Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി വെഡ്ഡിങ് ഹാപ്പി വിമൽ

vimal

ഒരു സിനിമയുടെ ഭാഗമായി ഏറ്റവും അവസാനം എത്തിപ്പെടുകയും തുടർന്ന് സംഗീതസംവിധാനം, പാട്ടെഴുത്ത്, പിന്നണിഗാനം, പശ്ചാത്തലസംഗീതം തുടങ്ങി ആ സിനിമയിലെ സംഗീതത്തിന്റെ സർവമേഖലയിലും കൈവയ്ക്കുകയും ചെയ്തയാൾ. ഹാപ്പി വെഡ്ഡിങ്ങിന്റെ സംഗീതസംവിധായകൻ ടി.കെ. വിമലിനെ ചുരുക്കത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പുതിയ പാട്ടുവിശേഷങ്ങളും സംഗീതാനുഭവങ്ങളും ഇഷ്ടങ്ങളും പങ്കുവച്ച് വിമൽ മനോരമ ഓൺലൈനിനൊപ്പം.

ഹാപ്പി വെഡ്ഡിങ്

സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാൻ എഡിറ്റർ ദിലിപാണ് വിളിക്കുന്നത്. ഞാൻ മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ചില ട്രാക്കുകൾ അദ്ദേഹം കേട്ടിരുന്നു. ഷൂട്ടിങ് പൂർത്തിയായി, പാട്ടുകൾ സെറ്റ്ചെയ്ത് അതിന്റെ വിഷ്വൽസും തയാറായ ശേഷമാണ് ഞാൻ ടീമിലേക്കെത്തുന്നത്. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നതിനിടെ കഥയുടെ ചില ഭാഗങ്ങളിൽക്കൂടി പാട്ട് അത്യാവശ്യമാണെന്ന് തോന്നി നാലു പാട്ടുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് ആ പാട്ടുകൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്. മറ്റു പാട്ടുകൾക്ക് സംഗീതം ചെയ്തിരിക്കുന്നത് അരുൺ മുരളീധരനാണ്.

പാട്ടുകൾ എഴുതി, പാടി

പുതുതായി ഉൾപ്പെടുത്തിയ നാലു പാട്ടുകളും നായകന്റെ കാഴ്ചപ്പാടിലൂടെ പോകുന്നവയാണ്. അതുകൊണ്ടുതന്നെ ഒരേ ശബ്ദമാകും നാലു പാട്ടുകൾക്കും നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. അതാണു നാലു പാട്ടും ഞാൻ തന്നെ പാടാൻ കാരണം. പാട്ടെഴുത്തും ഇതുപോലെ അവിചാരിതമായി സംഭവിച്ചതാണ്. ക്ലൈമാക്സിൽ വരുന്ന പാട്ടിന്റെ വരികളാണ് എഴുതിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പാട്ടായിരുന്നു ആവശ്യം. അതിനായി പരീക്ഷണം നടത്തിയതാണ്. അതൊരു കൂട്ടായ്മയായിരുന്നു. സുഹൃത്തുക്കളുമായി ചേർന്നെഴുതിയതാണ്. കൂട്ടുകാർ അയച്ചു തന്ന പ്രാസമൊപ്പിച്ചുള്ള വാക്കുകൾ കൂട്ടിച്ചേർത്ത് ഞാൻ പാട്ടാക്കുകയായിരുന്നു എന്നു വേണം പറയാൻ.

സംഗീത പാരമ്പര്യം

അച്ഛനും അമ്മയും കലാപരമായി താൽപര്യമുള്ളവരാണ്. അച്ഛൻ വയലിൻ വായിക്കുമായിരുന്നു. അമ്മയ്ക്ക് താൽപര്യം നൃത്തത്തോടാണ്. എന്നാൽ അവർ അതിനെ ജീവിതമാർഗമാക്കുകയോ ഗൗരവമായി കാണുകയോ ചെയ്തില്ല. ഞാൻ അഞ്ചുവയസുമുതൽ തബല പഠിച്ചു തുടങ്ങി. പിയാനോ പഠിക്കാനായിരുന്നു താൽപര്യം. വീട്ടുകാർ നിർബന്ധിച്ചു തബല പഠിക്കാൻ വിടുകയായിരുന്നു. താളബോധമുണ്ടാകാൻ അതുപിന്നീട് ഒരുപാട് സഹായിച്ചു. നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പിയാനോ പഠിച്ചു. പിന്നീട് ഇന്റർനെറ്റിലൊക്കെ നോക്കി സ്വയം പഠനമായിരുന്നു. യുകെയിൽ പോയി മ്യൂസിക് പ്രൊഡക്‌ഷനിൽ മാസ്റ്റേഴ്സ് ചെയ്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. 

