Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനെ പോലെ ഞാനും പാട്ടിനൊപ്പം

എന്നു നിന്റെ മൊയ്തീനിലെ പ്രിയമുള്ളവനേയെന്ന എന്ന പാട്ട് ഓർമയില്ലേ...ചലച്ചിത്രത്തിന്റെ പ്രമേയത്തിന്റെ ആഴം ഉൾക്കൊണ്ട ഈ പാട്ടും പാട്ടുപാടിയ ശബ്ദവും ഏറെ ശ്രദ്ധിക്കപ്പെട്ടില്ലേ. ആരാണ് ആ പാട്ടുകാരിയെന്ന ചോദ്യം ചെന്നെത്തിയത് പാട്ടുകാർ മാത്രമുള്ള ഒരു വീട്ടിലേക്കായിരുന്നു. രമേശ് നാരായണന്റെ വീട്ടിലേക്ക്. കാലം പറയാൻ മറന്ന ഈണങ്ങളിലേക്ക് മലയാളത്തിന്റെ ആസ്വാദക മനസിനെ കൂട്ടിക്കൊണ്ടുപോയ സംഗീതജ്ഞൻ. നടന്നുനീങ്ങിയ വഴികളിലെല്ലാം മേഘമൽഹാർ പോലുള്ള കുറേ ഗീതങ്ങൾ സമ്മാനിച്ച പ്രതിഭ. അദ്ദേഹത്തിന്റെ മകൾ മധുശ്രീ നാരായണനായിരുന്നു ആ ഗായിക. സംഗീതജ്ഞരായ അച്ഛനുമമ്മയും തനിക്ക് വഴികാണിച്ച പോലെ രാഗങ്ങളുടെ പേരിട്ട് പെൺമക്കളേയും രമേശ് നാരായണൻ സംഗീതയാത്രയിൽ ഒപ്പം ചേർക്കുകയാണ്. സംഗീതം മാത്രമുള്ള ആ വീട്ടിൽ നിന്ന് മധുശ്രീ നാരായണൻ സിനിമ സംഗീത രംഗത്ത് സജീവമാകുകയാണ്. മൂന്നാം വയസിൽ സംഗീത പഠനം തുടങ്ങി ദേശാന്തരങ്ങളിൽ അച്ഛനൊപ്പം വേദികൾ പങ്കിടുന്ന മധുശ്രീയ്ക്കും അവളുടെ അച്ഛനുമൊപ്പം കുറച്ചു നേരം.

അച്ഛനെ പോലെ ഞാനും പാട്ടിനൊപ്പം

മൂന്നാം വയസിലേ സംഗീത പഠനം തുടങ്ങിയിരുന്നു. മൂന്നര വയസിൽ ട്രാക്കും പാടി. ആറാം വയസിലേ ട്രൂപ്പിനൊപ്പം പാടിയിരുന്നു, അതുകൊണ്ട് സഭാകമ്പമൊന്നുമില്ല., ഏത് പാട്ടു പാടാനും പേടിയൊന്നുമില്ല. ഒട്ടേറെ രാജ്യങ്ങളിൽ അച്ഛനൊപ്പം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസിക്കലും ഹിന്ദുസ്ഥാനിയും പഠിക്കുന്നുണ്ട്. പാട്ടുകാരുടെ വീട്ടിലാണ് ജനിച്ചതും. അമ്മ ഹേമ കർണാടിക് സംഗീതജ്ഞ. ചേച്ചി തിരുവന്തപുരം വുമൺസ് കോളെജിൽ മ്യൂസിക് പഠിക്കുന്നു. പാട്ടു തന്നെയാണ് ജീവിതത്തിലെല്ലാം. ഇനി അച്ഛനൊപ്പം പാട്ടിന്റെ ലോകത്ത് സജീവമാകണെമന്നാണ് ആഗ്രഹം. അതല്ലാതെ മറ്റൊന്നുമില്ല. മനസിനുള്ളിലെ പാട്ടുലോകത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മധുശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു.

madhu-sree-colour മധുശ്രീ നാരായൺ

ചേച്ചിയുടെ പേര് മധുവന്തിയെന്നാണ് ഞാൻ മധുശ്രീയും. രണ്ടും രാഗങ്ങളുടെ പേരാണ്. കുഞ്ഞിലേ മുതൽക്കേ ഞങ്ങൾ രണ്ടു പേരും പാടും. രണ്ടുപേരും പാട്ടിന്റെ വഴി തിരഞ്ഞെടുത്തതിലും അതിനെ ഗൗരവത്തോടെ കാണുന്നതിലും അച്ഛന് വലിയ സന്തോഷമാണ്. ഇപ്പോൾ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം അതാണ് അച്ഛന്. സംഗീതം ദൈവം തരുന്നതാണല്ലോ. അത് കഴിവായി കിട്ടുന്നത് മഹാഭാഗ്യം. അതിനെ ആരാധനയോടെ സമീപിക്കുവാൻ കഴിയുന്നത് അതിലും വലിയ കാര്യം.

