Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംഗീതം വന്നത് ലാലേട്ടന്റെ മിഴികളിൽനിന്നും...

ranjin-raj-varma-music

നിഗൂഢമാണ് പല കഥകളും. മുത്തശ്ശിയുടെ നാവിൽ നിന്ന് അവയിങ്ങനെ ഒഴുകിയെത്തുമ്പോൾ മുതൽ അതിലെ കഥാപാത്രങ്ങളുമായി ആത്മബന്ധം സ്ഥാപിക്കപ്പെടുന്നു. പിന്നെ അവരെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ പശ്ചാത്തലമായി പല പല കാഴ്ചകളും ഇതുവരെ കേൾക്കാത്ത ശബ്ദങ്ങളുമുണ്ടാവും. സങ്കൽപ്പങ്ങളുടെ പറുദീസാ കാഴ്ചകളാണ് അവയൊക്കെയും. അത്തരമൊരു അനുഭവത്തിന്റെ ആഘോഷമാണ് മോഹൻലാലിന്റെ ഒടിയൻ. ഒടിയൻ എന്ന നിഗൂഢ കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ ടീസറുകൾ പുറത്തിറങ്ങി. പ്രതീക്ഷകൾ ഒട്ടും തെറ്റിയില്ല, വേഷപ്പകർച്ച കൊണ്ടും പിന്നണിസംഗീതം കൊണ്ടും അവ സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ ടീസറിനു സംഗീതം നൽകിയ രഞ്ജിൻ രാജ് വർമയെക്കുറിച്ചു പറയാതെവയ്യ. 

ഒടിയന്റെ ലൊക്കേഷൻ ടീസർ ഇറങ്ങിയപ്പോൾ മുതൽ ആളുകൾ അന്വേഷിച്ചത് ഈ രഞ്ജിൻ രാജ് ആരെന്നായിരുന്നു. ഒരു പുതുമുഖ സംഗീത സംവിധായകന് ഇത്തരം വലിയ ഒരു ഓഫർ അത്ര നിസ്സാരമല്ല. അത് വൈറലാവുക കൂടി ചെയ്തതോടെ രഞ്ജിൻ രാജിന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചിരിക്കുന്നു. 

നേരത്തെ ഇവിടെയുണ്ടായിരുന്നു...

ഒരു റിയാലിറ്റി ഷോയിലൂടെ പാട്ടുകാരനായിട്ടാണ് ഈ ലോകത്തേക്കു വരുന്നത്. 2013 ആയപ്പോഴേക്കും സംഗീതസംവിധാനത്തെപ്പറ്റി കൂടുതൽ പഠിക്കാനും ചെയ്യാനും ആരംഭിച്ചു. "ഭയ്യാ ഭയ്യാ" എന്ന സിനിമയ്ക്ക് വേണ്ടി ഒരു പ്രൊമോഷൻ പാട്ട് ചെയ്തിരുന്നു. അതിനു ശേഷം അഞ്ഞൂറോളം പരസ്യങ്ങൾ ചെയ്തു. ഒരു മലയാളം ചാനലിനു വേണ്ടി അവരുടെ തുടക്കം മുതൽ എല്ലാ പ്രൊമോ സംഗീതവും ചെയ്യാൻ കഴിഞ്ഞു, അതിനു 2016  ലും 2017 ലും ട്രോമാക്സിന്റെ സംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

ഒടിയനിലേക്കുള്ള വരവ്...

ഞാൻ പ്രൊമോ ചെയ്തുകൊണ്ടിരിക്കുന്ന ചാനലിന്റെ പ്രൊമോ ഡയറക്ടറാണ് ഒടിയന്റെ ലൊക്കേഷൻ ടീസർ സംവിധാനം ചെയ്തത്. അങ്ങനെ അവരിലൂടെയാണ് ഞാനും ഒടിയനിലേക്ക് എത്തുന്നത്. വളരെ പെട്ടെന്നു വന്ന ഒരു പ്രോജക്ടായിരുന്നു അത്. തിരുവോണത്തിന്റെ തലേന്നു വിളിച്ചു പറഞ്ഞു, തിരുവോണത്തിന്റെ അന്ന് മണിക്കൂറുകൾക്കുള്ളിൽ ചെയ്തു കൊടുക്കേണ്ടി വന്നു. 