ആ സിനിമ വന്ന വഴി

കുന്താപുര, റാസ്പുടിൻ എന്നീ സിനിമകൾക്ക് സംഗീതം കൊടുത്തിരുന്നു. റാസ്പുടിനിൽ പശ്ചാത്തലസംഗീതമാണു ചെയ്തത്. കുന്താപുരയിൽ സംഗീതസംവിധാനം നിർവഹിച്ചു. യുകെയിൽ പഠിക്കുന്ന സമയത്താണ് കുന്താപുരയിലേക്ക് അവസരം ലഭിക്കുന്നത്. ആ സിനിമ ഒരു ഇന്ത്യ- യുകെ സംരംഭമായിരുന്നു. അതിന്റെ സംവിധായകൻ ജോ ഈശ്വറുമായി ഒരു ചലച്ചിത്രമേളയിൽ വച്ചുണ്ടായ പരിചയമാണ് കുന്താപുരയിൽ സംഗീതം ചെയ്യാനുള്ള അവസരമായെത്തിയത്. അതിനു മുൻപും പിൻപുമായി ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ സിനിമകൾ പുറത്തിറങ്ങിയില്ല. ഹാപ്പി വെഡ്ഡിങ്ങിലെ പാട്ടുകൾ കേട്ട് ഒട്ടേറെപ്പേർ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണിപ്പോൾ.

സംവിധായകൻ ഒമർ

ഹാപ്പിവെഡ്ഡിങ്ങിന്റെ സംവിധായകൻ ഒമർ പുതിയ ആളാണ്. പാട്ടു ചെയ്യുമ്പോൾ അദ്ദേഹം പൂർണ സ്വാതന്ത്ര്യം നൽകി. ഞാൻ ചെയ്ത ട്യൂണുകൾ അദ്ദേഹത്തിനിഷ്ടപ്പെട്ട് അതേപടി സ്വീകരിച്ചു. സംവിധായനും എഡിറ്ററും ഒപ്പമിരുന്നാണ് പാട്ടുകളുടെ രീതി തീരുമാനിച്ചത്.

പിന്നെ വിഷ്വൽസ് എല്ലാം കണ്ടശേഷം പാട്ടെഴുതിയതുകൊണ്ടു ചെറിയ പരിമിതിയുണ്ടായിരുന്നു. പാട്ടുകൾ നേരത്തെ ഉണ്ടാക്കുമ്പോൾ മറ്റൊന്നും ആലോചിക്കാതെ ചെയ്യാം. ഇത് നിശ്ചിത സമയത്തിനുള്ളിൽ പാട്ടു ചെയ്യുക എന്ന ഒരു വെല്ലുവിളിയുണ്ടായിരുന്നു. പക്ഷെ വരികൾ എഴുതുമ്പോൾ അതെളുപ്പമാണ്. നമുക്കു മുന്നിലുള്ള വിഷ്വൽസ് അനുസരിച്ച് വരികൾ എഴുതുന്നത് സുഖമുള്ളകാര്യമാണ്.

എന്തുവന്നാലും സിനിമയിൽത്തന്നെ

എന്തുവന്നാലും സിനിയയിൽത്തന്നെ തുടരും. അതു സംഗീതവുമായി ബന്ധപ്പെട്ടാകണം എന്നില്ല. സ്വന്തമായി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. അതിന്റെ പണിപ്പുരയിലാണ്. എന്നാൽ അതേക്കുറിച്ചു കൂടുതൽ പറയാറായിട്ടില്ല. ദൈവം അനുഗ്രഹിച്ചാൽ എത്രകഷ്ടപ്പെട്ടായാലും സിനിമയിൽ പിടിച്ചു നിൽക്കാൻ തന്നെയാണു തീരുമാനം. മുൻപ് ചില അബദ്ധങ്ങളൊക്കെപ്പറ്റി. ഇനി കരുതലോടെയാകും നീങ്ങുക.

Your Rating: