഷ്മി, ബാലമുരളികൃഷ്ണ തുടങ്ങിയവരുടെ ഗാനങ്ങൾ കേട്ടാണ് ശാസ്ത്രീയ സംഗീതത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ മനസിലാക്കിയത്.

മാനസഗുരു യേശുദാസ്

ആറുവയസുള്ളപ്പോൾ യേശുദാസിനെ മാനസഗുരുവായി കണ്ട് ദക്ഷിണ സമർപ്പിച്ചു. കാസറ്റുകളിലൂടെ കേട്ട് പരിചയമുള്ള ആ ശബ്ദത്തെ അടുത്തറിയുന്നത് വലിയൊരു കാര്യമായിരുന്നു അതിനു ശേഷം അരങ്ങേറ്റം നടത്തി. അരങ്ങേറ്റത്തിന് ശേഷമാണ് സംഗീതം ഗുരുമുഖത്ത് നിന്ന് അഭ്യസിച്ചു തുടങ്ങിയത്. അമ്പലപ്പുഴ തുളസി ടീച്ചർ, വൈക്കം സുമംഗല ടീച്ചർ, തൃപ്പൂണിത്തുറ വിൻസന്റ് മാഷ്, പ്രസന്ന ടീച്ചർ, മാവേലിക്കര പൊന്നമ്മ ടീച്ചർ, മാവേലിക്കര പി സുബ്രഹ്മണ്യൻ സാർ തുടങ്ങിയ നിരവധി ഗുരുക്കൻമാരുണ്ട്. ഇപ്പോൾ ഫോണിലൂടെ എം ജയചന്ദ്രൻ സാർ, ദാസ് സാർ, കാവാലം സാർ തുടങ്ങിയവരും സംഗീതം പറഞ്ഞു തരാറുണ്ട്.

Vaikom Vijayalakshmi

സിനിമ രംഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്

ഇന്ന് വരെ സിനിമ രംഗത്ത് മാറ്റി നിർത്തപ്പെട്ടു എന്നൊരു തോന്നലുണ്ടായിട്ടില്ല. എല്ലാവരും മികച്ച പിന്തുണയാണ് നൽകുന്നത്. കൂടെ പാടുന്നവരും, മറ്റ് സീനിയർ ഗായകരും, സംഗീതസംവിധായകരും, ഈ മേഖലയിൽ മുന്നോട്ട് പോകാൻ സാധിക്കുന്നതു തന്നെ, ഇവരുടെയെല്ലാം പിന്തുണയും പ്രാർഥനയുമുള്ളതുകൊണ്ടാണ്.

എല്ലാം അച്ഛന്റേയും അമ്മയുടേയും ജഗദീശ്വരന്റേയും അനുഗ്രഹം

സ്വപ്നവും സന്തോഷവും സമാധാനവും എല്ലാം സംഗീതമാണ്, നന്നേ ചെറുപ്പത്തിൽ തന്നെ സംഗീത ലോകത്തിലേക്ക് കൈപിടിച്ചു നടത്തിയത് മാതാപിതാക്കളായ മുരളീധരനും വിമലയുമാണ്. അവർ കൂടി ചേരുമ്പോഴാണ് എന്റെ സംഗീത ജീവിതത്തിന് പൂർണത കൈവരുന്നത്. ഞാൻ ഇന്ന് ഇവിടെയെത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള കടപ്പാട് അച്ഛനോടും അമ്മയോടുമാണ്. ശരിക്കും പറഞ്ഞാൽ അവരാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്റെ എല്ലാകാര്യത്തിനും അവർ മുന്നിലുണ്ട്. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ വിജയലക്ഷ്മി എന്നൊരു ഗായിക ജനിക്കില്ലായിരുന്നു. പിന്നെ എനിക്ക് പാടാൻ കഴിവ് തന്ന ഈശ്വരൻ, എല്ലാം അദ്ദേഹത്തിന്റെ കൃപ.

സംഗീത സംവിധായകൻ എം ജയചന്ദ്രൻ സാർ ആദ്യാവസരം തന്നു

ഏകദേശം 28 വർഷമായി കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ആത്മീയയാത്ര എന്ന ചാനലിൽ അമൃതവർഷിണി രാഗത്തിൽ കുറച്ച് പാട്ടുകൾ പാടിയിരുന്നു അത് കേട്ടാണ് എം ജയചന്ദ്രൻ സാർ കാറ്റേ കാറ്റേ എന്ന ഗാനം പാടാൻ വിളിക്കുന്നത്. ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു ആ ഗാനം. കൂടാതെ എംഎസ് സുബലക്ഷ്മിയുടെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദമാണ് എന്റേതെന്നും, ഒരു നിയന്ത്രണവുമില്ലാതെ, യഥാർത്ഥ ശബ്ദത്തിൽ തുറന്ന് പാടണമെന്നും ജയചന്ദ്രൻസാർ പറഞ്ഞു. ആദ്യ ഗാനത്തിന് തന്നെ സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.

കാറ്റേ കാറ്റേ...

ഏഴ് ദേശങ്ങൾക്കുമകലെ എന്ന ചിത്രത്തിൽ അഭിനയിച്ചു

റഷീദ് കെ മൊയ്തു സംവിധാനം നിർവ്വഹിച്ച ഏഴ് ദേശങ്ങൾക്കുമകലെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടി. വളരെ ബുദ്ധിമുട്ടിയാണ് അഭിനയിച്ചതെങ്കിലും നന്നായി എന്നാണ് എല്ലാവരും പറഞ്ഞത്.

കോളിവുഡിലേക്കുള്ള പ്രവേശനം

സെല്ലുലോയ്ഡിന്റെ തമിഴ് പതിപ്പിന് പാടിയത് കേട്ടിട്ടാണ് സന്തോഷ് നാരായണൻ വിളിക്കുന്നത്. അതിന് ശേഷം ഡി ഇമാന്റെ സംഗീതത്തിൽ എന്നമ്മോ ഏതോ, റോമിയോ ജൂലിയറ്റ് എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്. അതിനു ശേഷമാണ് സൂര്യയുടെ മാസിലെ ഗാനം. വൈക്കത്ത് ഗൗരി സ്റ്റുഡിയോയിൽ വെച്ചായിരുന്നു മാസിന്റെ റിക്കോർഡിങ്. താൻ പാടിയ ഗാനം ഏറെ ഇഷ്ടപ്പെട്ടന്ന് സൂര്യ പറഞ്ഞതായി അറിഞ്ഞു അത് വലിയ അംഗീകാരമായി കാണുന്നു. അഞ്ച് വയസുവരെ ചെന്നൈയിലായിരുന്നതുകൊണ്ട് തമിഴ് ഗാനങ്ങൾ പാടുന്നത് അത്ര ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. തമിഴിൽ കൂടാതെ തെലുങ്കിലും പാട്ട് പാടിയിട്ടുണ്ട്.

സ്വന്തമായി അഭ്യസിച്ച ഗായത്രി വീണ

സഹോദരൻ വിനോദ് ചിരട്ടകൊണ്ട് നിർമ്മിച്ചു നൽകിയ ഒറ്റക്കമ്പി കളിവീണ മീട്ടിതുടങ്ങിയതാണ്. പിന്നീട് അതിന് അച്ഛൻ ചില ഭേദഗതികൾ വരുത്തിത്തന്നു. ഇപ്പോൾ അച്ഛൻ നിർമ്മിച്ചു നൽകിയ വീണയിലാണ് വായിക്കുന്നത്. ഏതു ശ്രുതിയിലും വായിക്കാൻ സാധിക്കും എന്നതാണ് ഗായത്രി വീണയുടെ പ്രത്യേകത. സ്വന്തമായി അഭ്യസിച്ചതുകൊണ്ട് ഗായത്രിവീണ മീട്ടുന്നത് മറ്റുള്ളവരെ പഠിപ്പിച്ചുകൊടുക്കാൻ അറിയില്ല. വീണയ്ക്ക് ദക്ഷിണ സമർപ്പിച്ചത് പ്രശസ്ത വയലിൻ വിദ്വാൻ കുന്നകുടി വൈദ്യനാഥ ഭാഗവതർക്കാണ്. അദ്ദേഹമാണ് ഗായത്രി വീണ എന്ന പേര് നൽകിയത്. ഭക്തിഗാനങ്ങളിലും നാടകഗാനങ്ങളിലും ചില സിനിമാഗാനങ്ങളിലും ഗായത്രി വീണ ഉപയോഗിച്ചിട്ടുണ്ട്.

