Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുപോലെ സുന്ദരം ഈ നിമിഷം

K S Chitra

ചിരിച്ചുകൊണ്ട് പാടുന്ന ചിത്രയെയാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്. പക്ഷേ, അതേ ചിത്രയെ കരയിക്കാൻ ഒരു ടിവി സീരിയലിലെ ചെറിയ സങ്കടസീൻ മതി. ആകാശദൂത് കണ്ട് വിങ്ങിപ്പൊട്ടിയ ചിത്രയെക്കുറിച്ച് സംവിധായകൻ സിബിമലയിൽ പറഞ്ഞത് മലയാളിസ്ത്രീകളുടെ പൾസ് അറിയാൻ ചിത്രയെ സിനിമ കാണിച്ചാൽ മതിയെന്നായിരുന്നു.

ചിത്ര എടുത്തുകാട്ടിയ ആൽബങ്ങളിൽ തെളിഞ്ഞതും ഒരു സാധാരണ മലയാളി സ്ത്രീ ജീവിതമായിരുന്നു. അസാധാരണമായ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും രണ്ട് അധ്യാപകരുടെ മകളായി വളർന്നതിന്റെ ലാളിത്യം ആ ചിത്രങ്ങളിലെ ചിത്രയ്്ക്കുണ്ട്. തൃശൂരിലെ യുവജനോത്സവത്തിനു പോയ പെൺകുട്ടിക്ക് ഇംഗ്ലണ്ടിലെ റോയൽ ആൽബർട്ട് സ്റ്റുഡിയോയിൽ നിന്നു പാടുമ്പോഴും രാഷ്ട്രപതിയിൽ നിന്നു പത്മശ്രീ ഏറ്റുവാങ്ങുമ്പോഴും മാറ്റങ്ങളൊന്നുമില്ല.

മുഖ്യമന്ത്രിയായിരുന്ന ഇ. കെ നായനാരിൽ നിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന ഈ ചിത്രം എന്റെ ആൽബത്തിൽ ഏറ്റവും പ്രധാനമായിട്ടുണ്ട്. 1985ലാണ് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ആദ്യമെന്നെ തേടിയെത്തുന്നത്.

ഇ. കെ നായനാരിൽ നിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്ര. ഇ. കെ നായനാരിൽ നിന്നു മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്ര.

സിനിമയിൽ പാടിത്തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. ചില പാട്ടുകളൊക്കെ ആൾക്കാർ മൂളിത്തുടങ്ങി. ഓരോ വർഷവും പാട്ടുകളുടെ എണ്ണവും കൂടുന്നുണ്ടായിരുന്നു. 1985ന്റെ തുടക്കത്തിൽ തന്നെ എനിക്കു ചില നല്ല പാട്ടുകൾ കിട്ടിത്തുടങ്ങി. അവ പെട്ടെന്ന് ഹിറ്റാവുകയും ചെയ്തു. നോക്കത്താദൂരത്തു കണ്ണുംനട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായ്... കാത്തിരുന്നു നിന്നെ ഞാൻ....എന്ന പാട്ടിന്റെ റിക്കോഡിങ് കഴിഞ്ഞ് ഒരു നല്ല പാട്ടു പാടിയ സംതൃപ്തിയിൽ ഞാൻ ഇരുക്കുമ്പോൾ ഫാസിൽ സാർ പറഞ്ഞു, ഇപ്പോൾ ഒരു കാർവരും, അതിലാരാന്നറിയാമോ?

ഞാൻ ചോദിച്ചു, ആരാ?

ഫാസിൽ സാർ പറഞ്ഞു, വാണിജയറാം. അയ്യോ, വാണിയമ്മ വരുമോ? വാണി ജയറാമിനെ കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. അപ്പോൾ ഫാസിൽ സാർ പറഞ്ഞു. വാണിജയറാം വരുന്നതെന്തിനാണെന്നറിയാമോ? ചിത്ര പാടിയ പാട്ടുകളെല്ലാം മാറ്റിപ്പാടാൻ. ഞാനൊന്നു പേടിച്ചു.

