Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രയൻ ആഡംസിനെ ഞെട്ടിച്ച മലയാളി

Manoj George Violinist Manoj George. Photo: Facebook

പോപ്പ് താരം ബ്രയൻ ആഡംസിന്റെ 2001 ലെ ഇന്ത്യൻ പര്യടനത്തിനിടെ ആഡംസിനെ ഞെട്ടിച്ചൊരു പ്രകടനമുണ്ടായിരുന്നു, തൃശ്ശൂരുകാരൻ മനോജ് ജോർജിന്റെ. ബാംഗ്ലൂരിലെ ആഡംസ് ഷോ തുടങ്ങുന്നതിന് മുമ്പ് അക്ഷരാർഥത്തിൽ മനോജ് ജോർജും രഘു ദീക്ഷിതും കൂടി വേദിയെ ഇളക്കിമറിക്കുകയായിരുന്നു.

സംഗീത പ്രേമികളുടെ മനസിലേയ്ക്കുകൂടിയാണ് അന്നത്തെ പ്രകടനം മനോജിനെ കൊണ്ടെത്തിച്ചത്. ജപ്പാനിലെ സംഗീതോപകരണ നിർമ്മാതാക്കളായ റോളന്റ് കോർപ്പറേഷന്റെ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യക്കാരനും മനോജ് ജോർജാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 57-ാമത് ഗ്രാമി പുരസ്‌കാരത്തിലും മനോജ് കേരളത്തിന്റെ അഭിമാനമായി കാരണം, ഗ്രാമി പുരസ്‌കാരത്തിൽ ന്യൂഏജ് ആൽബം വിഭാഗത്തിൽ ഗ്രാമി പുരസ്‌കാരം ലഭിച്ച വിങ്‌സ് ഓഫ് സംസാരയിലെ രണ്ട് ഗാനങ്ങളുടെ കോറൽ അറേഞ്ച്‌മെന്റ് ചെയ്തത് മനോജായിരുന്നു.

ജാസും, മെലഡിയും പോപ്പുമെല്ലാം അനായാസം വിരിയുന്ന മനോജിന്റെ സംഗീതത്തിൽ നിരവധി മലയാളം കന്നട ചിത്രങ്ങളുടെ സംഗീതം പിറന്നിട്ടുണ്ട്. 2001 ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിലുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഖരാക്ഷരങ്ങൾ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും, വാധ്യാർ എന്ന ജയസൂര്യ ചിത്രത്തിന്റെ സംഗീതവും ചെയ്തത് മനോജ് ജോർജായിരുന്നു. മനോജ് തന്റെ ജീവിതത്തേയും സംഗീതത്തേയും പറ്റി മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

Manoj George Violinist Manoj George at a concert. Photo: Facebook

പള്ളിയിലെ വയലിൻ സംഗീതം, ആദ്യ പ്രചോദനം

ഇടവക പള്ളിയിലെ ക്വയറിലെ വയലിനാണ് ആദ്യ പ്രചോദനം. പിന്നീട് എൽ സുബ്രഹ്മണ്യം പോലുള്ള പ്രശസ്ത വയലിൻ വിദ്വാൻമാരുടെ സംഗീതം ജീവിതത്തിൽ വലിയ പ്രചോദനമാണ് നൽകിയത്. കുടുബത്തിൽ നിന്നും നല്ല പിന്തുണയായിരുന്നു ലഭിച്ചിട്ടുള്ളത് അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. പന്ത്രണ്ട് വയസിലാണ് ആദ്യത്തെ സ്റ്റേജ് പരിപാടി നടത്തുന്നത്. അതിനു ശേഷം തൃശ്ശൂർ കേന്ദ്രികരിച്ചുള്ളൊരു ഓർക്കസ്ട്രയുടെ ഭാഗമായിരുന്നു. രവീന്ദ്രൻമാസ്റ്റർ അടക്കമുള്ള കേരളത്തിലെ പ്രശസ്ത സംഗീതജ്ഞരുടെ കൂടെ ജോലിചെയ്തിട്ടുണ്ട്. രവീന്ദ്രൻ മാസ്റ്ററുടെ കീഴിൽ ജോലി ചെയ്തത് സംഗീതത്തെ കൂടുതൽ മനസിലാക്കാൻ സഹായിച്ചു. തൃശ്ശൂരിൽ നിന്നാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ഭാര്യയും മകളുമൊത്ത് ബാംഗ്ലൂരിലാണ് താമസം.

