Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പറവ' ഏറ്റവും വെല്ലുവിളിയായ ചിത്രം: റെക്സ് വിജയൻ 

parava-music-director-interview

കൊച്ചിയെ കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും കണ്ടാലുമാണ് കൊതിയൊന്ന് തീരുക? ആർഭാടത്തിന്റെയും തിളക്കങ്ങളുടെയും കാഴ്ചകൾക്ക് പുറമെ അരികുവത്കരിക്കപ്പെട്ട എത്രയോ മുഖങ്ങൾ പേറുന്ന കൊച്ചിയെ കുറിച്ച് അല്ലെങ്കിലും എത്ര പറഞ്ഞാലും തീരില്ല. അങ്ങനെയുള്ളൊരു കൊച്ചിയാണ് സൗബിന്റെ "പറവ"യിലുമുള്ളത്. നടൻ എന്ന പേരിൽ നിന്നും മാറി സംവിധായകൻ എന്ന കുപ്പായമണിഞ്ഞപ്പോൾ സൗബിൻ അവിടെയും തിളങ്ങുന്നു എന്നാണു പറവയ്ക്ക് വരുന്ന നിരൂപണങ്ങൾ തെളിയിക്കുന്നത്. കഥയും സംഗീതവും സംവിധാനവും അഭിനയവും പശ്ചാത്തല സംഗീതവുമൊക്കെ ഒന്നിനൊന്ന് മികച്ചത് തന്നെ. പ്രാവ് വളർത്തലിൽ സമ്മാനം വാങ്ങാൻ ആഗ്രഹിക്കുന്ന ഇപ്പാച്ചിയുടെയും ഹസീബിന്റെയും കഥയാണ് പറവ. പ്രാവ് ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതത്തിനൊപ്പം തന്നെ പ്രാധാന്യം പശ്ചാത്തല സംഗീതത്തിനുമുണ്ട്. രണ്ടും നൽകിയത് നവാഗത സംഗീത സംവിധായകൻ റെക്സ് വിജയൻ. അവിയൽ എന്ന മ്യൂസിക് ബാൻഡ് ന്യൂജനറേഷൻ സംഗീതത്തിൽ കൊണ്ടു വന്ന മാറ്റം ഒട്ടും ചെറുതല്ല. അവിയലിലെ ഗിറ്റാറിസ്റ്റാണ് റെക്സ് വിജയൻ. സിനിമാ ലോകത്തെ പരീക്ഷണ ചിത്രമായ "കേരളാ കഫെ"യിലൂടെ സിനിമയിലേയ്ക്ക് വന്ന റെക്സ് പറവയുടെ അനുഭവങ്ങളും സംഗീത ഇഷ്ടങ്ങളും പങ്കു വയ്ക്കുന്നു.

പറവയുടെ പശ്ചാത്തല സംഗീതം...

ഏറ്റവും വെല്ലുവിളി തന്നൊരു വർക്കായിരുന്നു പറവയിലേത്. പ്രാവിന്റെ ശബ്ദം ആവശ്യമുണ്ട് ഇതിൽ, പലപ്പോഴും അതുകൊണ്ടു തന്നെയാണ് അതൊരു വെല്ലുവിളിയായി തോന്നിയത്. മനുഷ്യന്മാരുടെ തന്നെ ശബ്ദമാകുമ്പോൾ സ്വാഭാവികമാണ്, നമുക്കത്ര ബുദ്ധിമുട്ടുകളില്ല. ഇതിൽ പ്രാവിന്റെതായുള്ള ശബ്ദങ്ങൾ, അവയുടെ സംഗീതം, വൈകാരികത എല്ലാം കൊണ്ടുവരണമായിരുന്നു. ചെയ്തു കഴിഞ്ഞു എല്ലാവരും നന്നായി എന്ന അഭിപ്രായം പറഞ്ഞപ്പോൾ ആശ്വാസം തോന്നി. മറ്റുള്ളവർക്ക് സന്തോഷമായപ്പോൾ എനിക്കും സന്തോഷം തോന്നി. ഒരുപക്ഷെ സാധാരണയിൽ കൂടുതൽ പറവയിൽ ഞാൻ സന്തോഷിക്കുന്നു.

പ്രാവിന്റെ സംഗീതത്തിലേക്ക്...

സൗബിനുമായി ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. എന്താണ് സംവിധായകൻ ഉദ്ദേശിക്കുന്നതെന്ന് നമ്മൾ നന്നായി മനസ്സിലാക്കണം, ഒരുപക്ഷെ സിനിമ എന്തെന്ന് മനസ്സിലാകുന്നതിനേക്കാൾ കൂടുതൽ ഞാൻ കണ്ടെത്താൻ ശ്രമിച്ചത് സൗബിൻ എന്ന വ്യക്തിയെ ആയിരുന്നു. വെറുതെയൊരു പ്രാവിന്റെ ചിത്രം ചെയ്ത് സാധാരണ പോലെ അങ്ങ് വിടുക എന്നതിനേക്കാൾ ആ പ്രാവിനെ കൊണ്ടും സിനിമ കൊണ്ടും സംവിധായകൻ എന്താണോ ഉദ്ദേശിച്ചത് അതാണ് സംഗീതത്തിലൂടെ ആവിഷ്ക്കരിക്കേണ്ടതെന്നു എനിക്ക് തോന്നി.

സൗബിൻ എന്ന സംവിധായകൻ

സൗബിനെ എനിക്ക് പണ്ട് തൊട്ടേ അറിയാം, ഇപ്പോൾ സിനിമ തുടങ്ങിയതിനു ശേഷം സൗബിനുമായി കൂടുതൽ അടുത്തു, കൂടുതൽ അറിയാൻ കഴിഞ്ഞു. ഇതിനു വേണ്ടി സംഗീതം കൊടുക്കുമ്പോൾ ഞാൻ സംഗീതം ഇട്ടു കൊടുക്കും, അതിൽ ഏതു കേൾക്കുമ്പോഴാണ് സൗബിൻ സന്തോഷിക്കുക എന്ന് ശ്രദ്ധിക്കും. ഇതൊക്കെ ശ്രദ്ധിച്ചിരുന്നു. വെറുതെ സിനിമയുടെ കഥയോ പശ്ചാത്തലമോ മാത്രമായിരുന്നില്ല ഞാൻ ശ്രദ്ധിച്ചത്. പിന്നെ സിനിമയുടെ ഷൂട്ടിങ് സമയത്ത് സൗബിൻ എന്നെ ക്ഷണിച്ചിരുന്നു, മട്ടാഞ്ചേരിയുടെ തുടിപ്പ് അവിടെ നേരിട്ട് ചെന്നാൽ മാത്രമേ അറിയാൻ കഴിയൂ, അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിനു ചെന്നത് നല്ല അനുഭവമായി. അത് സംഗീതം നൽകുന്നതിനെ വളരെയധികം സഹായിക്കുകയും ചെയ്തു. പിള്ളേരും പ്രാവുകളും അതിന്റെ മൂഡും ഒക്കെ വ്യത്യസ്തമായിരുന്നു. അങ്ങനെ പറഞ്ഞാൽ ഏതാണ്ട് മുഴുവനായി ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു.