ഓണക്കാലമല്ലേ, വർക്ക് മോഡ് ഒക്കെ ഓഫ് ചെയ്ത് അവധിക്കാല മൂഡിൽ കൊച്ചിയിൽനിന്നു പാലക്കാട്ടെ വീട്ടിൽ എത്തിയതായിരുന്നു. പക്ഷേ ഇത്ര വലിയ ഓഫർ വരുമ്പോൾ ഓഫ് മൂഡ് ഓണാകാൻ താമസമെടുത്തില്ല. വാരണാസി ടു തേൻകുറിശ്ശി എന്ന ടീസറായിരുന്നു ആദ്യം ചെയ്തത്. വാരണാസിയിൽ നിന്നും തേൻകുറിശ്ശിയിലേക്കു മടങ്ങുന്ന ഒടിയന്റെ വാക്കുകളും മുഖവും കുറെ കാഴ്ചകളും ഒക്കെ വച്ചൊരു അവതരണമാണ് അത്. സാധാരണ ഒരു ജിംഗിൾ ആണെങ്കിൽ പോലും എത്രയോ സമയമെടുത്തു ചെയ്യുന്ന ആളാണ് ഞാൻ, പെർഫെക്‌ഷനു വേണ്ടി മുംബൈയിൽ ഒക്കെ കൊണ്ടുപോയേ മിക്സിങ് പോലും ചെയ്യാറുള്ളൂ. ഇവിടെ ഒന്നിനും സമയം കിട്ടിയില്ല. പക്ഷേ ലാലേട്ടന്റെ ഔദ്യോഗിക പേജിലൂടെ വന്ന ടീസറായതു കൊണ്ട് അതിനു വലിയ സ്വീകരണം ലഭിച്ചു. ഏറ്റവും കൂടുതൽ ആ പേജിൽ എല്ലാവരും സംസാരിച്ചത് സംഗീതത്തെക്കുറിച്ചായിരുന്നു എന്നു കണ്ടപ്പോൾ സന്തോഷം തോന്നി. അതുകൊണ്ടുതന്നെ രണ്ടാമത്തെ ടീസറിനു വേണ്ടിയും അവർ നമ്മളെത്തന്നെ സമീപിച്ചു.പിന്നെ ലൊക്കേഷനിലൊക്കെ പോയി സംസാരിച്ചു. എല്ലാവരിൽനിന്നും വളരെ നല്ലത് എന്ന അഭിപ്രായമാണ് ലഭിച്ചത്. ഒടിയന്റെ ചീഫ് അസോസിയേറ്റ് എം പദ്മകുമാർ അദ്ദേഹത്തിന്റെ അടുത്ത ചിത്രം നൽകാമെന്നൊക്കെ പറയുകയും ചെയ്തിട്ടുണ്ട് . 