Vaikom Vijayalakshmi

ദക്ഷിണാമൂർത്തി സ്വാമികളുടെ ഗാനങ്ങളെല്ലാം വലിയ ഇഷ്ടമാണ്

ദക്ഷിണാമൂർത്തി സ്വാമികൾ സംഗീതം നിർവ്വഹിച്ചിട്ടുള്ള എല്ലാ പാട്ടുകളും ഇഷ്ടമാണ്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയുള്ള ഗാനങ്ങളാണ് അവയെല്ലാം. നിറപറ ചാർത്തിയ, സ്വപ്നങ്ങളെ തുടങ്ങിയ എത്ര എത്ര മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സ്ഥിരം ശൈലിയിൽ നിന്ന് മാറിയ വടക്കൻ സെൽഫി പാട്ട്

സന്തോഷത്തിന്റെ മൂഡിൽ പാടിയ പാട്ടായിരുന്നു വടക്കൻ സെൽഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല എന്നഗാനം. വിഷാദത്തിന്റെ ചുവയുള്ള ഗാനങ്ങളിൽ നിന്ന് മാറി, സന്തോഷമുള്ള ഗാനം. ഷാൻ റഹ്മാൻ നല്ല പിന്തുണയാണ് നൽകിയത്. മികച്ച അനുഭവം തന്നെയായിരുന്നു ആ ഗാനം, ആ ഗാനത്തിലെ കുറച്ച് സംഗതികളെല്ലാം ഞാൻ തന്നെ കൈയ്യിൽ നിന്നിട്ടതാണ്. എല്ലാതരത്തിലുള്ള പാട്ടുകളും പാടാൻ ആഗ്രഹമുണ്ട്. അങ്ങനെയൊരു അവസരം വരികയാണെങ്കിൽ തീർച്ചയായും പാടും.

കൈക്കോട്ടും കണ്ടിട്ടില്ല...

ആഗ്രഹിച്ച ഗാനങ്ങൾ

അമൽ നീരദ് സംവിധാനം ചെയ്ത ബാച്ച്ലർ പാർട്ടി എന്ന ചിത്രത്തിലെ രമ്യ നമ്പീശൻ പാടിയ വിജന സുരഭി എന്ന ഗാനം ആലപിക്കാൻ ആഗ്രഹം തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ ഉത്തര ഉണ്ണകൃഷ്ണന് ദേശീയ പുരസ്കാരം ലഭിച്ച ഗാനവും. ഗാനമേളകൾക്ക് ആ ഗാനങ്ങൾ പാടുന്നുണ്ട്.

സംഗീതമാണെന്റെ എല്ലാം

കൈയ്യിൽ കിട്ടുന്നതിലെല്ലാം സംഗീതം കണ്ടെത്തുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. അമ്പലപ്പറമ്പിൽ നിന്ന് വാങ്ങിച്ച പ്ലാസ്റ്റിക്ക് പീപിയിൽ കച്ചേരി നടത്തിയത് ഇന്നും മായാതെ നിൽക്കുന്ന ഓർമ്മയാണ്. സംഗീതമാണ് എന്റെ ജീവിതവഴിയിലെ വെളിച്ചം.