സത്യത്തിൽ ഫാസിൽ സാർ എന്നെ പറ്റിക്കാൻ പറഞ്ഞതായിരുന്നു അത്. ആ വർഷമാണ് എനിക്ക് ആദ്യമായി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. മൂന്നു പാട്ടുകളുടെ പേരിലായിരുന്നു അവാർഡ്. ആയിരം കണ്ണുമായ്....(നോക്കെത്താദൂരത്തു കണ്ണുംനട്ട്), ഒരേ സ്വരം...ഒരേ നിറം (എന്റെ കാണാക്കുയിൽ) പൂമാനമേ....(നിറക്കൂട്ട്). തൊട്ടടുത്ത വർഷം നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും എന്ന പാട്ടിലൂടെ വീണ്ടും അവാർഡ് ലഭിച്ചു. 1985 മുതൽ 1995 വരെ തുടർച്ചയായി 11 വർഷം മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് എനിക്കായിരുന്നു.

Aayiram kannumaay...

പരീക്ഷ പിന്നെയും വരും, ഈ പാട്ടിലൂടെ അതിനും മുകളിലെന്തോ ചിത്രയെ കാത്തിരിക്കുന്നുണ്ടെന്ന് ഇളയരാജാ സാർ പറഞ്ഞപ്പോൾ അത് ദേശീയ അവാർഡ് ആയിരിക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. 1986ൽ സിന്ധുഭൈരവിയിലെ പാടറിയേൻ പടിപ്പറിയേൻ....എന്ന പാട്ടിലൂടെയായിരുന്നു മികച്ച ഗായികയ്ക്കുള്ള ആദ്യ ദേശീയ അവാർഡ്. അന്നു ഞാൻ ദാസേട്ടന്റെയൊപ്പം ഗൾഫിൽ ഒരു സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു. പ്രോഗ്രാം കാണാൻ വന്ന ആരോ ആണ് ആദ്യം പറയുന്നത്, ചിത്രയാണ് ഈ വർഷത്ത മികച്ച ഗായിക, റേഡിയോ വാർത്തയിൽ കേട്ടു എന്ന്. ഞാൻ അതു വിശ്വസിച്ചില്ല. ജഗ്ജിത് സിങ്ങിന്റെ ഭാര്യ ചിത്രാസിങ് ആയിരിക്കുമതെന്നു ഞാൻ തീർത്തു പറഞ്ഞു. ദാസേട്ടൻ പറഞ്ഞു, അല്ല അതു ചിത്ര തന്നെയായിരിക്കും. ഞാനിത് ഇപ്പോൾ തന്നെ പ്രഖ്യാപിക്കാൻ പോവുകയാണ്. ഞാൻ അരുതെന്നു പറഞ്ഞിട്ടും ദാസേട്ടൻ ആ അവാർഡ് വാർത്ത അവിടെ വച്ച് പ്രഖ്യാപിച്ചു. സദസ് കയ്യടിച്ചു. ദാസേട്ടൻ ആ വേദിയിൽ വച്ച് വാത്സല്യത്തോടെ എന്റെ നെറ്റിയിൽ ഉമ്മവച്ചു.

അവാർഡുകളും പുരസ്കാരങ്ങളും ബഹുമതികളും എത്രയോ ലഭിച്ചു. 2005ൽ പത്മശ്രീയും കിട്ടി. ഇപ്പോഴും ഏത് അവാർഡ് വാർത്ത കേൾക്കുമ്പോഴും എനിക്കു സന്തോഷമാണ്. ജനങ്ങളുടെ അംഗീകാരമാണത്. അത് എന്നെ കൂടുതൽ എളിമയുള്ളവളാക്കുന്നു.

paadariyen padippariyen...