രണ്ടാമത്തെ ടീസർ ഒടിയൻ തേൻകുറിശ്ശിയിൽ എത്തുന്നതിനെപ്പറ്റിയായിരുന്നു. ആദ്യം ചെയ്തതിന്റെ ഒരു ഫീൽ അവിടെയും വരണം, ആദ്യത്തേതിൽ തീം മ്യൂസിക് പോലെ ഒരെണ്ണം ചെയ്തിരുന്നു. അത് എല്ലാവരിലും റജിസ്റ്റർ ചെയ്യപ്പെട്ടു എന്നുവരുമ്പോൾ രണ്ടാമത്തേത് അതിലും മികച്ചു നിൽക്കണം. സാധാരണയായി, രണ്ടാമതു ചെയ്യുമ്പോൾ പരാജയം സംഭവിക്കാറുണ്ട്. ആ പേടിയുണ്ടായിരുന്നു, എന്നാൽ രണ്ടാമത്തെ ടീസർ വന്നപ്പോൾ അത് ആദ്യത്തേതിലും നന്നായി എന്നാണു പലരും പറഞ്ഞത്. അത് ലാലേട്ടന്റെ ഫാൻസ്‌ തന്നെ ഏറ്റെടുത്തു, അവർ തന്നെ പ്രചരിപ്പിച്ചു, പല ഗ്രൂപ്പുകളിൽ നിന്നും ആ മ്യൂസിക്കിന്റെ ഓഡിയോ ട്രാക്ക് എനിക്കു തന്നെ ലഭിച്ചു. പുലിമുരുകനു ശേഷം ഹിറ്റാകാൻ പോകുന്ന ബാക് ഗ്രൗണ്ട് സ്‌കോർ എന്നായിരുന്നു അവർ ഇത് പ്രചരിപ്പിച്ചത്. "ഒടിയൻ റൈസിങ് ബിജിഎം " എന്നായിരുന്നു അതിന്റെ ടാഗ് ലൈൻ പോലും. അങ്ങനെ വലിയ അഭിനന്ദനങ്ങളാണ് ഇതിനു ലഭിച്ചത്. സന്തോഷം ചെറുതല്ല.

ഒടിയനെ നേരത്തെ അറിയാം...

ഞാൻ പാലക്കാടുകാരനാണ്. അതുകൊണ്ടു തന്നെ ഈ ഒടിയൻ എന്ന കൺസെപ്റ്റിനെപ്പറ്റി വ്യക്തമായ അറിവുണ്ട്. തേൻകുറിശ്ശി എന്ന സ്ഥലത്തേക്ക് പാലക്കാട്ടെ എന്റെ വീട്ടിൽ നിന്നു പതിനഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. ഓണത്തിനു വീട്ടിൽ ചെന്ന സമയമായതുകൊണ്ട് അവിടെ ഇരുന്നാണ് ഈ ടീസർ മ്യൂസിക് കംപോസ് ചെയ്തത്. തേൻകുറിശ്ശിക്കടുത്തു തന്നെയിരുന്നു യാദൃച്ഛികമായി ആണെങ്കിലും ഇങ്ങനെയൊന്നു ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിത്തന്നെ കാണുന്നു. കുട്ടിക്കാലത്തെ മുത്തശ്ശിക്കഥകളിൽനിന്നു തുടങ്ങുന്നതാണ് ഒടിയന്റെ നിഗൂഢകഥകൾ. അതുകൊണ്ട് തന്നെയാകണം ടീസറിലെ സംഗീതവും അങ്ങനെയായത്. ഒടിയൻ എന്ന് പറയുമ്പോൾ മനസ്സിൽ ഒരു രൂപമുണ്ട്, അയാൾ വരുമ്പോൾ ചില പ്രത്യേക തരംഗങ്ങളുണ്ട്, അത് നിസ്സാരമായി ചെയ്യാനാകില്ലല്ലോ. ലൊക്കേഷൻ ടീസറിനു ലിമിറ്റേഷനുണ്ട്, പക്ഷേ അതൊന്നും അപ്പോൾ ഓർത്തില്ല, സ്വാഭാവികമായി ഒടിയൻ എന്ന സങ്കല്പത്തിലേക്കു നോക്കിയപ്പോൾ ഉണ്ടായ സംഗീതത്തെ അതേപടി പകർത്തിവയ്ക്കുക മാത്രമാണ് ചെയ്തത്. രണ്ടു ടീസർ സംഗീതവും രാഗാ ബെയ്സ്ഡ് ആണ്. പക്ഷേ അതിൽ അസുരവാദ്യത്തിന്റെ ഒരു ഫീൽ കൊണ്ടുവരാനും പറ്റി. അതും മനഃപൂർവമായിരുന്നില്ല.

ലാലേട്ടൻ പറയുന്നത്...

ആദ്യത്തെ ടീസർ മ്യൂസിക്കിൽ അവസാനത്തെ ഭാഗം ഇഷ്ടമായിട്ട് ലാലേട്ടൻ  ആവർത്തിച്ചു കണ്ടു എന്നൊക്കെ കേട്ടിരുന്നു. വളരെ നന്നായെന്ന് അദ്ദേഹം പറഞ്ഞതായി അദ്ദേഹത്തിന്റെ ടീം പറഞ്ഞു. എനിക്ക് വ്യക്തിപരമായി വലിയ അഭിനന്ദനം ലഭിച്ച ഒന്നാണിത്. പല സംവിധായകരും പല രംഗത്തുള്ളവരും എഴുത്തുകാരുമൊക്കെ വിളിച്ചു സംസാരിച്ചിരുന്നു.

ഒരു കാര്യം പറയാതെ വയ്യ, ഈ സംഗീതം ഉണ്ടായത് ലാലേട്ടന്റെ കണ്ണുകളിൽ നിന്നാണ്. ടീസറിലൊന്നും അദ്ദേഹം അഭിനയിച്ചിട്ടില്ല, സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ ആ കണ്ണുകളിൽ വല്ലാത്തൊരു വൈബ് ഉണ്ട്. അത് അനുഭവിച്ചത്ു കൊണ്ടാണ് ആ സംഗീതം ചെയ്തത്. 

ഇനിയും ഞാൻ ഇവിടെയുണ്ടാകും...

ഒടിയന്റെ സിനിമയിലെ ബാക്ക് ഗ്രൗണ്ട് സ്‌കോർ ഞാനല്ല ചെയ്യുന്നത്. പക്ഷേ ടീസറിലെ ഈ സംഗീതം ഇപ്പോൾ ആളുകളുടെ ഉള്ളിൽ ഒടിയന്റെ തീം മ്യൂസിക് ആയി റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാൻ തന്നെയാണ് സിനിമയിലും പശ്ചാത്തലസംഗീതം ചെയ്യുന്നതെന്നാണു   പലരും കരുതുന്നത്. അതുതന്നെ നമുക്ക് കിട്ടാവുന്ന മികച്ച ഒരു അഭിനന്ദനമാണ്, അനുഗ്രഹവുമാണ്. 

ഇപ്പോഴും ക്രിസ്മസ്-ന്യൂ ഇയർ തിരക്കിൽ തന്നെയാണ്. പരസ്യങ്ങളുടെ ജോലികൾ നടക്കുന്നു. പിന്നെ നീരവം എന്ന ഒരു സിനിമ ചെയ്യുന്നുണ്ട്. നിശബ്ദം എന്നാണു വാക്കിന്റെ അർഥം. രതീഷിന്റെ മകൻ അഭിനയിക്കുന്ന സിനിമയാണ്. പാർവതി ബാവുൽ അഭിനയിക്കുന്ന ചിത്രമാണ്. സംഗീതപ്രധാനമായ ചിത്രം. ഷൂട്ടിങ് കഴിഞ്ഞു, മൂന്നു പാട്ടുകളുണ്ട്, ഒന്ന് ഞാൻ തന്നെയാണ് പാടിയതും. ബാക്കിയുള്ള വർക്കുകൾ നടക്കുന്നു. കിണർ എന്ന ചിത്രത്തിന്റെ പ്രമോഷൻ വർക്കിനും സംഗീതം നൽകിയിരുന്നു, അത് ഉടനെ പുറത്തിറങ്ങും. പിന്നെ മൂന്നു നാല് പ്രോജക്ടുകൾ ചർച്ചയിലാണ്. എന്തായാലും 2018 നൽകുന്നത് പ്രതീക്ഷകൾ തന്നെയാണ്.