വളരെ സുതാര്യമാണ് സൗബിൻ എന്ന വ്യക്തി. മനസ്സിൽ എന്താണോ തോന്നുന്നത് അത് അങ്ങനെ അപ്പോൾ തന്നെ ചെയ്യുന്ന ആളാണ് സൗബിൻ, നൃത്തം ചെയ്യാൻ തോന്നിയാൽ അപ്പോൾ ചെയ്യും, പാടാൻ തോന്നിയാൽ അപ്പോൾ പാടും, രണ്ടാമത് ഒന്ന് ആലോചിക്കില്ല. രണ്ടും കൽപ്പിച്ച് മനസ്സ് പറയുന്നത് ചെയ്യും. അങ്ങനെ നോക്കുമ്പോൾ സൗബിൻ , അദ്ദേഹം ചെയ്ത എല്ലാ കാര്യത്തിലും ആ ജെനുവിനിറ്റി കണ്ടെത്തുകയും കൊണ്ടു വരാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മ്യൂസിക് കേൾക്കുമ്പോൾ അത് അത്രയ്ക്ക് നന്നെങ്കിൽ മാത്രമേ ഇത് കൊള്ളാം എന്ന് പറയുകയുള്ളൂ, അല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല അടുത്തത് നോക്കാം എന്ന് തുറന്ന് പറയും. ആൾ തീർത്തും നേരെ വാ നേരെ പോ എന്ന മട്ടാണ്. പക്ഷെ ആരെയും വേദനിപ്പിച്ചുള്ള സംസാരം ഒന്നുമില്ല, ആൾക്കാരുമൊക്കെയായി നന്നായി ഇടപെടാൻ കഴിയുന്ന ആളാണ്. ഒരു നടനും കൂടിയാണല്ലോ അദ്ദേഹം, നല്ല സെൻസ് ഓഫ് ഹ്യൂമർ ഉള്ള വ്യക്തി കൂടിയാണ് സൗബിൻ. അതുകൊണ്ടു നമ്മളും സൗബിനൊപ്പം വളരെ സന്തോഷത്തിലാണ് ജോലി ചെയ്തത്. 

പറവയും ക്ലൈമാക്സും

ഓർമ്മകൾ... എന്നൊരു ഗാനമുണ്ട് അതിൽ. ദുൽക്കറിന്റെ പഴയ ഓർമ്മകളിലേക്കുള്ള ഒരു യാത്രയാണ് ആ ഗാനം.ആ പാട്ടിന്റെ അതേ മോഡിൽ തന്നെ വേണം ക്ലൈമാക്സ് പശ്ചാത്തല സംഗീതം എന്ന് സൗബിൻ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് ആ പാട്ട് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ ക്ലൈമാക്സ് മ്യൂസിക്കും ചെയ്തു. അതുകൊണ്ടാകണം അതുരണ്ടും നന്നായി ലയിച്ചു വന്നു. സൗബിനും അത് നന്നായി ഇഷ്ടപ്പെട്ടു. കേട്ടവരൊക്കെയും മികച്ച അഭിപ്രായമാണ് പറഞ്ഞത്.

മറക്കാൻ പറ്റാത്ത അഭിപ്രായങ്ങൾ..

എല്ലാ വർക്കിനും പലപ്പോഴും എന്തെങ്കിലുമൊക്കെ കിട്ടാറുണ്ട്. പറവയുടെ കാര്യത്തിലാണെങ്കിൽ അതിന്റെ സംഗീതത്തിൽ സൗബിൻ പറഞ്ഞ അഭിപ്രായമാണ് ഏറ്റവും ഇഷ്ടമായതെന്ന് പറയാം. ക്ളൈമാക്സ് മ്യൂസിക്കിനെ കുറിച്ച് സംവിധായകൻ തന്നെ മികച്ചതെന്ന് നമ്മളോട് പറയുമ്പോൾ,വൈകാരികമായി അത് തൊട്ടു എന്നൊക്കെ പറഞ്ഞപ്പോൾ  വലിയ സന്തോഷമാണ് തോന്നിയത്. 

ഇഷ്ടമുള്ള ഈണങ്ങൾ...