ചെന്നൈയിൽ വീടും പണിയുമ്പോൾ അവാർഡുകൾ വയ്ക്കാൻ ഷെൽഫ് വയ്ക്കണമെന്നത് വിജയൻ ചേട്ടന്റെ നിർബന്ധമായിരുന്നു. പക്ഷേ, വീടുമാറ്റത്തിനിടയ്ക്കെപ്പോഴോ ഞങ്ങൾ നിധി പോലെ സൂക്ഷിക്കുന്ന സംസ്ഥാനസർക്കാരിന്റെ അവാർഡ് ഫലകങ്ങളിലൊന്ന് നഷ്ടപ്പെട്ടു.

പാടിയത്, യേശുദാസ്....ചിത്ര

അന്ന് ആറ്റുകാൽ അമ്പലത്തിലെ ഉത്സവത്തിന് അണിഞ്ഞൊരുങ്ങി പ്പോവുമ്പോൾ ആ ആറുവയസുകാരിയുടെ പ്രാർഥന ഒന്നുമാത്രമായിരുന്നു. യേശുദാസിനെ കൺകുളിർക്കെ കാണണം. യേശുദാസിന്റെ പാട്ടുകൾ കേൾക്കണം. ചേച്ചിയുടെ കൈപിടിച്ചാണ് ഉത്സവപ്പറമ്പിലെത്തുന്നത്. അവിടുത്തെ തിരക്കിൽ എന്റെ പ്രിയഗായകനെ കാണാനാവാതെ നിന്നപ്പോൾ അച്ഛൻ തോളത്തിരുത്തിയത് ഇപ്പോഴും ഓർമയുണ്ട്. അച്ഛന്റെ തോളത്തിരുന്ന് ദാസേട്ടനെ ആദ്യമായി കണ്ട ആ നിമിഷവും. ഈ മഹാഗായകനൊപ്പം ഒരുപാട് യുഗ്മഗാനങ്ങൾ പാടാനുള്ള ഭാഗ്യം തന്നെ കാത്തിരിക്കുന്നുവെന്ന് ആ ആറുവയസുകാരി അറിഞ്ഞതേയില്ല.

അവിടെ സദസിന്റെ മുൻനിരയിൽ എം. ജി രാധാകൃഷ്ണൻ ചേട്ടൻ ഇരിപ്പുണ്ടായിരുന്നു. കച്ചേരി കഴിഞ്ഞപ്പോൾ രാധാകൃഷ്ണൻ ചേട്ടൻ ഞങ്ങളെ ദാസേട്ടന്റെ അടുത്തു കൊണ്ടുപോയി. ആദ്യം അച്ഛനെ, പിന്നെ ചേച്ചിയെ, ഏറ്റവും ഒടുവിലായി എന്നെയും ദാസേട്ടനു പരിചയപ്പെടുത്തി. എന്റെ ഊഴമെത്തിയപ്പോൾ ഞാൻ ആരാധനയോടെ ഒരു ഷേക്ക്ഹാൻഡിന് കൈനീട്ടി. മണ്ണിൽ കളിച്ച് വിരലുകളിൽ കുമിള പൊട്ടിയിരിക്കുകയായിരുന്നു. വിരലുകളിൽ അതിന്റെ കെട്ടിപ്പൂട്ടുണ്ട്. ദാസേട്ടൻ സങ്കടപ്പെട്ടുകൊണ്ട് ചോദിച്ചു, കൈക്ക് എന്തുപറ്റി. ഞാൻ പ്രതീക്ഷിച്ചില്ല ദാസേട്ടനിൽ നിന്ന് അനുകമ്പയോടെ അങ്ങനെയൊരു ചോദ്യം. ഞാൻ പറഞ്ഞു, അതു ചൊറിയാ. ദാസേട്ടൻ പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ എന്റെ കൈ പിടിച്ചുകുലുക്കി.

Chitra with Yesudas and Vijay Yesudas

സെക്രട്ടേറിയറ്റിനു പിറകിൽ ദാസേട്ടൻ നവീനഗാനമേള അവതരിപ്പിക്കുന്നതു കാണാൻ പോയി പിന്നീടൊരിക്കൽ. അച്ഛന്റെ തോളത്തിരുന്ന് കച്ചേരി കണ്ട പെൺകുട്ടി അപ്പോഴേക്കും തനിയേ കസേരയിൽ നിന്ന് യേശുദാസിനെ കാണാനും മാത്രം വളർന്നിരുന്നു. വേദിയിൽ ദാസേട്ടനൊപ്പം ഒട്ടും ടെൻഷനില്ലാതെ പാട്ടുപാടുന്ന ഒരു കൊച്ചുപെൺകുട്ടി കൂടിയുണ്ടായിരുന്നു. സുജാത.

അടുത്ത തവണ കാണുമ്പോൾ ദാസേട്ടനു മുന്നിൽ പാട്ടുമൂളാനുള്ള ധൈര്യമുണ്ടായി എനിക്ക്. ബീനച്ചേച്ചിയുടെ റിക്കോർഡിങ്ങിനു കൂട്ടുപോയതായിരുന്നു ഞാൻ. സംഗീതസംവിധാനം ദാസേട്ടൻ. ഇടയ്ക്കെപ്പോഴോ ദാസേട്ടൻ അടുത്തുണ്ടെന്നു പോലുമോർക്കാതെ ഞാൻ ഒരു പാട്ടു മൂളി. ദാസേട്ടൻ വാത്സല്യം കലർന്ന ശബ്ദത്തോടെ എന്നോടു ചോദിച്ചു, മോൾക്കു പാടണോ? മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും അദ്ദേഹം എന്നോട് അതേ അളവിൽ വാത്സല്യം ചൊരിയുന്നുവെന്നത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. ആ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ എത്രയെത്ര പാട്ടുകൾ. എത്രയെത്ര വേദികൾ....ചില വേദികളിൽ ദാസേട്ടൻ രാമകഥാഗാനലയം പോലുള്ള പാട്ടുകൾ പാടുമ്പോൾ ഞാൻ തരിച്ചിരിക്കുകയാവും. ദാസേട്ടൻ പാടിത്തീർന്നു കഴിയുമ്പോൾ എന്റെ മനസിൽ ഒറ്റ പ്രാർഥനയേയുണ്ടാവുള്ളൂ. അടുത്ത പാട്ടു പാടാൻ എന്നെ വിളിക്കരുതേ ഈശ്വരാ.

ഞാൻ ആദ്യമായി ഇന്ത്യയ്ക്കു പുറത്തുപോവുന്നത് ദാസേട്ടന്റെ സംഘത്തിനൊപ്പമാണ്. ബഹ്റൈനിലേക്കുള്ള ആ യാത്രയുടെ ഒരുക്കങ്ങൾ ഇപ്പോഴുമോർമയുണ്ട്. യാത്ര പോവേണ്ട ദിവസം രവീന്ദ്രൻമാഷിന്റെ ഒരു പാട്ടിന് ഹമ്മിങ് കൊടുക്കണം. ഇരുഹൃദയങ്ങളിൽ ആണെന്നാണ് ഓർമ. പാട്ടു തീർന്നതും ഒരോട്ടമായിരുന്നു എയർപോട്ടിലേക്ക്. യാത്രകളിലും ദാസേട്ടൻ കൂടുതൽ സംസാരിക്കുന്നത് പാട്ടിനെക്കുറിച്ചുതന്നെ. പാടുന്നവർ സ്വരമാധുര്യം നിലനിറുത്താൻ എന്തൊക്കെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പറയും. ഓരോ ബ്ലഡ്ഗ്രൂപ്പിലുള്ളവരും കഴിക്കേണ്ട ഭക്ഷണമുണ്ടത്രേ. ദാസേട്ടന്റെ കയ്യിൽ അതിന്റെ ചാർട്ടുണ്ട്. ആ ചാർട്ടനുസരിച്ച് ഞാൻ കഴിക്കേണ്ടത് ഓട്സാണ്. എനിക്കേറ്റവും ഇഷ്ടമില്ലാത്ത ഭക്ഷണം. എനിക്കേറ്റവും ഇഷ്ടമുള്ള ചോറ് കഴിക്കാനേ പാടില്ല. ദാസേട്ടന്റെ ഉപദേശങ്ങളിൽ എനിക്കു പാലിക്കാൻ പറ്റാത്ത ഒരുപദേശം കൂടിയുണ്ട്. ദാസേട്ടൻ എപ്പോഴും ഉപദേശിക്കും, സിനിമാപ്പാട്ടിനൊപ്പം കച്ചേരിയും കൊണ്ടുപോവണം.

ചിത്ര

ഇതിഹാസ തുല്യരായ രണ്ടു ഗായകർ

അന്നും ഇന്നും ആരാധനയോടെ നോക്കിക്കാണുന്ന രണ്ടു ഗായകർ. ഒപ്പം ഞാൻ. എന്റെ ആൽബത്തിലെ മറ്റൊരു അപൂർവ ചിത്രം. രാവിലെ ലതാമങ്കേഷ്ക്കറിന്റെ മീരാഭജനുകൾ കേട്ടുകൊണ്ട് തുടങ്ങുന്ന ദിവസങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത കുളിർമയുണ്ടെന്നു തോന്നിയിട്ടുണ്ട്. മറ്റൊരു ഗായികയുടെയും ശബ്ദത്തിൽ എനിക്കനുഭവപ്പെട്ടിട്ടില്ല അത്രയും ഭക്തി. സിനിമയിൽ വന്ന് വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ആരാധിക്കുന്ന ഗായികയെ കാണാനുള്ള ഭാഗ്യമുണ്ടായത്. ഒരു സ്റ്റേജ് പ്രോഗ്രാമിനിടയിലാണ് ഈ അപൂർവ കണ്ടുമുട്ടൽ....

പിന്നീട് രണ്ടു തവണ വാനമ്പാടിയുടെ ശബ്ദം ഞാൻ ഫോണിലൂടെ കേട്ടു. ലതാജിക്കുള്ള ഒരു സമ്മാനമെന്ന നിലയ്ക്ക് ലതാ മങ്കേഷ്കറിന്റെ പാട്ടുകൾ ചേർത്ത് ഞങ്ങൾ ഒരു ആൽബം പുറത്തിറക്കി. വിജയൻചേട്ടൻ ആ ആൽബം കേട്ടപ്പോൾ മുതൽ പറയുന്നുണ്ടായിരുന്നു ഇത് ലതാജിക്ക് അയച്ചുകൊടുക്കണമെന്ന്. അയച്ചുകൊടുത്താലും ലതാജിയുടെ കയ്യിലിത് എത്താൻ പോവുന്നില്ല, എത്തിയാൽ തന്നെ ലതാജിയെപ്പോലൊരു വലിയ ഗായികയ്ക്ക് ഇതു കാണുമ്പോൾ ഒന്നും തോന്നാൻ പോവുന്നില്ലെന്ന് ഞാൻ പറഞ്ഞു.

പിന്നീട് ഒരു ദിവസം വന്ന ഫോൺകോൾ അറ്റന്റ് ചെയ്തത് അനന്തിരവൾ ലക്ഷ്മിയാണ്. സൗണ്ട്റെസ്റ്റ് കാരണം ഞാൻ ആരോടും ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നില്ല. അവൾ വന്നു പറഞ്ഞു, ഒരു പ്ലേ ബാക്ക് സിങർ ലത ആരാധകരോ സിനിമയിൽ പാട്ടുപാടിത്തുടങ്ങുന്ന ഏതോ കുട്ടിയോ ആകും എന്നാണു കരുതിയത്. വെറുതെ സംസാരിക്കാൻ വേണ്ടി വിളിക്കുന്നവരും എന്നെ ഫോണിൽ കിട്ടാൻ പ്ലേബാക്ക് സിങ്ങറാണെന്നും പത്രത്തിൽ നിന്നാണെന്നുമൊക്കെ പറയാറുണ്ട്. ഒന്നെടുത്തു നോക്ക്, ആരാണെന്ന് അറിയാമല്ലോ....ലക്ഷ്മി വീണ്ടും എന്നെ നിർബന്ധിച്ചു.

Manorama Online | I Me Myself | K S Chithra

അവൾക്കു വിഷമമുണ്ടാകേണ്ട എന്നു കരുതി ഞാൻ ഫോൺ എടുത്ത് ഹലോ പറഞ്ഞു. അങ്ങേത്തലയ്ക്കൽ നിന്നുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി. ചിത്രാജീ, ലതാജി വാൺട്സ് ടു ടോക് ടു യു...

ഒന്നും മിണ്ടാനാവാതെ ഒരു നിമിഷം ഞാൻ തരിച്ചു നിന്നു. അന്നേരം വളരെ പതിഞ്ഞ ശബ്ദത്തിൽ ഫോണിലൂടെ ലതാജിയുടെ സ്വരം. ചിത്രാജി, ആപ്കാ റിക്കാർഡ് മിലേഗാ. ബീമാർ ഹോനെ കെ ലിയേ ലിഖ്നേ നഹി സക്ത....ആൽബം കിട്ടി, സുഖമില്ലാത്തതിനാൽ എഴുതാൻ സാധിച്ചില്ല എന്നാണ് ഭാരത്തിന്റെ പ്രിയപ്പെട്ട ഗായിക പറയുന്നത്. ആ നിമിഷത്തിൽ എന്റെ സൗണ്ട്റെസ്റ്റും അസുഖവുമെല്ലാം മാറി. താങ്ക്യു....ദീദി എന്നു മാത്രം പറഞ്ഞെന്നു തോന്നുന്നു. ഒന്നും മിണ്ടാതെ ഫോണും പിടിച്ച് ഞാൻ നിന്നു. സ്വപ്നമാണോ ഇതെന്ന വിസ്മയത്തിലായിരുന്നു ഞാൻ. ഞാൻ പോലുമറിയാതെ വിജയൻ ചേട്ടൻ ആൽബം ലതാജിക്ക് അയച്ചുകൊടുത്തിരുന്നു. ആൽബം കേട്ടിഷ്ടപ്പെട്ടാണ് ലതാജി വിളിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ നിമിഷങ്ങളിലൊന്ന് അതായിരുന്നു.

പിന്നീട് ലതാജി എന്നെ വിളിക്കുമ്പോൾ എന്റെ മുഖത്ത് ചിരിയോ ഒപ്പം പാട്ടോ ഇല്ലായിരുന്നു. നന്ദനയുടെ മരണത്തിന്റെ ആഘാതത്തിൽ ഇനി പാട്ടു പോലും വേണ്ടെന്നുറപ്പിച്ച നാളുകൾ. ആ വർഷത്തെ ലതാമങ്കേഷ്കർ അവാർഡ് എനിക്കായിരുന്നു. അവാർഡ് വാങ്ങാൻ പോവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ. ഒരു ദിവസം ലതാജി നേരിട്ടു വിളിച്ചു, ചിത്ര, മകളെ ഓർത്ത് ഇങ്ങനെ പുറത്തുപോവാതിരിക്കരുത് പാടാതിരിക്കരുത് എന്ന് പറഞ്ഞു.