അച്ഛനെന്ന ഗുരു വളരെ സ്ട്രിക്ട്*

എന്തും വളരെ കൂളായി കൈകാര്യം ചെയ്യുന്നയാളാണ് അച്ഛൻ. ഹിന്ദുസ്ഥാനി സംഗീതത്തിൽ എന്റെ ഗുരുവും അച്ഛന്‍ തന്നെ. പക്ഷേ പാട്ടു പഠനത്തിന്റെ കാര്യത്തിൽ മകളും അച്ഛനുമില്ല. വളരെ സീരിയസാണ് അക്കാര്യത്തിൽ. തെറ്റുകൾ വന്നാൽ തിരുത്തി ശരിയാക്കാതെ പോകാൻ സമ്മതിക്കാറില്ല. അച്ഛനെന്ന ഗുരുവിനെ കുറിച്ച് പറയുമ്പോൾ മധുശ്രീ ഗൗരവക്കാരിയായി. സ്ട്രിക്ട് ആണെങ്കിലും അച്ഛനൊപ്പമുണ്ടെങ്കിൽ വലിയ ആശ്വാസമാണ്. നല്ല ആത്മവിശ്വാസമുണ്ടാകുമപ്പോൾ.

madhu-sree-image1 copy മധുശ്രീ നാരായൺ

കളിയല്ല സംഗീതമെന്ന് എപ്പോഴും പറയും. നല്ല പാണ്ഡിത്യം നേടണം. അച്ഛന്റെ ഗുരു പണ്ഡിറ്റ് ജസ്രജ് ജീ തന്നെയാണ് ഞങ്ങൾ മക്കൾക്കും സംഗീതത്തിൽ ഹരിശ്രീ കുറിച്ചത്. അദ്ദേഹത്തിനു മുന്നിൽ പാടാൻ കഴിഞ്ഞ ആ നിമിഷമാണ് ജീവിതത്തിൽ ഞാനേറ്റവുമധികം അമൂല്യമുള്ളതായി കാണുന്നതും. ചേച്ചിയുടെ ശബ്ദം ക്ലാസിക്കലിനും എന്റേത് കുറച്ചു കൂടി മധുരതരമായ സിനിമാ ഗീതങ്ങള്‍ക്കു ചേരുന്ന ശബ്ദമാണെന്ന് അന്നേ ഗുരു അച്ഛനോട് പറഞ്ഞിരുന്നു. അതുപോലെയാണിപ്പോൾ സംഭവിക്കുന്നതും. സംഗീത യാത്രയിൽ എല്ലാം തീരുമാനിക്കുന്നത് ദൈവം തന്നെയാണ്.

എന്നു നിന്റെ മൊയ്തീനിലെ പാട്ട്

madhu-sree-image2 മധുശ്രീ നാരായൺ

എന്നു നിന്റെ മൊയ്തീനിലെ പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ആദ്യമായി പിന്നണി ഗായികയായി സിനിമാ പാട്ട് പാടിയത് ഓടുതളം എന്ന തമിഴ് ചിത്രത്തിലാണ്. ഗുരുപൂർണിമ എന്ന ഞങ്ങളുടെ ട്രൂപ്പില്‍ വളരെ ചെറുപ്പത്തിലേ ഞാൻ പാടുമായിരുന്നു. അന്നേ അച്ഛന്റെ സംഗീതത്തിലുള്ള പാട്ടുകള്‍ക്ക് ട്രാക്കും പാടുമായിരുന്നു., കഥപറയും തെരുവോരം എന്ന ചിത്രത്തിലായിരുന്നു ട്രാക്ക് ആദ്യമായി പാടിയത്. മകൾക്കെന്ന ചിത്രത്തിൽ കുഞ്ഞി വാവേ എന്ന പാട്ട് ജാസീ ഗിഫ്റ്റിനൊപ്പം പാടിയിരുന്നു. സത്യം പറഞ്ഞാൽ അതാണ് ആദ്യത്തെ സിനിമാ പാട്ട്. പക്ഷേ അത് അത്രക്ക് ശ്രദ്ധിക്കപ്പെട്ടില്ല. ഒറ്റമന്ദാരം, അലിഫ് എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. എന്നു നിന്റെ മൊയ്തീനിലെ പ്രിയമുള്ളവനേ കേട്ട് ഒട്ടേറെ പേർ വിളിച്ചിരുന്നു. സിനിമാ സംഗീതമെന്നല്ല എന്ത് പാട്ടും പാടാനുള്ള ധൈര്യമുണ്ട് അതുകൊണ്ട്. ചെറുപ്പത്തിലേ പാട്ടിന്റെ ലോകത്തേക്കിത്തിയത് ആത്മവിശ്വാസം നൽകുന്നു.

