Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാംഗല്യം തന്തു നാനേന പെൺകുട്ടി

divya-s-menon1 ദിവ്യ എസ് മേനോൻ

കഴിഞ്ഞ ആറു വർഷമായി മലയാള സിനിമ പിന്നണി ഗാന രംഗത്തുള്ള ഗായിക. ഇക്കഴിഞ്ഞ 6 വർഷത്തിനിടെ പാടിയത് 15 പാട്ടുകൾ. ഇവ 15 ഉം ഹിറ്റ്‌. തൃശൂ­ർ സ്വ­ദേ­ശിനി, ഇപ്പോൾ കൊച്ചി­യിൽ താമ­സം. ശ്രേയാ ഘോഷാലിനു ഒപ്പം പാട്ട് പങ്കിടാൻ കെൽപ്പുള്ള ഈ യുവ ഗായികയെ മലയാളികളോട് കൂടുതൽ അടുപ്പിച്ചത് അഞ്ജലി മേനോൻ സംവിധാനം ചെയ്ത് ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ ഗാനമാണ്. വിശേഷണങ്ങൾ ഇത്രയൊക്കെ ആകുമ്പോഴേക്കും സംഗീതപ്രേമികളുടെ മനസ്സിൽ ഈ ഗായികയുടെ പേര് സ്ഥാനം പിടിച്ചിരിക്കും. അതെ, മാംഗല്യം തന്ത് നാനേന പാടി മലയാളികളുടെ സംഗീത പ്രേമത്തിന്റെ ഭാഗമായ ദിവ്യ എസ് മേനോൻ.

ചാനൽ അവതാരികയായി വന്ന് ഗായികയായി മാറിയ ദിവ്യ , സ്വദേശമായ തൃശ്ശൂർ വിട്ട് ഇപ്പോൾ കൊച്ചിയിലാണ് താമസം. മലയാളത്തിനു പുറമേ , തമിഴ് തെലുങ്ക് ഭാഷകളിലും ദിവ്യ പാടുന്നുണ്ട്. വളരെ ചുരുങ്ങിയ പാട്ടുകൾ കൊണ്ട് മലയാളത്തിലെ വേറിട്ട ശബ്ദമായ ദിവ്യ ഒടുവിൽ പാടിയത് ചാർലിയിലും മാൽഗുഡി ഡേയ്സിലുമാണ്

പിന്നണി ഗാനരംഗത്തേക്ക് എത്തിയതെങ്ങനെയാണ് ?

ഞാൻ ഒരു ചാനലിൽ പാടുന്നത് കേട്ട് ശബ്ദം ഇഷ്ടമായ ഷാൻ റഹ്മാൻ ആണ് എനിക്ക് കോഫി അറ്റ്‌ എം ജി റോഡ്‌ എന്ന ആലബത്തിൽ ആദ്യമായി അവസരം നല്കിയത്. പിന്നീട് ആ ആൽബങ്ങൾ പുറത്തിറങ്ങിയ ശേഷമാണ് സിനിമയിൽ അവസരം ലഭിക്കുന്നത്. ആദ്യ ചിത്രം പട്ടണത്തിൽ ഭൂതം ആയിരുന്നു. അതിൽ ഒരു ഗ്രൂപ്പ് സോംഗ് ആയിരുന്നു . പിന്നീട് തട്ടത്തിൻ മറയത്തിൽ ഒരു സോളോ സോംഗ്. എന്നെ ഞാൻ ആക്കിയത്, അല്ലെങ്കിൽ ഒരു ഫുൾ ടൈം ഗായികയാക്കിയത് ബാംഗ്ലൂർ ഡെയ്സിലെ മാംഗല്യം തന്തു നാനേന എന്ന ഗാനമാണ്. അത് പാടുമ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇത്ര ഹിറ്റ്‌ ആകുമെന്ന്. ആ പാട്ടോടെയാണ്‌ എന്നെ ആളുകൾ അറിയാൻ തുടങ്ങിയത്. ഇപ്പോഴും മാംഗല്യം തന്ത് നാനേന പെൺകുട്ടി എന്നറിയപ്പെടാനിഷ്ടം.

divys-s-menon ദിവ്യ എസ് മേനോൻ

സംഗീതം ജീവിതത്തിന്റെ ഭാഗമായിട്ട് എത്ര കാലമായി?

കഴിഞ്ഞ 9 വർഷമായി ഞാൻ സംഗീതം പഠിക്കുന്നുണ്ട്. കർണാടിക് ആണ് പഠിക്കുന്നത്. ഇതിനിടയിൽ പഠനത്തിന്റെ ഭാഗമായി ചില മുടക്കുകൾ വന്നിട്ടുണ്ട്. എങ്കിലും ഞാൻ അത് തുടർന്ന് പോന്നു. ഞാൻ ആദ്യം സംഗീതത്തെ അത്ര സീരിയസ് ആയി എടുത്തിരുന്നില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു സ്റ്റേജിൽ ഞാൻ പാടുന്നത് കണ്ട പ്രദീപ്‌ സോമസുന്ദരം സാറാണ് എന്നോട് സംഗീതത്തെ സീരിയസ് ആയി കാണാൻ പറഞ്ഞത്. അപ്പോൾ മുതൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി

ഗുരു സ്ഥാനത്ത് ?

ഗുരു സ്ഥാനത്തു എന്നും അമ്മയാണ്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞു തന്നത് അമ്മയാണ്. ഇന്ന് ആദ്യം പാടികേൽപ്പിക്കുന്നതും തെറ്റ് തിരുത്തുന്നതും അമ്മ തന്നെ. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്രിട്ടിക് അമ്മയാണ്.

പിന്നണി ഗാന രംഗത്ത് വളർച്ചയുടെ പടവുകൾ പിന്നിടാൻ സഹായിച്ചത് ആരൊക്കെയാണ് ?

ഞാൻ വർക്ക് ചെയ്ത ഓരോ സിനിമയിലെയും മ്യുസിഷ്യൻമാര് എനിക്ക് എല്ലാവിധ സഹകരണവും നൽകിയിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് ഗോപി സുന്ദർ ചേട്ടന്റെ കാര്യമാണ്. കുറച്ചു നല്ല പാട്ടുകൾ അദ്ദേഹം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചു. തെറ്റ് വരുമ്പോൾ പറഞ്ഞു തന്നു. വ്യത്യസ്തമായ പാട്ടുകളാണ് അദ്ദേഹം എന്നെ ഏൽപ്പിച്ചത്. ഏതുതരം പാട്ടുകളും എനിക്ക് വഴങ്ങും എന്ന ആത്മവിശ്വാസം എനിക്കുണ്ടാക്കിയത് അദ്ദേഹമാണ്.

വീട്ടിൽ നിന്നുള്ള പിന്തുണ ?

ഞാൻ ഇപ്പോൾ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും വീട്ടുകാർക്ക് അവകാശപ്പെട്ടതാണ്. പഠനം, വിവാഹം , കുഞ്ഞ് ഇവയ്ക്കെല്ലാം ഇടയിൽ സംഗീതം എന്റെ കയ്യിൽ നിന്നും വഴുതി പോകാതിരിക്കാനുള്ള സകല പിന്തുണയും നൽകിയത് എന്റെ കുടുംബമാണ്.

പാടിയ പാട്ടുകളിൽ ഏറെയിഷ്ടം ?

എന്നെ ഒരു ഗായിക എന്ന നിലയിൽ വളർത്തിയത് ബാംഗ്ലൂർ ഡെയ്സിലെ മാംഗല്യം തന്തു നാനേന എന്ന പാട്ടാണ് . എന്നാൽ എനിക്ക് മാനസീകമായി അടുപ്പം കൂടുതൽ തോന്നുന്നത് ചാർലിയിലെ പുതുമഴയായി എന്ന ഗാനത്തിനോടാണ്. ആര്ക്കും ഇഷ്ടപ്പെടുന്ന ഒരു മെലഡിയാണ് അത്.

സംഗീത ജീവിതത്തിലെ മറക്കാനാവാത്ത സംഭവം?

തീർച്ചയായും അത്, ഞാൻ ഏറെ ആരാധിക്കുന്ന ഗായിക ശ്രേയാ ഘോഷാലിനു ഒപ്പം ചാർലിയിൽ ഗാനം ആലപിക്കാൻ അവസരം ലഭിച്ചതാണ്. ഇനി എത്ര വലിയ അവസരങ്ങൾ എന്നെ തേടി എത്തിയാലും മനസ്സിലെ ഏറ്റവും മധുരമുള്ള ഓര്മ്മയായി അത് അവശേഷിക്കും.

മറ്റു ഭാഷകളിൽ പാടുമ്പോൾ ഭാഷ പ്രശ്നങ്ങൾ ഉണ്ടായില്ലേ?

ചെറുപ്പത്തിൽ അച്ഛനു ജോലി മാറ്റം കിട്ടുന്നതിനു അനുസരിച്ച് പല സ്ഥലങ്ങളിൽ ഞങ്ങൾ മാറി താമസിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ഹിന്ദിയും തമിഴും അറിയാമായിരുന്നു. തെലുങ്ക് മാത്രമാണ് അല്പം ബുദ്ധിമുട്ടി എന്ന് പറയാവുന്ന ഭാഷ. എന്നാലും അവർ പറഞ്ഞു തരുന്നതിനു അനുസരിച്ച്, വേഗം വരികൾ പഠിക്കാൻ എനിക്ക് കഴിഞ്ഞു

പുതിയ പാട്ടുകളുടെ വിശേഷങ്ങൾ?

ബ്വംഗ്ലൂർ ഡെയ്സിന്റെ തമിഴ് ബാംഗ്ലൂർ നാട്കൾ റിലീസിന് തയ്യാറെടുക്കുന്നു. അതിൽ പാടിയ പാട്ടും മാംഗല്യം തന്തു നാനേന പോലെ തന്നെ ഹിറ്റാകും എന്ന് പ്രതീക്ഷിക്കുന്നു

പ്രിയപ്പെട്ട ഗായകർ?

ഏറ്റവും ഇഷ്ടം സുശീലാമ്മയുടെ പാട്ടുകൾ കേൾക്കാനാണ്‌. പിന്നെ, അടുത്ത ജനറേഷനിലേക്ക് വരികയാണ് എങ്കിൽ, ചിത്ര ചേച്ചി, സുജാത ചേച്ചി എന്നിവരെയാണ് ഇഷ്ടം. ഇനി ഒരു തലമുറ കൂടി താഴേക്ക്‌ വന്നാൽ ശ്വേത മോഹന്റെ ഗാനങ്ങൾ ആണ് ഇഷ്ടം