ഞാൻ ചെയ്ത പാട്ടുകളോടൊന്നും എനിക്കത്ര ഇഷ്ടമല്ല. മറ്റുള്ളവർ ചെയ്യുന്നതിനോടാണ് എനിക്കിഷ്ടം. ഞാൻ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താൽപര്യം വരാറില്ല മിക്കപ്പോഴും, പിന്നെ ആൾക്കാരൊക്കെ ഉള്ള സ്ഥലത്ത് അത് കേൾപ്പിക്കുമ്പോൾ ആൾക്കാർ തലകുലുക്കുകയും അഭിപ്രായം പറയുകയും ഒക്കെ ചെയ്യുമ്പോൾ ഒരു സന്തോഷം തോന്നും, അപ്പോൾ വിചാരിക്കും, ഇത് വലിയ കുഴപ്പമില്ലായിരുന്നല്ലോ എന്നൊക്കെ. കാരണം ഇന്നത്തെ കാലത്ത് നിരവധി സംഗീതം ഇറങ്ങുന്നുണ്ട്, നല്ല സംവിധായകരുണ്ട്, അതിന്റെയൊക്കെ ഇടയിൽ നിൽക്കുമ്പോൾ ഞാൻ സ്വയം അതിലും വലിയ ഒരാളാണെന്ന് തോന്നുന്നില്ല അതുകൊണ്ടാവാം. ആരെങ്കിലും നല്ലതെന്ന് പറയുമ്പോഴാണ് ഒരു ആത്മവിശ്വാസം പിന്നെയും കൂടുക. ഇപ്പോൾ പറവയിലെയും "നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി" എന്ന ചിത്രത്തിലും ഞാൻ ചെയ്ത  സംഗീതം എനിക്ക് ഇഷ്ടമാണ്. പലരും പറഞ്ഞിട്ടുണ്ട് അതിലെ സംഗീതത്തെ കുറിച്ചും.

എനിക്കേറ്റവും ഇഷ്ടം മൈക്കിൾ ജാക്സണാണ്. സംഗീതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി മൈക്കിൾ ജാക്സണാണ്. പാട്ടും നൃത്തവും തുടങ്ങി എല്ലാത്തിന്റെയും ഒരു സമ്മേളനമാണ് ജാക്സൺ. അതുകൊണ്ടു സംഗീതത്തിലേക്കിറങ്ങാൻ തോന്നാൻ കാരണം എന്ന ചോദ്യത്തിനൊക്കെ അദ്ദേഹത്തിന്റെ പേരാണ് ഉത്തരം. പിന്നെ നിരവധി ബാൻഡുകൾ ഒക്കെ ഇൻസ്പിരേഷൻ തന്നിട്ടുണ്ട്.

അവിയലും സിനിമയും അംഗീകാരങ്ങളും 

ബാൻഡും സിനിമയും രണ്ടും രണ്ടു തന്നെയാണ്. ബാൻഡ് ലൈവ് ഷോ ആണ് അതിന്റേതായ ഗുണം അതിനുണ്ട്. ലൈവ് ആയതുകൊണ്ട് എന്താണോ അതിന്റെ ആസ്വാദന നിലവാരം അത് അപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്ന് അറിയാൻ  കഴിയും. പക്ഷെ സിനിമയിൽ നീണ്ട കാത്തിരിപ്പുണ്ട്. ചെയ്തു കഴിഞ്ഞു പിന്നെയും നാളുകളെടുക്കും ആ സംഗീതം പുറത്തിറങ്ങാൻ, ആ കാത്തിരിപ്പും സുഖമാണ് ഒരർത്ഥത്തിൽ.  ഏതാണ് വലുത് ഏതാണ് ചെറുത് എന്ന് പറയാൻ പറ്റില്ല, രണ്ടിനും രണ്ടനുഭവമാണ്. 