പാട്ടും പഠനവും

റിയാലിറ്റി ഷോ, ടൂർ അങ്ങനെ ക്ലാസുകൾ ഏറെ നഷ്ടപ്പെടാറുണ്ട്. എങ്കിലും പഠനം ഒപ്പംകൊണ്ടുപോകാൻ ബുദ്ധിമുട്ടൊന്നുമില്ല. കാർമൽ സ്കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റിസ് പഠിക്കുകയാണിപ്പോൾ, സ്കൂളും കൂട്ടുകാരും തരുന്ന പിന്തുണ മറക്കാനാകില്ല.,

അച്ഛന്റെ പാട്ടിൽ ഏറെയിഷ്ടം ഇതാണ്

അച്ഛന്റെ എല്ലാ പാട്ടുകളും എനിക്കേറെയിഷ്ടമാണ്. എങ്കിലും ഗർഷോമിലെ പറയാൻ മറന്ന പരിഭവങ്ങൾ...എന്ന പാട്ടിനോട് അൽപം ഇഷ്ടക്കൂടുതലുണ്ട്.

ലതാജീ, ആശാ ഭോസ്‌ലോ

ലതാ മങ്കേഷ്കറും ആശാ‌ ഭോസ്‍‌ലേയും ഞാന്‍ ആരാധിക്കുന്ന പാട്ടുകാരാണ്. അവരുടെ മുന്നിൽ പാടാൻ കഴിയണം എന്നൊരാഗ്രമുണ്ട്. ശ്രേയയും റഹ്‌മാനുമൊക്കെ ഏറെ പ്രിയപ്പെട്ടവർ. അച്ഛന്റെ ഗുരു ജസ്രജ് ജീക്കുമുന്നിൽ ഇനിയും പാടണമെന്നാണ് ആഗ്രഹം.

മധുശ്രീക്ക് മാത്രമല്ല രമേശ് നാരായണനും പറയാനുണ്ട് മകളെ കുറിച്ച്...

അവൾ ഡെഡിക്കേറ്റഡ് ആയ കുട്ടിയാണ്. പാട്ടിന്റെ ചെറിയ സംഗതി കിട്ടിയില്ലെങ്കിൽ പോലും മധുശ്രീക്ക് വിഷമമാണ്. മക്കൾ രണ്ടു പേരും പാട്ടിന്റെ വഴി തിരഞ്ഞെടുത്തതിലും അവർക്കതിൽ കഴിവു കിട്ടിയതുമാണ് ഇപ്പോൾ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം തരുന്ന കാര്യം. സംഗീത കുടുംബത്തിൽ പിറക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. നമുക്ക് ആ കഴിവ് കിട്ടുന്നതും അതിനെ ഉപയോഗിക്കുവാൻ സാധിക്കുന്നതും അതിലേറെ സന്തോഷം നൽകുന്ന കാര്യവും. കാരണം, നമ്മുടെ നാട്ടിൽ പാടാൻ കഴിവുള്ള ഒരുപാട് കുട്ടികളുണ്ട്. അവർക്കൊന്നും സംഗീതം പഠിക്കാനുള്ള സാഹചര്യം കിട്ടണമെന്നില്ല. ഇവിടെ മക്കൾക്ക് രണ്ടുപേർക്കും അതിനുള്ള സാഹചര്യമുണ്ട്. സിനിമാ സംഗീതം വേറൊരു സ്റ്റൈൽ ആണ്. അത് പാടണമെങ്കിൽ നല്ല പ്രാക്ടീസ് വേണം. ടാലന്റ് ഉണ്ടായാൽ പോര അത് പ്രാക്ടീസ് ചെയ്ത് മൂർച്ചകൂട്ടിയാലേ ലൈവ് പാടുമ്പോൾ ആളുകളുടെ ഹൃദയത്തിൽ തൊട്ട് പാടാനാകൂ. മ്യൂസിക് ഡയറക്ടർ കമ്പോസ് ചെയ്തു തരുന്ന ഈണത്തിനനുസരിച്ച് തൊട്ടടുത്ത നിമിഷം പാടാൻ സാധിക്കൂ. മധുശ്രീയോട് ഞാനെപ്പോഴും പറയുന്നതും ഇക്കാര്യം തന്നെ.

madhu-sree-with-father-sister മധുശ്രീ നാരായൺ പിതാവിനും ചേച്ചി മധുവന്തിക്കുമൊപ്പം

എന്നു നിന്റെ മൊയ്തീനിൽ മകൾ പാടിയ പാട്ട് ശ്രദ്ധേയമായതിൽ ഏറെ സന്തോഷമുണ്ട്. കാരണം, ആ ചിത്രവുമായി എനിക്കത്രയേറെ ബന്ധമുണ്ട്. സംവിധായകൻ ആർ എസ് വിമലിനോട് എന്നു നിന്റെ മൊയ്തീനെന്ന പേരു പറയുന്നത് ഞാനാണ്. പിന്നീടതു തന്നെ ചിത്രത്തിൽ ഉപയോഗിച്ചു. സ്ക്രിപ്റ്റിന്റെ പൂജയൊക്കെ വീട്ടിൽ വച്ചാണ് നടന്നത്. വിമൽ ഏറെ കഷ്ടപ്പെട്ട് പഠിച്ച് ചെയ്ത സിനിമയാണത്. ആ ചിത്രവും പാട്ടുകളും ഒരുപോലെ ഹിറ്റായതിലും എനിക്കേറെ സന്തോഷമുണ്ട്. രമേശ് നാരായണൻ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.