കുസൃതികളുള്ള എസ്പിബി

എസ്. പി ബാലസുബ്രഹ്മണ്യം എന്ന വലിയ ഗായകന്റെ ഉള്ളിൽ ചില കുസൃതികളുണ്ട്. റിക്കോർഡിങ്ങിനിടയിലും ചിലപ്പോൾ ആ കുസൃതിപ്പയ്യൻ തലനീട്ടി പുറത്തുവരും. ഒരു തെലുങ്ക് പാട്ടിന്റെ റിക്കോഡിങ് നടക്കുന്നു. അന്ന് എനിക്ക് തെലുങ്ക് ഒട്ടും വശമില്ല. പാട്ട് പഠിപ്പിക്കാൻ എസ്പിബി സാർ ഉത്സാഹം കാട്ടിയപ്പോൾ എനിക്കതിൽ അപകടം തോന്നിയില്ല. പാട്ട് എഴുതിയെടുത്ത് ഞാൻ പാടിത്തുടങ്ങിയപ്പോൾ സ്റ്റുഡിയോയിലുള്ളവർ മുഴുവൻ ചിരിക്കുന്നു. എനിക്ക് പറ്റിയ ഏതോ തെറ്റിനെ ആഘോഷമാക്കി മാറ്റുകയാണ് എല്ലാവരും കൂടി എന്നേ ഞാൻ കരുതിയുള്ളൂ. ഞാൻ പാട്ടെഴുതിയെടുത്ത പേപ്പറിലേക്ക് ഒന്നുകൂടി നോക്കി. എഴുതിയെടുത്ത വാക്കുകൾ അതുപോലെയാണ് ഞാൻ പാടിയിരിക്കുന്നത്. ഞാൻ എസ്പിബി സാറിനെ നോക്കി. ഒന്നുമറിയാത്ത ഭാവത്തിൽ സാർ നിൽക്കുന്നു. പെട്ടെന്ന് എസ്പിബിസാറിന് അടക്കിവച്ച ചിരി പുറത്തു ചാടി. എസ്പിബി സാർ എന്നെക്കൊണ്ട് എഴുതിച്ച് പഠിപ്പിച്ചത് ഒറിജിനൽ ലിറിക്സ് ആയിരുന്നില്ല. അദ്ദേഹം തന്നെയുണ്ടാക്കിയ വരികളായിരുന്നു. മണ്ടാ, കഴുതേ എന്ന മട്ടിലുള്ള കുറേ വാക്കുകളായിരുന്നു ആ വരികളിൽ നിറയെ.

Chitra with Yesudas and SPB

പിന്നീടൊരിക്കൽ ഒരു ചടങ്ങിൽ ഞാൻ ഒരു വലിയ ബാഗും മടിയിൽ വച്ചിരിക്കുകയാണ്. അപ്പോൾ എന്നെ ജാനകിയമ്മ വിളിച്ചു. ഞാൻ ആ ബാഗും താങ്ങിപ്പിടിച്ച ജാനകിയമ്മയുടെ അടുത്തേക്കോടി. കാതിൽ എന്തോ രഹസ്യം പറഞ്ഞു. തിരിച്ച് ബാഗും താങ്ങിപ്പിടിച്ച് വന്നിരിക്കുന്നതിനു മുമ്പ് ആ കസേര അവിടെത്തന്നെയുണ്ടോ എന്നു നോക്കിയില്ല. ഞാൻ താഴെ വീഴാൻ പോയി. കുസൃതിക്കു വേണ്ടിയാണ് എസ്പിബിസാർ കസേര മാറ്റിയതെങ്കിലും ഞാൻ വീഴാൻ പോയപ്പോൾ അദ്ദേഹത്തിനും വിഷമമായി. ഇത്രയും വലിയൊരു മനുഷ്യന്റെ ഉള്ളിൽ ഇങ്ങനെ കുസൃതിക്കാരനായ ഒരു കുട്ടി ഇപ്പോഴുമുണ്ടല്ലോ എന്ന് ഞാൻ അസൂയയോടെ ഓർക്കാറുണ്ട്.

സ്നേഹസമ്പന്നനായി വിജയൻ ചേട്ടൻ

ഓരോ സ്ത്രീയുടെയും വിജയത്തിനു പിറകിൽ ഒരു പുരുഷന്റെ സാന്നിധ്യം വേണം. ചിത്ര എന്ന ഗായികയുടെ വളർച്ചയിൽ അങ്ങനെ ഒന്നല്ല രണ്ടു പുരുഷൻമാരുണ്ട്. ഒരാൾ എന്റെ അച്ഛനാണ്. മറ്റൊരാൾ വിജയൻ ചേട്ടനും.