ലൈവ് ഷോകളിലൊക്കെ എന്തെങ്കിലുമൊക്കെ മറക്കാനാകാത്ത അനുഭവങ്ങളുണ്ടാകും. അതിലെപ്പോഴും ആസ്വദിച്ച ഒരു അനുഭവം, മലയാളികൾ അല്ലാത്ത പ്രേക്ഷകരുടെ മുന്നിൽ വച്ച് മലയാളം പാട്ടു പാടുമ്പോൾ ലഭിക്കുന്ന കയ്യടിയാണ്. പലപ്പോഴും നമുക്കൊപ്പം അവരും പാടുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ കൽക്കട്ടയിൽ പോയപ്പോൾ അവരെല്ലാം നമുക്കൊപ്പം പാടി, അതും മലയാളം പാട്ട്.അവിടെ മലയാളികൾ വളരെ കുറവായിരുന്നു.അതൊരു രസകരമായ അനുഭവമായിരുന്നു. 

ഒരിക്കൽ ഒരു ഷോയിൽ എ ആർ റഹ്‌മാൻ വന്ന് വ്യക്തിപരമായി എല്ലാവരെയും അഭിനന്ദിച്ചു. അടുത്ത ദിവസത്തെ അദ്ദേഹത്തിന്റെ അഭിമുഖത്തിൽ അവിയലിനെ കുറിച്ച് പറയുകയും ചെയ്തു. അതു തന്ന സന്തോഷം വളരെ വലുതാണ്. ഒരു തവണ ഷോ കഴിഞ്ഞപ്പോൾ ശങ്കർ മഹാദേവൻ വന്ന് ഞാൻ നിങ്ങളുടെ ആരാധകനാണ് എന്നൊക്കെ വന്നു പറഞ്ഞു. ആ സമയത്ത് അത് വലിയ അഭിനന്ദനമാണ്.

ഫ്രം അവിയൽ റ്റു കേരള കഫെ

അൻവർ റഷീദും എല്ലാവരും നമ്മുടെ വളരെ അടുത്ത സുഹൃത്താണ്, ബിമൽ എന്നൊരു സുഹൃത്തുണ്ട് ഞങ്ങള്‍ രണ്ടാൾക്കും. അദ്ദേഹം വഴിയാണ് ഞാൻ അൻവറിനെ പരിചയപ്പെടുന്നത്. അൻവർ പിന്നീട് കേരള കഫേയ്ക്കു വേണ്ടി വിളിച്ചു. പക്ഷെ എനിക്കൊരു ആത്മവിശ്വാസമില്ലായിരുന്നു, നോക്കാം എന്ന് പറഞ്ഞു. അങ്ങനെ അൻവറിന്റെ ആത്മവിശ്വാസത്തിലാണ് "ബ്രിഡ്ജ്" എന്ന ചെറു ചിത്രത്തിൽ സംഗീതം ചെയ്തത്.

പുതിയ വർക്കുകൾ..

ആഷിക്ക് അബുവിന്റെ "മായാനദി" എന്ന ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. അതിൽ ഒരു പാട്ട് എഴുതിയത് വിനായക് ശശി ആണ്. അദ്ദേഹം പറവയിലും വരികൾ എഴുതിയിട്ടുണ്ട്.

ഇപ്പോൾ സിനിമയ്ക്ക് വേണ്ടിയും അവിയലിനു വേണ്ടിയും പ്രോജക്ടുകൾ ചെയ്യുന്നുണ്ട്. സിനിമയിൽ എത്തിയെന്നു വിചാരിച്ച് ബാൻഡ് ഉപേക്ഷിച്ചിട്ടില്ല. സ്ഥിരം ഷോകളുണ്ട് ഇപ്പോഴും. മറ്റുള്ള സംഗീതജ്ഞരുടെ കൂടെ സ്വകാര്യമായും പരിപാടികൾക്ക് പോകാറുണ്ട്. എന്തായാലും എപ്പോഴും സംഗീതത്തിൽ തന്നെ , സംഗീതം അല്ലാതെ മറ്റൊരു ജോലിയും അറിയുകയും ഇല്ല.