സ്വതന്ത്ര സംഗീതവും വളരണം

ഇവിടെ സ്‌കൂൾ, കോളേജ് തലത്തിലുമെല്ലാം സംഗീതത്തിന് പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാലും, കലയെ കാര്യമായി കാണുന്നവർക്ക് സിനിമ തന്നെ ശരണം. 25 ശതമാനം സംഗീതജ്ഞരും അവരുടെ താൽപര്യം കൊണ്ട് സിനിമയിലെത്തുന്നവരാണ്. അല്ലാത്തവർ സ്വന്തം നിലയ്ക്ക് സ്വതന്ത്രസംഗീതത്തിലേയ്ക്ക് എത്തുന്നു. അവർ ധാരാളം ആൽബങ്ങളും പുറത്തിറക്കുന്നുണ്ട്. എന്നാൽ എത്ര ആളുകളിലേക്ക് അത് എത്തുന്നുണ്ടെന്ന് കാര്യത്തിൽ സംശയുമുണ്ട്. സർക്കാർ ഇത്തരത്തിലുള്ള സ്വതന്ത്ര സംഗീതം വളർന്ന് വരാനുള്ള പിന്തുണ നൽകണമെന്നാണ് എന്റെ അഭിപ്രായം. സിനിമകൾക്കും സിനിമ സംഗീതങ്ങൾക്കും പുരസ്‌കാരം നൽക്കുന്ന സർക്കാരുകൾ ഒരു നോൺ ഫിലിം കാറ്റഗറി കൂടി ഉണ്ടാക്കിയാൽ നിന്നാവുമെന്നാണ് കരുതുന്നത്.

ഇന്ത്യയിൽ സ്വതന്ത്ര സംഗീതത്തിൽ വളരെ അധികം സാധ്യതകളുണ്ട്. എന്നാൽ അതിനുള്ള സാഹചര്യം ഇന്നിവിടെയില്ല. അതുകൊണ്ടാണ് മികച്ച സംഗീതജ്ഞന്മാർ പലരും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാൽ ഇവിടെ സിനിമകളിലും സീരിയലുകളിലും സംഗീതം ചുറ്റുകയാണ്. റിയാലിറ്റി ഷോകളിലുടെ പുതിയ ധാരാളം പ്രതിഭകൾ വളരുന്നുണ്ട്.

യൂട്യൂബ് ധാരാളം സാധ്യതകൾ തുറന്നിടുന്നു

പുറത്ത് സംഗീതത്തിന്റെ ഓരോ ശാഖകൾക്കും വേണ്ടി പ്രത്യേകം റേഡിയോ സ്‌റ്റേഷനുകളുണ്ട്. എന്നാൽ ഇന്ത്യയിൽ അതല്ല സ്ഥിതി ഇവിടെ റേഡിയോകൾ സിനിമ സംഗീതത്തിന് മാത്രമേ അവസരം കൊടുക്കുന്നുള്ളു. എന്നാൽ ഇന്ന് യൂട്യൂബ്, സംഗീതജ്ഞർക്ക് വളരെ അധികം സാധ്യതകൾ തുറന്നിടുന്നുണ്ട്, അവസരങ്ങൾ നൽകുന്നുണ്ട്. സ്വതന്ത്ര സംഗീതജ്ഞരുടെ ആൽബങ്ങൾക്ക് കൂടുതൽ കാഴ്ച്ചക്കാരെ ലഭിക്കുന്നത് യൂട്യൂബ് എന്ന മാധ്യമത്തിലൂടെയാണ്. എന്നാൽ യൂട്യൂബിനും പരിമിതികളുണ്ട്. സംഗീത ലേബലുകളും, നമ്മുടെ മാധ്യമങ്ങളും സ്വതന്ത്ര സംഗീതജ്ഞരെ പിന്തുണക്കാൻ മുന്നോട്ട് വരണമെന്നാണ് അഭിപ്രായം.

Manoj - Grammy Manoj George was honoured at Grammy Awards in the USA in 2014.

ഗ്രാമി സ്വപ്‌നസാക്ഷാത്കാരം

ഗ്രാമി പുരസ്‌കാരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു സ്വപ്‌നം പോലെയാണ് കാണുന്നത്. സിനിമകൾക്കും ആൽബങ്ങൾക്കുമെല്ലാം സംഗീതം പകർന്നിട്ടുണ്ടെങ്കിലും വിങ്‌സ് ഓഫ് സംസാര അതിനെക്കാളെല്ലാം ഉയരത്തിലാണ്. റിക്കി കേജിനോടും റൗട്ടർ കെല്ലർമാനോടും വളരെ നന്ദിയുണ്ട്. അവരുടെ കൂടെ ജോലി ചെയ്യാൻ പറ്റിയതും വലിയ കാര്യമായി കാണുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.