അച്ഛന്റെ രോഗം പെട്ടെന്നാണ് കൂടിയത്. എപ്പോൾ വേണമെങ്കിലും അച്ഛൻ ഞങ്ങളെ വിട്ടുപോവുമെന്നു മനസിലാക്കിയ നാളുകൾ. അച്ഛന്റെ സ്വപ്നമായിരുന്നു എന്റെ വിവാഹം. റിക്കോർഡിങ് സ്റ്റുഡിയോയിലേക്ക് എന്നെ കൊണ്ടുപോയ ആ കൈകളുടെ താങ്ങ് വിവാഹപന്തലിലേക്കു നടക്കുമ്പോഴും വേണമെന്ന് ഞാനുമാഗ്രഹിച്ചു. അങ്ങനെയായിരുന്നു ആദ്യത്തെ പെണ്ണുകാണൽ. രാജി എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ചേട്ടൻ. അലിൻഡിൽ എൻജിനീയർ. നിശ്ചയം കേമമായി നടന്നു. വേദനകൾക്കു നടുവിലും ലളിതസുന്ദരമായ ആ ചടങ്ങ് അച്ഛന് ഒരു വേദനാസംഹാരിയായി അനുഭവപ്പെട്ടതുപോലെ തോന്നി. നിശ്ചയത്തിന്റെ അഞ്ചാം ദിവസം അച്ഛൻ മരിച്ചു.

K S Chitra with father Krishnan Nair

ആറുമാസം കഴിഞ്ഞായിരുന്നു വിവാഹം. പഠനവും ജോലിയുമായി ഒതുങ്ങിക്കൂടിയുള്ള ജീവിതമായിരുന്നു വിജയൻചേട്ടന്റേത്. എന്റെ കരിയറിന്റെ സൗകര്യം മാത്രം കണക്കിലെടുത്ത് അദ്ദേഹം ജോലി രാജി വച്ച് ചെന്നൈയിലേക്കു വന്നkു. എന്റെ ഉള്ളിലൊരു കുട്ടിയുണ്ട്. ആ കുട്ടി ചിലപ്പോൾ ചിലരെ കണ്ണുമടച്ചു വിശ്വസിക്കും. അവരുടെ ലക്ഷ്യം നമ്മളെ മുതലെടുക്കുകയെന്നതാവും. വിജയൻചേട്ടന് ഒരാളെ കാണുമ്പോൾ അറിയാം അയാൾ ഏതുതരക്കാരനാണെന്ന്. വിജയൻചേട്ടന്റെ വിലയിരുത്തലിനെ ഞാൻ ആദ്യം തള്ളിക്കളയും. അനുഭവങ്ങൾ എന്നെ പഠിപ്പിക്കും വിജയൻചേട്ടൻ പറഞ്ഞതായിരുന്നു ശരിയെന്ന്. പക്വതയോടെ തീരുമാനങ്ങളെടുക്കാൻ വിജയൻചേട്ടന് പ്രത്യേക കഴിവുണ്ട്. വർഷങ്ങൾക്കു മുമ്പ് നമുക്കൊരു സ്റ്റുഡിയോ തുടങ്ങാം എന്നു വിജയൻചേട്ടൻ പറയുമ്പോൾ അതിന്റെ സാധ്യതകളെക്കുറിച്ചു എനിക്കറിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ എനിക്കറിയാം ആ സ്റ്റുഡിയോ ഞങ്ങൾക്ക് എന്താണെന്ന്.

എം.എസ്. സുബ്വലക്ഷ്മിയുടെ ജീവിതകഥയിൽ ഭർത്താവായ സദാശിവത്തെക്കുറിച്ചു പറയുന്നുണ്ട്. ഞാൻ എം. എസ് എന്ന ആ അനുഗ്രഹീത ഗായികയോളം വലിയവളല്ല. പക്ഷേ, എം. എസിന്റെ സദാശിവത്തെപ്പോലെ സ്നേഹസമ്പന്നനായ ഭർത്താവാണ് എന്റെ വിജയൻ ചേട്ടൻ.